പഠിച്ചതെല്ലാം മറ്റുള്ളവരില്‍നിന്ന്

62

ഓരോന്നൊക്കെ സംഭവിക്കുന്നത് എങ്ങനെയൊക്കെയാണ്? സഹ പത്രാധിപരാകാനാണ് അബു ഏബ്രഹാം കേരളത്തില്‍നിന്ന് ബോംബെയിലെത്തുന്നത്. അവരദ്ദേഹത്തെ പിടിച്ച് കാര്‍ട്ടൂണിസ്റ്റാക്കി. ഞാന്‍ 1960-ല്‍ കോട്ടയത്തു മനോരമയില്‍ വരുന്നത് കാര്‍ട്ടൂണിസ്റ്റായി ചേരാനാണ്. അതിനു പകരം അവരെനിക്കു പത്രം ഉണ്ടാക്കുന്ന
പണി തന്നു. എസ്.എസ്.എല്‍.സി പരീക്ഷാഫലം രണ്ടുദിവസം നേരത്തെ അറിയാന്‍ ഫോണ്‍ ചെയ്തതു മാത്രമായിരുന്നു അതിനു മുന്‍പ് മനോരമയുമായി എനിക്കുള്ള ബന്ധം. ജോലിക്കു ചെല്ലുംമുന്‍പ് ഒരു പത്രം ഓഫീസ് കാണുകയോ പത്രപ്രവര്‍ത്തനം എങ്ങനെയാണെന്നു മനസ്സിലാക്കുകയോ ചെയ്തിരുന്നില്ല ഞാന്‍. ഡിഗ്രി പരീക്ഷ എഴുതുകപോലും ചെയ്യുന്നതിനു മുന്‍പ് പത്രപ്രവര്‍ത്തകനായിത്തീര്‍ന്ന ഈ നാട്ടുമ്പുറത്തുകാരന്‍ പയ്യന്‍ ആറു വര്‍ഷം കഴിഞ്ഞ് ഇംഗ്ലണ്ടില്‍ ലോകരാജ്യങ്ങളില്‍നിന്നുള്ള പത്രപ്രവര്‍ത്തകരുടെ പരിശീലനപരിപാടിയിലെ സമാപന പരീക്ഷയില്‍ ഒന്നാമനായപ്പോള്‍ ഏറെ അത്ഭുതപ്പെട്ടത് ഞാന്‍ തന്നെയായിരുന്നു. നമ്മള്‍ ചെയ്യാത്ത എന്തെല്ലാം കാര്യങ്ങള്‍ പത്രപ്രവര്‍ത്തനത്തിലുണ്ട് എന്നു മനസ്സിലാക്കിയത് തോംസണ്‍ ഫൗണ്ടേഷന്‍ നടത്തിയ ആ മൂന്നു മാസ പരിശീലനക്കളരിയില്‍ വച്ചാണ്.
തുടക്കം മുതല്‍തന്നെ പ്രചാരത്തില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ‘മാതൃഭൂമി’ കോഴിക്കോടിനു പുറമെ കൊച്ചിയില്‍നിന്നുകൂടി അച്ചടി തുടങ്ങിയത് 1962ലാണ്. മനോരമയെക്കാള്‍ സാമ്പത്തിക സൗകര്യങ്ങളുള്ള മാതൃഭൂമി, മനോരമയുടെ ആസ്ഥാനത്തിന് 75 കിലോമീറ്റര്‍ അകലെവന്നാണ് തമ്പടിച്ചതെങ്കില്‍ നാലുവര്‍ഷം മടിച്ചുനിന്നശേഷം മനോരമ പോയത് മാതൃഭൂമിയുടെ ഹെഡ്ക്വാട്ടേഴ്‌സായ കോഴിക്കോട്ടേക്കുതന്നെയാണ്. നരിയെ അതിന്റെ മടയില്‍ത്തന്നെ ചെന്നു നേരിടാന്‍. അതിനുള്ള പടയെയും പടയൊരുക്കങ്ങളെയും കുറിച്ച് ഇന്ന് ആലോചിക്കുമ്പോള്‍ നടുക്കം തോന്നും. ചെറുപ്പത്തിന്റെ വീര്യത്തില്‍ അന്നങ്ങനെ തോന്നിയിരുന്നില്ലെങ്കിലും.
