കണ്ണീരിനെ സന്തോഷമാക്കുന്ന മനുഷ്യസ്‌നേഹികള്‍…

410

ബാംഗ്ലൂരിനടുത്തുള്ളൊരു ഗ്രാമം. അവിടെയുള്ള പാലിയേറ്റീവ് കെയറില്‍ ജോലി ചെയ്യുന്ന ഡോക്ടറെ കാണാന്‍ ഒരു ഗ്രാമീണനെത്തി. ദൈന്യത നിറഞ്ഞ മുഖത്തോടെ അയാള്‍ പറഞ്ഞു ”എന്റെ വീടിന്റെ തൊട്ടയല്‍പക്കത്ത് താമസിക്കുന്ന വൃദ്ധയായൊരു അമ്മച്ചി കാന്‍സര്‍ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്. ദയവായി ഒന്നുവരണം.” ഡോ ക്ടര്‍ മറ്റൊന്നും ആലോചിക്കാതെ അപ്പോള്‍ തന്നെ മരുന്നുകളടങ്ങിയ ബാഗുകളുമെടുത്ത് അയാള്‍ക്കൊപ്പം ഇറങ്ങി. ഒരു ചെറിയ വീട്ടിലാണ് അവരെത്തിയത്. വാതില്‍ പലതവണ മുട്ടിയിട്ടും ആരും തുറന്നില്ല. പക്ഷേ ഭീകരമായൊരു ഒരു ഞരക്കം ഉള്ളില്‍ നിന്നും കേള്‍ക്കാം. വാതിലൊന്നു പതുക്കെ തള്ളിയപ്പോള്‍ അവ മലര്‍ക്കെ തുറന്നു. കാറ്റും വെളിച്ചവും കടക്കാത്ത മുറിയുടെ മൂലയില്‍ ഒരു വൃദ്ധ ചുരുണ്ടുകൂടി കിടക്കുന്നു. സ്തനാര്‍ബുദം ബാധിച്ച് പൊട്ടിയൊലിക്കുന്ന വലിയ വ്രണങ്ങള്‍. അസഹ്യമായ ദുര്‍ഗന്ധം. ആളനക്കം കേട്ട് വിഹ്വലതയോടെ ആ സ്ത്രീ മുഖമുയര്‍ത്തി. പേടിച്ചരണ്ട മട്ടിലായിരുന്നു അവരുടെ നോട്ടം. ആ വൃദ്ധയുടെ അടുത്തിരുന്ന് സ്‌നേഹപൂര്‍വ്വം ഡോക്ടര്‍ അവരുടെ തോളില്‍ സ്പര്‍ശിച്ചു. അതോടെ നിയന്ത്രണം വിട്ട മട്ടില്‍ അവര്‍ ഉറക്കെ കരയാന്‍ തുടങ്ങി.
നിലയ്ക്കാത്ത കണ്ണീര്‍ പ്രവാഹം. ഡോക്ടറും കൂടെ വന്ന അയല്‍വാസിക്കും പരിഭ്രമമായി. ”എന്തുപറ്റി, വല്ലാത്ത വേദനയുണ്ടോ അമ്മ യ്ക്ക്?” ഡോക്ടര്‍ ഉല്‍ക്കണ്ഠയോടെ ചോദിച്ചു.
നിറഞ്ഞ കണ്ണുകളോടെ അവര്‍ ഡോക്ടറുടെ മുഖത്തേക്ക് ഉറ്റുനോക്കി. ”ഉവ്വ് മോനേ വല്ലാത്ത വേദനയുണ്ടായിരുന്നു ഏതാനും നാളുകള്‍ക്ക് മുമ്പുവരെ. എന്നാല്‍ ഇപ്പോള്‍ എനിക്ക് വേദനയറിയാനാവുന്നില്ല, ഒരു മനുഷ്യന്‍ എന്നെയൊന്നു സ്പര്‍ശിച്ചിട്ട് എത്ര നാളായി എന്ന് അറിയാമോ? കുഞ്ഞ് എന്നെ തൊട്ടപ്പോള്‍ ആ സന്തോഷം സ ഹിക്കവയ്യാതെയാണ് ഞാന്‍ കരഞ്ഞത്.”
ആ ഡോക്ടര്‍ പിന്നീട് പാലിയേറ്റീവ് കെയറിന്റെ ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത ഡോക്ടര്‍മാരോടായി പറഞ്ഞു. ”ഒരുപക്ഷേ ആ അമ്മച്ചി ഏതാനും ദിവസംകൂടി മാത്രമേ ജീവിച്ചിട്ടുണ്ടാകൂ. എങ്കിലും അവരും ഒരു മനുഷ്യസ്ത്രീയായി തന്നെ മരിക്കട്ടെ. ധൈര്യത്തോടും ആത്മാഭിമാനത്തോടും…”
ഈ അനുഭവമാണ് ഒന്നര പതിറ്റാണ്ടുമുമ്പ് വാഴക്കുളത്ത് പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ തുടങ്ങാന്‍ അനസ്‌തേഷ്യോളജിസ്റ്റായ ഡോ.കെ.എസ്.ലാലിനെ പ്രചോദിപിച്ചത്. ഇന്ന് ഒമാനിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണ് അദേഹം.
