ഈ നീല്‍ പഠിപ്പിക്കുന്ന പാഠം…

132

പ്രശസ്തിയും അംഗീകാരവും തേടി നെട്ടോട്ടമോടുന്നവരുടെ കാലമാണിത്. എങ്ങനെയും പത്ത് പേരറിയണമെന്ന് മാത്രമാണ് മിക്കവരുടെയും ആഗ്രഹം. മാധ്യമപ്രവര്‍ത്തകനായ സ്‌നേഹിതന്‍ ഒരിക്കല്‍ സൗഹൃദസംഭാഷണത്തിനിടയില്‍ പറഞ്ഞു; ‘നിര്‍ദ്ധനരായ ഒന്നോ രണ്ടോ പേര്‍ക്ക് അരിയും പച്ചക്കറിയും നല്‍കുന്ന ചിത്രവുമെടുത്ത് അതുമായി പത്ര ഓഫീസിലേക്കോടുന്നവര്‍ ധാരാളമുണ്ടെന്ന്.’ മാധ്യമ പബ്ലിസിറ്റി ആഗ്രഹിച്ച് ചെയ്യുന്ന ഇത്തരക്കാരുടെ ‘ജീവകാരുണ്യം’ ‘ഡബ്ല്യു.ബി’ എഡിഷനില്‍ മാത്രമാണ്് ചേര്‍ക്കാറുള്ളതെന്നും സ്‌നേഹിതന്‍ കൂട്ടിച്ചേര്‍ത്തു. (ഡബ്ല്യു.ബി എഡിഷനെന്നാല്‍ വെയ്സ്റ്റ് ബോക്‌സ്.)
മേല്‍പ്പറഞ്ഞ എല്ലാ ‘പബ്ലിസിറ്റി’ പ്രേമികളും ഒരിക്കലും മറക്കരുതാത്ത പേരാണ് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തി ശാസ്ത്രലോകത്ത് ചരിത്രം സൃഷ്ടിച്ച അമേരിക്കന്‍ ഗഗനചാരി നീല്‍ ആംസ്‌ട്രോങ്ങിന്റേത്.ന്യൂയോര്‍ക്കില്‍ ഇക്കഴിഞ്ഞ 26ന് അന്തരിക്കുംവരെ നീല്‍ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് മാധ്യമപബ്ലിസിറ്റിയായിരുന്നു. മാധ്യമങ്ങളുടെ അമിത പബ്ലിസിറ്റി മൂലം മനുഷ്യര്‍ തന്നെ ‘അമാനുഷ’നാക്കിയെന്ന ചിന്ത ജീവിതാന്ത്യംവരെ അദ്ദേഹത്തെ പിടിച്ചുലച്ചിരുന്നു.
പത്രങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് അഭിമുഖങ്ങളും പ്രതികരണങ്ങളും തേടുമ്പോഴെല്ലാം നീല്‍ അതില്‍ നിന്നെല്ലാം ഓടിയൊളിക്കുമായിരുന്നു. അദ്ദേഹം ഒരു വരിയില്‍ തന്റെ പ്രതികരണം ഒതുക്കും. ‘ജീവിച്ചിരിക്കുന്ന ഒരു സ്മാരകമാകാന്‍ എനിക്ക് താല്പര്യമില്ല.’
സിനിമാതാരങ്ങളെ വെല്ലുന്ന പ്രശസ്തിയും ആരാധകവൃന്ദവും ഉണ്ടായിരുന്നിട്ടും ആ മാസ്മരികപ്രഭയില്‍ ആനന്ദിക്കാന്‍ നീല്‍ ഒട്ടും താല്പര്യം കാണിച്ചില്ല.
”നാലുലക്ഷത്തിലേറെപ്പേരാണ് മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിനുള്ള ദൗത്യത്തില്‍ പങ്കാളിയായത്. ഒടുവില്‍ അവരുടെ പ്രതീകമായി ‘അപ്പോളോ11’ വാഹനത്തില്‍ ചന്ദ്രനില്‍ പോയി എന്നതൊഴിച്ചാല്‍ എന്ത് മേന്മയാണ് എനിക്കുള്ളത്? ചന്ദ്ര പ്രതലത്തില്‍ ആദ്യമിറങ്ങി എന്നതിനാല്‍ എല്ലാ പെരുമയും എനിക്ക് മാത്രമാകുന്നതെങ്ങനെയെന്ന് ഒട്ടും മനസിലാകുന്നില്ല..” ചുറ്റും ഓട്ടോഗ്രാഫുമായി തിക്കിക്കൂടുന്നവരെ കാണുമ്പോള്‍ നീല്‍ ആംസ്‌ട്രോങ്ങിന്റെ അമ്പരപ്പ് ഇതായിരുന്നു.