ഒരു പത്രം തുടങ്ങാനാഗ്രഹിച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് കല്‍ക്കട്ടയില്‍ കൊണ്ടുവന്ന ഒരു പ്രസ് പിന്നീട് മധുരയില്‍ ഒരു തമിഴ് പത്രശാലയില്‍ ഓടുന്നുണ്ടായിരുന്നു. മധുരയിലെത്തുമ്പോഴേക്ക് രണ്ടുമൂന്നു കൈമറിഞ്ഞിരുന്നതിനാല്‍ മനോരമ വാങ്ങിയ ആ പ്രസ് സെക്കന്‍ഡ് ഹാന്‍ഡ് എന്നുപോലും അവകാശപ്പെടാനാവുമായിരുന്നില്ല. ഇറ്റാലിയന്‍ നിര്‍മ്മിതം, മാരിനോണി പ്രസ് എന്നൊക്കെ
പറയാമെങ്കിലും സംഗതി ഒരു
പഴഞ്ചരക്കായിരുന്നു. അതു പ്രവര്‍ത്തിപ്പിച്ചു തുടങ്ങാന്‍ ഒരു കൈത്തഴക്കം ആവശ്യമായിരുന്നതിനാല്‍ കൈയ്യാളായി ആ പത്രത്തില്‍നിന്ന് രണ്ടു തമിഴരെയും കൊണ്ടുവന്നിരുന്നു.
മനോരമയില്‍ മൂന്നു മാസത്തെ പരിചയം മാത്രമുള്ള ടി. കെ. ജി നായര്‍, കടവനാടു കുട്ടികൃഷ്ണന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, കെ.അബൂബേക്കര്‍, ഇടക്കാലത്ത് ഡെക്കാന്‍ ഹെറാള്‍ഡിലേക്കു പോയി മടങ്ങിവന്ന കെ.ജി നെടുങ്ങാടി എന്നിവര്‍ പത്രാധിപ സമിതി അംഗങ്ങള്‍. റിപ്പോര്‍ട്ടര്‍മാരായി ഒരു വര്‍ഷം മുന്‍പു മാത്രം മനോരമയില്‍ വന്ന കെ.ആര്‍ ചുമ്മാറും ജോയ് ശാസ്താംപടിക്കലും. പിന്നെ ഇവരെയൊക്കെ ഏകോപിപ്പിക്കാന്‍ ഇരുപത്താറു വയസ്സുള്ള പയ്യന്‍സായ ഞാനും ഞങ്ങളുടെയൊക്കെ തലപ്പത്തു മൂര്‍ക്കോത്തു കുഞ്ഞപ്പയും. ഞങ്ങളാണ് രണ്ടു ഡസനിലേറെയുള്ള മാതൃഭൂമി പത്രാധിപന്മാരുടെ സംഘശക്തിയെ നേരിടേണ്ടത്. അതുകൊണ്ട് ചീഫ് എഡിറ്റര്‍ കെ.എം മാത്യുവിന് അതിമോഹങ്ങളൊന്നുമില്ലായിരുന്നു. അദ്ദേഹം ഞങ്ങള്‍ക്ക് പിടിച്ചടക്കാനുള്ള ലക്ഷ്യങ്ങളൊന്നും തന്നിരുന്നില്ല. ‘നാലഞ്ചു വര്‍ഷങ്ങള്‍കൊണ്ട് നിങ്ങള്‍ നോക്ക്, മാതൃഭൂമിയെ ഒന്നു പിടിച്ചു കുലുക്കാമോ എന്ന്’ ഇത്രയുമേ അദ്ദേഹം പറഞ്ഞുള്ളു.
