ഏഴുകടലുകള്‍ താണ്ടിയ ഇന്ത്യന്‍ മത്സ്യകന്യക

61

നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് നീന്തിക്കയറി, ഇന്ത്യന്‍ കായിക
ലോകത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ആ മത്സ്യകന്യകയുടെ പേരാണ് ബുല ചൗധരി

ഏഴുകടലുകള്‍ താണ്ടിയ ഇന്ത്യന്‍ മത്സ്യ കന്യക തലക്കെട്ട് കേള്‍ക്കുമ്പോള്‍ തന്നെ അതിശയോക്തി തോന്നാം. കടലില്‍ നീന്തുക എന്നത് തന്നെ പ്രയാസം, അപ്പോഴാണ് കടല്‍ തന്നെ നീന്തിക്കടക്കുന്നത്. ഇവിടെ കഥാപാത്രത്തെ മത്സ്യകന്യകയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ അതൊരു പെണ്‍കുട്ടിയായിരിക്കും. അതായത് പറഞ്ഞു വരുമ്പോള്‍ ഏഴുകടലുകള്‍ നീന്തിയ ഇന്ത്യന്‍ പെണ്‍കുട്ടിയായിരിക്കണം, ഈ കഥയിലെ നായിക. അതിശയോക്തി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. കാരണം ഇതൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം അസംഭവ്യമായ കാര്യങ്ങളാണല്ലോ.!! എന്നാല്‍ തലക്കെട്ട് സത്യമാണ്. ഏഴുകടലുകള്‍ കീഴടക്കിയ ഇന്ത്യന്‍ പെണ്‍ കരുത്തിനെക്കുറിച്ച് തന്നെയാണ് പറയാന്‍ പോകുന്നത്. നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് നീന്തിക്കയറി, ഇന്ത്യന്‍ കായിക ലോകത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ആ മത്സ്യകന്യകയുടെ പേരാണ് ബുല ചൗധരി. നീന്തലില്‍ ഇത്രയധികം നേട്ടങ്ങള്‍ സ്വന്തമാക്കിയ ഒരു പെണ്‍ താരകം ഇവിടെയുണ്ടെന്ന് അറിയാവുന്നവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ ഇന്ത്യന്‍ കായികരംഗത്തെ സ്‌നേഹിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കണം ഈ ബുല ചൗധരിയെക്കുറിച്ച്.

കുട്ടിക്കാലം
1970 ജനുവരി രണ്ടാം തീയതി പശ്ചിമബംഗാളിലെ കൊല്‍ക്കത്തയിലുള്ള ഹൂഗ്ലിയിലായിരുന്നു ബുലചൗധരിയുടെ ജനനം. വളരെ കുട്ടിക്കാലത്ത് അച്ഛനൊപ്പം ഹൂഗ്ലി നദിയില്‍ കുളിക്കാന്‍ പോയിക്കൊണ്ടിരുന്നതാണ് ബുലയുടെ ജീവിതത്തില്‍ നിര്‍ണായകമായത്. മറ്റ് കുട്ടികള്‍ നീന്തല്‍ പഠിക്കാന്‍ വിഷമിച്ചപ്പോള്‍ കുഞ്ഞു ബുല, വളരെ വേഗം അത് സ്വായത്തമാക്കി വെള്ളത്തില്‍ ഒഴുകി നടന്നു. തന്റെ മകളുടെയുള്ളില്‍ ഒരു നീന്തല്‍ താരമുണ്ടെന്ന് അവളുടെ പിതാവ് വളരെ വേഗം തിരിച്ചറിഞ്ഞു. ഹൂഗ്ലി നദിയില്‍ തന്റെ പിതാവില്‍ നിന്ന് നീന്തലിന്റെ ആദ്യ പാഠം പഠിച്ച ബുല ചൗധരി, തന്റെ നാലാം വയസില്‍ നീന്തല്‍ പരിശീലന സ്‌കൂളില്‍ ചേര്‍ന്നു. അതിവേഗമായിരുന്നു അവിടുന്ന് ബുലയുടെ വളര്‍ച്ച. പ്രായത്തെ വെല്ലുന്ന നീന്തല്‍മികവ് പ്രകടിപ്പിച്ചിരുന്ന ബുല, പ്രായഭേദമന്യേ തന്റെ എതിരാളികളെയെല്ലാം പിന്നിലാക്കി നീന്തിത്തുടിച്ചു. എളുപ്പമുള്ളതായിരുന്നില്ല ഈ സമയത്ത് ബുലയുടെ യാത്ര. പ്രൊഫഷണല്‍ നീന്തല്‍ മത്സരങ്ങളെപ്പറ്റി കാര്യമായ ധാരണയും, അറിവുമില്ലാതിരുന്ന അവളുടെ കുടുംബം ബുലയെ നീന്തല്‍ മത്സരങ്ങള്‍ക്കയക്കാന്‍ നന്നേ ബുദ്ധിമുട്ടി. പണം തന്നെയായിരുന്നു ഏറ്റവും വലിയ വില്ലന്‍. നീന്തല്‍ വസ്ത്രങ്ങളുടെ വില ആ പാവപ്പെട്ട കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. സ്വന്തം അമ്മ തയ്ച്ചുകൊടുത്ത നീന്തല്‍ വസ്ത്രമണിഞ്ഞായിരുന്നു ബുല ആദ്യ കാലങ്ങളില്‍ മത്സരങ്ങള്‍ക്കിറങ്ങിയത്.

