TBS ൻ്റെ ചരിത്രത്തിലൂടെ

96

ഒന്നു കണ്ണുതുറന്നു നോക്കിയാല്‍ നമുക്ക് ചുറ്റും നല്ല മനുഷ്യര്‍ ഏറെയുണ്ട് എന്ന സത്യത്തെ ഓര്‍മിപ്പിച്ചുകൊണ്ട് തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞ ചില വ്യക്തികളെ പരിചയപ്പെടാം.

ആത്മാര്‍പ്പണമുള്ള തൊഴിലാളിയാണ് മികച്ച തൊഴില്‍ദാതാവായി വളരുന്നത്. അത്തരത്തില്‍ തന്റെ കഠിനാദ്ധ്വാനവും ആത്മാര്‍പ്പണവും കൈമുതലാക്കി തൊഴിലാളിയില്‍ നിന്നും തൊഴില്‍ ദാതാവായി വളര്‍ന്ന ഒരു മനുഷ്യനുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ബുക്ക് സ്റ്റോറായി മാറിക്കൊണ്ടിരിക്കുന്ന ടി.ബി.എസിന്റെയും പുസ്തക പ്രസാധക രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായ പൂര്‍ണ പബ്ലിക്കേഷന്‍സിന്റെയും സ്ഥാപകനും ഉടമസ്ഥനുമായ എന്‍. ഇ. ബാലകൃഷ്ണ മാരാറാണ് ആ മാന്യവ്യക്തിത്വം.
അദ്ദേഹത്തിന്റെ ജീവിതം പറയും മുമ്പ് തീര്‍ച്ചയായും മഹാകവി അക്കിത്തം അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് തന്നെ വേണം തുടങ്ങാന്‍. അക്കിത്തത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ‘ടിബിഎസ് എന്ന അക്ഷരങ്ങളുടെ ഉള്ളില്‍ ഒളിച്ചിരിക്കുന്ന സൈക്കിളിന്റെ ചക്രങ്ങള്‍ എത്രകോടി പ്രാവശ്യം തിരിഞ്ഞിട്ടാണ് മാരാര്‍ അനശ്വര പ്രസാധകനായത്? ഇതിനിടയില്‍ അദ്ദേഹം ചൊരിഞ്ഞ വിയര്‍പ്പു കടലിന്റെ അളവെടുക്കാന്‍ ആര്‍ക്കു കഴിയും?’ അതേ എന്‍.ഇ. ബാലകൃഷ്ണമാരാര്‍ എന്ന അക്ഷരമുതലാളിയുടെ വളര്‍ച്ചയ്ക്കു പിന്നില്‍ അദ്ദേഹം ചൊരിഞ്ഞ വിയര്‍പ്പു കടലിന്റെ അളവെടുക്കാന്‍ ആര്‍ക്കും കഴിയില്ല.
കണ്ണൂരിലെ ക്ഷയിച്ചുകൊണ്ടിരുന്ന ഒരു ജന്മി കുടുംബത്തിലായിരുന്നു എന്റെ ജനനം. അമ്മ മാധവി മാരസ്യാര്‍, അച്ഛന്‍ കുഞ്ഞികൃഷ്ണ മാരാര്‍. എനിക്ക് ഓര്‍മ്മവെച്ചു തുടങ്ങിയ കാലത്തുതന്നെ അച്ഛന്‍ മരിച്ചു. അതോടെ അര്‍ദ്ധപട്ടിണിയിലായിരുന്ന ഞങ്ങളുടെ കുടുംബം മുഴുപ്പട്ടിണിയിലായി. കണ്ണുനീരിന്റെ ഉപ്പും അദ്ധ്വാനത്തിന്റെ വിയര്‍പ്പും നിറഞ്ഞ നാളുകളിലേക്ക് എന്‍.ഇ ബാലകൃഷ്ണമാരാര്‍ പതിയെ മടങ്ങി. പിന്നെ കണ്ണീര്‍ക്കായല്‍ നീന്തക്കടന്ന തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് തെല്ലഭിമാനത്തോടെ തന്നെ വാചാലനായി.

