ജോസഫിലേക്ക് നടന്നെത്തിയ വഴികള്‍

63

ചില അപ്രതീക്ഷിതമായ സംഭവങ്ങള്‍ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് പറയാറില്ലേ, സിനിമാതാരവും നിര്‍മാതാവുമൊക്കെയായ ജോജു ജോര്‍ജിനെ സംബന്ധിച്ചിടത്തോളം എല്ലാം അങ്ങനെ തന്നെയെന്ന് പറയാം. സിനിമയില്‍ മുഖം കാണിച്ചതും നടനായതും നിര്‍മ്മാതാവായതും ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ സിനിമാ പുരസ്‌കാരങ്ങളിലെ മികച്ച സ്വഭാവ നടന്‍ എന്ന ബഹുമതി തേടിയെത്തിയതുപോലും….

ജോസഫ് എന്ന സിനിമ ജോജുവിനെ ഒരുപാട് ഉയരങ്ങളിലെത്തിച്ചുവെന്ന് പറയാം. കാരണം ജോജുവിന് പള്ളിയില്‍ ഇട്ട പേര് ജോസഫ് എന്നായിരുന്നു. പിന്നീട് അതു ജോജു എന്ന വിളിപ്പേരായി. എന്നാല്‍ ഇന്നും അദ്ദേഹം ഒപ്പിടുന്നതു മലയാളത്തില്‍ ജോസഫ് എന്നെഴുതി തന്നെയാണ്. രേഖകളിലെല്ലാം പിന്നീടു ജോജു ജോര്‍ജായെങ്കിലും. വര്‍ഷങ്ങള്‍ക്കു ശേഷം ജോസഫ് എന്ന സിനിമയിലെ ജോസഫ് എന്ന കഥാപാത്രം ജോജുവിനെ തേടിയെത്തുകയും സ്വന്തം പേരില്‍ തന്നെ അഭിനയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ജോസഫ് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ജോജുവിന്റെ മാള കുഴൂരിലെ വീടു പ്രളയത്തില്‍ മുങ്ങുന്നത്. സിനിമ റിലീസ് ചെയ്യുന്ന കാലത്താകട്ടെ എല്ലാം കടത്തില്‍ മുങ്ങിയ അവസ്ഥയിലും. മുന്നോട്ട് നോക്കുമ്പോള്‍ കടുത്ത ശൂന്യത. എന്നാല്‍ ‘ജോസഫ്’ തന്നെയാണ് അപ്പോഴും രക്ഷകനായി എത്തിയത്.

പ്രളയം വീടിന്റെ ഒന്നാം നിലയോളം എത്തിയ നേരം.

കുടുംബാംഗങ്ങളെയെല്ലാം നേരത്തെ തന്നെ സുരക്ഷിതസ്ഥാനത്തേക്ക് ജോജു മാറ്റിയിരുന്നു. പ്രളയംമൂലം സിനിമയുടെ നിര്‍മാണംപോലും പാതി വഴിയില്‍ നിലച്ചുപോയ അവസ്ഥ. ആരും ഏറ്റെടുക്കാനില്ലാത്ത ദുരവസ്ഥ. ഒടുവില്‍ രണ്ടും കല്പിച്ച് ജോജു തന്നെ നിര്‍മ്മാണവും ഏറ്റെടുത്തു. പണം കണ്ടെത്താന്‍ പലതും പണയം വെക്കേണ്ടി വന്നു. പക്ഷേ തെല്ലും നിരാശപ്പെടേണ്ടി വന്നില്ല, ആ സിനിമ ജോജുവിന്റെ ജീവിതം തന്നെ മാറ്റിയെഴുതിയെന്ന് പറയാം.

