ഭാര്യക്കുവേണ്ടി മാത്രം ജീവിക്കുന്നൊരു ഭര്‍ത്താവ്…

120

ഒരു പനിയായിരുന്നു ആദ്യം നിർമലക്ക് വന്നത്. സാധാരണ പനിയായിരിക്കുമെന്ന് കരുതി അടുത്തുളള ക്ലിനിക്കിൽ പോയി മരുന്ന് വാങ്ങിപ്പോന്നു. ഒരു ദിവസമല്ല പല ദിവസങ്ങൾ പനി തുടർന്നപ്പോൾ ക്ലിനിക്കിലെ ഡോക്ടർ രക്തം പരിശോധിക്കാൻ നിർദേശിച്ചു. വിട്ടുമാറാത്ത പനി എലിപ്പനിയുടെ ലക്ഷണമാണെന്നായിരുന്നു അന്ന് വിദഗ്ധരുടെയെല്ലാം അഭിപ്രായം. അതിനാൽ പിന്നീട് ഞങ്ങളുടെ യാത്ര കോഴിക്കോട് മെഡിക്കൽ കോളജിലേക്കായിരുന്നു…’
പതിനേഴുവർഷം നീളുന്ന ഒരു സഹന ചരിത്രത്തിന്റെ കഥ പറയുകയായിരുന്നു കോഴിക്കോട് പേരാമ്പ്രക്ക് സമീപം പന്തിരിക്കര സ്വദേശി കുഞ്ഞിക്കണ്ണൻ. തളർന്നുപോയ ഭാര്യക്കുവേണ്ടിയും വീടിനുള്ളിൽ ഒതുങ്ങിപ്പോയ അമ്മക്കുംവേണ്ടി ജീവിക്കുകയാണ് അയാളിന്ന്. മരംവെട്ടാണ് തൊഴിൽ. അതും വീട്ടിൽനിന്നും അധികദൂരമൊന്നും പോകില്ല. എവിടെപ്പോയാലും പെട്ടെന്ന് വീട്ടിലെത്താനുളള എളുപ്പവഴിക്കാണ്  ഈ തൊഴിൽ തെരഞ്ഞെടുത്തിരിക്കുന്നത്.
‘ഇതാകുമ്പം രാവിലെ കൃത്യസമയത്ത്  പോകേണ്ടതില്ല. ചെയ്യുന്ന ജോലിക്ക് പണവും കിട്ടും. ഭാര്യയുടെയും അമ്മയുടെയും കാര്യവും നോക്കാം..” ഏറെ റിസ്‌കുള്ള മരംവെട്ട് തൊഴിൽ തെരഞ്ഞെടുക്കാനിടയായതിനെക്കുറിച്ച് പറഞ്ഞാണ് കുഞ്ഞിക്കണ്ണൻ സംഭാഷണം തുടങ്ങിയത്.
‘ എത്ര ചികിത്സിച്ചിട്ടും പനി മാറാതിരുന്നതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം എല്ലാത്തരം ടെസ്റ്റുകളും നടത്തി. എന്നിട്ടും രോഗകാരണം കണ്ടെത്താനായില്ല. നാനൂറ് രൂപ വിലയുളള മരുന്നാണ് ആദ്യം പുറത്ത് നിന്ന് വാങ്ങാൻ ഡോക്ടർമാർ നിർദേശിച്ചത്. അവർ പറയുന്ന മരുന്ന് കൃത്യമായി വാങ്ങിക്കൊടുക്കുകയും ചെയ്യുമായിരുന്നു. ചില ദിവസങ്ങളിൽ പനി വല്ലാതെ ഉയർന്നിട്ടുണ്ട്. ശരീരം വല്ലാതെ ചുട്ടുപൊളളുന്ന അവസ്ഥ.
