നീലഗിരിയിലെ നിധിശേഖരം തേടി…

ബെല്‍ബിന്‍ പുതിയേടത്ത്

35

നീലഗിരിയുടെ സ്വര്‍ണ്ണം അവിടെ സുരക്ഷിതമാണ്. നിധി കാക്കുന്ന ഭൂതത്തെപ്പോലെ ആ അളവറ്റ സ്വര്‍ണ്ണശേഖരം തന്റെ നിഗൂഡതകളില്‍ ഒളിപ്പിച്ച് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ സഹ്യന്റെ മലമടക്കിലേക്കെത്തുന്നവരെയും കാത്തിരിക്കുകയാണ് ഇന്നും ആ ഖനികളത്രയും

സഹ്യന്റെ മലനിരകളില്‍ കാടും കാട്ടരുവികളും ഒരുക്കി സഞ്ചാരികളെ മാടിവിളിക്കുന്ന ഈ വര്‍ത്തമാനത്തിനപ്പുറം അധികമൊന്നും വിസ്മൃതിയിലാഴാത്ത ഭൂതകാലം ഓര്‍ത്തെടുക്കാനുണ്ടാകും വയനാടന്‍ മണ്ണിന്. കാട് വീടാക്കിയവര്‍ എഴുപതടി താഴ്ച്ചയില്‍ നിന്ന് കുഴിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ ഖ്യാതി കേട്ട് വന്ന വൈദേശിയര്‍ക്ക് അല്‍പം മാത്രം നല്‍കി, ബാക്കി നിഗൂഢമായ ഉള്ളറകളില്‍ കാത്തുവെച്ച ഭൂതകാലം. അളവില്ലാത്ത സ്വര്‍ണ്ണസമ്പത്ത് മോഹിച്ച് കാലദേശഭേദമന്യേ പൊന്നുറവ തേടിയിറങ്ങിയവര്‍ അനേകമായിരുന്നു. ഈ പടപ്പുറപ്പാടിന് പക്ഷേ, ചരിത്രം എഴുതിത്തള്ളിയ വിഢ്ഢിത്തങ്ങളിലാണ് ഇന്നും സ്ഥാനം.
സ്വര്‍ണ്ണഖനനത്തിനുള്ള വിദേശ യന്ത്രങ്ങള്‍ മലബാറിന്റെ മണ്ണിലിറങ്ങിയപ്പോള്‍ കമ്പനി വിദ്വേഷികളുടേയും കറുപ്പ് ഉല്‍പാദകരുടേയും നാട് എന്ന ദുഷ്‌പേരില്‍ നിന്ന് മോചനം തേടി മണ്ണിനും കാലാവസ്ഥക്കും ഉതകുന്ന കൃഷിരീതികള്‍ പഥ്യമാക്കുകയായിരുന്നു വയനാട്ടുകാര്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയോടെതേയിലയും കാപ്പിയും വയനാടിന്റെ വാണിജ്യരേഖയില്‍ സ്ഥാനം പിടിച്ചു. 1840 കളിലാണ് കാപ്പിത്തോട്ടങ്ങള്‍ വയനാട്ടില്‍ കണ്ടുതുടങ്ങിയത്. ഏറെ വൈകാതെ 1854ല്‍ തേയിലകൃഷിയും തുടങ്ങി. ചൈനയില്‍നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത തേയിലത്തൈകള്‍ വയനാടന്‍ മണ്ണില്‍ വേരുകളൂന്നി. ഇതിനും ഒരു നൂറ്റാണ്ട് മുമ്പാണ് നീലഗിരിയുടെ താഴ് വരകളില്‍ സ്വര്‍ണ്ണഅറകള്‍ ഉണ്ടെന്ന അറിവ് പടര്‍ന്നത്.

1792ല്‍ മുംബൈയിലും ബംഗാളിലുമുള്ള കമ്മിഷന്‍ ഇക്കാര്യം ബ്രിട്ടിഷ് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പക്ഷേ 1807 ല്‍ ഡോ. ബക്ക്‌നാന്‍ നല്‍കിയ ഉറപ്പിന്‍മേല്‍ സ്വര്‍ണ്ണഖനി തേടിയിറങ്ങിയ ബ്രിട്ടിഷുകാര്‍ക്ക് നിരാശയായിരുന്നു ഫലം. അന്നത്തെ മലബാര്‍ കളക്ട്ടറും ടി.എച്ച് ബാബറിനെപ്പോലുള്ളവരും നീലഗിരി,കുണ്ടറ പ്രദേശങ്ങളിലെ സ്വര്‍ണ്ണനിക്ഷേപത്തെ പിന്‍താങ്ങിയെങ്കിലും അവര്‍ നടത്തിയ ദൗത്യങ്ങളൊന്നും വിജയം കണ്ടില്ല. 1833 ല്‍ അന്നുവരെ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഇല്ലാതിരുന്ന ഗ്രാമങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ കമ്മീഷന്‍ തീരുമാനിച്ചു.

