അവര്‍ക്കു പാര്‍ക്കാന്‍ ഒഴുകുന്ന ഗ്രാമങ്ങള്‍

ഒഴുകി നടക്കുന്ന ഗ്രാമങ്ങളില്‍ പാര്‍ക്കുന്ന ഒരു ജനതയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

53

ഒരു തടാകത്തിന്റെ കരയിലായി ഒഴുകി നടക്കുന്ന ഗ്രാമങ്ങള്‍. ചിന്തിക്കുമ്പോള്‍ അതിശയോക്തി തോന്നാം. എങ്കിലും അങ്ങനെയും ഒരു ജനത ജീവിക്കുന്നുണ്ട്. ഒരു തടാകക്കരയില്‍ വഞ്ചികളിലും മറ്റും വീടുകളും കടകളും സ്ഥാപനങ്ങളും നിര്‍മ്മിച്ച് ജീവിക്കുന്ന സമൂഹം. കംബോഡിയയിലെ ടോണ്‍ലെ സാപ് (Tonle Sap) തടാകത്തിലാണ് ഈ ഒഴുകുന്ന ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇത്തരത്തിലുള്ള 170 ല്‍ അധികം ഗ്രാമങ്ങള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. വീടുകള്‍ക്ക് പുറമെ നിരവധി സ്ഥാപനങ്ങളും മാര്‍ക്കറ്റും ഹോട്ടലും ആശുപത്രികളും ആരാധനാലയങ്ങളുമെല്ലാം ഇത്തരം ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കംബോഡിയയില്‍ താമസിക്കുന്ന വിയറ്റ്‌നാമിസ് വംശജരാണ് ഈ ഒഴുകുന്ന ഗ്രാമങ്ങളില്‍ താമസിക്കുന്നത്.
കംബോഡിയയിലെ ഫ്രഞ്ച് ഭരണകാലത്ത് (1863-1953) വിയറ്റ്‌നാമില്‍ കുടിയേറിയവരാണ് ഈ ജനത. അന്ന് ഫ്രഞ്ച് സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഓഫീസ് ജോലിക്കും മറ്റുമായി കംബോഡിയയില്‍ എത്തിയ വിയറ്റ്‌നാമീസ് ജനത പിന്നീട് ഇവിടെ സ്ഥിര താമസമാക്കുകയായിരുന്നു. എന്നാല്‍ കംബോഡിയുടെ ഭരണം കമറൂഷ് (Khmer Rouge) എന്ന ഏകാധിപതി കൈയടക്കിയതോടെ
രാജ്യത്ത് സ്വദേശി ബോധം വര്‍ദ്ധിക്കുകയും രാജ്യത്തേക്ക് കുടിയേറിയവരെ പുറത്താക്കിക്കൊണ്ട് ഉത്തരവ് ഇറക്കുകയും ചെയ്തു. തലമുറകളായി കംബോഡിയയില്‍ ജീവിച്ച വിയറ്റ്‌നാമീസ് വംശജര്‍ക്ക് അങ്ങനെ തങ്ങളുടെ സ്വന്തം നാട് ഉപേക്ഷിച്ച് പോകേണ്ടി വന്നു. 1975ല്‍ കമറുഷ് ഭരണം അവസാനിച്ചതോടെ തങ്ങളുടെ പൂര്‍വ്വീകര്‍ ഉറങ്ങുന്ന കംബോഡിയയുടെ മണ്ണിലേക്ക് തിരിച്ചെത്തിയ ഇവരെ ഭരണകൂടം വെറും അഭയാര്‍ത്ഥികള്‍ മാത്രമായാണ് കണ്ടത്. രാജ്യം വിട്ട് പോകുന്നതിന് മുന്‍പ് കംബോഡിയയില്‍ സ്വന്തമായി ഭൂമിയും ഭവനവും എല്ലാം ഉണ്ടായിരുന്ന വിയറ്റ്‌നാമീസ് ജനത അങ്ങനെ വെറും അഭയാര്‍ത്ഥികള്‍ മാത്രമായി. അതിനാല്‍ രാജ്യത്തിന്റെ പ്രധാനഭാഗങ്ങളില്‍ താമസിക്കുന്നതിനോ ഭൂമി വാങ്ങുന്നതിനോ ഉള്ള അവകാശം അവര്‍ക്ക് ലഭിച്ചില്ല. അങ്ങനെ വിയറ്റ്‌നാമീസ് വംശജര്‍ ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് താമസം ആരംഭിച്ചു.
രാജ്യത്തെ ഏറ്റവും വലിയ തടാകമായ ടോണ്‍ലെസാപ് തടാകത്തെയാണ് മുഖ്യമായും അവര്‍ ആശ്രയിച്ചത്. തടാകത്തിന്റെ വിശാലതയും മത്സ്യസമ്പത്തുമാണ് ടോണ്‍ലെ സാപിലേക്ക് ഇവരെ ആകര്‍ഷിച്ചത്. തടാകത്തില്‍ തൂണ് നാട്ടിയാണ് കെട്ടിടങ്ങളില്‍ ഭൂരിഭാഗവും നിര്‍മ്മിച്ചിരിക്കുന്നത്. തടാകത്തിലെ ജലനിരപ്പ് കണക്കാക്കിയാണ് ഇവയുടെ നിര്‍മ്മാണം. വള്ളങ്ങള്‍, ചങ്ങാടങ്ങള്‍ എന്നിവയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന രീതിയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. വീടുകള്‍ക്ക് പുറമെ ഹോട്ടലുകളും സര്‍ക്കാര്‍സ്ഥാപനങ്ങളും ആരാധനാലയങ്ങളുമെല്ലാം ഇത്തരത്തില്‍ വെള്ളത്തില്‍ തന്നെ നിര്‍മ്മിക്കുന്നു. മത്സ്യബന്ധനമാണ് ഈ ഗ്രാമങ്ങളിലെ പ്രധാന വരുമാനമാര്‍ഗം. തടാകത്തിലെ ജലനിരപ്പ് കുറയുന്ന വേനല്‍ക്കാലത്ത് തടാകത്തിന്റെ തീരത്ത് കൃഷിയിറക്കുന്നവരും ഇത്തരം ഗ്രാമങ്ങളില്‍ ധാരാളമുണ്ട്. മഴക്കാലത്ത് വെള്ളം കയറും എന്നുള്ളതിനാല്‍ കുറഞ്ഞ കാലം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന പച്ചക്കറികളും മറ്റുമാണ് കൂടുതലായും ഇവിടെ കൃഷിചെയ്യുന്നത്. ഗതാഗതത്തിനായി വള്ളങ്ങളെയാണ് പൂര്‍ണ്ണമായും ആശ്രയിക്കുന്നത്. ടോണ്‍ലെ സാപ് തടാകത്തില്‍ തന്നെ ഏകദേശം 170 ന് മുകളില്‍ ഒഴുകുന്ന ഗ്രാമങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. തടാകത്തിന്റെ ഉത്തരഭാഗത്താണ് കൂടുതല്‍ ഗ്രാമങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. തടാകത്തിലെ ജലനിരപ്പിനനുസരിച്ച് ഇവര്‍ വീടുകള്‍ വിവിധഭാഗങ്ങളിലേക്ക് മാറ്റുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കംബോഡിയയിലേക്ക് എത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഇത്തരം ഒഴുകുന്ന ഗ്രാമങ്ങള്‍ തന്നെയാണ്. ഒരു പക്ഷെ ലോകത്തില്‍ കംബോഡിയയില്‍ മാത്രം കാണപ്പെടുന്ന ഇത്തരം ഗ്രാമങ്ങള്‍ ടൂറിസത്തിലൂടെ കംബോഡിയയിലേക്ക് വിദേശനാണ്യം നേടികൊടുക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്.
ഇന്ന് ടോണ്‍ലെസാപ് തടാകത്തിലെ ഒഴുകുന്ന ഗ്രാമങ്ങളിലേക്ക് വിനോദയാത്രകള്‍ സംഘടിപ്പിക്കാന്‍ നിരവധി ടൂര്‍ കമ്പനികള്‍ തന്നെയുണ്ട്. ഭരണാധികാരികള്‍ വേട്ടയാടിയിട്ടും പതറാതെ അതിജീവനത്തിനായി തടാകക്കരയിലേക്ക് ജീവിതം പറിച്ചുനട്ട ഈ ജനത തികച്ചും വ്യത്യസ്തമായ ജീവിതശൈലിയുടെയും സവിശേഷമായ സംസ്‌കാരത്തിന്റെയും ഉടമകളായി ലോകത്തിനു മുന്നില്‍നിലകൊള്ളുകയാണ്.
ആത്മാഭിമാനത്തിന് വകയുണ്ടെങ്കിലും അത്ര സുഖകരമൊന്നുമല്ല ഇത്തരം ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതം. രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയുന്നതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര പരിഗണന ലഭിക്കാത്ത ഇവര്‍ ജീവിക്കാനായി വളരെയധികം പാട് പെടുന്നു. സ്വന്തമായി ഭൂമിയോ നല്ല ജോലിയോ വൃത്തിയുള്ള വീടുകളോ ഇവര്‍ക്കില്ല. വൃത്തികുറഞ്ഞ സാഹചര്യങ്ങളിലെ ജീവിതം ഇവരെ പലപ്പോഴും രോഗികളാക്കി മാറ്റുന്നു. തങ്ങളുടെ ഒഴുകുന്ന ഗ്രാമങ്ങളില്‍ പരാതികളുടെയും പരിഭവങ്ങളുടെയും നനവുകള്‍ ഏറെയുണ്ടെങ്കിലും തങ്ങളുടെ പൂര്‍വ്വീകര്‍ നിദ്രകൊള്ളുന്ന കംബോഡിയയുടെ ഓളങ്ങളില്‍ ആടിയും പാടിയും ജീവിക്കുകയാണ്.

You might also like

Leave A Reply

Your email address will not be published.