അപ്പോൾ അപസ്മാരം പോലെ നിർമ്മല അവ്യക്തമായി എന്തൊക്കെയോ പിറുപിറുക്കും. രണ്ടോ മൂന്നോ മിനിട്ടുകളേ ഈ സ്ഥിതിയുണ്ടാകുകയുള്ളൂ. പനിക്ക് ശമനം ഉണ്ടാകുമ്പോൾ തീർത്തും സാധാരണ പോലെ. ഒരു രോഗിണിയാണെന്ന് പോലും  അപ്പോൾ ആരും പറയില്ല. എന്നാൽ ഈ അവസ്ഥ സ്ഥായിയല്ല, ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ പനി മൂർധന്യാവസ്ഥയിലാകും. ഇത്തരമൊരു അവസ്ഥക്ക് കാരണമെന്തെന്നുള്ള പഠനത്തിലായിരുന്നു ഡോക്ടർമാർ. എലിപ്പനിയല്ല, അപസ്മാരമല്ല, മാനസികാസ്വസ്ഥതയുമല്ല.. യഥാർഥ കാരണം അപ്പോഴും മനസിലാകുന്നില്ല…രണ്ടാഴ്ചകൊണ്ട് മടങ്ങാം എന്ന് കരുതിയാണ് ഭാര്യയെയും കൂട്ടി ആശുപത്രിയിലെത്തുന്നത്. എന്നാൽ നാലുമാസം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാകുമ്പോഴും പനിക്ക് പൂർണ്ണമായൊരു ശമനം ഉണ്ടായിരുന്നില്ല…’ കുഞ്ഞിക്കണ്ണൻ പറയുന്നു.
മനസും ശരീരവും തളർന്ന്
‘ഭയത്തിൽനിന്നെങ്ങാനും രൂപപ്പെട്ടതാണ് ഈ രോഗമെന്ന് കരുതി അതുമായി ബന്ധപ്പെട്ട പലരെയും കണ്ടു. എന്നാൽ ഇതെല്ലാം മനസിന്റെ ചില വിഭ്രാന്തികൾ മാത്രമാണെന്നായിരുന്നു അവരുടെ നിലപാട്.. ആശുപത്രി വാസത്തിനിടയിൽ മൂന്ന് പെൺമക്കളും അമ്മയും മാത്രമായിരുന്നു വീട്ടിൽ. ഭാര്യയെ ബസിൽ കയറ്റികൊണ്ടുപോകാൻ പറ്റാത്തതിനാൽ പുറമേനിന്ന് കാറുവിളിക്കും. ഇങ്ങനെയുള്ള ഓരോയാത്രയ്ക്കും വലിയ തുകയാണ് ചെലവഴിക്കപ്പെട്ടിരുന്നത്. ജോലി ചെയ്യുന്ന പണമത്രയും ചികിത്സക്കുവേണ്ടി മാത്രം ചെലവഴിക്കപ്പെടുന്നു.  എത്ര  പണിചെയ്താലും ഒന്നും കാണാനില്ലാതായി. ഭാര്യയുടെ രോഗമൊട്ടു കുറയുന്നുമില്ല.  ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലും വീട്ടിലെത്തി രണ്ട് ദിവസം കഴിയുമ്പോൾ വീണ്ടും പഴയതുപോലെ തന്നെ ആശുപത്രി തന്നെ ശരണം. മനസും ശരീരവും വല്ലാതെ മുരടിച്ചുപോയ ഒരു ദിവസമാണ് ഞെട്ടിക്കുന്ന മറ്റൊരു വാർത്ത.
മെഡിക്കൽ കോളജിലെ ബാത്‌റൂമിന്റെ ചുവരിൽ തലയിടിച്ച് ഭാര്യ നിലത്തുവീണു. അകത്തുനിന്ന് കൊളുത്തിട്ടിരുന്നതിനാൽ ഏറെ പണിപ്പെട്ടാണ് ആളുകൾ അകത്തുകയറിയത്. അപ്പോഴേക്കും നെറ്റിയിൽ ചോരയണിഞ്ഞ നിലയിലായിരുന്നു നിർമല. പറയുന്നതൊന്നും വ്യക്തമായിരുന്നില്ല. ചികിത്സ താൽക്കാലികമായി അവസാനിപ്പിക്കാനും ആവശ്യമുണ്ടെങ്കിൽ ഒ.പിയിൽ വന്ന് കാണാനുമൊക്കെയാണ് ഡോക്ടർമാർ നിർദേശിച്ചത്.