നാലാംക്ലാസ്സുവരെ മാത്രമേ ഞാന്‍ സ്‌കൂളില്‍ പഠിച്ചിട്ടൊള്ളു. അപ്പോഴേക്കും കുടുംബത്തിലെ സാമ്പത്തിക സ്ഥിതി തികച്ചും പരിതാപകരമായിത്തീര്‍ന്നിരുന്നു. അതുകൊണ്ട് അഞ്ചാംക്ലാസ്സില്‍ ചേര്‍ന്നെങ്കിലും പഠനം മുഴുമിക്കാന്‍ സാധിച്ചില്ല. വീട്ടിലെ കൊടിയ ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നു കോഴിക്കോട് എന്ന മഹാനഗരത്തില്‍ ഞാന്‍ അഭയം തേടിയത്. അങ്ങനെ ഒരു പത്രവില്‍പ്പനക്കാരനായി ആ നഗരത്തില്‍ ഞാന്‍ ജീവിതം ആരംഭിച്ചു. നന്നേ രാവിലെ ജോലി തുടങ്ങും. പത്രക്കെട്ടുമെടുത്ത് പട്ടണത്തിന്റെ നാനാഭാഗത്തും പോയി വിതരണം നടത്തി വരുമ്പോഴെക്കും സമയം
ഉച്ചയോടടുക്കും. ഉച്ചകഴിഞ്ഞാല്‍ വിശേഷിച്ചൊന്നും ചെയ്യാനില്ലായിരുന്നു. ഇങ്ങനെ സമയം വെറുതേ പാഴാക്കിക്കളയുമ്പോഴാണ് എനിക്കൊരു ആശയം തോന്നിയത്. അന്ന് ദേശാഭിമാനി കെട്ടിടത്തില്‍ കമ്മ്യൂണിസ്റ്റ് സാഹിത്യവും സോവിയറ്റ് യൂണിയനില്‍ നിന്നുള്ള കൃതികളും മാസികകളും മറ്റും ഉള്ള ബുക്സ്റ്റാള്‍ ഉണ്ടായിരുന്നു, പ്രഭാത് ബുക്സ്. അവിടെ കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ എടുത്തുകൊണ്ടുപോയി വില്ക്കാന്‍ ശ്രമിച്ചാലോ എന്നതായിരുന്നു അത്. വളരെ നിസ്സാരമായ കമ്മീഷന്‍ വ്യവസ്ഥയില്‍ എനിക്കതിന് അനുവാദവും കിട്ടി. അങ്ങനെ പുസ്തകങ്ങളും മാസികകളും ഞാന്‍ നടന്നു വില്‍ക്കാന്‍ തുടങ്ങി. പതിനൊന്ന് വയസ്സുണ്ടായിരുന്ന എനിക്ക് ആത്മവിശ്വാസവും ആഗ്രഹവും ആവേശവും മാത്രമായിരുന്നു കൈമുതല്‍.
അങ്ങനെ നിത്യച്ചെലവിനുള്ള വരുമാനം കഷ്ടിച്ച് ഒപ്പിച്ചുപോകാമെന്ന അവസ്ഥ വന്നപ്പോഴാണ് അത് സംഭവിച്ചത്. 1948 ല്‍ ഗാന്ധിവധം നടന്ന് കുറച്ച് നാളുകള്‍ക്കകം ദേശാഭിമാനി പത്രം നിരോധിക്കപ്പെട്ടു. പത്രം നിരോധിച്ചതോടൊപ്പം തന്നെ ബുക്ക്സ്റ്റാളും അടച്ചുപൂട്ടിയതിനാല്‍ എന്റെ രണ്ടു തൊഴിലും ഇല്ലാതായി. അതോടെ കോഴിക്കോട് നില്‍ക്കാന്‍ വയ്യാതെ വീണ്ടും തറവാട്ടിലെ ദാരിദ്ര്യത്തിലേക്ക് മടങ്ങി. അവിടുത്തെ ദാരിദ്ര്യവുമായി മല്ലിട്ടു കഴിയവെ തമിഴ്‌നാട്ടില്‍ ജോലിചെയ്തിരുന്ന ചിറ്റപ്പന്റെ സഹായത്തോടെ ഞാന്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെത്തി. അവിടെ ഒരു ഹോട്ടലില്‍ സപ്ലയറായി ജോലിക്ക് കയറി. പക്ഷെ ഞാന്‍ ഹോട്ടലില്‍ സപ്ലയറായി ജോലി ചെയ്യുന്നതില്‍ ചിറ്റപ്പന് അത്ര