റിക്ഷാവലിക്കാരന്റെ സ്‌കൂളുകള്‍

51

ഒരിക്കല്‍ പോലും സ്‌കൂളില്‍ പോകാന്‍ കഴിയാത്ത വ്യക്തിയായിരുന്നു ആസാമിലെ റിക്ഷാവലിക്കാരനായ അഹമ്മദ് അലി. കരിംഗഞ്ച് ഗ്രാമവാസിയായ അദ്ദേഹത്തിന് സ്‌കൂളുമായി ആകെയുള്ള ബന്ധം കുട്ടികളെ റിക്ഷയില്‍ കൊണ്ടുപോയിരുന്നുവെന്നത് മാത്രമായിരുന്നു. തന്റെ ഗ്രാമത്തില്‍ സ്‌കൂളില്ലാതിരുന്നതുകൊണ്ട് ചെറുപ്പത്തില്‍ അദ്ദേഹത്തിന് പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാനവസരം കിട്ടാതെ അദ്ദേഹം റിക്ഷവലിക്കാരനായി. ഏതായാലും തന്റെ ഗ്രാമത്തിലെ കുഞ്ഞുങ്ങള്‍ക്ക്, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളില്ലാത്തതുകൊണ്ട് വിദ്യാഭ്യാസം മുടങ്ങരുതെന്ന് ആ വലിയ മനുഷ്യന്‍ ആഗ്രഹിച്ചു. ആ ആഗ്രഹം പൂര്‍ത്തീകരിച്ചത്, 9 സ്‌കൂളുകള്‍ തുറന്നുകൊണ്ടാണ്.

സ്‌കൂള്‍ തുടങ്ങി ഇനി നല്ല ഫീയും വാങ്ങി സുഖജീവിതം നയിക്കാമെന്നല്ല അദ്ദേഹം കരുതിയത്. പിറക്കാന്‍ പോകുന്ന കുഞ്ഞിനും തന്റെ ഗ്രാമത്തിലെ മറ്റ് കുഞ്ഞുങ്ങള്‍ക്കും വിദ്യാഭ്യാസം ഒരു വിദൂരസ്വപ്‌നമായി അവശേഷിക്കുമെന്ന് മനസ്സിലാക്കിയ ഈ റിക്ഷാവലിക്കാരന്‍ 1978 ലായിരുന്നു മധുര്‍ബാന്‍ഡ് വില്ലേജില്‍ ആദ്യത്തെ സ്‌കൂള്‍ തുറന്നത്. അതിന് പണം കണ്ടെത്താന്‍ സ്വന്തമായുണ്ടായിരുന്ന ഒരു തുണ്ടുഭൂമിയുടെ ഒരു ഭാഗം വിറ്റുകൊണ്ടായിരുന്നു. പിന്നെ അവശേഷിച്ച സ്ഥലത്ത് സ്‌കൂളും പണിതു. ദിവസവും റിക്ഷ വലിച്ച് കിട്ടുന്ന പണവും രാത്രിയില്‍ വിറകുകീറി കിട്ടുന്ന കൂലിയും പിന്നെ സുമനസുകളുടെ സഹായവും സ്‌കൂളുകള്‍ പൂട്ടാതെ കാക്കുന്നു.

മൂന്ന് ലോവര്‍ പ്രൈമറി സ്‌കൂളുകളും, 5 മിഡില്‍ സ്‌കൂളുകളും, ഒരു ഹൈസ്‌കൂളുമാണ് അദ്ദേഹം സ്ഥാപിച്ചത്. അവയെല്ലാം തന്നെ മധുരാബാന്‍ഡിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികള്‍ക്ക് വലിയ ആശ്വാസമാണ്. ഈ സ്‌കൂളുകള്‍ പെണ്‍കുട്ടികള്‍ക്കാണ് ഏറ്റവും ആശ്വാസകരമായത്. കാരണം ആണ്‍കുട്ടികള്‍ ദൂരെയായാലും പോയി പഠിച്ചുകൊള്ളുമല്ലോ.

1990 ല്‍ ആരംഭിച്ച ഹൈസ്‌കൂളില്‍ ഇപ്പോള്‍ 228 വിദ്യാര്‍ത്ഥികളുണ്ട്. പത്തുവരെ കുട്ടികളെ പഠിപ്പിക്കാനെ അദ്ദേഹത്തിന് കഴിയൂ എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദുഖം. അതിന് ശേഷമുള്ള വിദ്യാഭ്യാസത്തിന് ഗവണ്‍മെന്റിന്റെ സഹായവും അംഗീകാരവും വേണമെന്ന് അദ്ദേഹം പറയുന്നു. മാന്‍ കീ ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി അഹമ്മദ് അലിയുടെ സേവനങ്ങളെ പരമാര്‍ശിച്ചിരുന്നു. ഏതായാലും തന്റെ നാട്ടില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു കോളജും നിലവിലുള്ള സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ സഹായവും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുവാനുള്ള ഒരുക്കത്തിലാണ് അലി.

You might also like

Leave A Reply

Your email address will not be published.