അങ്ങനെ ആശുപത്രിയിൽനിന്നും വീട്ടിലെത്തി ചോറു വിളമ്പാൻ ഭാര്യയോട് കുഞ്ഞിക്കണ്ണൻ നിർദേശിച്ചു. അപ്പോഴാണ് ചെറിയൊരു ന്യൂനത അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത്. ചോറു വിളമ്പുന്നത് പാത്രത്തെ ലക്ഷ്യമാക്കിയാണെങ്കിലും അതിലല്ല വീഴുന്നത്. കറികൾ വിളമ്പുമ്പോഴും പാത്രത്തിൽനിന്ന് ഒന്നോ രണ്ടോ ഇഞ്ച് മാറി, മേശപ്പുറത്തു വീഴുന്നു. കണ്ണിന് എന്തോ തകരാറുപോലെ.
പിന്നെ വിദഗ്ധ പരിശോധനക്ക് മെഡിക്കൽ കോളജിലേക്ക്. മിഴികൾ കുറച്ച് പുറത്തേക്ക്  തള്ളി നിൽക്കുന്നതുപോലെയാണ് പരിശോധനയിൽ ഡോക്ടർക്ക് മനസിലായത്. അതിനാൽ വിദഗ്ധമായ നേത്രചികിത്സ വേണ്ടിവരുമെന്നും സർജറിക്കായി അമ്പതിനായിരം രൂപയും മറ്റ് അനുബന്ധ ചികിത്സകൾക്കും മരുന്നുകൾക്കുമായി മുപ്പതിനായിരം രൂപയോളം വരുമെന്നും ഡോക്ടർമാർ ഓർമിപ്പിച്ചു. മരംവെട്ടി ആ നാളുകളിൽ കരുതിയിരുന്നതത്രയും ചികിത്സയ്ക്കുവേണ്ടി കുഞ്ഞിക്കണ്ണൻ ചെലവഴിച്ചിരുന്നു. എന്നിട്ടും സർജറി വിജയിച്ചില്ല.
കിടക്കതന്നെശരണം
അപ്പോഴേക്കും നിർമല കിടക്കയിലേക്ക് തന്നെ വീണുപോയിരുന്നു. എഴുന്നേൽക്കാൻപോലും വയ്യാതെ ശരീരം തളർന്നിരുന്നു. പിടിച്ചെഴുന്നേൽപിക്കാൻപോലും വയ്യാതെ കുഞ്ഞിക്കണ്ണനും തളർന്നു. ഭാര്യയ്ക്കുവേണ്ടി മാത്രമായി അയാളുടെ ജീവിതം. കിടക്കയിൽ വീണുപോയവർക്ക് വയനാട്ടിൽ കാട്ടിക്കുളത്ത് നല്ലൊരു ആയുർവേദ ചികിത്സാകേന്ദ്രമുണ്ടെന്ന് പലരും പറഞ്ഞത് കുഞ്ഞിക്കണ്ണൻ കേട്ടു.
ഭാര്യയെയും കൂട്ടി അവിടേക്ക് പോകാൻ കുഞ്ഞിക്കണ്ണൻ തീരുമാനിച്ചു. മൂന്നുമാസത്തെ ചികിത്സകൊണ്ട് സുഖമായി മടങ്ങാം എന്നാണ് അവർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ തളർന്നുപോയ ഭാര്യയ്ക്കുവേണ്ടി, കുഞ്ഞിക്കണ്ണൻ അവിടെ കാത്തിരുന്നത് ഒന്നര വർഷമാണ്. കടം മേടിച്ചതും പെൺമക്കളുടെ കല്യാണം നടത്താൻ മാറ്റിവച്ചതുമായ ഒന്നരലക്ഷം രൂപയോളം ചികിത്സയ്ക്കുവേണ്ടി ചെലവായി.