****** ****** ****** ******
ഏതാനും വര്‍ഷം മുമ്പാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാലിയേറ്റീവ് കെയര്‍ ഓഫീസിലേക്ക് രണ്ട് മൂന്ന് ചേര്‍ന്ന് ഒരു സ്ത്രീയെ കൊണ്ടുവന്നു. നാല്‍പ്പതോ അമ്പതോ വയസ് പ്രായമുണ്ടാകും സ്ത്രീക്ക്. തീര്‍ത്തും വൃത്തിഹീനമായ വേഷം. തലയിലും ശരീരത്തിലും പലതരത്തിലുള്ള വ്രണങ്ങള്‍. അതുപൊട്ടിയൊലിക്കുന്നു. സ്ത്രീയെ കൊണ്ടുവന്നവര്‍ അവരെ അവിടെ ഏല്പിച്ച് മുങ്ങാന്‍ ശ്രമിക്കുന്നതുപോലെ യൂണിറ്റിന്റെ ചാര്‍ജുണ്ടായിരുന്ന സിസ്റ്റര്‍ മെര്‍ളിന് തോന്നി. അതിനാല്‍ രോഗിയെക്കുറിച്ചുള്ള വിവരങ്ങള്‍ സിസ്റ്റര്‍ ആകാംക്ഷയോടെ തിരക്കി. അവര്‍ പറഞ്ഞു.”തെരുവില്‍ അലഞ്ഞുനടക്കുകയായിരുന്നു ഈ സ്ത്രീ. കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് അലിവ് തോന്നി.. എന്തെങ്കിലും ചികിത്സ കിട്ടുമല്ലോ എന്ന് കരുതി കൊണ്ടുവന്നതാണ്…” എങ്കിലും അവരുടെ വാക്കുകളില്‍ എന്തോ പൊരുത്തക്കേടുണ്ടെന്ന് സിസ്റ്റര്‍ക്ക് തോന്നി. മാറിമാറി ഓരോരുത്തരോടും ആ സ്ത്രീയെക്കുറിച്ച് തിരക്കിയപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്. അവിടെ ആ സ്ത്രീയെയും കൊണ്ടുവന്നവരുടെ ഏറ്റവും മൂത്ത സഹോദരിയാണത്രേ ഇത്. ജീവിതം മുഴുവന്‍ കുടുംബത്തിനും സഹോദരങ്ങള്‍ക്കും വേണ്ടിയാണ് ആ സ്ത്രീ ജീവിച്ചത്. അവര്‍ ജോലി ചെയ്തുകൊണ്ടുവന്ന പണം മുഴുവന്‍ സഹോദരങ്ങള്‍ ആര്‍ത്തിയോടെ പിടുങ്ങി. എന്നാല്‍ കാന്‍സര്‍ രോഗിയും അവശയുമാണ് സഹോദരിയെന്ന് കണ്ടപ്പോള്‍ പിന്നെ അവളെ ഉപേക്ഷിക്കാനായി സഹോദരന്മാരുടെ ശ്രമം. സിസ്റ്റര്‍ മെര്‍ളിന്‍ ആ സ്ത്രീയുടെ ഉത്തരവാദിത്വമേറ്റെടുത്തു. ശുശ്രൂഷയും മരുന്നുകളും യഥാസമയം നല്‍കിയതിലൂടെ അവള്‍ രോഗത്തില്‍ നിന്നും പതുക്കെ വിമുക്തിനേടി. അനാഥയായ അവളെ സംരക്ഷിക്കാന്‍ പര്യാപ്തമായൊരു സ്ഥാപനത്തില്‍ ഏല്‍പ്പിച്ചാട്ടാണ് സിസ്റ്റര്‍ മെര്‍ളിനും സംഘവും പിന്‍വാങ്ങിയത്.
ഇതുപോലെ എത്രയോ അമ്മമാര്‍, സഹോദരങ്ങള്‍, കൊച്ചു കുട്ടികള്‍… പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സാന്ത്വനമേറുന്ന കരങ്ങളിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. എത്രയോ പേര്‍ നിത്യശാന്തിയുടെ കവാടത്തിലേക്ക് ശാന്തരായി കടന്നുപോയിരിക്കുന്നു. ഈ ദൈവകര്‍മത്തിന്റെ വിലയറിയണമെങ്കില്‍ സമൂഹത്തിന്റെ യഥാര്‍ഥമുഖം കൂടി തിരിച്ചറിയണം. കടുത്ത രോഗവും വേദനയും വിഴുങ്ങിയ ജീവിതങ്ങളെ അടുത്തറിയണം.
”നമ്മുടെയൊക്കെ സന്തോഷകരമായ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി രംഗബോധമില്ലാതെ കയറിവരുന്ന മരണദൂതനാണ് കാന്‍സര്‍. ആദ്യം നടുക്കത്തോടെയും പിന്നെ നിസ്സംഗതയോടെയും ആ അപ്രിയ സത്യത്തെ നമുക്ക് ഉള്‍ക്കൊള്ളേണ്ടിവരും. മരണത്തിന്റെ പ്രതിരൂപമായിട്ടാണ് പലരും കാന്‍സറിനെ കാണുന്നത്. അതുകൊണ്ടുതന്നെ ആ വാക്ക് കേള്‍ക്കാനാരും ഇച്ഛിക്കുന്നില്ല. ഇതൊക്കെയാ കാം 80 ശതമാനം കാന്‍സറും കണ്ടുപിടിക്കുമ്പോള്‍ തന്നെ ചികിത്സിച്ചു ഭേദമാക്കാവുന്ന ഘട്ടം കഴിയുന്നത്. ദുസ്സഹമായ വേദന, സാമ്പത്തികഭാരം, ഒപ്പം ഏകാന്തതയും നിസ്സഹായതയും. ഇങ്ങനെ രോഗത്തേക്കാളേറെ മാനസിക വ്യഥകളാല്‍ അവര്‍ ക്ലേശിക്കുന്നു. കാന്‍സര്‍ പകരും എന്നാണ് ഇപ്പോഴും ചില അഭ്യസ്തവിദ്യരുടെപോലും ചിന്ത. അതിനാല്‍ രോഗികളായ കുടുംബാംഗങ്ങള്‍ക്ക് പരിചരണം പോലും നിഷേധിക്കപ്പെടുന്നു. അര്‍ബുദത്തിന്റെ വ്രണങ്ങള്‍ മൂലം രോഗിയുടെ പരിചരണം സാധിക്കാത്ത വിധം വികൃതമായിത്തീരുന്ന അവസ്ഥ, ദുര്‍ഗന്ധം വമിക്കുന്ന വ്രണങ്ങള്‍ ശരിയായ ശുശ്രൂഷയില്ലാത്തതുമൂലം പുഴുക്കള്‍വരെ അരിച്ചിറങ്ങുന്ന രീതിയിലേക്ക് മാറുന്നു. ഇതേ അവസ്ഥയില്‍ എത്രയെത്ര പേര്‍…..
ശാരീരിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും മാനസികമായ പിരിമുറുക്കത്തിന് അയവു വരുത്താനും സ്‌നേഹപൂര്‍വ്വമായ സമീപനത്തിന് കഴിയും. രോഗി ഒറ്റയ്ക്കല്ല എന്നും ഒപ്പം സാന്ത്വനമായി ചിലരൊക്കെ ഉണ്ടെന്നുമുള്ള ചിന്ത അവരിലെ മനസ്സിന്റെ സംഘര്‍ഷം കുറച്ച് എന്തിനെയും നേരിടാനുള്ള ഉള്‍ക്കരുത്ത് നല്‍കും. രോഗിക്ക് അവരുടെ വീടിന്റെയും കുടുംബാംഗങ്ങളുടെയും അവസ്ഥകള്‍ പങ്കുവയ്ക്കുവാനും ഭാരം ഇറക്കിവയ്ക്കാനും പറ്റുന്ന അത്താണി- അതാണ് പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍.”

എന്താണ് പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍?
കാന്‍സര്‍, എയ്ഡ്‌സ്, തളര്‍വാതം, വൃക്കരോഗങ്ങള്‍, പക്ഷാഘാതം, നട്ടെല്ലിന്റെ ക്ഷതം, സെറിബ്രല്‍ പള്‍സി തുടങ്ങിയുള്ള അവസ്ഥകളില്‍ രോഗിയോടൊപ്പം കുടുംബത്തിനും ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളില്‍ ആശ്വാസം പകരുന്ന വൈദ്യശാസ്ത്രശാഖയാണ് പാലിയേറ്റീവ് കെയര്‍ എന്ന് പറയാം.