തൃപ്തിയില്ലായിരുന്നു. അങ്ങനെ അദ്ദേഹം എനിക്ക് ഒരു പെട്ടിപ്പീടിക ഏര്‍പ്പാടാക്കി തന്നു. അങ്ങനെ ഒരു കൊല്ലംകൊണ്ട് ഞാന്‍ കച്ചവടത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങി. അപ്പോഴാണ് നാട്ടില്‍ നിന്നും അമ്മയുടെ കത്തുവരുന്നത്. ‘ദേശാഭിമാനി പത്രത്തിന്റെ പ്രസിദ്ധീകരണം പുനരാരംഭിച്ചു. വേഗം മടങ്ങിവന്നാല്‍ മാത്രമേ പത്രത്തിന്റെ വിതരണക്കാരന്‍ ആക്കൂ.’ ചിറ്റപ്പനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ടന്നു കരുതി ഞാന്‍ വീണ്ടും കോഴിക്കോട് തിരിച്ചെത്തി. പഴയപോലെ പത്രവില്‍പ്പനയും പുസ്തക വില്‍പ്പനയും പുനരാരംഭിച്ചു.
പലപ്പോഴും പുസ്തകം തുറന്നു നോക്കുകപോലും ചെയ്യാതെ ആള്‍ക്കാര്‍ എന്നെ ഓടിച്ചു വിടുമായിരുന്നു. കാലക്രമേണ ഉത്സവപ്പറമ്പുകളിലേക്കും ഞാന്‍ പുസ്തകങ്ങളുമായി കടന്നുചെന്നു. പിന്നെയാണ് വീടുകളിലേക്കും ഓഫീസുകളിലേക്കും പുസ്തകങ്ങളുമായി കയറിച്ചെല്ലാന്‍ തുടങ്ങിയത്. പുസ്തകങ്ങള്‍ കൊണ്ടുപോകാനും സൂക്ഷിക്കാനുമായി കാക്കിത്തുണികൊണ്ടുള്ള നാലു സഞ്ചികള്‍ ഉണ്ടായിരുന്നു അന്നെനിക്ക്. രണ്ടെണ്ണം വലുതും രണ്ടെണ്ണം ചെറുതും. ചെറിയ രണ്ടു സഞ്ചികളില്‍ പുസ്തകം നിറച്ച് തോളില്‍ തൂക്കും. വലുത് കൈയില്‍ തൂക്കിയും പിടിക്കും. ചുമല്‍ വേദനിക്കാതിരിക്കാന്‍ വലിയ കാര്‍ബോര്‍ഡ് ഷര്‍ട്ടിന്റെ ഉള്ളിലാക്കി മടക്കിവെക്കും. പുസ്തക സഞ്ചിയുമായി കോഴിക്കോടിന്റെ എല്ലാ മുക്കിലും മൂലയിലും ഞാന്‍ എത്തുമായിരുന്നു. കോഴിക്കോട്ടെ എല്ലാ ഇടവഴികളും എനിക്ക് സുപരിചിതമാണ്.
ആ സമയത്താണ് എന്റെ അമ്മമ്മ മരിച്ചത്. തുടര്‍ന്ന് എനിക്ക് നാട്ടിലേക്ക് പോകേണ്ടിവന്നു. പിന്നീട് 41 ദിവസം കഴിഞ്ഞാണ് ഞാന്‍ തിരിച്ചെത്തിയത്. പതിവുപോലെ ബുക്ക്സ്റ്റാളില്‍ ബുക്ക് എടുക്കാന്‍ ചെന്നെങ്കിലും ബുക്സ്റ്റാള്‍ മാനേജര്‍ അനുവദിച്ചില്ല. അദ്ദേഹത്തിന് ഞാന്‍ അത്രയും ദിവസം ലീവെടുത്തതിന്റെ കാരണം അറിയണമായിരുന്നു. കാരണം ബോധിപ്പിച്ചെങ്കിലും അതു മനസ്സിലാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ ശകാരവാക്കുകളും പരിഹാസ ശരങ്ങളും സഹിക്കാന്‍ വയ്യാതായപ്പോള്‍ എന്റെ തുണിസഞ്ചികളുമെടുത്ത് പ്രഭാത് ബുക്സ്റ്റാളിന്റെ പടിയിറങ്ങി.
