മിഷന്‍ ഗംഗന്‍യാന്‍  മലയാളി സ്പര്‍ശം

68
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയുടെ അഭിമാനപദ്ധതിയാണ് മിഷന്‍ ഗംഗന്‍യാന്‍. 2021 ഡിസംബറോടുകൂടി ഇന്ത്യ ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കുന്ന ദൗത്യം വിജയകരമായ പൂര്‍ത്തിയാക്കുമെന്ന് കരുതപ്പെടുന്നു. ഗംഗന്‍യാന്‍ ദൗത്യം വിജയിക്കുന്നതോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയുമുയരും.
ബഹിരാകാശ യാത്രികര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനുള്ള ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിന്റെ മേധാവിയായി  മലയാളിയായ ഡോ. എസ്   ഉണ്ണികൃഷ്ണന്‍ നായര്‍ നിയമിതനായതോടെ ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിന് വേഗം കൂടുന്നു.  തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ അഡ്വാന്‍സ്ഡ് സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രോഗ്രാമിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം. നേരത്തെ അദ്ദേഹം ക്രൂ എസ്‌കേപ് സിസ്റ്റം വിജയകരമായ വികസിപ്പിച്ചെടുത്ത ടീമിനെ നയിച്ചിരുന്നു. അടിയന്തിരഘട്ടങ്ങളില്‍ ബഹിരാകാശസഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനുള്ള സിസ്റ്റമായിരുന്നു ഇത്. ഈ സാങ്കേതികനേട്ടം കൈവരിച്ചിട്ടുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2014 ല്‍ ക്രൂ മൊഡ്യൂള്‍ അറ്റ്‌മോസ്‌ഫോറിക് റീ എന്‍ട്രി എക്‌സ്പിരിമെന്റ്, പാഡ് അബോര്‍ട്ട് ടെസ്റ്റ് തുടങ്ങിയ പല ഗവേഷണങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.
ഡോ. എസ്   ഉണ്ണികൃഷ്ണന്‍ നായര്‍ കോതനല്ലൂരിലെ സ്‌കൂള്‍ പഠനത്തിനുശേഷം കുറവിലങ്ങാട് ദേവമാതാ കോളജില്‍ നിന്നും കോതമംഗലം മാര്‍ അത്തനാസിയുസ് കോളജില്‍ നിന്നുമാണ് ഉന്നതപഠനം പൂര്‍ത്തിയാക്കിയത്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ നിന്നും എംടെക്കും, ചെന്നൈ ഐ.ഐ.ടി യില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കിയതിനുശേഷമാണ് വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ ജോലി ആരംഭിച്ചത്.
ഇന്ത്യുടെ അഭിമാനപദ്ധതിയായ ഗംഗന്‍യാന്‍ 10,000 കോടിയുടെ പദ്ധതിയാണ്. മനുഷ്യന് 7 ദിവസം ബഹിരാകാശത്ത് തുടരാന്‍ കഴിയുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള മൊഡ്യൂള്‍ പരീക്ഷണം വിജയിച്ചതോടൊയണ് ഗംഗന്‍യാന്‍ പദ്ധതിക്ക് വേഗം കൂടിയത്.  ഐ.എസ്.ആര്‍.ഒ യാണ് ദൗത്യം നടപ്പാക്കുന്നത്. മൂന്ന് യാത്രികരെ ബഹിരാകാശത്ത് എത്തിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. ശ്രീഹരിക്കോട്ടയില്‍ നിന്ന് പേടകം വിക്ഷേപിച്ച് 16 മിനിറ്റിനകം യാത്രികരെ ഭൂമിയില്‍ നിന്ന് 400 കി.മി ഉയരത്തിലുള്ള ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കും. ബഹിരാകാശത്ത് നിന്ന് തിരിച്ചിറങ്ങാന്‍ 36 മിനിട്ട് വേണ്ടിവരുമെന്നാണ് കരുതുന്നത്.

You might also like

Leave A Reply

Your email address will not be published.