ചികിത്സ തുടർന്നിട്ടും രോഗത്തിൽനിന്നും പൂർണശമനം കിട്ടാത്തതും കിടക്ക വിട്ട് ഭാര്യ എഴുന്നേൽക്കാത്തതും കുഞ്ഞിക്കണ്ണനെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു. ആ നാളുകളിലാണ് അച്ഛൻ മരിക്കുന്നതും അമ്മയ്ക്ക് ഹൃദയസംബന്ധമായ രോഗം വരുകയും ചെയ്തത്. അതുകൊണ്ട് തിരികെ വീട്ടിലേക്ക് മടങ്ങാമെന്ന് കുഞ്ഞിക്കണ്ണൻ തീരുമാനിക്കുകയായിരുന്നു. ഭാര്യയെയുംകൊണ്ട് അങ്ങനെ മറ്റൊരു മടക്കയാത്ര.
കോഴിക്കോട് പുതിയങ്ങാടിയിലെ ആയുർവേദ ക്ലിനിക്കിനെക്കുറിച്ച് ചിലർ ആ സമയത്താണ് കുഞ്ഞിക്കണ്ണനോട് പറയുന്നത്. ഇവിടെയുള്ള ചികിത്സാകേന്ദ്രത്തിൽ മികച്ച ചികിത്സ ലഭിക്കുമെന്നും സൗഖ്യം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നും പലരും ഉറപ്പ് പറഞ്ഞതോടെ അദ്ദേഹം ഭാര്യയുമായി പിന്നെ അങ്ങോട്ടാക്കി യാത്ര.  നസ്യം, വിയർപ്പിക്കൽ തുടങ്ങിയവയൊക്കെ ഇവിടെ പരീക്ഷിച്ചെങ്കിലും ഫലപ്രദമായ സൗഖ്യാനുഭവം ഉണ്ടായില്ല.
ഹോട്ടലിൽ ജോലി ചെയ്ത്
മരുന്നുണ്ടാക്കി
അക്കാലത്ത് ഡോക്ടർ നിർദേശിക്കുന്ന കഷായത്തിന്റെ മരുന്നുകൾ ആയുർവേദകടയിൽനിന്നും വാങ്ങി അത് പുറത്തെവിടെയെങ്കിലും പോയി കലത്തിൽവച്ച് വേവിച്ച് കഷായമാക്കുകയാണ് രോഗികളുടെ ബന്ധുക്കളൊക്കെ ചെയ്തിരുന്നത്.
അതിന് വീട് എടുക്കണം. ഈയിനത്തിൽ നല്ല തുക വാടക വരും. വീട് എടുക്കാതെ എങ്ങനെ കഷായമുണ്ടാക്കാൻ കഴിയുമെന്നായി കുഞ്ഞിക്കണ്ണന്റെ ചിന്ത. അടുത്തുള്ള ഹോട്ടലിൽ പോയി കുഞ്ഞിക്കണ്ണൻ സംസാരിച്ചു. തനിക്ക് പൊറോട്ടയുണ്ടാക്കാൻ അറിയാമെന്നും പകരമായി തനിക്ക് കുറച്ച് കഷായമുണ്ടാക്കാൻ അടുപ്പുസൗകര്യം നൽകിയാൽ മതിയെന്നുമായിരുന്നു അദ്ദേഹം കടയുടമയോട് പറഞ്ഞത്. കടക്കാരന് ലാഭം, പൊറോട്ടയുണ്ടാക്കാൻ ഒരാളെ നിർത്തേണ്ടതില്ലല്ലോ! അങ്ങനെ കുഞ്ഞിക്കണ്ണൻ പൊറോട്ടയും വൈകുന്നേരം പഴംപൊരിയും ഹോട്ടലിൽ ഉണ്ടാക്കിക്കൊടുത്ത് പ്രതിഫലമായി അവിടെയിരുന്ന് മരുന്ന് നിർമിച്ചു. അതുകൊണ്ടൊക്കെയാകാം ഒന്നരലക്ഷം രൂപയിൽ ചികിത്സ നടത്താൻ കഴിഞ്ഞത്.
