സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോള്‍…

79

ഏതൊരു കുട്ടിയേയും പോലെ കളിയും പഠനവും യാത്രകളുമായാണ് ഞാനും ബാല്യം ചെലവിട്ടത്. ആറാം വയസായിരുന്നു ജീവിതത്തിലെ വഴിത്തിരിവെന്ന് പറയാം. ഒരു മെയ് മാസത്തില്‍ അമിതമായ സൂര്യപ്രകാശത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തതോടെയാണ് കാഴ്ചയ്ക്ക് മങ്ങലേറ്റു തുടങ്ങിയത്. പരിപാടി കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിച്ച എനിക്ക് പിന്നീട് ഒന്നും കാണാന്‍ സാധിച്ചില്ല. പേടിച്ച് ഉറക്കെ കരയുകയാണ് ഞാന്‍ ചെയ്തത്. എനിക്ക് എന്താണ് സംഭവിച്ചതെന്ന് അച്ഛനോടും അമ്മയോടും വ്യക്തമായി പറയാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. ഉടനെ ആശുപത്രിയിലെത്തി. വളരെ പെട്ടെന്നുള്ള ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷവും എല്ലാ ശ്രമവും വിഫലമാകുകയായിരുന്നു. എന്റെ കണ്ണിന്റെ റെറ്റിന അടര്‍ന്നുവീണതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട ഞാന്‍ പിന്നീട് എഴുത്തിനെ കൂട്ടുപിടിച്ചു. പിന്നീട് ജീവിതത്തെ നയിച്ചത് അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷകളായിരുന്നു.

താങ്ങായ അമ്മ

അമ്മയായിരുന്നു എന്റെ കൈതാങ്ങ്. എനിക്ക്
പഠിക്കാനുള്ള പ്രേരണ നല്‍കിയതും അമ്മയാണ്. എന്റെ എല്ലാ കാര്യങ്ങളും നോക്കുകയും സ്‌കൂളില്‍ എത്തിക്കുന്നതും തിരിച്ചുകൊണ്ടുവന്നതുമെല്ലാം അമ്മയുടെ ചുമതലയായിരുന്നു. സമൂഹം എന്ത് പറയുന്നു എന്നതിലല്ല മകള്‍ക്ക് എന്ത് വേണം എന്ന് മാത്രമായിരുന്നു അമ്മയുടെ ചിന്ത. അതായിരുന്നു എന്റെ പ്രചോദനം. ടീച്ചര്‍മാരെ നേരില്‍ കണ്ട് പാഠഭാഗങ്ങള്‍ ചര്‍ച്ച ചെയ്ത് എന്നെ പഠിപ്പിക്കുന്നതും കൂട്ടുകാരുടെ പാഠപുസ്തകങ്ങള്‍ വാങ്ങി പാഠഭാഗങ്ങള്‍ എഴുതിയെടുക്കുന്നതുമെല്ലാം അമ്മയായിരുന്നു. കാഴ്ച നഷ്ടപ്പെട്ടതിന്റെ തൊട്ടടുത്ത അധ്യായന വര്‍ഷം എന്നെ കമല മേത്ത ബ്ലൈന്‍ഡ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ് സ്‌കൂളില്‍ ചേര്‍ത്തു. അവിടെ നിന്ന് ബ്രെയ്ല്‍ ലിപി പഠിക്കാന്‍ സാധിച്ചു. അതിലൂടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ എനിക്കായി. സ്വതന്ത്രമായ രീതിയില്‍ വായിക്കാനും എഴുത്താനും സാധിച്ചപ്പോള്‍ ജീവിതത്തില്‍ എന്തൊക്കെയോ നേടിയ സന്തോഷമാണ് എന്നില്‍ വളര്‍ന്നത്. പന്ത്രണ്ടാം ക്ലാസില്‍ 85 ശതമാനം മാര്‍ക്കോടെയാണ് പാസായത്. കോളജില്‍ ചേര്‍ന്നപ്പോഴും മാതാപിതാക്കള്‍ ഒപ്പം നിന്നു. ആദ്യ രണ്ട് വര്‍ഷം ബ്രെയ്ല്‍ ലിപിയിലെ പാഠപുസ്തകങ്ങള്‍ എനിക്ക് ലഭിച്ചിരുന്നില്ല. ആ നാളുകളിലെല്ലാം അമ്മ പൂര്‍ണ്ണമായും എന്റെ അധ്യാപികയാവുകയായിരുന്നു. പിന്നീടാണ് ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പഠിച്ചത്. ഇത് വലിയൊരു വഴിത്തിരിവായി. കമ്പ്യൂട്ടര്‍ പഠനത്തിലൂടെ ഒട്ടനേകം അറിവുകള്‍ നേടാന്‍ സാധിച്ചു. പത്രം വായിക്കാന്‍ പഠിച്ചതിലൂടെ പൊതുവിഞ്ജാനത്തില്‍ കൂടുതലായി ശ്രദ്ധ നേടാനും സമകാലിക സംഭവങ്ങള്‍ മനസ്സിലാക്കാനും കഴിഞ്ഞു. മാനവിക വിഷയങ്ങളിലൂടെയാണ് ഞാന്‍ പഠനം മുന്നോട്ട് കൊണ്ടുപോയത്. മുബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം ഡല്‍ഹി ജെ.എന്‍.യുവില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷനില്‍ ബിരുദാനന്ദര ബിരുദവും, എം.ഫിലും പി.എച്ച്.ഡി.യും നേടി.