ഇരുപത് വര്‍ഷമായി ജോജു ജോര്‍ജ് സിനിമയിലെത്തിയിട്ട്. ആള്‍ക്കൂട്ടമായും ‘സര്‍ ചായ’ റോളിലുമൊക്കെ അദേഹം മിക്ക സിനിമയിലും ഉണ്ടായിരുന്നു. ഒന്നു ചൂണ്ടിക്കാണിക്കാന്‍ കയ്യുയര്‍ത്തും മുമ്പേ സ്‌ക്രീന്‍ വിട്ട് പോകുന്ന കഥാപാത്രങ്ങള്‍. എന്നിട്ടും പട്ടാളം, സെവന്‍സ്, വാസ്തവം, നേരം, ലുക്കാ ചുപ്പി, ആക്ഷന്‍ ഹീറോ ബിജു, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും ഒരു സെക്കന്റ്ഡ് ക്ലാസ് യാത്ര, രാമന്റെ ഏദന്‍തോട്ടം തുടങ്ങി ജോസഫ് വരെയുള്ള സിനിമകളിലൂടെ അദ്ദേഹം നമ്മുടെ ഹൃദയം കീഴടക്കിയെന്ന് പറയാം.

എല്ലാത്തിനും തുടക്കം

‘പഠിക്കുന്ന കാലം മുതല്‍ സിനിമാകാണുക മാത്രമായിരുന്നു ആകെയുള്ള വിനോദം. സിനിമ കണ്ടതിനുശേഷം കഥയൊക്കെ വന്ന് പറയുന്നത് അമ്മൂമ്മയോടായിരുന്നു. എന്നെ എപ്പോഴും അന്ന് പ്രോത്സാഹിപ്പിക്കുന്നത് അമ്മൂമ്മയായിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹത്തെ എതിര്‍ക്കാതെ അന്നും കൂടെനിന്നത് അപ്പച്ചനും അമ്മയുമാണ്. അവരൊക്കെ എന്നില്‍ നിന്നും ഒരുപാട് പ്രതീക്ഷിച്ചു. എന്നാല്‍ അന്ന് അതൊന്നും യാഥാര്‍ഥ്യമായില്ലെന്ന് മാത്രം.

സിനിമാമോഹം തലയ്ക്കുപിടിച്ചപ്പോള്‍ ഏതെങ്കിലും സിനിമയില്‍ ഒന്ന് മുഖം കാണിക്കണമെന്നു മാത്രമായി ആഗ്രഹം. അവിടവിടെ ചില സിനിമകള്‍ അങ്ങനെ കിട്ടി. കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഒരു ഡയലോഗ് പറയുന്ന കഥാപാത്രം കിട്ടിയിരുന്നെങ്കിലെന്നായി ആശ. അതു സാധിച്ചപ്പോള്‍ രണ്ട് ഡയലോഗിനായി ആഗ്രഹം. പിന്നീട് കുറച്ച് നീളമുള്ള ഒരു രംഗത്തില്‍ അഭിനയിക്കണമെന്നായി ചിന്ത. എല്ലാത്തിനും ഒരു സമയമുണ്ടെന്ന് പറയാറില്ലേ? അങ്ങനെ സമയം ഒത്തുവന്നപ്പോള്‍ അതൊക്കെ നടന്നു.’ ജോജു വിനീതനാകുന്നു.

