ഞാന്‍ കണ്ടത് നല്ലൊരു പുരോഹിതന്‍

സൂപ്പര്‍താരം മോഹന്‍ലാല്‍ പറയുന്നതാരെക്കുറിച്ചാണ്?

602

നിരവധി വൈദികരെ പരിചയപ്പെട്ട തന്റെ ജീവിതത്തെ ഏറെ സ്പര്‍ശിച്ച വ്യക്തി ഫാ.ബോബി ജോസ് കട്ടിക്കാടെന്ന് പ്രശസ്ത സിനിമാ താരം മോഹന്‍ലാല്‍.
”എത്രയോ പുരോഹിതരെ ഇത്രയും കാലത്തിനിടെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരെപ്പോലെയൊന്നുമല്ല ഈ മനുഷ്യന്‍. വാക്കിലും നോക്കിലും സാമീപ്യത്തിലുമെല്ലാം അങ്ങനെയാണ് ബോബിയച്ചനെക്കുറിച്ച് തനിക്കനുഭവപ്പെട്ടതെന്നാണ് മോഹന്‍ലാലിന്റെ സാക്ഷ്യം. മൂന്നുവര്‍ഷം മുമ്പെഴുതിയ കുറിപ്പാണെങ്കിലും ഈ അടുത്തനാളില്‍ ഈ കുറിപ്പ് പിന്നെയും ശ്രദ്ധനേടിയിരിക്കുയാണ്.
”രണ്ടു ദിവസമായി പനിച്ചു കിടക്കുകയായിരുന്നു ഞാന്‍. പനിയെന്നാല്‍ ചെറിയ തരത്തിലുള്ളതല്ല. പൊള്ളുന്ന പനി. ശരീരമാകെ വേദന. ഈ ജ്വരക്കിടക്കയിലാണ് ഫാ. ബോബി ജോസ് കട്ടിക്കാട് എന്ന കപ്പൂച്ചിന്‍ സന്യാസിയെക്കുറിച്ച് ഓര്‍ക്കുന്നത്.
ബോബിയച്ചനുമായി മുമ്പ് ഒരുതവണ മാത്രം ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇമ്പമുള്ള, നനവുള്ള ശബ്ദം. അതില്‍ കരുണയെന്ന വികാരം മുഴങ്ങുന്നതുപോലെ തോന്നി.
അന്ന് സുഹൃത്തായ കെ.സി ബാബുവിന്റെ വീട്ടിലേക്ക് ബോബിയച്ചന്‍ വന്നു. പക്ഷേ തനിക്ക് പനിയാണെന്നറിഞ്ഞപ്പോള്‍ എന്നോട് പോയി കിടന്നോളാനാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ എനിക്കദ്ദേഹത്തിന്റെ അടുത്തിരിക്കണമായിരുന്നു. ചില മനുഷ്യരുടെ സാമീപ്യം നമ്മെ രോഗത്തില്‍നിന്നും ദുഃഖത്തില്‍നിന്നും മോചിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്. കുറച്ചു സമയം ഞങ്ങള്‍ പുഴയോരത്ത് ഒന്നിച്ചിരുന്നു. പുല്‍ത്തകിടിയിലൂടെ നടന്നു. ഭക്ഷണം കഴിച്ചു. ഉച്ചത്തിലുള്ള സംസാരങ്ങളോ പൊട്ടിച്ചിരികളോ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായില്ല. ബോബിയച്ചന്‍ എന്ന സന്യാസിയെ കേള്‍ക്കുകയോ കാണുകയോ ആയിരുന്നില്ല അനുഭവിക്കുകയായിരുന്നു ഞാന്‍. വസന്തം നിറഞ്ഞ ഒരു വയലിന്റെ ചാരെ നില്‍ക്കുന്നതുപോലെ തോന്നി. മോഹന്‍ലാല്‍ എന്ന നടനോടായിരുന്നില്ല ബോബിയച്ചന്‍ പതിഞ്ഞ സ്വരത്തില്‍ സംസാരിച്ചതത്രയും. മോഹന്‍ലാല്‍ എന്ന മനുഷ്യനോടായിരുന്നു. അങ്ങനെ അധികം സംഭവിക്കാറില്ല. പിരിയാന്‍ നേരത്ത് അദ്ദേഹം എന്റെ കൈ പിടിച്ച് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. കനിവോടെ എന്റെ കണ്ണുകളിലേക്ക് നോക്കി. ‘കൂട്ട്’ എന്ന പുസ്തകം സ്‌നേഹത്തോടെ തന്നു. രാത്രി ഒമ്പതിന് ബോബിയച്ചന്‍ പോകാനിറങ്ങി. പിറ്റേന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയാണ് എന്നു പറഞ്ഞു. വിട പറയുമ്പോള്‍ ”വീണ്ടും കാണാമെന്നോ” ”ഞാന്‍ വിളിക്കാമെന്നോ” പറഞ്ഞില്ല. പകരം എന്റെ കണ്ണുകളിലേക്ക് കരുണയോടെ ഒന്നു നോക്കുകമാത്രം ചെയ്തു. ആ നോട്ടത്തിന്റെ അര്‍ത്ഥം എനിക്കിപ്പോഴും പിടികിട്ടിയിട്ടില്ല.” മോഹന്‍ലാല്‍ സൂചിപ്പിക്കുന്നു.
‘കൂട്ട്’ എന്ന് ബോബിയച്ചന്‍ തന്റെ പുസ്തകത്തിന് പേരിട്ടതും സൗഹൃദം എന്ന അര്‍ത്ഥത്തിലാകാമെന്നാണ് ലാലിന്റെ വീക്ഷണം. എന്നാല്‍ ബോബി ജോസ് കട്ടിക്കാട് എന്ന മനുഷ്യനില്‍ താന്‍ കണ്ടത് സവിശേഷമായ കൂട്ട് (ൃലരശുല) ഉള്‍ച്ചേര്‍ന്ന ഒരാളെയാണ്. ആ കൂട്ടിന്റെ നന്മയില്‍ അല്പം എന്റെ ശിഷ്ടജീവിതത്തിലേക്കും പകരണേ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് പറഞ്ഞാണ് ലാല്‍ എഴുത്ത് അവസാനിപ്പിക്കുന്നത്.
ഒരു നോട്ടം, ഒരു ചിരി, ചില വാക്കുകള്‍,.. അതുമതി സ്‌നേഹം പ്രകടിപ്പിക്കാന്‍. ഭാരതത്തിന്റെ പ്രിയ നടന്റെ മനം കവരുവാന്‍ ഒരു വൈദികന് നിമിഷനേരം കൊണ്ട് കഴിഞ്ഞെങ്കില്‍ ഇത്തരം സ്‌നേഹപ്രവാഹങ്ങള്‍ നല്‍കുന്നതിലൂടെ എല്ലാ മതത്തിലെയും മതാചാര്യന്മാരെ ജനം ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുമെന്ന് തീര്‍ച്ച.

You might also like

Leave A Reply

Your email address will not be published.