എന്തു ചെയ്യണമെന്നോ എവിടേക്ക് പോകണമെന്നോ എനിക്ക് ഒരു എത്തുംപിടിയുമില്ലായിരുന്നു. ആ അലച്ചിലുകള്‍ക്കൊടുവില്‍ ഞാന്‍ എത്തിച്ചേര്‍ന്നത് സി.പി അബൂബക്കര്‍ എന്ന മനുഷ്യ സ്‌നേഹിയുടെ മുന്‍പിലായിരുന്നു. അദ്ദേഹത്തിന് സ്വന്തമായി ഒരു സര്‍ബത്തു കടയുണ്ടായിരുന്നു. അവിടെ അത്യാവശ്യം സ്റ്റേഷനറി സാധനങ്ങളും റഷ്യന്‍ പുസ്തകങ്ങളും ഒക്കെ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടായിരുന്നു. പുസ്തകവില്‍പ്പനയ്ക്കിടയില്‍ പലതവണ ഞാന്‍ ആ മനുഷ്യനെ മുമ്പ് കണ്ടിട്ടുണ്ട്. വിറയ്ക്കുന്ന ചുണ്ടുകളും നിറഞ്ഞൊഴുകുന്ന മിഴികളുമായി ഞാന്‍ ഒരു തരത്തില്‍ എന്റെ അവസ്ഥ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എനിക്ക് ഭക്ഷണം വാങ്ങിത്തരാന്‍ തയ്യാറായെങ്കിലും ഞാന്‍ അത് നിരസിച്ചു. പകരം കമ്മീഷന്‍ വ്യവസ്ഥയില്‍ പുസ്തകങ്ങള്‍ വില്‍ക്കാന്‍ തരാമോ എന്ന് ചോദിച്ചു. അദ്ദേഹം അത് സമ്മതിച്ചു. അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവെന്നു പറയാം. ഞാന്‍ സന്തോഷത്തോടെ സഞ്ചിമുഴുവന്‍ പുസ്തകങ്ങള്‍ നിറച്ചു. ഒരു വലിയ സാമ്രാജ്യം പിടിച്ചടക്കിയ സന്തോഷത്തോടെ വീണ്ടും പുസ്തകവില്‍പ്പനയ്ക്കിറങ്ങി. സ്വന്തമായ
പുസ്തക കച്ചവടത്തിന്റെ തുടക്കം അതായി
രുന്നു. കച്ചവടം പതിയെ വളര്‍ന്നു. കോഴിക്കോട്ടെ മുഴുവന്‍ ബുക്സ്റ്റാളുകളില്‍ നിന്നും പുസ്തകങ്ങളെടുത്ത് ഞാന്‍ വീടുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങി. ആ പുസ്തകങ്ങളും തികയാതെ വന്നപ്പോള്‍ കോഴിക്കോടിന് പുറത്തു നിന്ന് പുസ്തകങ്ങള്‍ വരുത്താന്‍ തുടങ്ങി. അക്കാലത്തു തന്നെ അമ്മയുടെ കാതിലെ കമ്മല്‍ പണയം വെച്ച് ഒരു സൈക്കിളും സ്വന്തമാക്കി. പിന്നെ അക്ഷരങ്ങള്‍ അറിയുന്നവരെ അന്വേഷിച്ചുകൊണ്ടുള്ള യാത്ര അതിലായി.
പുസ്തക വില്പ്പന നല്ലരീതിയില്‍ പുരോഗമിക്കുന്ന ആ കാലത്താണ് ‘സ്വര്‍ണം’ എന്ന
തൂലികാ നാമത്തില്‍ കവിതകള്‍ എഴുതുമായിരുന്ന ആര്‍. രാമചന്ദ്രന്‍മാസ്റ്ററെ പരിചയപ്പെടുന്നത്. നല്ലൊരു വായനാശീലത്തിനുടമയായിരുന്ന അദ്ദേഹം എനിക്ക് പുതിയ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കേണ്ടതെങ്ങനെയെന്നും വായനക്കാരുടെ ഇഷ്ടങ്ങള്‍ എങ്ങനെയൊക്കെ മനസ്സിലാക്കാമെന്നുമെല്ലാം പറഞ്ഞു തന്നു. എന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ രണ്ടാമത്തെ വഴിത്തിരിവ് സംഭവിക്കുന്നത് അപ്പോഴാണ്. എന്റെ കസ്റ്റമേഴ്‌സിന്റെ കൂട്ടത്തില്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ കെ.