കോഴിക്കോട്ടുനിന്ന് മനോരമ അച്ചടിച്ചു തുടങ്ങുന്നതിനു രണ്ടാഴ്ച മുന്‍പ് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ വി.എം നായര്‍ സജ്ജീകരണങ്ങളൊക്കെ കാണാനെത്തി. മാതൃഭൂമിയുടെ പ്രൊഡക്ഷന്‍ എന്‍ജിനിയര്‍ നാരായണന്‍നായരും കൂടെയുണ്ടായിരുന്നു. പഴകി ദ്രവിച്ച ഒരു നെയ്ത്തുശാലയില്‍ ഒരു പഴഞ്ചന്‍ പ്രസുമായി എത്തിയിരിക്കുന്ന മനോരമയുടെ ആള്‍ശേഷിയെയും യന്ത്രശേഷിയെയും വിലയിടിച്ചുകണ്ടുകൊണ്ടാണ് വി.എം നായര്‍ മടങ്ങിയത്. കല്‍ക്കട്ടയില്‍ താന്‍ താമസിച്ച കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന റയില്‍വേ ഉദ്യോഗസ്ഥന്‍ മൂര്‍ക്കോത്തു കുഞ്ഞപ്പ, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി കൈകാര്യം ചെയ്യുന്ന കുട്ടേട്ടനായി
പ്രവര്‍ത്തിച്ചിരുന്ന കവി കടവനാട് കുട്ടികൃഷ്ണന്‍, ചന്ദ്രികയില്‍ സ്‌പോര്‍ട്‌സ് എഴുതിയിരുന്ന ജൂണിയര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ അധ്യാപകന്‍ കെ.അബൂബേക്കര്‍ എന്നിവരെ അദ്ദേഹം പത്രപ്രവര്‍ത്തകരായിത്തന്നെ കണ്ടില്ല. സ്വന്തം നാട്ടുകാരനെന്ന നിലയില്‍ നേരത്തെ അറിയാവുന്ന ടി കെ ജി നായരെ ഒരു കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകനായും ചൊവ്വല്ലൂരിനെ ടികെജിയുടെ പത്രത്തിലെ ശിങ്കിടിയായും കെ.ജി.നെടുങ്ങാടിയെ ദേശാഭിമാനിയെന്ന മറ്റൊരു കമ്യൂണിസ്റ്റ് പത്രത്തിലെ മുന്‍ പ്രവര്‍ത്തകനായും മാത്രമെ അദ്ദേഹം കണ്ടുള്ളു. കെ.ആര്‍.ചുമ്മാറിനെ ഒരു മുന്‍ കെ.എസ്.പി.ക്കാരനും ജോയ് ശാസ്താം
പടിക്കലിനെ അദ്ദേഹത്തിന്റെ ശിങ്കിടിയായും മാത്രം കണ്ടു. അറിയപ്പെടാത്ത പയ്യന്‍സായ എന്നെ അദ്ദേഹം കണക്കിലെടുത്തതേയില്ല. ഇവര്‍ക്ക് ഈ പ്രസില്‍നിന്ന് ഏറിയാല്‍ അമ്പതിനായിരം കോപ്പിയേ അച്ചടിക്കാനാവൂ എന്ന നാരായണന്‍ നായരുടെ റിപ്പോര്‍ട്ടുകൂടി കിട്ടിയപ്പോള്‍ വി.എം.നായര്‍ ചില മനക്കണക്കുകള്‍ നടത്തി. മനോരമയ്ക്ക് ഇപ്പോള്‍ത്തന്നെ മലബാറില്‍ മുപ്പതിനായിരം കോപ്പിയുണ്ട്. അപ്പോള്‍ ഇനി ഏറിയാല്‍ ഇരുപതിനായിരം കോപ്പികൂടി മാത്രം. അങ്ങനെ അദ്ദേഹം ഞങ്ങളെ എഴുതിത്തള്ളി. പക്ഷേ, വി.എം.നായരെ മാത്രമല്ല, കെ.എം.മാത്യുവിനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് മൂന്നു വര്‍ഷത്തനികം ഞങ്ങള്‍ കോഴിക്കോട്ട് മാതൃഭൂമിയേക്കാള്‍ മുന്നിലെത്തി. ആ പഴയ പ്രസില്‍നിന്ന് ഞങ്ങള്‍ എഴുപത്തയ്യായിരം കോപ്പിവരെ അടിച്ചു.