ജീവിതം തകിടം മറിക്കുന്നതും എല്ലാ സ്വപ്നങ്ങളെയും തകര്‍ത്തുടക്കുന്നതുമായ എല്ലാ രോഗങ്ങളും പാലിയേറ്റീവ് കെയറിന്റെ പരിധിയില്‍ വരുമെന്ന് സാരം.
പാലിയേറ്റീവ് കെയര്‍ രോഗത്തിന് ചികില്‍സനല്‍കുന്ന ഇടമല്ല; രോഗിക്ക് സാന്ത്വനം പകരുന്ന ഇടമാണ്. രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ പരാശ്രയം വേണ്ടിവരുന്നതോടെ രോഗിയുടെ മനസില്‍ ഒറ്റപ്പെടലും അകാരണമായ ദേഷ്യവും വിഷാദവുമെല്ലാം രൂപപ്പെടും. ചികില്‍സയുടെ പണച്ചെലവ്, സാമ്പത്തിക പ്രയാസം, തൊഴില്‍ നഷ്ടം എന്നിവയും രോഗിയെ മാനസികമായി അലട്ടും. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ആശ്വാസവും ഉത്തരവുമാകാന്‍ പാലിയേറ്റീവ് കെയറിനു കഴിയും. രോഗചികില്‍സ തുടരുന്നതിനൊപ്പം മേല്‍പ്പറഞ്ഞ മാനസിക അസ്വസ്ഥതകള്‍കൂടി കണ്ടറിഞ്ഞുള്ള സാന്ത്വനവും പരിചരണവുമാണ് പാലിയേറ്റീവ് കെയര്‍ നല്‍കുന്നത്.
കിടപ്പിലായ രോഗിയെ സുഹൃത്തിനെ എന്നപോലെ ആശ്വസിപ്പിച്ച് പരിചരിക്കുകയാണ് പാലിയേറ്റീവ് കെയറിലെ അംഗങ്ങള്‍ ചെയ്യുന്നത്. 12 ലക്ഷം പാലിയേറ്റീവ് വോളന്റിയര്‍മാരും നാലു ലക്ഷം ജോലിക്കാരും 90 ലക്ഷം ജനങ്ങളും ഈ രംഗത്തു കര്‍മനിരതരാണ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍, ഗൃഹനാഥന്മാര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വലിയൊരു ശൃംഖല തന്നെ പ്രതിഫലം പറ്റാതെ സഹജീവി ശുശ്രൂഷയില്‍ ജാഗ്രതയോടെ മുഴുകുന്നു. എന്നാല്‍, ഈ രംഗത്തെ ആവശ്യങ്ങളുടെ 10 ശതമാനം പരിഹരിക്കാനേ ഇതുവരെ സാധിച്ചിട്ടുള്ളൂ. രോഗനിര്‍ണയം മുതല്‍ ചികിത്സയോടൊപ്പം പാലിയേറ്റീവ് കെയറും ലഭ്യമാക്കണമെന്ന് 2002ല്‍ ലോകാരോഗ്യസംഘടന പ്രസ്താവിച്ചിരുന്നു. ജീവനു ഭീഷണിയുള്ള എല്ലാരോഗങ്ങള്‍ക്കും ഇതു ബാധകമാക്കിയിട്ടുണ്ട്.
രോഗം ഗുരുതരമാണെന്ന് രോഗി അറിയുന്ന ആദ്യഘട്ടം മുതല്‍ സാന്ത്വനത്തിന്റെ പ്രാധാന്യം ഏറെയാണ്. ഈ സമയത്തു കിട്ടുന്ന ആശ്വാസം രോഗത്തെ അതിജീവിക്കാന്‍ രോഗിയെ സഹായിക്കും. മറ്റ് ചികിത്സകളെല്ലാം അവസാനിപ്പിച്ച് രോഗി മരണം കാത്തുകിടക്കുമ്പോള്‍ മാത്രമാണ് പലപ്പോഴും പാലിയേറ്റീവ് കെയറിന്റെ സേവനം ആവശ്യമായി വരുന്നതെന്നാണ് ഇപ്പോഴും നമ്മുടെ നാട്ടിലുള്ള ജനങ്ങളുടെ ചിന്ത. ഇത് ശരിയല്ല.
ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റില്ല അല്ലെങ്കില്‍ അസുഖം മരണത്തിനു കാരണമാകും എന്ന് തിരിച്ചറിയുന്നിടത്താണ് പാലിയേറ്റീവ് കെയര്‍ ആരംഭിക്കേണ്ടതെന്നാണ് ഈ രംഗത്തുള്ള ഡോക്ടറുമാരുടെയെല്ലാം അഭിപ്രായം. രോഗി ഏറെ ശാരീരിക ക്ലേശവും മാനസിക വ്യഥയും അനുഭവിക്കുന്ന വിവിധ സര്‍ജറികള്‍, റേഡിയോതെറാപ്പി, കീമോതെറാപ്പി തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെ സാന്നിധ്യവും അവര്‍ നല്‍കുന്ന പ്രതീക്ഷയും വളരെ വലുതാണ്.
വൈദ്യശാസ്ത്രം ശാരീരികരോഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമ്പോള്‍ അതിലുപരി രോഗിയുടെയും കുടുംബത്തിന്റെയും ശാരീരികമോ മാനസികമോ സാമൂഹികമോആയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുകയാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. രോഗിക്ക് ആശുപത്രികളില്‍ ലഭിക്കുന്നതുപോലുള്ള നിലവാരമുള്ളതും ആധികാരികവും ശാസ്ത്രീയവുമായ പരിചരണം ഉറപ്പ് വരുത്തുവാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ‘ഇനിയൊന്നും ചെയ്യാനില്ല’ എന്നുപറഞ്ഞ് വൈദ്യശാസ്ത്രം കൈയൊഴിയുമ്പോള്‍ പരിചരണം കൊണ്ടും സമീപ്യം കൊണ്ടും ജീവിതത്തിന് പച്ചപ്പ് നല്‍കാന്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക്കഴിയുന്നു. പാലിയേറ്റീവ് കെയര്‍ എന്നാല്‍ ‘ടോട്ടല്‍ കെയര്‍’ എന്നു തന്നെയാണ് അര്‍ഥം.

പുഞ്ചിരിയാക്കാനുള്ള വഴി
നിലമ്പൂര്‍ സ്വദേശിനി ആമിനയുടെ രോഗിയായ മകളെക്കുറിച്ച് പറഞ്ഞത് ‘ഇന്ത്യയിലെ സാന്ത്വനപരിചരണ ചികിത്സയുടെ പിതാവെ’ന്ന് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ച ഡോ. എം ആര്‍ രാജഗോപാലാണ്.