‘ചെറുപ്പം മുതല്‍ തന്നെ സിനിമാനടനാകണമെന്ന് ഒരുപാട് ആഗ്രഹിക്കുകയും അതിന്റെ പിന്നാലെ നടക്കുകയും ചെയ്ത ആളാണ് ഞാന്‍. ഷൂട്ടിങ്ങ് ഉണ്ടെന്നറിഞ്ഞ് പരീക്ഷ പോലും എഴുതാതെ ജൂണിയര്‍ ആര്‍ട്ടിസ്റ്റാകാന്‍ പോയൊരു കാലവുമുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു പഠനം. റഹ്മാന്‍ നായകനായ ‘മഴവില്‍ക്കൂടാരം എന്ന സിനിമയുടെ ഷൂട്ടിംഗ് അന്ന് കോളജില്‍ നടക്കുന്നു. അതിലഭിനയിക്കാന്‍ കുറച്ച് കോളജ് കുട്ടികളെ വേണം. മുഖമൊന്നും വ്യക്തമാകില്ല. എന്നാലും സാരമില്ല.സിനിമയിലഭിനയിക്കുകയാണല്ലോ. അങ്ങനെയായിരുന്നു ആദ്യ സിനിമയില്‍ അഭിനയിച്ചത്. ആ കോളജ് കുട്ടികളിലെ ഒരു മുഖം എന്റേതാണ്. അതിനുമുമ്പ് ‘മാനത്തെ കൊട്ടാരം എന്ന സിനിമയിലും ഞാനുണ്ടായിരുന്നു. ആ സിനിമ പത്തുപ്രാവശ്യമെങ്കിലും കാണണം ആളെ തിരിച്ചറിയണമെങ്കില്‍.’ജോജു പഴയകാലം ഓര്‍ക്കുന്നു.
പണ്ട് അതിരാവിലെ എഴുന്നേറ്റ് റെഡിയായി തൃശൂര്‍നിന്ന് യാത്ര തിരിക്കും. എറണാകുളത്ത് ഏതെങ്കിലും സിനിമയുടെ ലൊക്കേഷനിലേക്ക്. രാവിലെ മുതല്‍ വൈകുന്നേരം വരെ അവിടെ നിന്നാല്‍ ചിലപ്പോള്‍ ഒരു വേഷവും കിട്ടിയെന്ന് വരില്ല. എങ്കിലും പിറ്റേന്നും അതേ ആത്മവിശ്വാസത്തോടെ വീട്ടില്‍നിന്നും പുറപ്പെടും. ഇരുപത്തിയഞ്ചോളം സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രത്യക്ഷപ്പെട്ടശേഷമാണ് മമ്മൂട്ടിയോടൊപ്പം ‘ബെസ്റ്റ് ആക്ടര്‍’ എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍വേണ്ടി അസിസ്റ്റന്റ് ഡയറക്ടറായും മേക്കപ്പ് അസിസ്റ്റന്റായും വര്‍ക്ക് ചെയ്ത കാലമുണ്ടായിരുന്നു തനിക്കെന്ന് ജോജു ഓര്‍ക്കുന്നു.

സിനിമാ മോഹം എത്തിച്ചത്..

അതിരുവിട്ട സിനിമാ മോഹം ഒരിക്കല്‍ ജോജുവിനെ സൈക്യാട്രിസ്റ്റിന്റെ അടുത്തുവരെ എത്തിച്ചിട്ടുണ്ട്. പഠനം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കാതെ ജോജു നടക്കുന്നത് വീട്ടിലും നാട്ടിലും പലരെയും അസ്വസ്ഥരാക്കിയ
നേരം. ഒരിക്കല്‍ അടുത്ത ഒരു ബന്ധു എന്നെയും കൂട്ടിക്കൊണ്ട് ഡോക്ടറെ കാണാന്‍ പോയി. അദ്ദേഹത്തിന്റെ ഓഫീസ് ബോര്‍ഡ് നോക്കിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ‘സൈക്യാട്രിസ്റ്റാണ്’! ഡോക്ടറോട് വളരെ വിഷമത്തോടെ ചേട്ടന്‍ കാര്യങ്ങള്‍ പറഞ്ഞു. ‘ഇവന്‍ സിനിമയില്‍ അഭിനയിക്കണം എന്നു പറഞ്ഞ് നടക്കുകയാണ്. ഇതൊരു അസുഖമാണോ ഡോക്ടര്‍? ഞങ്ങള്‍ എന്തു പറഞ്ഞിട്ടും രക്ഷയില്ല.’ എന്റെ കാര്യങ്ങള്‍ ഞാനും പറഞ്ഞു. രണ്ടുപേരുടെയും വാക്കുകള്‍ കേട്ടിട്ട് ഡോക്ടര്‍ പറഞ്ഞതിങ്ങനെ: ‘ഒന്നുകില്‍ ഇയാള്‍ സിനിമകൊണ്ട് രക്ഷപ്പെടും. അല്ലെങ്കില്‍ നശിക്കും.’ എന്തായാലും മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു ജോജുവിന്റെ തീരുമാനം.