40 വര്‍ഷത്തിനിടയില്‍ ആകെ രണ്ടേ രണ്ട് ടി.വി പരിപാടികളില്‍ മാത്രമാണ് അദ്ദേഹം മുഖം കാണിച്ചത്. അവിടെയും അതിസാഹസികമായ ചന്ദ്രയാത്രയുടെ വിവരണമൊന്നുമല്ല അദ്ദേഹം നല്‍കിയത്. മറിച്ച് സാങ്കേതികമായ ചില കാര്യങ്ങളെക്കുറിച്ച് മാത്രം വിശദീകരിച്ചു. പ്രശസ്തിയും അംഗീകാരവും അദ്ദേഹം എന്നും തിരസ്‌കരിച്ചു.
‘നാസാ’യിലെ ഏറെ ‘തിളക്ക’മുള്ള ജോലി ഉപേക്ഷിക്കാനും തീര്‍ത്തും അപരിചിതമായ സിന്‍സിനാറ്റി സര്‍വകലാശാലയിലെ അധ്യാപകജോലി സ്വീകരിക്കാനും നീല്‍ തയ്യാറായതും അങ്ങനെയാണ്. യൂണിവേഴ്‌സിറ്റിയിലെ കുട്ടികളുടെ ഗൈഡായി ശേഷിച്ചകാലം ഒതുങ്ങിക്കഴിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മോഹം. എന്നാല്‍, ആകാശത്തോളം ഉയര്‍ന്ന് കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ പ്രശസ്തി അങ്ങനെയൊന്നും അണയ്ക്കാന്‍ ആ ഒളിച്ചോട്ടത്തിന് കഴിഞ്ഞില്ല. ചുറ്റും ഓടിക്കൂടിയ സര്‍വകലാശാലയിലെ യുവജനങ്ങള്‍ അദ്ദേഹത്തെ ആരാധനയോടെ നോക്കി. എവിടെയും എപ്പോഴും ഒരു ചെറു ജനക്കൂട്ടം അദ്ദേഹത്തിന് ചുറ്റും രൂപപ്പെട്ടുകൊണ്ടിരുന്നു.
‘ചന്ദ്രനില്‍ താങ്കളുടെ കാലടിപ്പാടുകള്‍ ഇപ്പോഴും മായാതെ കിടന്നല്ലോ’ എന്നായിരുന്നു ഒരിക്കല്‍ യുവജനങ്ങള്‍ പങ്കെടുത്ത വേദിയില്‍ വെച്ച് ഒരാള്‍ നീലിനോട് ചോദിച്ചത്. നീല്‍ വളരെപ്പെട്ടെന്ന് തന്നെ പ്രതികരിച്ചു; ‘ദയവു ചെയ്ത് അവിടെപ്പോയി ആരെങ്കിലും അതൊന്ന് മായിച്ച് തന്നിരുന്നെങ്കില്‍ ഉപകാരമായിരുന്നു.’
അന്ന് സിന്‍സിനാറ്റി സര്‍വകലാശാലയി ല്‍ 30 വിദ്യാര്‍ത്ഥികളായിരുന്നു റിസര്‍ച്ച് ഗൈഡിന്റെ സഹായം തേടി എത്തിയിരുന്നത്. എന്നാല്‍ നീല്‍ ചാര്‍ജെടുത്തതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം ആയിരത്തിലേക്കുയരാന്‍ തുടങ്ങി.”എന്റെ ജോലി ‘ഗൈഡി’ന്റേതായിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ ഓട്ടോഗ്രാഫ് ഒപ്പിട്ട് കൊടുക്കുക മാത്രമായിരുന്നു. ചിലപ്പോള്‍ അത് ഒരു ‘മലപോലെ’ എന്റെ മേശക്കുമേല്‍ കുമിഞ്ഞു കൂടുമായിരുന്നു.”
അതുകൊണ്ടാകണം നീല്‍ സ്വസ്ഥത തേടി ഒഹിയോയിലേക്ക് പോയത്. അവിടെ ചെറുവിമാനങ്ങള്‍ ഓടിക്കുന്നതില്‍ അദ്ദേഹം സന്തോഷം കണ്ടെത്തി.
2005 ല്‍ നീല്‍ ആംസ്‌ട്രോങ്ങിന്റെ മുടി മുറിച്ച് വിറ്റ ബാര്‍ബര്‍ക്കെതിരെ കേസ് നല്കിയതോടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. നീലിന്റെ മുറിച്ച മുടി 3000 ഡോളറിന് ബാര്‍ബര്‍ വിറ്റുവെന്ന് എങ്ങനെയോ അറിഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. പ്രശസ്തി ഒട്ടും ആഗ്രഹിക്കാത്ത അദ്ദേഹം, ഇത്തരത്തിലുള്ള കപട ചൂഷണത്തെയും ശക്തമായി