സിവില്‍ സര്‍വ്വീസ് എന്ന സ്വപ്‌നം

ഡിഗ്രി പഠനകാലത്താണ് ഐ.എ.എസ് എന്ന സ്വപ്‌നം എന്നിലേക്കെത്തുന്നത്. അതിന് വേണ്ടി പഠിക്കാനും ഓരോ വിഷയങ്ങളിലും കൂടുതല്‍ ഗ്രാഹ്യമുണ്ടാക്കാനും ശ്രമിച്ചിരുന്നു. 2016-ല്‍ ആദ്യമായി സിവില്‍ സര്‍വ്വീസ് എഴുതിയപ്പോള്‍ 773-ാം റാങ്കാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. എപ്പോഴും എന്നില്‍ നിറഞ്ഞിരുന്ന സ്വപ്‌നം ഐ.എ.എസ്. ആയിരുന്നു. ആദ്യമായി എഴുതിയതില്‍ ലഭിച്ച 773-ാം റാങ്കില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. ആ റാങ്ക് ലിസ്റ്റില്‍ നിന്ന് ഞാന്‍ എത്തിപ്പെട്ടത് ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്‌സ് സര്‍വ്വീസ് (ഐ.ആര്‍.എ.എസ്) വിഭാഗത്തിലാണ്. എന്നാല്‍ പൂര്‍ണ്ണമായി അന്ധതയുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ സാധിക്കില്ലെന്ന അറിയിപ്പാണ് വിഭാഗം നല്‍കിയത്.

ഇതെല്ലാം നടക്കുന്നതോടൊപ്പം 2017-ലെ സിവില്‍ സര്‍വ്വീസ് പ്രിലിമിനറിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ഫരീദാബാദിലെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്ന് പഠനം മികച്ചതാക്കി. ഒരു സമയം പോലും മറ്റൊന്നിനും മാറ്റി വയ്ക്കാതെ പഠനത്തിന് ചെലവഴിച്ചു. അഭിമുഖത്തിന് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍, പഴയ ചോദ്യപേപ്പറുകള്‍, കൂടുതല്‍ പുസ്തകങ്ങള്‍ എല്ലാം റഫര്‍ ചെയ്തു. സ്വന്തം അഭിപ്രായ രൂപീകരണത്തിനും പുതിയ അറിവുകള്‍ നേടാനുമാണ് ഞാന്‍ ഈ അവസരങ്ങള്‍ ഉപയോഗിച്ചത്.

