ഇന്ത്യന്‍ മറഡോണ

ഗോകുല്‍ മാന്തറ

28

ക്രിഷാനു ഡേ എന്ന കൊല്‍ക്കത്തക്കാരനെ ഫുട്‌ബോള്‍ പ്രേമികള്‍ ഇന്ത്യന്‍ മറഡോണയെന്നാണ് വിളിച്ചത്. അത്ര മികച്ചതായിരുന്നു ഫുട്‌ബോളില്‍ അദ്ദേഹത്തിന്റെ കളിമിടുക്ക്

ഡീഗോ മറഡോണയെ അറിയാത്തവരുണ്ടാകുമോ, ഒരു ഫുട്‌ബോള്‍ താരത്തിന് വേണ്ട ശരീരമോ, കായിക ബലമോ കൈവശമില്ലാഞ്ഞിട്ടും, തന്റെ പ്രതിഭ കൊണ്ട് മാത്രം ഫുട്‌ബോള്‍ ലോകം വെട്ടിപ്പിടിച്ച അര്‍ജന്റീനയുടെ അഭിമാന താരം. 1986 ലെ മെക്‌സിക്കോ ലോകകപ്പില്‍ തന്റെ രാജ്യത്തെ ഒറ്റയ്ക്ക് തോളിലേറ്റി അവര്‍ക്ക് ആദ്യ ലോകകിരീടം സമ്മാനിച്ച  അസാമാന്യന്‍. ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റെടുത്താല്‍ ഇന്നും മുന്‍പന്തിയില്‍ കാണും ഡീഗോ അര്‍മാണ്ടോ മറഡോണ എന്ന ഡീഗോ മറഡോണ. ബ്രസീല്‍ ഇതിഹാസം പെലെ കഴിഞ്ഞാല്‍ ഫുട്‌ബോള്‍ ലോകത്ത് ഇത്രയധികം ആരാധകരെ സൃഷ്ടിച്ചിട്ടുള്ള മറ്റൊരു താരമില്ല. കളിക്കളത്തില്‍ നിന്ന് വിരമിച്ച് കാലങ്ങള്‍ എത്രയോ കഴിഞ്ഞെങ്കിലും ഇന്നും ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെ മറഡോണയുമായാണ് താരതമ്യപ്പെടുത്തുന്നത്. അത് മാത്രം മതി ഈ ലാറ്റിനമേരിക്കന്‍ ഇതിഹാസത്തിന്റെ മികവളക്കാന്‍. ഫുട്‌ബോളില്‍ ഉദിച്ചുയരുന്ന ഓരോ താരത്തേയും അടുത്ത മറഡോണയെന്ന് നാം വിളിച്ചിരുന്ന  സമയമുണ്ടായിരുന്നു. ഇന്ത്യയിലുമുണ്ടായിരുന്നു അങ്ങനെ വിളിപ്പേരുള്ള  ഫുട്‌ബോളര്‍. സ്‌കില്ലുകളും ഡ്രിബിളുകളും കൊണ്ട് ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്ന, തന്റേത് മാത്രമായ പൊസിഷന്‍ ടെക്‌നിക്കുകള്‍ കൊണ്ട് എതിര്‍ പ്രതിരോധത്തെ കുഴപ്പിച്ചിരുന്ന, സൗന്ദര്യ ഫുട്‌ബോളിലൂടെ ഒരു തലമുറയുടെ തന്നെ ആവേശം പിടിച്ചു വാങ്ങിയ അദ്ദേഹമായിരുന്നു ക്രിഷാനു ഡേ എന്ന കൊല്‍ക്കത്തക്കാരന്‍. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമായ കൊല്‍ക്കത്തയില്‍ തന്നെ ഇന്ത്യന്‍ മറഡോണയും പിറവിയെടുത്തത് ഒരു കാവ്യനീതിയായിരുന്നു.