ഒന്‍പതാം വയസില്‍ തന്റെ ആദ്യ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ബുല, തന്റെ പ്രായ ഗ്രൂപ്പില്‍ പങ്കെടുത്ത ആറ് മത്സരങ്ങളിലും ഒന്നാം സ്ഥാനക്കാരിയായാണ് നീന്തിക്കയറിയത്. ഇത് കുഞ്ഞു ബുലയെ ദേശീയ തലത്തില്‍ത്തന്നെ പ്രശസ്തയാക്കി. ഇന്ത്യന്‍ കായിക ലോകത്തിന്റെ ഭാവി വാഗ്ദാനമെന്ന നിലയില്‍ പത്ര മാധ്യമങ്ങള്‍ ബുലയെ ആഘോഷിച്ചു.

സീനിയര്‍ കരിയര്‍
1991 ലെ സാഫ് ഗെയിംസില്‍ 6 സ്വര്‍ണ മെഡലുകള്‍ നേടിയ ബുല അപ്പോഴേക്കും രാജ്യത്തെ ശ്രദ്ധേയ താരമായി മാറിയിരുന്നു. നേട്ടങ്ങള്‍ ദേശീയ തലത്തില്‍ നിന്ന് രാജ്യാന്തര തലത്തിലേക്ക് വളര്‍ന്നതിനിടയില്‍ ബുലയുടെ ജീവിത സാഹചര്യങ്ങളിലും മാറ്റം വന്ന് തുടങ്ങി. ഫ്രോക്ക് ധരിച്ച് ദേശീയ ക്യാമ്പില്‍ പങ്കെടുക്കേണ്ടി വന്നതിന് മറ്റുള്ളവരുടെ കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വന്ന സ്ഥാനത്ത് നിന്ന് ഏറ്റവും മികച്ച സ്വിമ്മിങ് സ്യൂട്ടുകള്‍ അണിഞ്ഞ് നീന്തുന്ന അവസ്ഥയിലേക്കെത്താന്‍ ബുലയ്ക്ക് കഴിഞ്ഞു. എന്നാല്‍ സാമ്പത്തികമായി മെച്ചപ്പെടുന്നതിനിടയിലും കടുത്ത ശാരീരിക പ്രശ്‌നങ്ങള്‍ ബുലയുടെ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരുന്നു. ചെവിയില്‍ ഒരു ചെറിയ ദ്വാരമുണ്ടായിരുന്ന ബുലയ്ക്ക്, വെള്ളംകയറി അണുബാധയുണ്ടാവുക പതിവായി. മറ്റൊരു തവണ ഹൃദയമിടിപ്പിലെ വ്യത്യാസം മൂലം ബുലയുടെ ശരീരത്തില്‍ പേസ്‌മേക്കര്‍ വെക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശിക്കേണ്ടി വന്നു. എന്നാല്‍ ഇത്തരം പ്രതിസന്ധികളിലൊന്നും ബുല ചൗധരിയെന്ന പെണ്‍ കരുത്ത് തളര്‍ന്നില്ല. തീയില്‍ കുരുത്താല്‍ വെയിലത്ത് വാടില്ല എന്ന ചൊല്ല് ബുലയുടെ കാര്യത്തില്‍ അക്ഷരം പ്രതി ശരിയായിരുന്നു. ക്ഷമയും കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും മാത്രം കൈമുതലായുണ്ടായിരുന്ന ബുല, ഇതിലൂടെ തന്റെ കഷ്ടപ്പാടുകളേയും വെല്ലുവിളികളേയും ഒരു പരിധി വരെ, അല്ല മുഴുവനായും മറികടന്നു.