”26 വയസുണ്ട് യുവതിക്ക്. പാന്‍ക്രിയാസ് ഗ്രന്ഥിക്ക് മാരകരോഗം ബാധിച്ച് കഠിനവേദന തിന്നുകയായിരുന്നു അവള്‍. കാന്‍സറിനെക്കാള്‍ ഗുരുതരമായിട്ടാണ് മെഡിക്കല്‍ സയന്‍സ് ഈ രോഗത്തെ കാണുന്നത്. മരുന്നുകൊണ്ട് പെട്ടെന്ന് മാറ്റാന്‍ പറ്റാത്ത ഈ രോഗം പാവപ്പെട്ട കുടുംബത്തെ വല്ലാതെ ക്ഷീണിപ്പിച്ച് കളഞ്ഞു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആദ്യം കുറെക്കാലം അവര്‍. പിന്നീടാണ് അവര്‍ എന്നെത്തേടി എത്തുന്നത്. ഈ രോഗത്തിനുള്ള പ്രത്യേക ചികിത്സ അന്ന് തിരുവനന്തപുരത്ത് ലഭ്യമായിരുന്നു. വലിയ ചിലവുള്ളതാണിത്. രോഗിയുടെ പിന്‍ഭാഗത്തുകൂടി സൂചി വയറ്റിലിറക്കി ഞരമ്പ് മരവിപ്പിച്ചാണ് ചെയ്യേണ്ടത്. കഴിവതും ചികിത്സ സൗജന്യമാക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചു. നാട്ടില്‍നിന്ന് തുച്ഛമായ തുക അവര്‍ കണ്ടെത്തിയിരുന്നു. ഞങ്ങളും കുറച്ച് തുക സമാഹരിച്ചു. ആമിനയും ഭര്‍ത്താവും രോഗിണിയായ മകളും കൂടി വന്നു. ആമിനയ്ക്ക് ഏഴ് ആണ്‍മക്കളുണ്ട്. അവര്‍ കൂലിപ്പണിക്ക് പോകും. അതില്‍ നിന്നും കിട്ടുന്ന തുക ആ കുടുംബത്തിന്റെ നിത്യവൃത്തിക്ക് പോലും പലപ്പോഴും കഴിയുമായിരുന്നില്ല. എന്നാല്‍ ഏഴ് ആണ്‍മക്കളാണ് അവര്‍ക്കുള്ളതെന്ന് സാമ്പത്തികസ്ഥിതി വിലയിരുത്തുന്ന ഉദ്യോഗസ്ഥര്‍ അറിഞ്ഞാല്‍ അവര്‍ക്കു വേണ്ട ചികിത്സാ സൗജന്യം ലഭിക്കുകയില്ല. ആയതിനാല്‍ ആമിനയെ വിളിച്ച് ഒരു സോഷ്യല്‍ വര്‍ക്കര്‍ പറഞ്ഞു: ഏഴ് ആണ്‍മക്കള്‍ ഉണ്ടെന്ന് പറയരുത്. അങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യം ലഭിക്കില്ല. ഇതുകേട്ട ആമിനയുടെ മറുപടി മറിച്ചായിരുന്നു. ”ഏഴ് ആണ്‍മക്കള്‍ ഇല്ലെന്ന് ഞാന്‍ എങ്ങനെ പറയും. എന്റെ മക്കളെ നിഷേധിക്കുക എന്നത് ഞാന്‍ ചെയ്യുന്ന വലിയ തെറ്റല്ലേ?”
എന്തായാലും ആ സ്ത്രീയുടെ അസാധാരണ സത്യന്ധത ഞങ്ങളെ അത്ഭുതപ്പെടുത്തി. അവര്‍ക്ക് വേണ്ട എല്ലാ ചികിത്സയും നല്‍കി. രോഗിയുടെ വേദനക്ക് ശമനം കിട്ടി. കുറച്ച് തുക അടയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ ആമിനയോട് പറഞ്ഞു. ഇതുകേട്ട ആമിന മടിയില്‍ സൂക്ഷിച്ചിരുന്ന ഒരു കടലാസുപൊതിയെടുത്ത് മേശപ്പുറത്ത് വച്ചു. അതില്‍ കുറെ നാണയത്തുട്ടുകളായിരുന്നു. എന്നിട്ട് പറഞ്ഞു: ”മോനേ ഇതില്‍ ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്ക് നിലമ്പൂര്‍ പോകാനുള്ള വണ്ടിക്കൂലി തന്നിട്ട് ബാക്കി മോന്‍ എടുത്തോ.” ഇതുകേട്ട ആ ഉദ്യോഗസ്ഥന്‍ ആ പൊതിക്കെട്ട് നിറകണ്ണുകളോടെ തിരിച്ച് കൊടുത്തു.”
പാലിയേറ്റീവ് കെയര്‍ ഇന്ത്യയിലാദ്യം രൂപകല്‍പന ചെയ്തത് ഡോ. രാജഗോപാലാണ്. 1993 ല്‍ അദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യോളജിയുടെ തലവനും പ്രഫസറുമായിരുന്നപ്പോള്‍ ഏതാനും സുഹൃത്തുക്കളോടൊപ്പം ആരംഭിച്ച പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയിലൂടെ അനേകര്‍ക്ക് ലഭ്യമായ ആശ്വാസം ഈ സംഘടനയെ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തി. 2002 ല്‍ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സേവനം ചെയ്യുമ്പോള്‍ യൂണിവേഴ്‌സിറ്റി അംഗീകാരത്തോടെയുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ മെഡിസിനിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ആരംഭിക്കാനും കഴിഞ്ഞു. ‘പാലിയം ഇന്ത്യ’യുടെ പ്രോഗ്രാമായ തിരുവനന്തപുരം പാലിയേറ്റിവ് ശാസ്ത്ര കേന്ദ്രത്തിന്റെ ഡയറക്ടറാണ് ഡോ. രാജഗോപാല്‍. പാലിയം ഇന്ത്യ ഇന്ന് ലോകാരോഗ്യ സംഘടനയുടെ പങ്കാളിത്ത കേന്ദ്രമായും വികസിച്ചുകഴിഞ്ഞു.
തിരുവനന്തപുരം ആസ്ഥാനമായാണ് ഡോ.എം.ആര്‍. രാജഗോപാല്‍ ചെയര്‍മാനായ പാലിയം ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. സാന്ത്വനപരിചരണരംഗത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ 30 പ്രമുഖരുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ദേഹമാണ്.