ഇന്ത്യന്‍ മറഡോണയെന്ന് വിളിപ്പേരുണ്ടായിരുന്ന ഒരു താരം ഈ രാജ്യത്തുണ്ടായിരുന്നു എന്നും ഫുട്‌ബോള്‍ പ്രേമികളെ തന്റെ സൗന്ദര്യ ഫുട്‌ബോളിലൂടെ ആനന്ദത്തിന്റെ പരകോടിയില്‍ എത്തിച്ചിരുന്ന അദ്ദേഹത്തിന് അവസാനം ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ പരിക്കിനെത്തുടര്‍ന്നുള്ള ചികിത്സയില്‍ തന്നെ ജീവന്‍ നഷ്ടമായതും എത്ര പേര്‍ക്കറിയാം. ഒരു കാര്യം ഉറപ്പ്. അതറിയാവുന്നവരും ക്രിഷാനു ഡേ എന്ന ഫുട്‌ബോള്‍ പ്രതിഭയെ ഇന്നും ഓര്‍ക്കുന്നവരും എണ്ണത്തില്‍ വളരെ കുറവ്. ഇന്ത്യന്‍ മറഡോണയെന്ന് വിളിക്കപ്പെടാന്‍ മാത്രം മികവുണ്ടായിരുന്നയാളാണോ ക്രിഷാനു ഡേ എന്ന് പലരും നെറ്റി ചുളിച്ചേക്കാം. എന്ത് കണ്ടിട്ടാണ് അയാള്‍ക്ക് അങ്ങനെയൊരു വിശേഷണം ചാര്‍ത്തിക്കൊടുത്തത് എന്നോര്‍ത്ത് പരിതപിച്ചേക്കാം. അതിന് മറുപടി പറയേണ്ടത് അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ജീവിതമാണ്. ഫുട്‌ബോളിനെ ജീവവായുവാക്കിക്കൊണ്ട് നടന്നിരുന്ന കുട്ടിക്കാലം മുതലുള്ള ക്രിഷാനുവിന്റെ ജീവിത കഥ നമുക്ക് പറയാതെ പറഞ്ഞ് തരും, ആരായിരുന്നു ഇന്ത്യന്‍ മറഡോണയെന്നും, എന്തായിരുന്നു അയാളിലുണ്ടായിരുന്ന ഫുട്‌ബോള്‍ പ്രതിഭയെന്നും.

കുട്ടിക്കാലം, ക്ലബ്ബ് കരിയര്‍

1962 ല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമായ കൊല്‍ക്കത്തയിലായിരുന്നു ക്രിഷാനു ഡേയുടെ ജനനം. അച്ഛന്‍ കടുത്ത ഫുട്‌ബോള്‍ പ്രേമിയായിരുന്നതിനാല്‍ ഫുട്‌ബോള്‍ കണ്ട് കൊണ്ടായിരുന്നു കൊച്ചു ക്രിഷാനുവിന്റെ ദിവസം തുടങ്ങിയിരുന്നതും അവസാനിച്ചിരുന്നതും. പത്താം വയസില്‍ തന്റെ മകനെ ഫുട്‌ബോള്‍ താരമാക്കാന്‍ അവന്റെ അച്ഛന്‍ തീരുമാനിക്കുന്നിടത്ത് ഇന്ത്യന്‍ മറഡോണ പിറവിയെടുക്കുകയാണ്.  അച്ഛന്റെ തീരുമാന പ്രകാരം നാട്ടിലെ വെറ്ററന്‍സ് ക്ലബ്ബില്‍ ചേര്‍ക്കപ്പെട്ട ക്രിഷാനു വളരെ വേഗം  തുകല്‍പ്പന്തിനെ നെഞ്ചോട് ചേര്‍ത്തു. അസാമാന്യ പ്രതിഭയാണ് അവനെന്ന് വളരെ വേഗം കൊല്‍ക്കത്തക്കാര്‍ മനസിലാക്കി. അവന്റെ ഫുട്‌ബോളിന്റെ കീര്‍ത്തി നാട്ടിലെങ്ങും പരന്നു. അസാമാന്യ സ്‌കില്ലുകള്‍ കൊണ്ട് അവന്‍ പരിശീലകരേയും ഞെട്ടിച്ച് കൊണ്ടിരുന്നു. 1977 ല്‍ എറണാകുളത്ത് നടന്ന ദേശീയ സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ബംഗാള്‍ ടീമില്‍ ക്രിഷാനുവും ഉള്‍പ്പെട്ടു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പതിനേഴാം വയസില്‍ പോലീസ് ഫുട്‌ബോള്‍ ക്ലബ്ബിലൂടെ അദ്ദേഹം തന്റെ സീനിയര്‍ കരിയര്‍ ആരംഭിച്ചു. 1980 കളുടെ തുടക്കത്തില്‍ രണ്ട് തവണ സന്തോഷ് ട്രോഫി ഫൈനലിലെത്തിയ റെയില്‍വേസ് ടീമിലംഗമായിരുന്നെങ്കിലും രണ്ട് തവണയും കലാശപ്പോരാട്ടത്തില്‍ അദ്ദേഹവും ടീമും വീണു.