പത്തുവര്‍ഷം ഇങ്ങനെ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ റോളിലാണ് അറിയപ്പെട്ടത്. പിന്നെ എട്ടുവര്‍ഷത്തോളം ചെറിയ വേഷങ്ങളൊക്കെ ചെയ്ത് പതുക്കെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. എന്നാല്‍ ഡയലോഗുകള്‍ പറയുമ്പോള്‍ ഒന്നും ശരിയാകുന്നില്ല. വിഷമവും പ്രയാസവും ജീവിതത്തെ അലട്ടിതുടങ്ങിയ നാളിലാണ് ഞാന്‍ അഭിനയിച്ച ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ ശ്രദ്ധിക്കപ്പെട്ടത്. സിനിമകൊണ്ട് ജീവിക്കാന്‍ സാധിക്കുമെന്ന് ഉറപ്പ് കിട്ടിയ സിനിമയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. ആ സിനിമയിലേക്ക് വിളിക്കുന്നത് ലാല്‍ജോസ് സാറാണ്. അന്ന് എന്നോട് അദ്ദേഹം പറഞ്ഞത്, ‘നീ ചെയ്യുന്നത് വളരെ സ്വാഭാവികമായിട്ടാണ്. അതാണ് വേണ്ടത്’ എന്നായിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മലയാളത്തിലെ മെയിന്‍ സ്ട്രീം താരങ്ങള്‍ ആരെങ്കിലും ചെയ്യേണ്ട വേഷമായിരുന്നു എന്റേത്. പക്ഷേ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ എന്നെ ആവോളം പ്രോത്സാഹിപ്പിച്ചു. കഥാപാത്രം വലുതോ ചെറുതോ ആവട്ടെ. ഞാന്‍ ഉദ്ദേശിക്കുന്നത് സംവിധായകര്‍ക്ക് ഇഷ്ടമാകുമോ എന്നൊരു ചിന്ത അപ്പോഴും നിലനിന്നിരുന്നു. എന്നാല്‍ ആ സിനിമ വിജയമായി. എനിക്ക് കോമഡി ചെയ്യാന്‍ പറ്റുമെന്നും അഭിനയംകൊണ്ട് ജീവിക്കാന്‍ സാധിക്കുമെന്നും മനസിലായി…എന്നാല്‍ അത് കഴിഞ്ഞതിന് ശേഷം പിന്നീട് അവസരങ്ങളൊന്നും തേടിയെത്തിയില്ല.

കടുത്ത ചില പ്രതിസന്ധികള്‍

‘നൂറ് ദിവസം ഒരു സിനിമയില്‍ അഭിനയിച്ചിട്ട് ആയിരം രൂപ മാത്രം കിട്ടിയ അവസരമുണ്ടായിട്ടുണ്ട്. പണത്തേക്കാളും ഞാന്‍ ആഗ്രഹിച്ചത് എന്റെ സീനുകളെല്ലാം കട്ട് ചെയ്യാതെ സിനിമയില്‍ വരണമെന്ന് മാത്രമായിരുന്നു. എന്നെപ്പോലെ മറ്റ് ജൂനിയര്‍ ആര്‍ടിസ്റ്റുകളും ആ സിനിമിയല്‍ അഭിനയിച്ചിരുന്നു. പക്ഷേ ദിവസം അവര്‍ക്ക് 150 രൂപയുണ്ട്. അങ്ങനെ കണക്ക് കൂട്ടിനോക്കിയാല്‍ എന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം അവര്‍ക്കാണ് കിട്ടിയത്. പക്ഷേ അവരേക്കാള്‍ കൂടുതല്‍ ജോലി ചെയ്തത് ഞാനാണ്. എനിക്ക് രണ്ട് ഡയലോഗുമുണ്ട്. എന്നിട്ടും ലഭിച്ചത് ആയിരം രൂപ. അതിലൊന്നും പരിഭവമോ സങ്കടമോ തോന്നിയിട്ടില്ല. മറ്റൊരിക്കല്‍ വല്ലാത്തൊരു കബളിപ്പിക്കലും നേരിട്ടു. ഒരു ബിസിനസിന്റെ പേര് പറഞ്ഞായിരുന്നു അത്. നൂറുകോടി, ഇരുന്നൂറുകോടി എന്നൊക്കെയായിരുന്നു പ്രതിഫലം വാഗ്ദാനം. അയാള്‍ പറഞ്ഞതൊക്കെ ഞാന്‍ വിശ്വസിച്ചു. കുറേ പൈസ അവിടുന്നു ഇവിടെനിന്നുമൊക്കെ ഒപ്പിച്ചു, പെങ്ങളുടെ സ്വര്‍ണവള ഊരി വിറ്റു. എന്നാല്‍ കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോഴുണ്ടായ ആ വേദന കുറെക്കാലം മനസില്‍ കെടാത്ത അഗ്നിയായി നിന്നു.

