ഇങ്ങനെ ആയിക്കൂടെ നമുക്കും ?

83

തന്റെ പതിവ് നടത്തത്തിനിടയില്‍ ഒരു ദിവസം ഫ്രാന്‍സ് കാഫ്ക പാര്‍ക്കില്‍വെച്ച് ഒരു കൊച്ചു പെണ്‍കുട്ടിയെ കണ്ടുമുട്ടി. അവള്‍ കരഞ്ഞുകൊണ്ട് പാര്‍ക്കില്‍ എന്തോ അന്വേഷിച്ചു നടക്കുകയാണ്. കാഫ്ക അവളോട് കാര്യം തിരക്കി. തന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെ പാര്‍ക്കിലെവിടെയോ കാണാതായെന്നും താന്‍ ആ പാവക്കുട്ടിയെ തിരയുകയാണെന്നും അവള്‍ കരഞ്ഞുകൊണ്ട് കാഫ്കയോട് പറഞ്ഞു. അവളുടെ കണ്ണുകള്‍ തുടച്ച് ആശ്വസിപ്പിച്ചുകൊണ്ട് കാഫ്ക പറഞ്ഞു: ‘വിഷമിക്കേണ്ട. നിന്റെ പാവക്കുട്ടിയെ ഞാന്‍ കണ്ടുപിടിച്ചു തരാം. നാളെ ഈ സമയത്ത് മോള്‍ ഇവിടെ വരണം. അപ്പോള്‍ ഞാന്‍ പാവക്കുട്ടിയുമായിവരാം.’ അവള്‍ സമ്മതിച്ചു.
പിറ്റേന്ന് പറഞ്ഞതുപോലെ തന്നെ കാഫ്ക അവളെ കാണാനെത്തി. പക്ഷെ അദ്ദേഹത്തിന്റെ കയ്യില്‍ പാവക്കുട്ടി ഉണ്ടായിരുന്നില്ല. കാഫ്കയെ കണ്ടതും പെണ്‍കുട്ടി തന്റെ പാവക്കുട്ടിയെവിടെയെന്ന് അന്വേഷിച്ചു. അപ്പോള്‍ കാഫ്ക അവള്‍ക്ക് സ്‌നേഹപൂര്‍വം ഒരു കത്തു നീട്ടി അവളോട് പറഞ്ഞു: ‘ഇത് നിന്റെ പാവക്കുട്ടി നിനക്ക് തരാന്‍ എന്റെ കയ്യില്‍ തന്നു വിട്ടതാണ്.’ അവള്‍ കത്തു വാങ്ങി വായിച്ചു. അതില്‍ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്. ‘എന്നെ ഓര്‍ത്ത് വിഷമിക്കരുത്. ഞാന്‍ ഈ ലോകം മുഴുവന്‍ ചുറ്റിക്കാണാന്‍ ഒരു യാത്രപോവുകയാണ്. ഞാന്‍ കാണുന്ന കാഴ്ചകള്‍ നിന്നെ എഴുതി അറിയിക്കാം.’

കത്തുവായിച്ചു കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിക്ക് ആശ്വാസമായി. അവള്‍ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. ആ കത്ത് ഒരു പാട് കത്തുകളുടെ തുടക്കമായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കാണുമ്പോഴെല്ലാം നല്‍കാന്‍ കാഫ്ക ഓരോ കത്ത് കയ്യില്‍ കരുതുമായിരുന്നു. ആ കത്തുകള്‍ മുഴുവന്‍ അദ്ദേഹം എഴുതിയിരുന്നത് അവളുടെ പ്രിയപ്പെട്ട പാവക്കുട്ടി എഴുതുന്നതു
പോലെയായിരുന്നു. ഒടുവില്‍ അവരുടെ കൂടിക്കാഴ്ചകളുടെ അവസാനദിവസം കാഫ്ക അവള്‍ക്കൊരു പാവക്കുട്ടിയെ സമ്മാനിച്ചു. ഇതല്ല തന്റെ പാവക്കുട്ടിയെന്ന് പറഞ്ഞ് അവള്‍ അത് വാങ്ങാന്‍ മടിച്ചപ്പോള്‍ കാഫ്ക അവള്‍ക്കൊരു കത്തുകൂടി നല്‍കി. അതില്‍ ഇങ്ങനെയായിരുന്നു കുറിച്ചിരുന്നത്. ‘എന്റെ യാത്രകള്‍ എന്നെ മാറ്റി…’

ഈ കൊച്ചുകഥയ്ക്കുള്ളില്‍ വലിയൊരു സത്യം ഒളിഞ്ഞുകിടപ്പുണ്ട്. അത് ഇങ്ങനെയാണ്, നമ്മള്‍ സ്‌നേഹിക്കുന്നതില്‍ പലതും കാലക്രമേണ നമ്മളില്‍ നിന്നും നഷ്ടപ്പെട്ടുപോയേക്കാം. പക്ഷെ സ്‌നേഹം അത് അവസാനം മറ്റൊരു രൂപത്തില്‍ നമ്മളിലേക്ക് തന്നെ തിരിച്ചുവരും. ജീവിതത്തിലെ ചില നിമിഷങ്ങളില്‍ ചില നഷ്ടപ്പെടലുകള്‍ നമ്മളെ തളര്‍ത്തിയേക്കാം. അത് വ്യക്തികളോ സാധനങ്ങളൊ സ്ഥാനമാനങ്ങളൊ ആകാം.പക്ഷെ അത് എല്ലാത്തിന്റെയും അവസാനമാണെന്ന് കരുതരുത്. കാരണം നാം കാണിച്ച വിധേയത്വവും സ്‌നേഹവും ആന്മാര്‍ത്ഥ മാണെങ്കില്‍ അത് നമ്മളിലേക്ക് തന്നെ തിരിച്ചുവരും. നഷ്ടപ്പെട്ടത്തിലും മനോഹരമായി, പുതിയ ഭാവത്തിലും രൂപത്തിലും. ഇന്നുകൊണ്ട് തീരുന്നതല്ല ഒന്നും നല്ല നാളെകള്‍ നമ്മെ കാത്തിരിപ്പുണ്ട്.

You might also like

Leave A Reply

Your email address will not be published.