മോഹന്‍ ബഗാന്‍ ക്ലബ്ബിലേക്കെത്തുന്ന 1982 ലാണ് ക്രിഷാനു ഇന്ത്യന്‍ ഫുട്‌ബോളിന്റെ വെള്ളിവെളിച്ചത്തിലേക്കുമെത്തപ്പെടുന്നത്. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മോഹന്‍ബഗാനിലേക്ക് വലിയ പ്രതീക്ഷകളോടെയാണ് ആ ഇരുപതുകാരന്‍ കടന്ന് ചെന്നതെങ്കിലും ക്ലബ്ബിന്റെ ആരാധകര്‍ ക്രിഷാനുവിന്റെ ഫിറ്റ്‌നസില്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ദൈവം വരദാനം നല്‍കിയ പ്രതിഭ കൊണ്ട് അയാള്‍ ആരാധകരുടെ ഇഷ്ടപാത്രമായി, ഇതിനൊപ്പം വിമര്‍ശകരുടെ വായുമടപ്പിച്ചു. ഉറച്ച ടെക്‌നിക്കുകളായിരുന്നു ക്രിഷാനുവിന്റേത്. തന്റെ ആരോഗ്യത്തില്‍ സംശയം പ്രകടിപ്പിച്ചവരെ തന്റേത് മാത്രമായ കളി ശൈലി കൊണ്ട് അദ്ദേഹം ആരാധകരാക്കി മാറ്റി. ബഗാന്റെ മധ്യനിരയുടെ താക്കോല്‍ ക്രിഷാനുവിന്റെ കാലുകളിലായിരുന്നു. കരുത്തനായ എതിരാളിയെ സൗമ്യമായ ഡ്രിബിളുകള്‍ കൊണ്ട് പരാജയപ്പെടുത്തുന്നതില്‍ ക്രിഷാനുവിനുള്ള വൈദഗ്ദ്യം വളരെ ശ്രദ്ധേയമായിരുന്നു. അറ്റാക്കിംഗ് മിഡ് ഫീല്‍ഡറായ ക്രിഷാനു  പ്രതിരോധത്തിനും മുന്നേറ്റത്തിനുമിടയ്ക്കുള്ള ചാലകമായി പ്രവര്‍ത്തിച്ചു. ഇടയ്ക്ക് ആക്രമിക്കാന്‍ നിയോഗിക്കപ്പെട്ടു, ചിലപ്പോളൊക്കെ പ്രതിരോധിക്കാനും. അങ്ങനെ ഒരു ടോട്ടല്‍ ഫുട്‌ബോളറായി മാറിയ ക്രിഷാനു പതിയെ മോഹന്‍ ബഗാനിലെ സൂപ്പര്‍ താരമായി. അദ്ദേഹത്തിന്റെ കളി കാണാന്‍ ആരാധകര്‍ മൈതാനത്തേക്ക് ഒഴുകിയെത്തി.

ക്രിഷാനു  ബഗാനിലെത്തിയ വര്‍ഷം തന്നെ ടീമിലെത്തിയ ബികാഷ് പ്രാഞ്ചിയായിരുന്നു മധ്യനിരയില്‍ ക്രിഷാനുവിന്റെ കൂട്ട്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് എതിരാളികള്‍ക്ക് വലിയ ചങ്കിടിപ്പ് സമ്മാനിക്കുന്നതായിരുന്നു. ഇവര്‍ ഒരുമിച്ചുണ്ടെങ്കില്‍ ബഗാനെതിരെ മത്സരം ജയിക്കുന്നത് മറ്റ് ടീമുകള്‍ക്ക് ആസാധ്യമായി മാറിത്തുടങ്ങിയ സമയമായിരുന്നു അത്. ഈ സമയത്താണ് ക്രിഷാനുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിക്കുന്നത്. മോഹന്‍ ബഗാനില്‍ നിന്ന് അവരുടെ ചിര വൈരികളായ കൊല്‍ക്കത്തന്‍ ക്ലബ്ബ് ഈസ്റ്റ് ബെംഗാളുമായി ക്രിഷാനു കരാറില്‍ ഒപ്പുവെച്ചതായിരുന്നു അത്. ക്രിഷാനുവിന്റെ കരിയറിലെ സുവര്‍ണ കാലം അവിടെ തുടങ്ങുകയായി. ക്രിഷാനുവിനൊപ്പം ബികാഷ് പാഞ്ചിയേയും ഈസ്റ്റ് ബെംഗാള്‍ ടീമിലെത്തിച്ചിരുന്നു. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഈസ്റ്റ് ബെംഗാളിനെ നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് നയിക്കാന്‍ തുടങ്ങി.  ഫെഡറേഷന്‍ കപ്പും, ലീഗ് കപ്പും, ഐ എഫ് എ ഷീല്‍ഡ് കിരീടവുമെല്ലം ഈസ്റ്റ് ബെംഗാളിന്റെ ഷോക്കേസിലെത്തി. നൈജീരിയന്‍ ഗോളടി വീരന്‍ ചീമ ഒക്കോറി കൂടി ഈസ്റ്റ് ബെംഗാളിലെത്തിയതോടെ ക്രിഷാനുവിന്റെ മികവ് ഇരട്ടിയായി. 1987 ല്‍ ഒക്കോറി, ലീഗില്‍ 26 ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ അതില്‍ മുക്കാല്‍ ഭാഗം ഗോളുകളുടേയും സൂത്രധാരന്‍ ക്രിഷാനു ആയിരുന്നു.