അപ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു. രണ്ട് കുട്ടികളും ജനിച്ചു. സിനിമയില്‍ നിന്നും പ്രതീക്ഷിച്ചതുപോലെ അവസരങ്ങളൊന്നും കിട്ടാതെ വന്നപ്പോഴാണ് ജീവിക്കാന്‍ വേണ്ടി കാനഡയ്ക്ക് പോയാലോ എന്ന് ചിന്തിക്കാന്‍ തുടങ്ങിയത്. അതിനുള്ള കാര്യങ്ങളെല്ലാം ശരിയാക്കുമ്പോള്‍ ദേ, വരുന്നു ഒരു സിനിമ. എന്നെ സിനിമാലോകത്ത് രണ്ടാം ഘട്ടം പിടിച്ച് നിര്‍ത്തിയ ‘രാജാധിരാജ’. ഇതിലെ അയ്യപ്പന്‍ എന്ന കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ലുക്കാചുപ്പിയും ഒരു സെക്കന്റ് ക്ലാസ് യാത്രയും എനിക്ക് കയ്യടി വാങ്ങിത്തന്ന മറ്റു സിനിമകളാണ്.’, ജോജു പറയുന്നു.

നല്ല വാക്കുകള്‍

ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലത്താണ് രാജാധിരാജ എന്ന സിനിമയില്‍ മമ്മൂട്ടിയൊടൊപ്പം അഭിനയിക്കുന്നത്. വലിയ പ്രഗത്ഭനായ നടന്‍. ഞങ്ങള്‍ തമ്മിലുള്ള ഒരു കോംബിനേഷന്‍ സീന്‍ ആദ്യമെടുത്തത് ഇന്നും മറന്നിട്ടില്ല. എത്ര ശ്രമിച്ചിട്ടും എനിക്കത് ശരിയാക്കാന്‍ പറ്റുന്നില്ല. ഞാന്‍ പറയുന്നതെല്ലാം തെറ്റിപ്പോകുന്നു. റീടേക്ക് വേണ്ടിവരുന്നതിന്റെ ടെന്‍ഷന്‍ വേറെയും. അവസാനം മമ്മുക്ക എന്നെ വിളിച്ചുകൊണ്ടുപോയി ഞാന്‍ ചെയ്യേണ്ട സീന്‍ എങ്ങനെയെന്ന് എനിക്ക് കാണിച്ചുതന്നു. അടുത്ത ടേക്കില്‍ ഓക്കെയായി. ആ വലിയ കലാകാരനെ ഹൃദയം കൊണ്ട് തൊഴുതു പോയപ്പോള്‍.

ഒരു അവസരമൊത്ത് വന്നപ്പോള്‍ സ്‌നേഹപൂര്‍വ്വം അദ്ദേഹത്തോട് ചോദിച്ചു. ‘മമ്മൂക്ക..ഇങ്ങനെ പോയാല്‍ എനിക്ക് സിനിമയില്‍ ഒരു മൂന്നുകൊല്ലമെങ്കിലും പിടിച്ചുനില്‍ക്കാന്‍ പറ്റുമോ? എന്ന്. അന്നു മമ്മൂക്ക പറഞ്ഞ ഉത്തരമാണ് ഇന്നും എനിക്ക് പ്രചോദനം. ‘എടാ ഞാന്‍ ഒരു വര്‍ഷമെങ്കിലും സിനിമയില്‍ നില്‍ക്കണം എന്നാഗ്രഹിച്ച് വന്നതാണ്. വിജയം നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ അതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പോക്ക്.’