ഇന്ത്യയില്‍ 18 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും പാലിയേറ്റിവ് ചികിത്സകേന്ദ്രങ്ങള്‍ തുടങ്ങാനും പ്രവര്‍ത്തനക്ഷമമാക്കാനും അദ്ദേഹത്തിന്റെ സംഘടനക്ക് കഴിഞ്ഞു. അതുകൊണ്ടാകാം പത്മശ്രീ പുരസ്‌കാരം പോലും അദേഹത്തെ തേടി എത്തിയത്.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മരണാസന്നരായ രോഗികള്‍ക്ക് സ്‌നേഹശുശ്രൂഷയും പരിചരണവും എന്ന ലക്ഷ്യം മുന്നില്‍ കണ്ട് 1967-ല്‍ ഡോ. ഡെയിം സിസിലി സോണ്ടേഴ്‌സ് ഇംഗ്ലണ്ടില്‍ തുടങ്ങിയതാണ് സെന്റ് ക്രിസ്റ്റഫേഴ്‌സ് ഹോസ്പീസ്. ഇതാണ് ഇന്നത്തെ പാലിയേറ്റീവ് കെയറായി കരുതപ്പെടുന്നത്.
മാറാരോഗങ്ങള്‍ പിടിപെട്ട രോഗികള്‍ മരണവുമായി മല്ലടിക്കുമ്പോള്‍ ഉറ്റവര്‍ പോലും അവരെ ഉപേക്ഷിച്ചുപോകുന്നത് അന്ന് നിത്യസംഭവമായിരുന്നു. വേദനാജനകമായ ഈ കാഴ്ചയാണ് സിസിലി സോ ണ്ടേഴ്‌സ് നിത്യം കണ്ടിരുന്നത്. ഇവര്‍ക്കുവേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തിന് ഉത്തരമായിരുന്നു ക്രിസ്റ്റഫേഴ്‌സ് ഹോസ്പീസ്. മരണത്തോടും മരണാസന്നരോടും സമൂഹത്തിനുള്ള മനോഭാവം പെട്ടെന്ന് തന്നെ തിരുത്തികുറിക്കുവാന്‍ ഈ സംരംഭത്തിന് കഴിഞ്ഞു. ഈ നിശബ്ദ വിപ്ലവം അധികം വൈകാതം ലോകത്തുടനീളം വ്യാപിച്ചു.
എങ്കിലും സാന്ത്വനചികിത്സയെക്കുറിച്ച് ഇന്ത്യന്‍ ജനതക്ക് കേട്ടുകേള്‍വിമാത്രമുളള കാലത്താണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്തരമൊന്നിന് ഡോ.എം.ആര്‍. രാജഗോപാല്‍ തുടക്കമിടുന്നത്. വീട്ടി ല്‍ച്ചെന്ന് രോഗികളെ കണ്ട് ചികിത്സിക്കുക എന്ന സമ്പ്രദായം സാന്ത്വനപരിചരണത്തിലൂടെ അദേഹം തിരിച്ചുകൊണ്ടുവരികയായിരുന്നു.
”ഞങ്ങളന്ന് ആറു പേര്‍ 1500 രൂപ മൂലധനമെടുത്താണ് 1993ല്‍ കോഴിക്കോട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് തുടക്കമിട്ടത്. കുറച്ച് ബ്രോഷര്‍ അടിക്കാനും ഫോമിനും മാത്രമേ ആ പണം തികഞ്ഞുള്ളൂ. അപ്പോഴാണ് ഞങ്ങളെ സഹായിച്ചിരുന്ന ജില്ലി ബേണ്‍ എന്ന ബ്രിട്ടീഷ് വനിത ഒരു ലക്ഷം രൂപ തന്നത്. അതില്‍ നിന്നായിരുന്നു ഈ പ്രസ്ഥാനത്തിന് തുടക്കമിടുന്നത്.
ആരംഭഘട്ടത്തില്‍ ഇതെക്കുറിച്ച് വിശദമായ ധാരണയൊന്നും ഉണ്ടായിരുന്നില്ല. രോഗത്തിന്റെ തീവ്രവേദനയില്‍ നിലവിളിക്കുന്ന രോഗികളെക്കുറിച്ചുള്ള ചിന്ത അന്നെല്ലാം മനസിനെ വല്ലാതെ കുത്തിനോവിച്ചു. ബിരുദാനന്തരബിരുദമായി അനസ്‌തേഷ്യ പഠിക്കുന്നതുവരെ വേദനകൊണ്ട് കരയുന്ന രോഗികളെ ഓര്‍ത്ത് ഏറെ വേദനിച്ചിട്ടുണ്ട്. അനസ്‌തേഷ്യ ചെയ്യുന്നത് വേദന കുറയാനാണെങ്കിലും ഇതിന്റെ പലതരം പ്രയോഗങ്ങള്‍കൊണ്ട് മറ്റ് പലതരം വേദനകളും ലഘൂകരിക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന് പിന്നീട് മനസിലായി.
വേദനിക്കുന്ന രോഗികളുടെ അടുത്തിരുന്നപ്പോഴാണ് രോഗത്തിന്റെ വേദന മാത്രമല്ല അവരെ അലട്ടുന്നതെന്ന്. തന്റെ അഭാവത്തില്‍ കുടുംബത്തിലുണ്ടാകുന്ന വിഷമതകളും അവരെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടാകും. ഉദാഹരണത്തിന് തന്റെ രോഗാവസ്ഥയോര്‍ത്ത് കുഞ്ഞുങ്ങള്‍ ജലപാനം പോലും കഴിക്കുന്നുണ്ടോ എന്ന ചിന്ത രോഗിയായ അപ്പനെയോ അമ്മയെയോ ഏറെ വിഷമിപ്പിക്കുമെന്ന് തീര്‍ച്ച. അതിനാല്‍ അവരുടെ മാനസികവും ശാരീരികവുമായ സൗഖ്യത്തിന് പ്രാധാന്യം നല്‍കുന്ന ചികിത്സയാണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അങ്ങനെ രോഗികള്‍ വരുന്നതനുസരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം നിര്‍ദ്ദേശിച്ചു. വേദനയുടെ പാരമ്യത്തില്‍ എന്നെയൊന്ന് കൊന്നുതരുമോ എന്ന് കെഞ്ചിയവര്‍ പിന്നീട് സുസ്‌മേ രവേദനവദനരായി നമ്മെ സ്വീകരിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ നിറയുന്ന സംതൃപ്തി വാക്കുകള്‍ക്കതീതമാണ്…”
ഡോ. രാജഗോപാല്‍ സാന്ത്വനചികിത്സക്കായി ആരംഭിച്ച പാലിയം ഇന്ത്യ അധികം വൈകാതെ അനേരുടെ അഭയകേന്ദ്രമായി മാറി. കേരളത്തിനകത്തും പുറത്തും ഇത്തരം ജീവകാരുണ്യസ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനേകര്‍ മുന്നോട്ട് വന്നു.
അര്‍ഹരായവര്‍ക്ക് ചികിത്സ നല്‍കുന്നതൊടൊപ്പം മരുന്നിനും ചികിത്സക്കുമിടയില്‍ സാമ്പത്തികമായി ക്ലേശിക്കുന്നവരെ പിന്തുണക്കാനും രോഗികളുടെ കുട്ടികളെ പഠനത്തിന് സഹായിക്കുവാനും പാലിയം ഇന്ത്യ തയാറായത് അനേകായിരങ്ങളുടെ ജീവിതത്തിന് തെളിച്ചമേകുന്നതായിരുന്നു.