6 വര്‍ഷങ്ങളോളം ഈസ്റ്റ് ബെംഗാളില്‍ തകര്‍ത്തു കളിച്ച ക്രിഷാനു 1992 ല്‍ തന്റെ മുന്‍ ക്ലബ്ബായ  മോഹന്‍ ബഗാനിലേക്ക് മടങ്ങിയെത്തി. തന്റെ നല്ല കരിയറിന്റെ അവസാന സമയമായിരുന്നു അദ്ദേഹത്തിനത്. മടങ്ങിയെത്തിയ ആദ്യ സീസണില്‍ ടീമിനെ ഫെഡറേഷന്‍ കപ്പ് കിരീടത്തിലേക്ക് നയിച്ച ക്രിഷാനു 1994 ല്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ടീമിലേക്ക് മാറി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിലൊരാളുടെ നല്ല കരിയര്‍ അപ്പോളേക്കും അവസാനിച്ചിരുന്നു. മധ്യനിരയില്‍ ഒരു കവിത പോലെ കളിയെഴുതിയ, സൗന്ദര്യ ഫുട്‌ബോളില്‍ രാജ്യത്തെ അവസാന വാക്കായിരുന്ന, ഒരു തലമുറയെ മുഴുവന്‍ തന്റെ കളിയിലൂടെ മൈതാനത്തേക്ക് ആകര്‍ഷിച്ച ക്രിഷാനു ഡേയ്ക്ക് ആരാധകര്‍ നല്‍കിയ വിളിപ്പേരായിരുന്നു ‘ഇന്ത്യന്‍ മറഡോണ’യെന്നത്.

ഇന്ത്യന്‍ ജേഴ്‌സിയിലെ ഇന്ത്യന്‍ മറഡോണ

ദേശീയ ജേഴ്‌സിയിലെ ക്രിഷാനുവിന്റെ അരങ്ങേറ്റവും അവിസ്മരണീയമായിരുന്നു. 1984 ലെ ഏഷ്യന്‍ കപ്പ് യോഗ്യതാമത്സരങ്ങളിലായിരുന്നു അത്. അന്ന് ഏഷ്യന്‍ കപ്പ് കളിക്കാന്‍ ഇന്ത്യ യോഗ്യത നേടിയത് വലിയ സംഭവമായിരുന്നു. 1987 വരെ ദേശീയ ടീമില്‍ സ്ഥിരമായിരുന്ന ക്രിഷാനുവിനെ പരിക്കാണ് പിന്നീട് ടീമില്‍ നിന്ന് പുറത്താക്കിയത്. പ്രധാനമായും രണ്ട് പ്രകടനങ്ങളാണ് ദേശീയ ടീം ജേഴ്‌സിയില്‍ ക്രിഷാനുവിന് എടുത്ത് പറയാനുള്ളത്. 1986 ലെ മെര്‍ദേക്ക കപ്പില്‍ ദക്ഷിണ കൊറിയക്കെതിരെ ഇന്ത്യ വിജയിച്ച കളിയില്‍ നേടിയ മിന്നും ഗോളും, അതേ ടൂര്‍ണമെന്റില്‍ തായ്‌ലന്‍ഡിനെതിരെ നേടിയ തകര്‍പ്പന്‍ ഹാട്രിക്കുമാണ് അത്. 1987 ലെ ആദ്യ സാഫ് ഗെയിംസില്‍ ഫുട്‌ബോളില്‍ ഇന്ത്യ സ്വര്‍ണം നേടുമ്പോള്‍ നിര്‍ണായക പങ്കായിരുന്നു ക്രിഷാനു വഹിച്ചത്. ശാരീരികമായി അത്ര കരുത്തനല്ലാതിരുന്നത് അന്താരാഷ്ട്ര ഫുട്‌ബോളില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുന്നതിന് ക്രിഷാനുവിന് തടസം നിന്നതായി അദ്ദേഹത്തിന്റ സഹതാരങ്ങളും, മുന്‍ പരിശീലകരും പല കുറി  വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളില്‍ ഫിറ്റ്‌നസിന് കുറച്ച് കൂടി പ്രാധാന്യം നല്‍കാന്‍ ക്രിഷാനു ഡേ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഏഷ്യ കണ്ട ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരിലൊരാളാവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നെന്നാണ് പറയപ്പെടുന്നത്.