ജോസഫ് എന്ന ചിത്രം കണ്ടശേഷം മമ്മൂട്ടി ഒരു സന്ദേശമയച്ചു. ‘കൊള്ളാം, പടവും നടിപ്പും’… ഇത്രേയുള്ളൂ. പക്ഷേ അതിനപ്പുറം ആ സന്ദേശം ജോജുവിനെ സ്പര്‍ശിച്ചു. കടന്നുവന്ന വഴി ഓര്‍ക്കുമ്പോള്‍ എന്നും ഇതെനിക്ക് ഊര്‍ജമാണ്. ആ മെസേജ് വായിക്കുമ്പോള്‍ രണ്ടുവരിയേ ഉള്ളൂ. പക്ഷേ എന്നെ സംബന്ധിച്ച് ഇക്ക അയച്ച ആ മെസേജ് മഹത്തരമാണ്. കുഞ്ചാക്കോ ബോബന്‍ പണ്ട് മുതലേ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം നേരത്തേ ഒരുപാട് സിനിമകളിലേക്ക് എന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നന്നായി സഹകരിക്കും. മികച്ച പിന്തുണയും നല്‍കും. അങ്ങനെ ഇല്ലായിരുന്നെങ്കില്‍ രാമന്റെ ഏദന്‍തോട്ടത്തിലെ എല്‍വിസ് എന്ന കഥാപാത്രം എനിക്ക് ലഭിക്കുമായിരുന്നില്ല.

മാര്‍ട്ടിന്‍ പ്രക്കാട്ടുമായുള്ള സൗഹൃദമാണ് ചാര്‍ളിയുടെ നിര്‍മാതാവിന്റെ റോളിലേക്ക് ജോജുവിനെ എത്തിച്ചത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കാര്യമൊന്നുമായിരുന്നില്ല അത്. സിനിമ നിര്‍മിച്ചേക്കാം എന്ന് തോന്നി, അത്രമാത്രം. ആ സിനിമയുടെ വിജയത്തെക്കുറിച്ച് സംശയമൊന്നുമുണ്ടായിരുന്നില്ല. ഒന്നാമത്തെ കാര്യം മാര്‍ട്ടിന്‍ ആ സിനിമയ്ക്കുവേണ്ടി നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്തിരുന്നു. ദുല്‍ക്കറിന്റെ നായകവേഷം സാമ്പത്തിക പ്രശ്‌നമുണ്ടാകില്ല എന്നും ഉറപ്പായിരുന്നു. ആ സിനിമ എങ്ങനെ തിയേറ്ററിലെത്തണം എന്നതിനെക്കുറിച്ച് മാര്‍ട്ടിന് വ്യക്തമായ ധാരണയുണ്ടായിരുന്നു.

അതുകൊണ്ടൊക്കെയാവാം ജോജുവിന് തെല്ലും ടെന്‍ഷനൊന്നുമുണ്ടായില്ല. നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയുക അതുമാത്രമായിരുന്നു ജോജുവിന്റെ ഏറ്റവും വലിയ ആഗ്രഹം.
ഭാര്യ അബ്ബയും മക്കളായ ഇയാനും സാറയും ഇവാനുമാണ് ജോജുവിന്റെ കുടുംബം. മാളയിലെ ഒരു സാധാരണ കുടുംബത്തില്‍നിന്നും സിനിമയുടെ തിരക്കില്‍ മുഴുകുമ്പോഴും ജോജു ഇന്നും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ജോജുവേട്ടനാണ്. ജോജുവിന്റെ സിനിമയില്‍ അദേഹത്തിന്റെ കഥാപാത്രത്തിലൂടെ നമുക്ക് ലഭിക്കുന്ന അതേ ഫീല്‍…

You might also like

Leave A Reply

Your email address will not be published.