പതിനൊന്ന് വയസുള്ളപ്പോഴാണ് ബുല ആദ്യമായി ഇന്ത്യന്‍ ക്യാമ്പിലെത്തുന്നത്. പതിമൂന്ന് വയസുള്ളപ്പോള്‍ ഡല്‍ഹി ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ബുലയും ഇടം പിടിച്ചു. ഇത്ര ചെറുപ്രായത്തിലെ ബുലയെ ദേശീയ ടീമിലെടുത്തത് പലരുടേയും നെറ്റി ചുളിപ്പിച്ചു. അന്ന് തന്റെ കഴിവില്‍ സംശയം ഉന്നയിച്ചവര്‍ക്ക് പിന്നീട് താന്‍ നേടിയ മെഡലുകളിലൂടെയും റെക്കോര്‍ഡുകളിലൂടെയുമാണ് ബുല മറുപടി നല്‍കിയത്. ഒരിക്കല്‍ ബുലയെ ടീമിലെടുക്കുന്നതിന് അതൃപ്തി പ്രകടിപ്പിച്ചവര്‍ തന്നെയാണ് പിന്നീട് അവളുടെ നേട്ടങ്ങളില്‍ ആദ്യം കൈയ്യടിച്ചതും. 1986 ല്‍ സിയോളില്‍ നടന്ന തന്റെ രണ്ടാം ഏഷ്യന്‍ ഗെയിംസില്‍ 100, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്വിമ്മിംഗില്‍ ഇരട്ട റെക്കോര്‍ഡ് നേടിയും ഈ കൊല്‍ക്കത്തന്‍ മത്സ്യകന്യക താരമായി.