ആത്യന്തികമായി നിർമലക്ക് കിടക്ക വിട്ട് എണീക്കാൻ കഴിഞ്ഞില്ലെങ്കിലും ശരീരത്തിൽ കുറച്ച് സൗഖ്യാനുഭവം ഉണ്ടായി. രാത്രിയിൽ ചിലപ്പോഴൊക്കെ നിർമല പേടിച്ച് കരയാറുണ്ടായിരുന്നു. ഇത്തരത്തിലുള്ള കരച്ചിൽ പിന്നീട് ഉണ്ടായിട്ടില്ല. അതോടൊപ്പം രാത്രിയിൽ കാലുകളിൽ വേദനകൊണ്ട് മരവിച്ചപോലൊരു അവസ്ഥയുണ്ടാകുമായിരുന്നു. അത്തരമൊരു അവസ്ഥയ്ക്കും കുറച്ച് ശമനമായി. അവിടുത്തെ ചികിത്സ ഇനി തുടരേണ്ടതില്ലെന്ന് തോന്നിയപ്പോൾ കുഞ്ഞിക്കണ്ണൻ ഭാര്യയുമായി വീട്ടിലേക്ക് മടങ്ങി. വീട്ടിൽ കൊണ്ടുവന്ന് ഭാര്യയെ കട്ടിലിൽ കിടത്തി ഡോക്ടർ നിർദേശിച്ച മരുന്നുകളൊക്കെയും കൊടുത്തിരുന്നു.
പിന്നെ അടുത്ത ഒരു സ്‌നേഹിതന്റെ നിർദേശ പ്രകാരം ഭാര്യയെ ഒരു ലാടഗുരുവിന്റെ ചികിത്സയ്ക്ക് വിധേയയാക്കി. പലരോടും വായ്പവാങ്ങിയാണ് ലാടഗുരുവിന് ചികിത്സയ്ക്കുള്ള പണം നൽകിയത്. എന്നാൽ യാതൊരുമാറ്റവും ഉണ്ടായില്ല. ചികിത്സ കഴിഞ്ഞപാടെ ലാടഗുരു നാട്ടിൽനിന്നു അപ്രത്യക്ഷനാകുകയും  ചെയ്തു. വൻകടക്കാരനായിട്ടും ചില്ലറത്തുട്ടുകൾപോലും ഇല്ലാതെ വന്നപ്പോഴും കടുത്ത നിരാശ തോന്നിയിട്ടുണ്ടെന്ന് കുഞ്ഞിക്കണ്ണൻ പറയുന്നു. രണ്ടുതവണ ആത്മഹത്യയ്ക്കുപോലും ഒരുങ്ങി. എന്നാൽ വീട്ടിൽ അനാഥരായി നിൽക്കുന്ന മക്കളെക്കുറിച്ചോർത്തപ്പോൾ അയാൾ എല്ലാ സങ്കടങ്ങളെയും വിഴുങ്ങി.
പണം ഇറങ്ങിക്കൊണ്ടിരുന്നപ്പോഴും എല്ലാ ചികിത്സകളും ഒരു വിധത്തിൽ പൂർത്തീകരിച്ച് വീട്ടിൽ മരുന്നും ഡോക്ടർ നിർദേശിച്ച ഭക്ഷണവുമൊക്കെ കഴിച്ച് മുന്നോട്ടു പോകുന്നതിനിടയിലാണ് കൂനിന്മേൽ കുരുപോലെ ഏഴുമാസംമുമ്പ് കട്ടിലിൽനിന്ന് നിർമല ഒന്നു വീണത്. വീണ്ടും ആശുപത്രിവാസം.

