പരിമിതിയില്ലാത്ത പാതകളില്‍  പ്രജിത്തിന്റെ സഞ്ചാരങ്ങള്‍

ജോര്‍ജ് കൊമ്മറ്റം

66
2011 ഏപ്രില്‍ 1. പ്രജിത് ജയ്പാല്‍ എന്ന ചെറുപ്പക്കാരന് ഒരിക്കലും മറക്കാനാകാത്ത ദിവസം. ആകാശസീമയോളം ഉയര്‍ന്നുപറന്ന ഒരു പട്ടം ചരടുപൊട്ടിയതുപോലെ താഴേക്കുപതിച്ച ദിവസം. വിശ്രമമില്ലാത്ത ജോലിത്തിരക്കുകളില്‍ നിന്ന്  ജീവിതം  ആശുപത്രികളിലേക്കും ഒടുവില്‍ വീല്‍ചെയറിലേക്കും ചുരുങ്ങിയ ദിവസം. അന്ന് രാത്രി തൃശൂരിലെ ജോലി സ്ഥലത്ത് നിന്നും കോഴിക്കോട്ടെ സ്വന്തം ഭവനത്തിലേക്കുള്ള യാത്രയില്‍ തൊണ്ടയാട് ബൈപ്പാസില്‍ വെച്ച് അദ്ദേഹം ഓടിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടി കാര്‍ തലകീഴായി മറിഞ്ഞു. ഒന്നര മണിക്കൂറുകളോളം കാറില്‍ കുടുങ്ങിപ്പോയ അദ്ദേഹത്തെ അതുവഴി വന്ന ഒരു ആംബുലന്‍സ് ഡ്രൈവര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു.  നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ കഴുത്തിന് താഴെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. ക്വാഡ്രീപീജിയ എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന അവസ്ഥ. ശരീരത്തിന്റെ നഷ്ടപ്പെട്ട ചലനശേഷി ഒരിക്കലും വീണ്ടെടുക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. പക്ഷേ വിധിക്ക് കീഴടങ്ങാന്‍ പ്രജിത് ജയ്പാല്‍ ഒരുക്കമായിരുന്നില്ല.
ഇങ്ങനെ കിടന്നാല്‍ പോരാ. മറ്റുള്ളവരെ പോലെ എനിക്ക് എഴുന്നേറ്റ് നടക്കണം. ചിന്തകള്‍ക്കുമേലല്ലാതെ, ശരീരത്തില്‍ ഒരു നിയന്ത്രണവുമില്ലാതെ കിടന്നിരുന്ന പ്രജിത് ജയപാലിന്റെ മനസ്സില്‍ ഒരു ചിന്ത മാത്രമേ ബാക്കിനിന്നിരുന്നുള്ളു. ഞാന്‍ അതീജിവിക്കും.
സില്‍വര്‍ഹില്‍സ് ഹൈസ്‌കൂളിലെ പഠനത്തിനുശേഷം പ്രമുഖ കോളജുകളില്‍ പഠനം പൂര്‍ത്തിയാക്കി. ഇന്റര്‍നാഷണല്‍ ബിസ്‌നസ് മാനേജ്‌മെന്റില്‍ എംബിഎ കഴിഞ്ഞ്  എട്ടോളം ടെലികോം കമ്പനികളില്‍ മാറി മാറി ജോലി ചെയ്തു.  ഒടുവില്‍ പ്രസ്തമായ സ്വകാര്യ ടെലികോം കമ്പനിയുടെ എരിയ മാനേജരായി കുതിച്ചുയരുന്ന കാലത്താണ് ജീവിതത്തിന്റെ ടയര്‍ പൊട്ടിയതും. ചലനം നിലച്ചതും.
