ഇമ്രാന്‍ ഖാന്‍ തോല്‍ക്കില്ല…

62

” ഇമ്രാന്‍ഖാന്‍ “ ഈ പേര് കേട്ടിട്ടില്ലാത്തവരുണ്ടാവുകയില്ല. ക്രിക്കറ്റിലും കഴിഞ്ഞ കുറെ നാളുകളായി രാഷ്ട്രീയത്തിലും തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണദ്ദേഹം. ഇപ്പോള്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാണ്.
മികച്ച നേതൃത്വത്തിന്റെയും കടുത്ത പോരാട്ട വീര്യത്തിന്റെയും സുവര്‍ണ മാതൃക നല്‍കിയ ഒരു സംഭവമുണ്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍. 1992 വര്‍ഷം. ലോകക്രിക്കറ്റ് കപ്പ് മത്സരം നടക്കുകയാണ് ഓസ്‌ട്രേലിയായിലെ വാക്ക സ്റ്റേഡിയത്തില്‍. നാട്ടുകാരായ ഓസ്‌ട്രേലിയായോടാണ് പാക്കിസ്ഥാന്‍ ഏറ്റുമുട്ടുന്നത്. പാക്കിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനാണ് ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാന്റെ നില വളരെ പരുങ്ങലിലാണ്. കാരണം നാട്ടുകാരുടെ പിന്തുണയും കഴിഞ്ഞ മാച്ചുകളിലെ തിളക്കമാര്‍ന്ന വിജയവും കൈമുതലായുള്ള ടീമാണ് ഓസ്‌ട്രേലിയ. പാക്കിസ്ഥാനാകട്ടെ കഴിഞ്ഞ പല കളികളും തോറ്റ് ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു ടീമും. അവര്‍ പുറത്തേക്കുള്ള വഴിയിലാണെന്ന് നിരീക്ഷകര്‍ വിലയിരുത്തിക്കഴിഞ്ഞു.
എല്ലാവരും പരാജയത്തെക്കുറിച്ച് പറയുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ ഖാന്‍ വ്യത്യസ്തമായാണ് ചിന്തിച്ചത്. അദ്ദേഹം തന്നോടുതന്നെ പറഞ്ഞു: ഇത് ജയിക്കുവാനുള്ള അപൂര്‍വ അവസരമാണ്. ആത്മവീര്യം നഷ്ടപ്പെട്ട് തലതാഴ്ത്തി നില്‍ക്കുന്ന സഹകളിക്കാരെ അടുത്തു വിളിച്ച് തന്റെ മനസിലെ പ്രകാശം അവര്‍ക്ക് പകര്‍ന്നു. അദ്ദേഹം പറഞ്ഞു: തോറ്റ് മടങ്ങുവാന്‍ ഞാന്‍ ഒരുക്കമല്ല. നമ്മള്‍ കടുവകളാണ്. കെണിയിലകപ്പെട്ട കടുവകളെപ്പോലെ പോരാടുക. ഈ കെണിയില്‍നിന്ന് നമുക്ക് പുറത്ത് വന്നേ മതിയാവൂ. അടുത്ത എട്ടുമണിക്കൂര്‍ എല്ലാം മറന്ന് പോരാടുക. ഇപ്രാവശ്യം നാം ജയിച്ചാല്‍ പിന്നെ നമ്മെ തോല്‍പിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല.
ഇമ്രാന്റെ വാക്കുകളിലൂടെ ആത്മവിശ്വാസം വീണ്ടെടുത്ത കളിക്കാര്‍ കടുവകളെപ്പോലെ ആക്രമിച്ച് കളിക്കുന്നതാണ് പിന്നീട് കളിക്കളം കണ്ടത്. ഫലമോ അവിശ്വസനീയമായിരുന്നു. അവര്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയായെ കടിച്ചുകീറി. 48 റണ്‍സിനെ ആതിഥേയരെ അവരുടെ മടിയില്‍ വച്ചുതന്നെ പരാജയപ്പെടുത്തി. ലോകകപ്പുമായി ഖാന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ ടീം നാട്ടില്‍ വിമാനമിറങ്ങി.
പരാജയത്തിന്റെ കാഹളധ്വനികള്‍ പരക്കേ മുഴങ്ങിക്കേള്‍ക്കുന്ന ഇക്കാലത്ത് നല്ല ലീഡര്‍മാരെ ലോകം ഉറ്റുനോക്കുകയാണ്. ആത്മവിശുദ്ധിയുള്ളവരും ആത്മവിശ്വാസം കൈവിടാത്തവരും ആയിരിക്കണമവര്‍. ഏത് കൂരിരുട്ടിനുമപ്പുറം പ്രകാശത്തിന്റെ ഒരു ലോകം സ്വപ്‌നം കാണുവാന്‍ സാധിക്കുന്നവര്‍. വിധിയെ പഴിക്കാതെ കര്‍മശേഷിയെ ആയുധമാക്കി പോരാടുന്ന അവര്‍ക്ക് സ്ഥാപനങ്ങളില്‍, സമൂഹങ്ങളില്‍, രാജ്യങ്ങളില്‍ ഒക്കെ വിജയത്തിന്റെ പൊന്‍പതാക പാറിക്കുവാന്‍ സാധിക്കും.
പരാജയങ്ങളും പ്രതിസന്ധികളും വ്യക്തിജീവിതങ്ങളിലും സമൂഹതലങ്ങളിലും സ്വാഭാവികമാണ്. പരാജയത്തിന്റെ മുമ്പില്‍ മുട്ടുമടക്കാതിരിക്കുക. വിജയത്തിന്റെ പിന്നാലെ ഒരു വേട്ടപ്പട്ടിയെപ്പോലെ വീണ്ടും എഴുന്നേറ്റ് ഓടിക്കൊണ്ടിരിക്കുക. വിജയം കീഴടങ്ങുകതന്നെ ചെയ്യും.

You might also like

Leave A Reply

Your email address will not be published.