എത്ര കഠിനമായ ജോലികൾ ഏറ്റെടുക്കുമ്പോഴും അയാൾ ഭാര്യയുടെ പ്രഭാത കാര്യങ്ങളും ഉച്ചഭക്ഷണത്തിനുമൊക്കെയുള്ള സമയം ക്രമീകരിച്ചശേഷമേ ജോലിക്കായി പോകുകയുള്ളൂ. നാലു തരത്തിലുള്ള ജ്യൂസുകളാണ് ഭാര്യയുടെ ആഹാരം. അതു സമയത്തുതന്നെ നൽകണം. രാവിലെ ഉണരുന്ന നിർമലയെ പല്ലു തേപ്പിച്ച്, കുളിപ്പിച്ച്, നല്ല വസ്ത്രം ധരിപ്പിച്ച് കിടത്തും. പാവയ്ക്കയുടെ ജ്യൂസായിരിക്കും ആദ്യഭക്ഷണം. പിന്നെ കാരറ്റ്, കരിമ്പ്, കരിക്ക് എന്നിവയെല്ലാം മണിക്കൂറുകളുടെ വ്യത്യാസത്തിൽ നൽകണം. മരുന്നിനും കൃത്യസമയമുണ്ട്. ദിവസവും മരുന്നിനും ശരീരത്ത് പുരട്ടുന്ന ഓയിൽമെന്റിനുമായി മുന്നൂറു രൂപയോളം വേണം. ജോലിയില്ലാതെ വിഷമിച്ചപ്പോഴും കടബാധ്യതയുടെ നടുവിലൂടെ കടന്നുപോയിട്ടും ഭാര്യക്ക് മരുന്നും ഭക്ഷണവുമൊന്നും കുഞ്ഞിക്കണ്ണൻ നൽകാതിരുന്നിട്ടില്ല. ഇതിലൊന്നിലും അയാൾക്കിന്നും തെല്ലും വിഷമവുമില്ല….ഭാര്യയുടെ കാര്യത്തിൽ ഇനിയും തെല്ലും വീഴ്ച വരുത്തുകയില്ല.. കാരണം ഈശ്വരനാണല്ലോ അവളെ തന്നോട് കൂട്ടിച്ചേർത്തത്. അതിനാൽ ഇരുമെയ്യാണെങ്കിലും ഞങ്ങളുടെ മനം ഒന്നു തന്നെയാണ്. ഭാര്യയെ നോക്കി കുഞ്ഞിക്കണ്ണൻ അതു പറയുമ്പോൾ അവരുടെ മുഖത്തും പറയാനാവാത്തൊരു നിർവൃതി.
‘എനിക്ക് വേദനയൊന്നുമില്ല, കുഞ്ഞേ…. അങ്ങേരു കിടന്ന് കഷ്ടപ്പെടുന്നത് കാണുമ്പഴാ എനിക്ക് വേദന…’ വളരെ കഷ്ടപ്പെട്ട് നിർമല അതു പറയുമ്പോൾ കുഞ്ഞിക്കണ്ണന്റെ കണ്ണിലും നനവ്. നീതു, നിത്യ, നിമിഷ എന്നിവരാണ് മക്കൾ. മൂന്നുപേരും വിവാഹിതരാണ്.
ചില ചെറിയ കാര്യങ്ങളുടെ പേരിൽപോലും ദാമ്പത്യബന്ധങ്ങൾ പൊട്ടിച്ചെറിയുന്ന പുത്തൻ തലമുറ ഈ ദമ്പതിമാരുടെ ജീവിതം ഒന്നു കണ്ടിരുന്നെങ്കിൽ…

You might also like

Leave A Reply

Your email address will not be published.