പി വറീദ് മാസ്റ്ററുമുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം സ്‌കൂള്‍ ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങളുടെ ലിസ്റ്റ് തയാറാക്കി തന്നിട്ട് അത് വിതരണം ചെയ്യണമെന്നു പറഞ്ഞു. വിതരണം ചെയ്താല്‍ മാത്രം പോര വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് അച്ചടിച്ച ബില്ലും ആവശ്യമാണെന്ന് അറിയിച്ചു. എന്റെ വ്യാപാരത്തിന് ഒരു പേര് വേണമെന്ന് തോന്നിയത് അപ്പോഴാണ്. അന്നു വൈകുന്നേരം തന്നെ ഞാന്‍ രാമചന്ദ്രന്‍ മാസ്റ്ററെ സമീപിച്ച് വിവരം ധരിപ്പിച്ചു. അദ്ദേഹത്തോട് ഒരു പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്വാഭാവികമായ ഒരു പുഞ്ചിരിയോടെ അദ്ദേഹം മറുപടി തന്നു
‘ടൂറിങ് ബുക്സ്റ്റാള്‍,’ സഞ്ചരിക്കുന്ന പുസ്തകശാല.
അടുത്ത ദിവസം തന്നെ പ്രസ്സില്‍ പോയി ബില്‍ബുക്കടിച്ചു. ടൂറിങ് ബുക്സ്റ്റാള്‍ എന്ന് ഇംഗ്ലീഷിലെഴുതിയ ഒരു ബോര്‍ഡ് സൈക്കിളില്‍ ഘടിപ്പിച്ചു. എല്ലാ രീതിയിലും അന്വര്‍ത്ഥമായ ഈ പേര് എന്നില്‍ നിന്നും പുസ്തകം വാങ്ങിക്കുന്നവര്‍ക്കെല്ലാം പരിചയമായിരിക്കണമെന്ന ഉദ്ദേശത്തോടെ ഒരു സീലുണ്ടാക്കി പുസ്തകങ്ങളിലെല്ലാം മുദ്രകുത്താന്‍ തുടങ്ങി. അതിനുവേണ്ട വാചകങ്ങള്‍ എഴുതിത്തന്നതും രാമചന്ദ്രന്‍ മാസ്റ്ററായിരുന്നു. അത് ഇങ്ങനെയായിരുന്നു, ‘ഈഫ് യു വാണ്ട് എനിതിംഗ് ഇന്‍ പ്രിന്റ്, അറ്റ് യുവര്‍ ഡോര്‍, പ്ലീസ് ഡ്രോപ് എ കാര്‍ഡ് ടു ടൂറിങ് ബുക് സ്റ്റാള്‍.'(If you want anything in print, at your door,please drop a card to Touring Bookstall)അങ്ങനെ ടിബിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ടൂറിങ് ബുക്സ്റ്റാള്‍ വിശാലമായ ഈ ലോകത്ത് ജന്മമെടുത്തു. അധികം വൈകാതെ പൂര്‍ണ എന്നപേരില്‍ പുസ്തക പ്രസാധക സംരംഭവും ആരംഭിക്കാന്‍ കഴിഞ്ഞു.
എന്റെ ജീവിതം എന്നെ പഠിപ്പിച്ചത് ഇതാണ് കലര്‍പ്പില്ലാതെ അദ്ധ്വാനിക്കുക. നമ്മള്‍ ചെയ്യുന്ന തൊഴില്‍ എന്തുമാകട്ടെ അതിന് ആദ്യം മഹത്വം കല്‍പ്പിക്കേണ്ടത് നമ്മുടെ മനസ്സിലാണ്. അതുണ്ടെങ്കില്‍ വിജയം നമ്മളെ തേടിവരിക തന്നെ ചെയ്യും.

 

 

You might also like

Leave A Reply

Your email address will not be published.