അപകടം അദ്ദേഹത്തിന്റെ ജീവിതം തലകീഴായി മറിച്ചു. വെള്ളത്തില്‍ സോഡിയം പോലെ ഓടി നടന്നിരുന്ന ഒരു വ്യക്തി ഒരു ദിവസം കൊണ്ട് കിടക്കയില്‍നിന്ന് ഏണീല്‍ക്കാല്‍ പോലുമാകാത്ത അവസ്ഥയില്‍. കിടന്നകിടപ്പുതന്നെ. മെഡിക്കല്‍ കോളേജില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്കും വെല്ലൂരിലേക്കും ചികിത്സ തേടിപ്പോയി. പക്ഷേ, രണ്ടരവര്‍ഷത്തോളം കിടന്നകിടപ്പുതന്നെ.   ഇനി ഒരിക്കലും എണീറ്റ് നടക്കാന്‍ കഴിയില്ല. സത്യം അംഗീകരിക്കുക എന്നതായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. പക്ഷേ, എന്തിനെയും തോല്പിക്കുവാനും ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കുവാനും കഴിയുമെന്ന് പ്രജിത്തിന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ അമ്മയും അച്ഛനും കൂട്ടുകാരനും കൂടെനിന്ന് ശക്തിപകര്‍ന്നുകൊണ്ടിരുന്നു. കിടക്കയില്‍ നിന്നും അദ്ദേഹം വീല്‍ചെയറിലേക്കു മാറി.
കൈയും കാലും ശരീരവും ഒന്നും അനക്കാന്‍ കഴിയാതിരുന്ന അദ്ദേഹം മെല്ലെ മെല്ലെ മൊബൈലില്‍ മെസേജ് ടൈപ്പ് ചെയ്തുതുടങ്ങി. അച്ഛനും അമ്മയ്ക്കും ഒരു ബാധ്യതയാകാന്‍ ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചില്ല. അവരുടെ കണ്ണില്‍ വെള്ളം നിറയാതിരിക്കാന്‍ അദ്ദേഹം അവരോട് നിരന്തരം സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു. ശിഷ്ടകാലം  വിധിയേയോ, ദൈവത്തെയോ പഴിച്ചുകൊണ്ട് വീല്‍ചെയറില്‍ കഴിയാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചില്ല.  ദിവസം 6 മണിക്കൂര്‍ അദ്ദേഹം ഫിസിയോതെറാപ്പി ചെയ്തു. അവിടെ വെച്ചുപരിചയപ്പെട്ടവരില്‍ മൂന്നോ നാലോ പേര്‍ പ്രജിത്തിന്റെ ആത്മവിശ്വാസം കണ്ട് ഞെട്ടി. അവര്‍ക്കും  പ്രചോദനമായി അദ്ദേഹത്തിന്റെ മനോധൈര്യം. നടക്കാന്‍ കഴിയില്ലെന്നു സ്വയം കരുതിയിരുന്ന അവരില്‍ ചിലര്‍ പ്രജിത്തിന്റെ ആത്മവിശ്വാസത്തിന്റെ കിരണങ്ങള്‍കൊണ്ട് പ്രജിത്തിനുമുമ്പേ വീല്‍ചെയര്‍ ഉപേക്ഷിച്ച് തുടങ്ങി. പോകുന്നിടത്തെല്ലാം പുഞ്ചിരിയും സന്തോഷവും പ്രചോദനവുമായി വിതറുന്ന പ്രജിത് അങ്ങനെ വൈകല്യമുള്ളവരുടെ വക്താവായി.
സ്‌കൂള്‍ കാലങ്ങളില്‍ അദ്ദേഹം നന്നായി പാടുമായിരുന്നു. വീണത് വിദ്യയാകട്ടെ എന്ന് വിചാരിച്ച് സംഗീതവിദ്യ അഭ്യസിക്കാന്‍  കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയുടെ പക്കല്‍ ശിഷ്യത്വം തേടി. സംഗീതപഠനം ആരംഭിച്ചു. വാര്‍മുകില്‍ മ്യൂസിക് ബ്രാന്‍ഡിനുവേണ്ടി പാടാനും തുടങ്ങി.