കുളത്തില്‍ നിന്ന് കടലിലേക്ക്
വര്‍ഷങ്ങളോളം നീണ്ട നീന്തല്‍ക്കുളത്തിലെ പോരാട്ടങ്ങള്‍ക്ക് ശേഷം തന്റെ തട്ടകം മാറാന്‍ തീരുമാനിച്ചതാണ് ബുലയെ ലോക പ്രശസ്തയാക്കി മാറ്റിയത്. ഏറെ ആയാസകരമായ ദീര്‍ഘദൂര നീന്തലിലേക്ക് തിരിഞ്ഞ ബുല, അസാധ്യം എന്ന വാക്കിനെ തന്റെ നിഘണ്ടുവില്‍ നിന്ന് വെട്ടിമാറ്റുകയായിരുന്നു. 1989 ല്‍ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന ബുല, 1999 ല്‍ വീണ്ടും ഇതേ നേട്ടം ആവര്‍ത്തിച്ച് രണ്ട് തവണ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുന്ന ആദ്യ ഏഷ്യന്‍ വനിതയായി മാറി. 2000 ല്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്ക്, 2001ല്‍ ടൈറാണിയന്‍ കടല്‍, 2002 ല്‍ കാറ്റാലിന ചാനല്‍, ഗ്രേറ്റ് ടോറോന്യൂസ് കടലിടുക്ക്, 2003 ല്‍ കുക്ക്‌സ് സ്‌ട്രൈസ് കടല്‍ എന്നിവയും ബുലാ ചൗധരി നീന്തിക്കടന്നു. ഇതോടെ അഞ്ച് വന്‍ കരകളും താണ്ടുന്ന ലോകത്തെ ആദ്യ വനിത എന്ന നേട്ടം ഈ ഇന്ത്യക്കാരിക്ക് സ്വന്തമായി. വെറും 3 മണിക്കൂറും 35 മിനുറ്റുമെടുത്താണ് ബുല, ജിബ്രാള്‍ട്ടര്‍ കടലിടുക്ക് താണ്ടിയത്. ഇതോടെ ഏറ്റവും വേഗത്തില്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്ക് താണ്ടുന്ന താരമായും ബുല ചൗധരി മാറി. തന്റെ നേട്ടങ്ങള്‍ ഇവിടം കൊണ്ടൊന്നും നിര്‍ത്താന്‍ ബുല ഒരുക്കമായിരുന്നില്ല. 2004 ല്‍ ബുല മറ്റൊരു ചരിത്ര നേട്ടം കൂടി തന്റെ കരിയറിനൊപ്പം കൂട്ടിച്ചേര്‍ത്തു. ആ വര്‍ഷം പാക് കടലിടുക്ക് നീന്തിക്കടന്നതോടെ ഏഴ് കടലും താണ്ടുന്ന ലോകത്തെ ആദ്യ വനിത എന്ന നേട്ടമാണ് ബുലയെത്തേടിയെത്തിയത്.
രാജ്യത്തിന്റെ പേരും പ്രശസ്തിയും പലതവണ വാനോളമുയര്‍ത്തിയ ബുലയ്ക്ക് അര്‍ഹിച്ച അംഗീകാരങ്ങള്‍ തന്നെ കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കി. 1990 ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ച ബുല ചൗധരി പിന്നീട് പദ്മശ്രീ പുരസ്‌കാരത്തിനും ടെന്‍സിംഗ് നോര്‍ഗെ പുരസ്‌കാരത്തിനും അര്‍ഹയായി. കഴിഞ്ഞ വര്‍ഷം നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതിയുടെ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളുമായിരുന്നു ബുല.

നീന്തല്‍താരമായിരുന്ന സഞ്ജീവ് ചക്രവര്‍ത്തിയെയാണ് ബുല വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം സഞ്ജീവ് നല്‍കിയ പിന്തുണയും ബുലയുടെ കരിയറില്‍ നിര്‍ണായകമായി. താന്‍ ജനിച്ചുവളര്‍ന്ന കൊല്‍ക്കത്തയില്‍ത്തന്നെ സ്ഥിരതാമസമാക്കിയ ബുല, തന്റെ സ്വന്തം നാട്ടില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു നീന്തല്‍ അക്കാദമി സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍. എല്ലാക്കാര്യത്തിലും ഉറച്ച പിന്തുണയുമായി ഭര്‍ത്താവ് സഞ്ജീവ് ചൗധരിയും ബുലയുടെ കൂടെയുണ്ട്. ഒരു പെണ്ണായത് കൊണ്ട് മാത്രം ഒരു സ്ഥലത്തും പിന്നിലാകില്ലെന്നും കഠിനാധ്വാനവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ഈ ലോകത്ത് കീഴടക്കാന്‍ പറ്റാത്ത ഒന്നും തന്നെയില്ലെന്നും തെളിയിക്കുന്നതാണ് ബുല ചൗധരിയുടെ ജീവിതം. ഭാവിയിലും ഇത് പോലുള്ള ഒത്തിരി ബുല ചൗധരിമാര്‍ ഇവിടെ നിന്നുയര്‍ന്ന് വരട്ടെ, കാരണം അത് കാലത്തിന്റെ ആവശ്യമാണ്.

You might also like

Leave A Reply

Your email address will not be published.