അവസാന കാലം

രാജ്യം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ പ്രതിഭകളില്‍ ഒരാളായ ക്രിഷാനുവിന്റെ മരണം വളരെ നേരത്തെയായിപ്പോയത് കുറച്ചൊന്നുമല്ല ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ചത്. ഒരു അമച്വര്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഭവിച്ച പരിക്കാണ് അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെടുത്തുന്നതിലേക്ക് എത്തിച്ചത്. മത്സരത്തിനിടെയുണ്ടായ പരിക്ക് ഗുരുതരമാവുകയും തുടര്‍ന്നുണ്ടായ അണുബാധ വഷളായി അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നു. അങ്ങനെ 2003 ഏപ്രില്‍ 20-ാം തീയതി തന്റെ നാല്‍പ്പത്തിയൊന്നാം വയസില്‍ ഇന്ത്യന്‍ മറഡോണ ഈ ലോകത്ത് നിന്ന് യാത്രയായി.

ബെംഗാള്‍ ഫുട്‌ബോളിന്റെ രക്ഷകന്‍

1980 കളുടെ മധ്യത്തില്‍ കൊല്‍ക്കത്തയിലെ ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളായ പലരും അവരുടെ കരിയറിന്റെ അവസാന സമയത്തായിരുന്നു. ഇത് ദേശീയ ഫുട്‌ബോളില്‍ മണിപ്പൂരിനും, ഗോവയ്ക്കും പിന്നിലേക്ക് ബെംഗാളിനെ എത്തിച്ചു. 1983 ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയവും,ടെലിവിഷന്റെ കടന്ന് വരവും ബെംഗാളിലെ ഫുട്‌ബോളിനെ പ്രതികൂലമായി ബാധിച്ചു. പന്തുകളി കാണാന്‍ മുന്‍പ് നിറഞ്ഞ് കവിഞ്ഞിരുന്ന മൈതാനങ്ങള്‍ പലപ്പോളും കാലിയായി. ബെംഗാള്‍ ഫുട്‌ബോള്‍ ക്ഷീണിച്ച് തുടങ്ങുകയാണോ എന്ന് കടുത്ത ഫുട്‌ബോള്‍ പ്രേമികള്‍ പോലും പേടിച്ചിരിക്കുന്ന അവസ്ഥയില്‍ ക്രിഷാനു ഡേ ബെംഗാള്‍ ഫുട്‌ബോളിന്റെ രക്ഷകനായി അവതരിക്കുകയായിരുന്നു. മികച്ച ഫുട്‌ബോളിലൂടെ ക്രിഷാനു ഡേയും, ബികാഷ് പാഞ്ചിയും, സുദീപ് ചാര്‍ജിയുമെല്ലാം ഉറങ്ങിക്കിടന്ന മൈതാനങ്ങളെ ഉണര്‍ത്താന്‍ തുടങ്ങി. അന്ന് ഏഷ്യയിലെത്തന്നെ ഏറ്റവും മികച്ച സ്‌കില്ലുകള്‍ കാഴ്ച വെച്ചിരുന്ന ക്രിഷാനു, മധ്യവര്‍ഗക്കാരായ ജനങ്ങളെ തന്റെ മാന്ത്രിക  പ്രകടനത്തിലൂടെ ഫുട്‌ബോള്‍ മൈതാനങ്ങളിലേക്ക് തിരിച്ചെത്തിച്ചു. ആ നാട് ഫുട്‌ബോളിനായി മുന്‍പത്തേക്കാളും ആവേശത്തില്‍ വീണ്ടും കൈയ്യടിച്ച് തുടങ്ങി.

You might also like

Leave A Reply

Your email address will not be published.