സിവില്‍ സര്‍വ്വീസിലെ കടമ്പ

സ്‌ക്രൈബിനെ വെച്ചാണ് പരീക്ഷയെഴുതിയത്. അവരില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞുകൊടുത്തത് പൂര്‍ണ്ണമായി മനസ്സിലാക്കി ക്ഷമയോടെ എന്നാല്‍ വളരെ വേഗത്തില്‍ അവര്‍ക്ക് പരീക്ഷയെഴുതാന്‍ സാധിച്ചു. വളരെ കുറച്ച് സമയത്തില്‍ വളരെ ഭംഗിയായി ഉത്തരങ്ങളെഴുതാന്‍ അവര്‍ സഹായിച്ചു. ചെറിയ സമയത്തിനുള്ളില്‍ വളരെ വലിയ ഉത്തരങ്ങളാണ് എഴുതേണ്ടിയിരുന്നത്. എന്റെ ഉത്തരങ്ങളില്‍ മനസ്സിലാകാതെ പോകുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അവര്‍ കൃത്യമായി ചോദിച്ച് മനസ്സിലാക്കി എഴുതിപ്പോയി. സമയം ധാരാളം ലഭിച്ചതിനാല്‍ ഉത്തരം വീണ്ടും വിശകലനം ചെയ്യാനും കഴിഞ്ഞു. വലിയ ആത്മവിശ്വാസത്തോടെയാണ് പരീക്ഷഹാളില്‍ നിന്നിറങ്ങിയത്. അഭിമുഖത്തില്‍ എന്റെ അഭിപ്രായം ചോദിച്ചുകൊണ്ടുള്ള ചോദ്യങ്ങളാണ് എന്നിലേക്ക് എത്തിയത്. അഭിപ്രായ സ്വതന്ത്ര്യം, വിദ്യാര്‍ഥി രാഷ്ട്രീയം എന്നിവയെക്കുറിച്ചും പൊളിറ്റിക്കല്‍ സയന്‍സിനെക്കുറിച്ചും അവര്‍ അഭിപ്രായങ്ങള്‍ ചോദിച്ചു.

കുടുംബം

മഹാരാഷ്ട്രയില്‍ ഉല്ലാസ്‌നഗര്‍ സ്വദേശിയാണ്. അച്ഛന്‍ ദൂരദര്‍ശനില്‍ എന്‍ജിനീയറായ എല്‍.ബി.പട്ടേല്‍. അമ്മ ജ്യോതി പട്ടേല്‍ വീട്ടമ്മയാണ്. സഹോദരന്‍ നിഖില്‍ പട്ടേല്‍. ബിസിനസുകാരനായ കോമള്‍ സിങ് പാട്ടേലാണ് ഭര്‍ത്താവ്

സ്വപ്‌നങ്ങള്‍ ഏറെയുണ്ട്

124-ാം റാങ്കാണ് 2017-ല്‍ സിവില്‍ സര്‍വ്വീസില്‍ എനിക്ക് ലഭിച്ചത്. മുസോറിയിലെ പരിശീലനത്തിന് ശേഷം മെയ് 27-ാം തീയതിയാണ് കേരളത്തിലെത്തുന്നത്. ആദ്യ പോസ്റ്റിംഗായി എറണാകുളം ജില്ലയിലെ അസിസ്റ്റന്റ് കളക്ടര്‍ പദവിയാണ് എനിക്ക് ലഭിച്ചത്. ആദ്യമായാണ് കേരളത്തിലെത്തുന്നത്. ഇവിടെയുള്ള എല്ലാ കാര്യങ്ങളും പഠിക്കുക എന്നതാണ് ഇനി ഞാന്‍ ചെയ്യാന്‍ പോകുന്നത്. വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് ഞാന്‍ എന്റെ ജോലി നോക്കി കാണുന്നത്. എല്ലാ കാര്യങ്ങളും വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ നൂറ് ശതമാനം ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. നാട്ടിലേക്ക് എനിക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്ത് നല്‍കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. കേരളത്തെക്കുറിച്ച് വായിച്ചു മാത്രമുള്ള അറിവാണ് എനിക്കുള്ളത്. വളരെയേറെ പുരോഗമന ചിന്താഗതിക്കാരുള്ള നാടാണിത്. വികസനത്തിന് ശ്രദ്ധ നല്‍കുന്ന ഈ സ്ഥലത്ത് നിന്നും ഒട്ടനവധി കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് സാധിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

You might also like

Leave A Reply

Your email address will not be published.