സ്‌കൂള്‍ കാലങ്ങളില്‍ തന്നില്‍ ഒളിച്ചിരിക്കുന്ന ഒരു ചിത്രകാരനുണ്ടെന്നദ്ദേഹത്തിനറിയാമായുരുന്നു.  ഏതായാലും തലവര മാറ്റാനാവില്ലെങ്കിലും തന്റെ വരയ്ക്കാനുള്ള കഴിവിനെ മാറ്റിവരച്ചുകളയാം എന്ന് അദ്ദേഹം തീരുമാനിച്ചു. ചിത്രപഠനവും ആരംഭിച്ചു. അദ്ദേഹം തന്നെ വരച്ച ശ്രീകൃഷ്ണ-കുചേല  സമാഗമ ചിത്രമായിരുന്നു ഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടപ്പോള്‍ അദ്ദേഹത്തിന് സമ്മാനിച്ചത്.
ഇത്രയൊക്കെ ആകാമെങ്കില്‍ ഒരു ജോലി കൂടി ആവാം എന്നായി അടുത്ത ചിന്ത.  നേരത്തെ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ ചോദിച്ചു. പ്രജിത്തിന് എന്ത് ജോലിയാണ് തരിക. അവരുടെ ചോദ്യം അദ്ദേഹത്തെ നിരാശപ്പെടുത്തി. പക്ഷേ അദ്ദേഹം തളര്‍ന്നില്ല, കൂടുതല്‍ ശക്തിയോടെ ഉയിര്‍ത്തെഴുന്നേറ്റു. എങ്കില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് കാണിച്ചുകൊടുക്കണമെന്ന് ഒരു മോഹം ഉള്ളിലുദിച്ചു.
ചെറുപ്പം മുതലെ വലിയ പാഷനായിരുന്ന ഡ്രൈവിംഗില്‍ തന്നെ മാറ്റുരയ്ക്കാന്‍ തീരുമാനിച്ചു. അംഗപരിമതിര്‍ക്ക് ഓടിക്കുവാന്‍ കഴിയുന്ന വിധത്തില്‍ ഒരു മാരുതി കാര്‍ ഓള്‍ട്ടര്‍ ചെയ്യിച്ചു.  ഡ്രൈവിംഗ് പരിശീലിച്ചു. എന്നാല്‍ ഇനി ഒരു ദീര്‍ഘദൂര യാത്രയാവാം എന്ന് കരുതി. കോഴിക്കോട് നിന്നും  ഡല്‍ഹിയിലേക്ക് കാറില്‍ യാത്ര തിരിക്കുവാന്‍ തീരുമാനിച്ചു. അംഗപരിമിതരായവരുടെ ആവശ്യങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
സ്വന്തമായി നടക്കാന്‍ പോലും കഴിയാത്ത ഒരു വ്യക്തി എങ്ങനെ ഡല്‍ഹിയിലെത്തും എങ്ങനെ അവിടുത്തെ കാലാവസ്ഥയെ അതിജീവിക്കും എന്നൊക്കെ  പറഞ്ഞ് പലരും യാത്രയുടെ ഗിയര്‍ ഡൗണ്‍ ചെയ്യുവാന്‍  ശ്രമിച്ചെങ്കിലും  അതൊന്നും പ്രജിത്തിനെ ബാധിച്ചില്ല.  അമ്മ പറഞ്ഞു മകനെ നീ ഏപ്രില്‍ ഒന്നിന്  യാത്ര ആരംഭിക്കുവാന്‍ വിചാരിച്ചെങ്കില്‍ അന്നുതന്നെ പുറപ്പെടുക. മറ്റൊന്നും ആലോചിക്കേണ്ട. അമ്മയുടെ വാക്കുകളും കൂട്ടുകാരുടെ പിന്തുണയും ഇന്ധനമായി. കാറില്‍ കോഴിക്കോട് നിന്നും 4500 കിലോമീറ്ററോളം 23 ദിവസം കൊണ്ട് യാത്ര ചെയ്ത് ഡല്‍ഹിയിലെത്തി.  