അതിനുശേഷം 1857 ല്‍ ഓസ്‌ട്രേലിയക്കാരായ സ്റ്റേര്‍ണും വിതേഴ്‌സും ആല്‍ഫ ഗോള്‍ഡ് കമ്പനിക്ക് വേണ്ടി ഖനനം ഏറ്റെടുത്ത് ഇറങ്ങിയപ്പോഴാണ് ഏറെക്കുറെ എല്ലാവരും മറന്നുതുടങ്ങിയ ഈ വിഷയം വീണ്ടും ഉദിച്ചു വന്നത്. പക്ഷേ സ്വര്‍ണ്ണഖനനത്തില്‍ എട്ടു വര്‍ഷത്തെ അനുഭവസമ്പത്ത് ഇവിടെ സ്റ്റേണിന് മുതല്‍കൂട്ടായില്ല. എന്നാല്‍ സ്റ്റേണ്‍ പരാജയപ്പെട്ടിടത്ത് വിതേഴ്‌സ് വിജയിച്ചുവെന്ന് പറയാം. 1874 ല്‍ പഴയ കോറമ്പൂര്‍ ഖനിയിലാണ് അവര്‍ ഖനനം ആരംഭിച്ചത്. 1878ല്‍ ആല്‍ഫക്ക് കൂട്ടായി രണ്ട് കമ്പനികള്‍കൂടി എത്തിയെങ്കിലും അവസാനം അവ മൂന്നും അടച്ചുപൂട്ടേണ്ടി വന്നു. സ്ഥല തിരഞ്ഞെടുപ്പിലെ പാളിച്ചകളും ഖനനത്തിനുതകാത്ത ഉപകരണങ്ങളും സര്‍വ്വോപരി ഖനനം ചെയ്ത രീതിയിലെ പോരായ്മകളും അവരുടെ പരാജയത്തിനു വഴിതെളിച്ചു.
1875 ല്‍ ജിയോളജിക്കല്‍ സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ ഡോ. ഡബ്‌ള്യൂ. കിംഗ് നടത്തിയ പഠനവും ഓസ്‌ട്രേലിയക്കാരനായ ബ്രോഗ് സ്മിത്ത് നടത്തിയ പഠനവും ഇതിനുദാഹരണമാണ്. ഡോ.കിഗ് രണ്ട് ഘട്ടമായാണ് പഠനം പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടമായപ്പോഴേക്കും ഖനനപ്രദേശം നീലഗിരി ജില്ലയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. ഇതിനുശേഷം 1879 ലാണ് സ്മിത്ത് തന്റെ പഠനം ആരംഭിക്കുന്നത്. ചില പ്രദേശങ്ങളില്‍ സ്വര്‍ണ്ണത്തിന്റെ സാന്നിദ്ധ്യം കൃത്യമായിരുന്നെങ്കിലും ചിലയിടങ്ങളില്‍ കണക്കുകൂട്ടലുകള്‍ തെറ്റി.

അങ്ങനെയിരിക്കെ 1879 ലാണ് അത് സംഭവിച്ചത്. ഇഗ്ലണ്ടില്‍ ആ സമയത്ത് തുടങ്ങിയ 41 കമ്പനികള്‍ക്കായി ‘സ്വര്‍ണ്ണ ഭൂമി’ വീതിച്ചു നല്‍കി. കുഴിച്ചെടുക്കുന്ന സ്വര്‍ണ്ണം കിനാവുകണ്ട് നിരവധി ചെറുകിട കമ്പനികളും രൂപപ്പെട്ടു. ഖനന വിദഗ്ദ്ധര്‍ വയനാട്ടിലേക്ക് ഒഴുകിയെത്തി. ഓസ്‌ട്രേലിയ അടക്കം വിവിധ രാജ്യങ്ങളില്‍നിന്നായി യന്ത്രങ്ങള്‍ എത്തിച്ചു. 1881 ല്‍ കാടടച്ച് ഖനനം ആരംഭിച്ചു. ഒരു ഖനിയില്‍നിന്ന് ഓരോ ടണ്ണിലും നാല് ഔണ്‍സ് സ്വര്‍ണ്ണം വീതം കിട്ടുമെന്ന് കരുതിയിടത്ത് ആദ്യ ടണ്ണില്‍ മാത്രമേ നാല് ഔണ്‍സ് സ്വര്‍ണ്ണം ലഭിച്ചൊള്ളു.
നീലഗിരിയുടെ സ്വര്‍ണ്ണം അവിടെ സുരക്ഷിതമാണ്. നിധി കാക്കുന്ന ഭൂതത്തെപ്പോലെ ആ അളവറ്റ സ്വര്‍ണ്ണശേഖരം തന്റെ നിഗൂഡതകളില്‍ ഒളിപ്പിച്ച് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ സഹ്യന്റെ മലമടക്കിലേക്കെത്തുന്നവരേയും കാത്തിരിക്കുകയാണ് ഇന്നും ആ ഖനികളത്രയും.

You might also like

Leave A Reply

Your email address will not be published.