തിരുവനന്തപുരം നഗരത്തിന്റെ 30 കിലോമീറ്റര്‍ ചുറ്റളവിലും ഗ്രാമീണമേഖലയില്‍ 55 കിലോമീറ്റര്‍വരെയും അഞ്ചുസംഘമായി പാലിയം ഇന്ത്യ സംഘം എത്തുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും വളന്റിയേഴ്‌സുമെല്ലാം അടങ്ങുന്ന സംഘം കിടപ്പുരോഗികളെത്തേടി വീട്ടിലെത്തുന്നു.

രോഗികളെ തേടി വീട്ടിലേക്ക്
ചികിത്സക്കിടയില്‍ രോഗി മരണമടഞ്ഞാല്‍ ആശുപത്രി തല്ലിപ്പൊളിക്കുന്ന സംസ്‌കാരമാണിന്ന്. എന്നാല്‍ ചികിത്സക്കിടയില്‍ മരിച്ച രോഗി യെ കാണാന്‍ ഡോക്ടറും സഹപ്രവര്‍ത്തകരും എത്തിയപ്പോള്‍ ഒരു നാട് ആദരവോടെ സ്വീകരിച്ച കഥകളാണ്് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാലിയേറ്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള ഡോ.ലുലു മാത്യൂസ് പറഞ്ഞതിലേറെയും.
നിലമ്പൂര്‍ സ്വദേശികളായിരുന്നു ആ വൃദ്ധ ദമ്പതികള്‍. ഭാര്യ കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവിന്റെ മനമിരുണ്ടു. എന്നിട്ടും മക്കളെ ഭാരപ്പെടുത്താതെ ഭാര്യക്ക് തണലായി ചികിത്സക്ക് എത്തിയത് ഭര്‍ത്താവായിരുന്നു. ഇതിനിടയില്‍ ഒരു ദിവസം രാത്രിയില്‍ ഭാര്യക്ക് രോഗം മൂര്‍ഛിച്ചു. പിറ്റേന്ന് നോര്‍മ്മലായി. പക്ഷേ പതിവില്ലാത്ത ഒരാവശ്യവുമായിട്ടാണ് ഭര്‍ത്താവ് ഡോക്ടറെ കാണാന്‍ വന്നത്. അയാള്‍ വളരെ വിനയത്തോടെ പറഞ്ഞു.
”മാഡം…എന്റെ ഭാര്യക്ക് മരണസമയത്ത് വീട്ടില്‍ക്കിടക്കണമെന്ന് ആ ഗ്രഹമുണ്ട്. ദയവായി ആശുപത്രിയില്‍നിന്നും വിടുതല്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു.”
രോഗാസ്ഥയില്‍ രോഗിയെ വീട്ടിലേക്ക് അയക്കുന്നത് ഉചിതമല്ലെന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും അദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ബാഗളൂരില്‍ ഉദ്യോഗസ്ഥനായ മകനെ വിളിച്ചുവരുത്തി ഞങ്ങള്‍ അവ രെ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയതിന്റെ പിറ്റേന്ന് രോഗിണിയായ സ്ത്രീ മരിച്ചു. ആഴ്ചകള്‍ക്കുശേഷം ഭര്‍ത്താവ് വിളിച്ചു. അദേഹത്തിന് പാലിയേറ്റീവില്‍ നിന്നും ലഭിച്ച നല്ല പരിചരണത്തെക്കുറിച്ച് പറയാന്‍ വാക്കുകളുണ്ടായിരുന്നില്ല.
ജീവിതത്തിന്റെ അവസാനകാലം സ്വന്തം വീടുകളില്‍ ചെലവഴിക്കുവാനാണ് മിക്ക രോഗികളും ഇഷ്ടപ്പെടുന്നത്. ഹോം കെയര്‍ ഒരു പരിധിവരെ ഈ പ്രശ്‌നത്തിന് പരിഹാരമാണ്.
ചികിത്സ തേടി ഹോസ്പിറ്റലുകളിലേക്ക് രോഗിയെ എത്തിക്കുന്നതിന് പകരം മരുന്നും മറ്റും ഉപകരണങ്ങളുമായി മെഡിക്കല്‍ ടീം വീടുകളില്‍ എത്തി അവരെ പരിചരിക്കുന്ന ഹോം കെയര്‍ (ഗൃഹ കേന്ദ്രീകൃത പരിചരണം) സംവിധാനമാണ് പാലിയേറ്റീവ് സംരംഭത്തിന്റെ ഏറ്റവും വലിയ സവിശേഷത. കാന്‍സര്‍, തളര്‍വാതം, നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായവര്‍, വൃക്ക രോഗികള്‍, മാനസിക രോഗികള്‍, വാര്‍ധക്യ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, ശ്വാസകോശ രോഗികള്‍, എയിഡ്‌സ് ബാധിതര്‍ തുടങ്ങിയ ദീര്‍ഘകാല മാറാ രോഗങ്ങള്‍ പിടികൂടിയവരാണ് പാലിയേറ്റീവിന്റെ ചികിത്സ തേടുന്ന ഭൂരിപക്ഷവും. ഇവരിലധിക പേര്‍ക്കും ഹോസ്പിറ്റലുകളിലേക്ക് പോകാനുള്ള ശാരീരികക്ഷമതയോ അവിടത്തെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തെ ഉള്‍ക്കൊള്ളാനുള്ള മാനസിക ശേഷിയോ ഉണ്ടാവില്ല. അവിടെയാണ് ഹോം കെയര്‍ സംവിധാനം സാന്ത്വന സ്പര്‍ശമായി അവരെ തേടിയെത്തുന്നത്.
ശ്രദ്ധിക്കപ്പെടാതെ പോകുന്ന രോഗികളെയും അവശതയനുഭവിക്കുന്നവരെയും സമൂഹത്തിലെ ഉത്തരവാദപ്പെട്ടവരെയും സേവനസന്നദ്ധരെയും കൂട്ടിയേല്‍പ്പിക്കുന്നതിനും ഹോംകെയര്‍ ഒരുപാധിയാണ്.
നല്ലൊരു വിഭാഗം രോഗികളും മരുന്നുകള്‍ നിര്‍ദേശിക്കപ്പെട്ട അളവിലും സമയത്തും കഴിക്കാറില്ല. സമയം നോക്കാന്‍ സൗകര്യമില്ല, ആളില്ല, അക്ഷരാഭ്യാസമില്ലായ്മ തുടങ്ങിയവയൊക്കെ ഇതിന് കാരണമാകാം. ഈ ഘട്ടങ്ങളിലൊക്കെ ഒട്ടും വേവലാതിയില്ലാതെ രോഗിക്കും കുടുംബത്തിനും സാവകാശം കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള മാര്‍ഗമാണ് ഹോംകെയര്‍.