യാത്ര തുടങ്ങും മുമ്പെ തന്നെ പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് മെയില്‍ അയച്ചിരുന്നു. ഡല്‍ഹിയിലെത്തി, പ്രധാനമന്ത്രിയെ നേരില്‍ക്കണ്ടു. ഏതാണ്ട് 25  മിനിട്ടോളം  പ്രധാനമന്ത്രിയുമായി അംഗപരിമിതരായവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് അവര്‍ക്കുവേണ്ടി  എന്തുചെയ്യാന്‍ കഴിയുമെന്ന്  ചര്‍ച്ചചെയ്തു. അംഗപരിമിതര്‍ക്കായി അമേരിക്കയില്‍ നടത്തുന്നതുപോലെ ഒരു ഡിസ്എബിലിറ്റി എക്‌സ്‌പോ ഇന്ത്യയിലും നടത്തണമെന്ന് നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദമായി പഠിക്കുന്നതിനായി പ്രധാനമന്ത്രി പ്രജിത്തിനെ അമേരിക്കയിലേക്കയച്ചു.  അവിടുത്തെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അമേരിക്കയില്‍ എല്ലാവരും  അംഗപരിമിതരോട് പരിഗണനയുള്ളവരാണ്. അംഗപരിമിതനായ ഒരു വ്യക്തി ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ചെല്ലുന്നത്  അവിടെ നില്‍കുന്ന ഒരു കുട്ടി  കാണുകയാണെങ്കില്‍ ആ കുട്ടി ഓടി വന്ന് വാതില്‍  തുറന്നുകൊടുക്കും.  അതാണ് അവിടുത്തെ സംസ്‌ക്കാരം. നമ്മുടെ സമൂഹത്തിലും അംഗപരിമിതരായവരോട് അനുകമ്പയല്ല, പരിഗണനയാണ് വേണ്ടത് പ്രജിത്ത് പറയുന്നു.
ദിവ്യാംഗ് ഫൗണ്ടേഷന്‍ എന്ന പേരില്‍ അംഗപരിമിതര്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ ഒരു ട്രസ്റ്റും കോഴിക്കോട് ആസ്ഥാനമായി അദ്ദേഹം സ്ഥാപിച്ചു. അംഗപരിമിതരായവരുടെ ആവകാശങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, പൊതു ഇടങ്ങള്‍ അംഗപരിമത സൗഹൃദമാക്കുക എന്ന ആവശ്യവും  ഫൗണ്ടേഷനുണ്ട്. അംഗപരിമിതരായവരുടെ വിവിധ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് അവര്‍ക്ക് ആവശ്യമുള്ളതെല്ലാം അദ്ദേഹം ചെയ്തുകൊടുക്കുന്നു. അല്ലെങ്കില്‍ അതിനുള്ള വഴിയൊരുക്കുന്നു. അംഗപരിമിതരായവര്‍ക്കുവേണ്ടി ഒരു പാട് പദ്ധതികളാണ് അദ്ദേഹത്തിന്റെ മനസ്സിലുള്ളത്. ഡിസ്എബിലിറ്റി എക്‌സ്‌പോയും  ഒരു ഡിസ്എബിലിറ്റി വില്ലേജും അദ്ദേഹത്തിന്റെ തളരാത്ത മനസ്സിലുണ്ട്.
ജീവിതമെന്നാല്‍ സൗഹൃദവും സന്തോഷവുമാണ്. എവിടെയെങ്കിലും സ്ട്രക്കായി എന്നുതോന്നിയാല്‍ ഒന്നു ബ്രേക്കിടുക.  കുടുതല്‍ ശക്തിയോടെ മുന്നോട്ട് പോകുക. അല്ലതെ കുടുങ്ങിയിടത്ത് കിടക്കരുത് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

You might also like

Leave A Reply

Your email address will not be published.