താജ്മഹലിന്റെ യഥാര്‍ത്ഥ സൗന്ദര്യം

ഡോ. എം.ജി. എസ് നാരായണൻ

64

ഷാജഹാനെപ്പോലെ ഒരു മുഗള്‍ ചക്രവര്‍ത്തിക്ക് പരിചരണം നടത്താന്‍ എത്രയോ സുന്ദരിമാര്‍ അന്തപുരത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരില്‍നിന്ന് പല മക്കളുടെ അമ്മയായ മുംതാസ് എന്നവളെ വേര്‍തിരിച്ചറിഞ്ഞതിന്റെ ഫലമായിട്ടാണ് താജ്മഹല്‍ എന്ന ശാശ്വത പ്രണയസ്മാരകം വെണ്ണക്കല്ലില്‍ ഉയര്‍ന്നുവന്നത്.മുഗള്‍ ചക്രവര്‍ത്തിമാരില്‍ പലരേയും പോലെ അധികാരവടംവലിക്കിടയില്‍ സഹോദരവധം നടത്താനും കണ്ണ് ചൂഴ്‌ന്നെടുക്കാനും തയാറായ ഒരാളായിരുന്നു ഷാജഹാന്‍. എന്നിട്ടും അദ്ദേഹത്തിന്റെ മനസ്സിന് ഒരാളെ വേര്‍തിരിച്ചറിഞ്ഞ് അവളുടെമേല്‍ സ്‌നേഹം ചൊരിയാനും ആ സ്‌നേഹത്തിന്റെ ഓര്‍മ്മയ്ക്കായി അനേകവര്‍ഷങ്ങള്‍ നീക്കിവച്ച് ഇത്രയം പണം ചെലവാക്കി ഒരു കുറ്റമറ്റ ശവകുടീരം പണിയിക്കാനും കഴിഞ്ഞത് മനുഷ്യമനസ്സിന്റെ അനന്തമായ വൈചിത്ര്യത്തിനുദാഹരണമാണ്.
കാലത്തിന്റെ കവിളിലെ കണ്ണുനീര്‍ത്തുള്ളിയെന്ന് കവികള്‍ വാഴ്ത്തുന്ന ഈ മന്ദിരം എന്നുമെന്നപോലെ ഇന്നും ഇന്ത്യയ്ക്കഭിമാനമാണ്. ഓരോ ദിവസവും നൂറുകണക്കിന് സൗന്ദര്യആരാധകര്‍ ഈ അതുല്യ കലാസൃഷ്ടിയുടെ ഭംഗി നുകര്‍ന്ന് ആനന്ദമനുഭവിക്കുന്നു. ലോകത്തില്‍ മറ്റെങ്ങും ലഭിക്കാത്ത ഒരു അനുഭൂതിയാണത്. അതിന്റെ മുമ്പിലുള്ള നടപ്പാതയിലൂടെ നടന്ന,് ആ തോട്ടത്തിലുള്ള മനുഷ്യനിര്‍മ്മിതമായ കൊച്ചുവെള്ളച്ചാട്ടങ്ങളുടെ പുഞ്ചിരികള്‍ നുകര്‍ന്ന് സമയംകഴിക്കാനും അവിടെവച്ച് ജീവിതസഖിയുടെകൂടെ ഒരു പടംപിടിക്കാനും ആശിച്ചു പോകാത്തവര്‍ ഉണ്ടാവില്ല. ഈ ഭാഗ്യം ഒരിക്കല്‍ എനിക്കുമുണ്ടായി.
ജനിച്ചാല്‍ മരിക്കണം എന്ന് തീര്‍ച്ചയാണ്. എന്നാല്‍ സ്‌നേഹത്തിലൂടെ, ത്യാഗത്തിലൂടെ മനുഷ്യന്‍ മരണത്തെ അതിജീവിക്കുന്ന സംഭവത്തെയാണ് താജ്മഹല്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇത് വിദേശിയായ ഒരു ഭരണാധികാരി പാവങ്ങളെ കൊള്ളയടിച്ച് പടുത്തുയര്‍ത്തിയ ഒരു കെട്ടിടമാണെന്ന് പരിഹസിക്കുന്നവര്‍ ഹൈന്ദവപാരമ്പര്യത്തെയാണ് അവഹേളിക്കുന്നത്. അത്തരം സങ്കുചിത വാദങ്ങള്‍ തള്ളിക്കളഞ്ഞ് ചരിത്രത്തിന്റെ നന്മയെ, സ്‌നേഹത്തിന്റെ മേന്മയെ വാഴ്ത്തുന്ന ഒരു കവിതയായി ആ മന്ദിരത്തെ ആദരിക്കുവാന്‍ ഓരോ ഭാരതീയനും കടപ്പെട്ടിരിക്കുന്നു. ലോകാത്ഭുതങ്ങളുടെ കൂട്ടത്തില്‍ താജ്മഹലിന് പകരംവയ്ക്കാന്‍ മറ്റൊന്നില്ല. മനുഷ്യന്റെ
സ്‌നേഹശക്തിക്ക് മഹാമാതൃകയായി ഈ
മന്ദിരം നിലകൊള്ളുന്നു.

You might also like

Leave A Reply

Your email address will not be published.