രോഗിയും ശുശ്രൂഷകനും തമ്മിലുള്ള ബന്ധം ഊഷ്മളവും ഫലപ്രദവുമാകുന്നതിനുള്ള മാര്‍ഗംകൂടിയാണ് ഹോം കെയര്‍. രോഗികളോടുള്ള സമീപനത്തില്‍ ഗുണപരമായ മാറ്റം വരുത്താന്‍ ഈ അനുഭവങ്ങള്‍ ശുശ്രൂഷകനെ സഹായിക്കുന്നു.
രോഗിയുടെ മരണത്തോടെ അനാഥമായേക്കാവുന്ന കുടുംബങ്ങള്‍ അനവധിയാണ്. ശ്രദ്ധിക്കാന്‍ ആളുണ്ടെങ്കില്‍പോലും ഒരു നഷ്ടത്തെ നേരിടാനുള്ള ബന്ധുക്കളുടെ കഴിവ് വ്യത്യസ്തമാകാം. ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളുടെ പ്രധാനപ്പെട്ട ഒരു പരിമിതിതന്നെ രോഗിയുടെ മരണത്തോടെ ശുശ്രൂഷയും അവസാനിക്കുന്നു എന്നതാണ്. രോഗിയെപ്പോലെതന്നെ ശുശ്രൂഷയും പരിചരണവും കുടുംബത്തിന് ആവശ്യമാണെന്നുള്ള തിരിച്ചറിവ് പാലിയേറ്റീവ് കെയറിന്റെ വ്യത്യസ്തതകളിലൊന്നാണ്. മരണാനന്തര സാഹചര്യങ്ങളോട് കുടുംബത്തിന്റെ പാകപ്പെടലിന് സഹായിക്കാന്‍ ഹോംകെയര്‍ മാത്രമാണൊരു മാര്‍ഗം.
പ്രകാശബിന്ദുക്കള്‍
കൂടരഞ്ഞിയിലെ അഭയ പാലിയേറ്റവ് പ്രവര്‍ത്തരാണ് രണ്ട് പതിറ്റാണ്ടിലേറെ ചക്രക്കസേരയില്‍ കഴിയുന്ന കക്കാടംപൊയില്‍ ജിജോ മൈക്കിളിന്റെ ജീവിതത്തെ പ്രകാശനമാക്കിയത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് വീട്ടിലേക്കൊരു ചുമടുമായി വരുകയായിരുന്നു ജിജോ. എന്നാല്‍ തീര്‍ത്തും യാദൃശ്ചികമായി പറമ്പിലൊന്ന് കാല്‍ വഴുതി വീണു. നട്ടെല്ലിനുണ്ടായ ക്ഷതം ജിജോയുടെ ജീവിതത്തെ നിശ്ചലമാക്കി. മെഡിക്കല്‍ കോളജില്‍ ദീര്‍ഘകാലം കിടന്ന് ചികിത്സ തേടിയിട്ടും അരക്ക് താഴേക്ക് ചലനമില്ലാത്ത അവസ്ഥയിലാകുകയായിരുന്നു. ഏറെക്കാലത്തിനുശേഷം വീട്ടിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ നേതൃത്വത്തില്‍ അംഗപരിമിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള തൊഴില്‍ പരിശീലനത്തിന് അഭയ പാലിയേറ്റീവ് പ്രവര്‍ത്തകരാണ് എത്തിച്ചത്. ട്യൂബ് ലൈറ്റ് നിര്‍മ്മാണത്തിനുള്ള ഇലക്‌ട്രോണിക്‌സ് ചോക്ക് നിര്‍മ്മാണം വളരെ വേഗം ജിജോ പഠിച്ചു. വീട്ടിലെത്തിയ ശേഷം വീല്‍ച്ചെയറിലിരുന്ന് നിര്‍മ്മാണവും തുടങ്ങി. ഒരു മാസം 600 ട്യൂബുകള് നിര്‍മ്മിക്കാനുള്ള സാമഗ്രികള്‍ ജിജോ സെറ്റ് ചെയ്ത് വയ്ക്കുന്നു. മുള ഉപയോഗിച്ചുള്ള പേന, സോപ്പ് എന്നിവയുടെ നിര്‍മ്മാണവും ഇതിനോടകം ഈ യുവാവ് ആര്‍ജിച്ച് കഴിഞ്ഞു.
അതെ; മങ്ങിക്കത്തുമ്പോഴും ജീവിതം ഇരുള്‍ മൂടാതെ നോക്കുകയാണ് പാലിയേറ്റീവ് രംഗത്തുള്ള ഒരുപിടി ആളുകള്‍.
ആലപ്പുഴ ദേശീയപാതയോരത്തെ പാതിരപ്പള്ളിയിലുള്ള സ്‌നേഹജാലകം പാലിയേറ്റീവ് കെയര്‍ ജനകീയ ഭക്ഷണ ശാലയൊരുക്കി കാത്തിരിക്കുകയാണ്. ഇവിടെ എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണം ലഭിക്കും. ബില്ലും കാഷ് കൗണ്ടറുമൊന്നുമില്ല. മനസിന്റെ വലുപ്പമനുസരിച്ച് ഹോട്ടലില്‍ സൂക്ഷിച്ചിരിക്കുന്ന പണപ്പെട്ടിയില്‍ ഇഷ്ടമുള്ള തുക നിക്ഷേപിച്ചാല്‍ മതി. ഭക്ഷണ ശാലയിലേക്ക് ആവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യുന്നതും ഇവര്‍ തന്നെയാണ്.

മരുന്നുകളും രോഗികളും
സ്വച്ഛശാന്തമായ മരണം കാത്തു കിടക്കുന്ന രോഗികള്‍ക്ക് വേണ്ടത് കനിവും കാരുണ്യവുമുള്ള സമീപനമാണ്. അവരെ സന്ദര്‍ശിക്കാന്‍, അവരോട് സംസാരിക്കാന്‍, സ്‌നേഹപൂര്‍വം ഒന്നു തലോടാന്‍, അവരോടൊപ്പം അല്പസമയം ശാന്തമായിരിക്കാന്‍ ഒക്കെ കഴിയുമ്പോഴാണ്, പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനം പൂര്‍ണ്ണമാകുന്നതെന്ന് പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സകനായി അറിയപ്പെടുന്ന ഡോ. വി.പി.ഗംഗാധരന്‍ പറയുന്നു.