എതിര്‍ത്തിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറ്റവും അറിയപ്പെട്ട അദ്ദേഹം പ്രശസ്തിയോട് കാട്ടിയ നയം ആദര്‍ശശാലികള്‍ എന്ന് ചമയുന്നവര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോകുന്നു. സ്ഥാനമാനങ്ങള്‍ക്കും പ്രശസ്തിക്കുംവേണ്ടിയാണല്ലോ ഇന്നേറെപ്പേരും ഓടുന്നത്. എന്നാല്‍ യഥാര്‍ത്ഥ മഹാന്മാരെ ലോകം എന്നും അറിഞ്ഞാദരിക്കുന്നു.
ശാസ്ത്രലോകത്ത് ഏറ്റവും പ്രശസ്തനായിരുന്ന ഐസക് ന്യൂട്ടന്റെ ജീവിതത്തിലും സമാനമായ അനുഭവം കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ ആപേക്ഷികസിദ്ധാന്തവും ഗുരുത്വാകര്‍ഷണ നിയമവുമെല്ലാം ലോകമെങ്ങും ചര്‍ച്ചയായ സമയം. അദ്ദേഹത്തെ പരിഹസിക്കുകയായിരുന്നു ഒരു സഹപ്രവര്‍ത്തകന്റെ സ്ഥിരം ഹോബി. ഇയാള്‍ താന്‍ കണ്ടെത്തിയ ഗവേഷണങ്ങളും ചിന്തകളുമാണ് അതിമഹത്തരമെന്ന് നാടൊട്ടുക്ക് പറഞ്ഞുനടന്നു. അതോടൊപ്പം ന്യൂട്ടന്റെ കണ്ടുപിടിത്തങ്ങള്‍ മഹാവിഡ്ഢിത്തമെന്നും വിശേഷിപ്പിച്ചു. പക്ഷേ, ഇതറിഞ്ഞിട്ടും ന്യൂട്ടന്‍ സഹപ്രവര്‍ത്തകനോട് തെല്ലും ക്ഷോഭിച്ചില്ല. അയാളുടെ ഗവേഷണങ്ങളെക്കുറിച്ചും പഠനങ്ങളെക്കുറിച്ചും വളരെ ആദരവോടെ ന്യൂട്ടന്‍ പല വേദികളിലും പറയുകയും ചെയ്തു. തന്റെ അറിവും കാഴ്ചപ്പാടും ചെറുതാണെന്നും അദ്ദേഹം സ്‌നേഹിതരോട് സൂചിപ്പിച്ചു. കണ്ടുപിടുത്തങ്ങളെക്കുറിച്ച് ആവേശത്തോടെ പ്രതികരിക്കാനെത്തുന്നവരോട് ന്യൂട്ടണ്‍ പറഞ്ഞു, ”കടല്‍ത്തീരത്തെ കുറെ കല്ലും കക്കയുമൊക്കെ കൈയില്‍ കിട്ടിയ ഒരു കുട്ടി മാത്രമാണ് ഞാന്‍. ഇനിയെത്രയോ അനര്‍ഘ നിധികള്‍ ഈ മഹാ സാഗരത്തില്‍ ഒളിഞ്ഞ് കിടക്കുന്നു. അത് കണ്ടെത്തുന്നവരാണ് ഭാഗ്യവാന്മാര്‍.” ഈ തിരിച്ചറിവിലെ വിനയമായിരുന്നു അദ്ദേഹത്തെ കൂടുതല്‍ ജനപ്രിയനാക്കിയത്.
തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എന്നും താഴ്ത്തപ്പെടും. മാധ്യമശ്രദ്ധ നേടാന്‍ നടത്തുന്ന കോപ്രായങ്ങള്‍ കണ്ട് അതൊക്കെനന്നായി എന്ന് ആരാണ് പറയുന്നത്? എന്നാല്‍ ശാന്തമായും നിര്‍മലമായുമുള്ള ഇടപെടലുകള്‍ക്ക് ഒരു പബ്ലിസിറ്റിയും ആവശ്യമില്ല. ദൈവം ആ പ്രവര്‍ത്തനം തിരിച്ചറിയുകയും ആ വ്യക്തിയെ ഉയര്‍ത്തുകയും ചെയ്യും. ലോകത്തിന്റെ അംഗീകാരത്തിനും നേട്ടത്തിനും വേണ്ടിയുള്ള ഓട്ടം, ഒട്ടും പ്രധാനമല്ല. എന്നാല്‍ ദൈവഹിതത്തില്‍നിന്നും അകന്നുമാറി, നാം രൂപപ്പെടുത്തിയെടുക്കുന്ന പ്രശസ്തിയും അംഗീകാരവുമെല്ലാം നിഷ്പ്രയോജനമാകും.

You might also like

Leave A Reply

Your email address will not be published.