അന്ധതയെ തോല്‍പ്പിച്ച ഒരച്ഛന്റെയും അച്ഛനു വഴികാട്ടിയായ ഒരു മകന്റെയും ജീവിത കഥ

48

കൃഷ്ണന്‍ കുട്ട്യേട്ടന്റെ വിശേഷങ്ങള്‍

ഇത് ഒരച്ഛന്റെയും മകന്റെയും കഥയാണ്. കഥയെന്നു പറഞ്ഞാല്‍ സാങ്കല്‍പ്പികമായി മെനഞ്ഞെടുത്തതല്ല, മറിച്ച് ചൂടും ചൂരുമുള്ള പച്ചയായ ജീവിതകഥയാണ്. അച്ഛനാണോ മകനാണോ ഈ കഥയിലെ നായകനെന്നു ചോദിച്ചാല്‍ അറിയില്ല. കാരണം അന്ധതയെ മനോധൈര്യംകൊണ്ട് തോല്‍പ്പിച്ചവനാണ് അച്ഛനെങ്കില്‍ പിച്ചവെച്ചനാള്‍ മുതല്‍ അച്ഛനു വഴികാട്ടിയായവനാണ് മകന്‍. പിന്നിട്ട വഴികളെക്കുറിച്ചോര്‍ത്ത് പരാതികളോ വരാനിരിക്കുന്ന നാളുകളെക്കുറിച്ചോര്‍ത്ത് ആശങ്കകളോ ഇവരിരുവരുടെയും മുഖത്തില്ല. പകരം ഏതിരുട്ടിലും പ്രകാശമാകാന്‍ സാധിക്കുന്ന പുഞ്ചിരിമാത്രമാണ് ഇരുവര്‍ക്കും സമ്മാനിക്കാനുള്ളത്. അതിനുകാരണം മറ്റൊന്നുമല്ല, ഏതു പ്രതിസന്ധിക്കു നടുവിലും സ്‌നേഹമെന്ന സത്യത്തെ കൂട്ടുപിടിച്ചാല്‍ ജീവിതം മനോഹരമാക്കാമെന്ന് തിരിച്ചറിഞ്ഞവരാണ് ഈ അച്ഛനും മകനും.
ഇനി ഇവരുടെ കഥയിലേക്ക് അല്ല ജീവിതത്തിലേക്ക് വരാം. അച്ഛന്‍ കൃഷ്ണന്‍ കുട്ടി, വയസ്സ് 59. മകന്‍ ഹരികൃഷ്ണന്‍, വയസ്സ് 22. കോഴിക്കോട് കോട്ടുളിയിലാണ് ഇവരുടെ വീട്. ജന്മനാ കാഴ്ച കുറവുണ്ടായിരുന്ന കൃഷ്ണന്‍ കുട്ടിയുടെ കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടമായത് 15 ാം വയസ്സിലാണ്. അന്ന് കൃഷ്ണന്‍കുട്ടി

10 ാം ക്ലാസ്സില്‍. അതുവരെ കണ്ടതു മുഴുവന്‍ കറുപ്പിലേക്ക് ചുരുങ്ങിയതോടെ കൃഷ്ണന്‍ കുട്ടിയുടെ ജീവിതം ആശങ്ക
നിറഞ്ഞതായി. ക്ഷണിക്കപ്പെടാതെ എത്തിയ ആ അതിഥിയ്ക്ക് മുന്‍പില്‍ ആദ്യമൊന്നു പകച്ചെങ്കിലും മനോധൈര്യം വീണ്ടെടുത്തു ആ പതിനഞ്ചുകാരന്‍. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിത ചെലവ് കണ്ടെത്താന്‍ ഒരു തൊഴില്‍ അതായിരുന്നു അവന്റെ ആദ്യ ലക്ഷ്യം.
അങ്ങനെയാണ് കൃഷ്ണന്‍കുട്ടി കസേരകെട്ടുന്നതില്‍ വിദഗ്ദ്ധനായിരുന്ന വേലായുധനടുത്ത് എത്തിച്ചേരുന്നത്. കണ്ണുകള്‍ക്ക് പകരം അവന്റ കൈവിരലുകളില്‍ ഉദിച്ച വെളിച്ചത്തിന്റെ സഹായത്തോടെ വേലായുധന്‍ കൃഷ്ണന്‍കുട്ടിയെ കസേര കെട്ടുന്ന വിദ്യ പഠിപ്പിച്ചു. ആ സമയങ്ങളിലൊക്കെയും കൃഷ്ണന്‍കുട്ടിക്ക് വഴികാട്ടിയായത് അനുജന്‍ ഗോവിന്ദനായിരുന്നു. ഇതിനിടയില്‍ മാതാപിതാക്കള്‍ തങ്ങളാലാകും വിധം നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും കൃഷ്ണന്‍കുട്ടിക്ക് കാഴ്ച തിരിച്ചു കിട്ടിയില്ല. പക്ഷെ അതൊന്നും കൃഷ്ണന്‍കുട്ടിയുടെ സന്തോഷങ്ങളെ കെടുത്തിയില്ല. നിരന്തരമായ പരിശ്രമത്തിലൂടെ അന്ധതയെ തോല്‍പ്പിച്ച് താന്‍ പഠിച്ച തൊഴിലില്‍ അഗ്രഗണ്യനായി മാറി അധികം താമസിയാതെ ആ ചെറുപ്പക്കാരന്‍.