വി.എം.നായര്‍സാറില്‍നിന്നാണ് ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിച്ചത്: ഒരു കാരണവശാലും എതിരാളിയെ വിലയിടിച്ചു കാണരുത്. ഇങ്ങനെ ജീവിതത്തിലെ എല്ലാ നല്ല പാഠങ്ങളും ഞാന്‍ പഠിച്ചത് മറ്റു വ്യക്തികളില്‍നിന്നാണ്. പത്രപ്രവര്‍ത്തനത്തില്‍ എന്റെ നല്ല കാലം കോഴിക്കാട്ടായിരുന്നു. കോഴിക്കോട് ജീവിച്ചിരുന്നവര്‍ മാത്രമല്ല, മരിച്ചവര്‍ പോലും എന്നോടു കരുണ കാട്ടി. എഴുത്തുകാരനായ കപ്പനയുടെ മരണം ഞാന്‍ ഓര്‍ക്കുന്നു. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരായ കപ്പന അത്യാസന്ന നിലയിലാണെന്നറിഞ്ഞ് ഞാന്‍ ലേഖകനെ ഉണര്‍ത്തി. രാവിലെ
പത്രം വന്നപ്പോള്‍ മനോരമയില്‍ കപ്പനയുടെ മരണം നന്നായി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. മാതൃഭൂമിയില്‍ ഇല്ലതാനും.
മാതൃഭൂമിയുടെ ഉറ്റ ബന്ധുവായ കപ്പനയുടെ മരണം മാതൃഭൂമി ‘മിസ്’ ചെയ്തതില്‍ ഉള്ളാലെ ഒന്നു സന്തോഷിച്ചിരിക്കുമ്പോഴാണ് കപ്പനയുടെ മകന്‍ എന്റെ ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ചു വിളിക്കുന്നത്; അത്യാസന്ന നിലയിലാണെങ്കിലും അച്ഛന്‍ മരിച്ചിട്ടില്ല എന്നറിയിക്കാന്‍. എന്റെ ഹൃദയം നിലച്ചുപോവുമോ എന്നു ഞാന്‍ പേടിച്ചു. പിന്നെ എല്ലാം വിധിക്കുവിട്ടു. സംഭവിച്ചു കഴിഞ്ഞതിനെപ്പറ്റി ദുഃഖിച്ചിട്ട് എന്തു കാര്യം. ഇനി നേരിടുക തന്നെ. അപ്പോഴേക്ക് ബാക്കി കാര്യം വിധി ഏറ്റെടുത്തു കഴിഞ്ഞിരുന്നു. സംഭവിച്ചത് ഇതാണ്: മാതൃഭൂമി ചീഫ് എഡിറ്റര്‍ കെ.പി.കേശവമേനോന്‍ ഒമ്പതേമുക്കാലിന് കപ്പനയുടെ ചാലപ്പുറത്തെ വീട്ടിലെത്തുന്നു. സന്തതസഹചാരിയായ ശ്രീനിവാസന്‍ കൈപിടിച്ചു നടത്തി കേശവമേനോനെ കപ്പനയുടെ മുറിയിലെത്തിക്കുന്നു. കേശവമേനോന്‍ റീത്തു വയ്ക്കുന്നു. പതിനഞ്ചു മിനിറ്റു മുമ്പ് ഒമ്പതരയ്ക്കു കപ്പന മരിച്ചു കഴിഞ്ഞിരുന്നു. പതിനൊന്നു മണിയോടെ കപ്പനയുടെ ബന്ധുക്കള്‍ രണ്ടു കാറില്‍ തിരുന്നാവായയില്‍ നിന്നോ മറ്റോ എത്തുന്നു. കാറില്‍നിന്ന് ഇറങ്ങിയ ഉടനെ കപ്പനയുടെ മക്കളോട് അവരുടെ കമന്റ്: നമ്മളൊക്കെ ഷെയറെടുത്ത് ഒരു പത്രം (മാതൃഭൂമി) തുടങ്ങിയിട്ട് എന്തു പ്രയോജനം? ഈ മനോരമ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഈ മരണ വിവരം അറിയുമായിരുന്നോ?

You might also like

Leave A Reply

Your email address will not be published.