ജീവിതത്തെക്കുറിച്ചുള്ള ഉന്നതമായ ഒരു തിരിച്ചറിവ് കൈവന്നവര്‍ക്കു മാത്രം പറ്റുന്ന ഒന്നാണ്, സഹജീവികളുടെ വേദനയില്‍ ആശ്വാസമാവുക എന്നത്. പ്രശാന്തമായ മനസ്സും സമചിത്തതയും ഒക്കെ വേണം അതിന്. മത്സരബുദ്ധിയും അവനവന്‍ പ്രമാണിത്തവും തങ്ങള്‍ മാത്രമാണ് ശരി എന്ന വാശിയുമൊന്നും പാലിയേറ്റീവ് പരിചരണത്തോട് ചേര്‍ന്നു പോവുകയില്ല.
ചിലേടത്തെങ്കിലും പാലിയേറ്റീവ് പരിചരണം നടത്തുന്ന ആശുപത്രികള്‍ കൂടുതല്‍ രോഗികളെ തങ്ങളുടെ അടുത്തേക്ക് ആകര്‍ഷിക്കാന്‍ വലിയ തോതില്‍ മാര്‍ക്കറ്റിങ് നടത്തുന്നുണ്ട്.
മറ്റേ ആശുപത്രിയില്‍ നിന്നാണെങ്കില്‍ നഴ്‌സുമാരേ വരൂ. ഞങ്ങളുടെ അടുത്തു നിന്നാണെങ്കില്‍ ഡോക്ടര്‍മാറും വരും. എന്നൊക്കെ പറഞ്ഞ് മാര്‍ക്കറ്റിങ് നടത്തുന്ന പാലിയേറ്റീവ് പരിചരണ സ്ഥാപനങ്ങളുടെ സ്ഥിതി ഒന്നാലോചിച്ചു നോക്കൂ.
മറ്റേ ഗ്രൂപ്പുകാര്‍ വരുന്നുണ്ട് അല്ലേ… ഇനി അവരോട് വരേണ്ടെന്ന് പറയണം…എന്ന് രോഗിയുടെ വീട്ടുകാരോട് ഏര്‍പ്പാടാക്കുന്ന പാലിയേറ്റീവ് ഗ്രൂപ്പുകള്‍ ചെയ്യുന്നത് ജീവകാരുണ്യ പ്രവര്‍ത്തനമല്ല.ഡോക്ടര്‍ ഗംഗാധരന്‍ പറയുന്നു. വേദന അനുഭവിക്കുന്നവരെ അവരുടെ മാനസികനിലയില്‍ നിന്നുകൊണ്ട് സമീപിക്കാന്‍ കഴിയണം. ഒരു നിമിഷം, ഒരു പുഞ്ചിരി അവരില്‍ വിരിയിക്കാന്‍ കഴിയണം. അതിന് മനസ്സുള്ളവരേ പാലിയേറ്റീവ് പരിചരണത്തിന് ഒരുങ്ങാവൂ. അദേഹം ഓര്‍മ്മിപ്പിക്കുന്നു.
രോഗത്തിന്റെ വേദനയോ ശാരീരികബുദ്ധിമുട്ടുകളോ പരിഹരിക്കുന്നതുവരെമാത്രമേ ഡോക്ടര്‍ക്കോ നേഴ്‌സുമാര്‍ക്കോ പ്രസക്തിയുള്ളൂ. അവരുടെ പ്രശ്‌നങ്ങള്‍ മാനസികവും സാമൂഹികവും ആത്മീയവും ഒക്കെയാകുമ്പോള്‍ അതിന് പരിഹാരം വേണ്ടത് സമൂഹത്തില്‍നിന്നാണ്്. കൂട്ടത്തില്‍ ഒരാള്‍ കാലിടറിവീണാല്‍ ഒരു കൈ കൊടുക്കാന്‍ നടന്നുപോകാന്‍ ആരോഗ്യമുള്ളവര്‍ക്ക് ബാധ്യതയുണ്ട്്. അത് ചെയ്തുകൊടുക്കേണ്ടത് ഔദാര്യമല്ല, കടമയായിട്ടാണ് കാണേണ്ടത്.
രോഗാവസ്ഥ കണക്കിലെടുത്താണ് രോഗികള്‍ക്ക് ചികിത്സ നല്‍കേണ്ടത്. ഓരോ രോഗിയുടെയും വേദനയുടെ കാഠിന്യം അനുസരിച്ച് മോര്‍ഫിന്‍ ഉള്‍പ്പെടെയുള്ള വേദനസംഹാരികള്‍ കൃത്യമായ അളവില്‍ വിദഗ്ധ നിരീക്ഷണത്തിലാണ് നല്‍കുന്നത്. കാന്‍സര്‍ രോഗികളുടെ വേദന ശമിപ്പിക്കാന്‍ ഏറ്റവും ചെലവുകുറഞ്ഞതും ഫലപ്രദവുമായ വേദന സംഹാരിയാണ് മോര്‍ഫിന്‍. ക്യാന്‍സര്‍ രോഗികള്‍ക്ക് മോര്‍ഫിന്‍ ലഭ്യത ഉറപ്പാക്കുംവിധം നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആക്ട് 2014ല്‍ ഭേദഗതി വരുത്തിയെങ്കിലും മെഡിക്കല്‍കോളജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഭൂരിഭാഗം സര്‍ക്കാര്‍ ആശുപത്രികളിലും ഇനിയും അതു ലഭ്യമായിട്ടില്ല.
2008 ല്‍ സാന്ത്വന ചികിത്സ എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യനയങ്ങളുടെ ഭാഗമായി മാറിയതിനു പിന്നിലും രോഗം മൂലം കടുത്ത വേദന അനുഭവിക്കുന്നവര്‍ക്ക് വേദന കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ ഉറപ്പാക്കുന്ന തരത്തില്‍ എന്‍ഡിപിഎസ് ആക്ടില്‍ 2014 ല്‍ ഭേദഗതി വരുത്തിയതിന് പിന്നിലും രാജഗോപാലിന്റെ ഇടപെടലുണ്ടായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും അധികം വൈകാതെ പാലിയേറ്റീവിനെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
അതിദ്രുതം വളരുമ്പോഴും നിശ്ശബ്ദമായി ഒഴുകുന്ന നദിയാണ് പാലിയേറ്റീവ് എന്ന് പറയാം. നമ്മുടെ സമൂഹത്തെ സ്വാര്‍ത്ഥത വിഴുങ്ങുമ്പോഴും ആയിരക്കണക്കിനാളുകളാണ് യാതൊരുപ്രതിഫലവും വാങ്ങാ തെ സമ്പത്തുകൊണ്ടും സാമീപ്യം കൊണ്ടും ഈ പ്രസ്ഥാനത്തിന് താങ്ങും തണലുമായി മാറുന്നത്. രോഗവും ഏകാന്തതയും ശൂന്യതയും തളം കെട്ടുന്ന രോഗികളില്‍ പ്രത്യാശയുടെ നുറുങ്ങുവെട്ടമായി പാലിയേറ്റീവ് പ്രസ്ഥാനങ്ങള്‍ തെളിഞ്ഞുനില്‍ക്കട്ടെ!

You might also like

Leave A Reply

Your email address will not be published.