അക്കാലത്ത് മരത്തിന്റെ ചട്ടത്തില്‍ പ്ലാസ്റ്റിക് വള്ളികൊണ്ട് മനോഹരമായി കെട്ടിയുണ്ടാക്കുന്ന കസേരകള്‍ക്ക് എല്ലാ സദസുകളിലും സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൃഷ്ണന്‍കുട്ടിക്കും പണികിട്ടാന്‍ ബുദ്ധിമുട്ടുണ്ടായില്ല. പത്രമോഫീസുകള്‍, കോര്‍പ്പറേഷന്‍ ഓഫീസ്, വാണിജ്യ നികുതി ഓഫീസ്, സി.ഡബ്ല്യു.ആര്‍.ഡി.എം തുടങ്ങിയ കോഴിക്കോട് നഗരത്തിലെ എല്ലാ പ്രധാന ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും കൃഷ്ണന്‍കുട്ടിയുടെ കസേരകള്‍ സ്ഥാനം പിടിച്ചു. ഒരു തവണ കൃഷ്ണന്‍കുട്ടി കെട്ടിയ കസേരകള്‍ ഉപയോഗിച്ചവര്‍ പിന്നീട് കൃഷ്ണന്‍കുട്ടിയെ തേടിയെത്താന്‍ തുടങ്ങി. അത്രമാത്രം ഈടുറ്റതും മനോഹരവുമായിരുന്നു അക കണ്ണിന്റെ വെളിച്ചത്തില്‍ കൃഷ്ണന്‍കുട്ടി കെട്ടിയുണ്ടാക്കിയ കസേരകള്‍. കസേര കെട്ടാന്‍ ഉപയോഗിക്കുന്ന വള്ളികളുടെ നിറങ്ങള്‍ കൃഷ്ണന്‍ക്കുട്ടിക്ക് പറഞ്ഞു കൊടുത്തിരുന്നത് മാതാപിതാക്കളും സഹോദരങ്ങളുമായിരുന്നു. അവര്‍ പറയുന്ന നിറങ്ങള്‍ ഓര്‍മയില്‍ സൂക്ഷിച്ച് അതീവ സൂക്ഷ്മതയോടെ അദ്ദേഹം കസേരകള്‍ കെട്ടിയുണ്ടാക്കി.

22 ാം വയസിലായിരുന്നു കൃഷ്ണന്‍കുട്ടിയുടെ ജീവിതത്തിലേക്ക് പ്രകാശം പരത്തികൊണ്ട് ഒരു പെണ്‍കുട്ടി കടന്നു വന്നത്. ശ്രീജ എന്നായിരുന്നു അവളുടെ പേര്. തന്റെ ഭാവി വരന്‍ പൂര്‍ണ അന്ധനാണന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹത്തിന് ശ്രീജ സമ്മതം മൂളിയത്. വിവാഹം കഴിഞ്ഞ് അമ്പലത്തില്‍ നിന്നും ഇറങ്ങിയ നിമിഷം മുതല്‍ അനുജന്‍ ഗോവിന്ദന്‍കുട്ടിയില്‍ നിന്നും കൃഷ്ണന്‍കുട്ടിയുടെ വഴികാട്ടി പട്ടം ശ്രീജ ഏറ്റെടുത്തു. പിന്നീടങ്ങോട് ഇല്ലായ്മകളിലും വല്ലായ്മകളിലും ശ്രീജ ആ കരങ്ങള്‍
പിടിച്ചു. ‘ അന്നൊക്കെ ഞങ്ങള്‍ ചുമ്മാ കൈപിടിച്ചങ്ങ് നടക്കും. തമാശകളും വര്‍ത്തമാനങ്ങളുമൊക്കെയായി. ഏട്ടന് എവിടെ പോകണമെങ്കിലും ഞാന്‍ കൂടെ വേണമായിരുന്നു. പിന്നീട് അതിന് ചെറിയമാറ്റം വന്നത് ഞങ്ങളുടെ മൂത്ത മകന്‍ ഹരിയ്ക്ക് തിരിച്ചറിവായതോടെയാണ്. ഇപ്പോള്‍ അച്ഛനും മകനുമാണ് കൂട്ട്. ഏതാണ്ട് എട്ടു വയസായപ്പോള്‍ മുതല്‍ അവനാ ഏട്ടന്റെ വഴികാട്ടി.’ ശ്രീജ കൃഷ്ണന്‍കുട്ടിയുടെ മുഖത്തുനോക്കി ചെറു ചിരിയോടെ പറഞ്ഞു. ശ്രീജയുടെ വാക്കുകള്‍ക്ക് തുടര്‍ച്ചയെന്നോണം കൃഷ്ണന്‍ കുട്ടി ഇങ്ങനെ കൂട്ടിച്ചേര്‍ത്തു ‘എന്റെ നിഴലാണിവള്‍. എനിക്ക് എന്താണാവശ്യമെന്ന് ഞാന്‍ പറയും മുമ്പേ ശ്രീജയ്ക്കറിയാം. കണ്ണിന് കാഴ്ചയില്ലാത്തതില്‍ ദുഃഖമില്ല ഇന്നെനിക്ക്. കാരണം എല്ലാവര്‍ക്കും രണ്ട് കണ്ണുകളല്ലേ ഉള്ളൂ. പക്ഷെ എനിക്ക് ആറ് കണ്ണുകള്‍ ഉണ്ട്. ശ്രീജയുടെയും മക്കളായ ഹരിയുടെയും ശ്രീലക്ഷ്മിയുടെയും.’
അച്ഛന്റെ വഴികാട്ടിയായി ഹരി ആദ്യം പുറത്തുപോകുമ്പോള്‍ അവന് പ്രായം എട്ട്. കോഴിക്കോട് നഗരത്തിന്റെ പാതയോരങ്ങളിലൂടെ അച്ഛന്റെ കൈയും പിടിച്ച് ആദ്യമായി നടന്നപ്പോള്‍ ഒരു എട്ടുവയസ്സുകാരന്റെ കൗതുകമായിരുന്നില്ല ഹരിയുടെ മനസ്സില്‍. മറിച്ച് തന്റെ കൈപ്പിടിയില്‍ അനുസരണയുള്ള കുട്ടിയപ്പോലെ അടങ്ങി നില്‍ക്കുന്ന അച്ഛനെ സുരക്ഷിതനായി വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വബോധമായിരുന്നു. പിന്നീട് അവരുടെ യാത്രകള്‍ പതിവായി. മാനാഞ്ചിറയിലും മിഠായിത്തെരുവിലും ബീച്ചിലുമെല്ലാം തിരക്കുകളെ വകഞ്ഞുമാറ്റി ഈ അച്ഛനും മകനും സൊറ പറഞ്ഞു നടന്നു. ഇപ്പോഴും നടക്കുന്നു.
കുഷ്യന്‍ സോഫകളും ചക്ര കസേരകളും ഓഫീസുകള്‍ കീഴടക്കിയതോടെ കൃഷ്ണകുട്ടിയുടെ പ്ലാസ്റ്റിക്ക് കെട്ടിയുണ്ടാക്കിയ മരക്കസേരകള്‍ പുറത്തായി. അതോടെ പണികുറഞ്ഞു. ഇപ്പോള്‍ വല്ലപ്പോഴും വീടുതേടിയെത്തുന്ന ആവശ്യക്കാര്‍ക്ക് മരത്തിന്റെ ചട്ടം അവര്‍ നല്‍കിയാല്‍ മാത്രം കൃഷ്ണന്‍കുട്ടി കസേരകെട്ടി കൊടുക്കും. മാസത്തില്‍ ഒന്നോ രണ്ടോ ആളുകള്‍ മാത്രം അങ്ങനെ വന്നാലായി. കൃഷ്ണന്‍കുട്ടിയുടെ വരുമാനം കുറഞ്ഞതോടെയാണ് ഹരി പണിക്കു പോകാന്‍ തുടങ്ങിയത്. പ്ലസ് ടു പഠനത്തിന് ശേഷം ഇലക്ട്രീഷ്യന്‍ കോഴ്‌സ് പാസായ ഹരിയ്ക്ക് വയറിംഗ് ജോലിയിലൂടെ കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
ഹരിക്കും കൃഷ്ണന്‍കുട്ടിക്കും ഒരുപിടി ചെറിയ വലിയ സ്വപ്‌നങ്ങള്‍കൂടി ബാക്കിയുണ്ട്. ശ്രീലക്ഷ്മിയുടെ വിവാഹം നടത്തണം. വായ്പ എടുത്തു പണിത വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കണം. പക്ഷെ അതിനെക്കുറിച്ചൊന്നുമുള്ള ആശങ്കകള്‍ ഈ അച്ഛനും മകനുമില്ല. കാരണം ജീവിതം അവരെ പഠിപ്പിച്ചത് അങ്ങനെയാണ്. പ്രതിസന്ധികള്‍ വന്നുകൊണ്ടയിരിക്കും. ഒരു പുഞ്ചിരിയോടെ അതിനെ നേരിടാന്‍ തയ്യാറായാല്‍ അതിജീവിക്കാനുള്ള വഴിയും താനെ തെളിയും. അപ്പോഴാണ് ജീവിതം മനോഹരമായിത്തീരുന്നത്.

You might also like

Leave A Reply

Your email address will not be published.