തളരാതെ മുന്നോട്ട് പോയ നൗക

41

ഇല്ലായ്മകളുടെയും തകര്‍ച്ചകളിലൂടെയുമായിരുന്നു തൃശൂര്‍ കുരിയച്ചിറക്കാരന്‍ ജോജു വര്‍ഗീസിന്റെ ജീവിതം കടന്നുപോയത്. എന്നാല്‍ തകര്‍ച്ചകളിലൊന്നും ജോജു തെല്ലും പരാജയപ്പെടില്ല. അപ്പോഴെല്ലാം കൂടുതല്‍ ഉണര്‍വോടെ മുന്നോട്ടുപോയി. അതാകാം വ്യവസായങ്ങള്‍ തളരുകയും മുരടിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിലും അദേഹം ആരംഭിച്ച ‘കെല്‍വിന്‍’ എന്ന സംരംഭം വിജയപ്രദമായി മുന്നേറുന്നത്.
പോസ്റ്റ് മാസ്റ്ററായിരുന്നു പിതാവ് എം.കെ. വറീത്. അമ്മ റോസി സാധാരണക്കാരി വീട്ടമ്മ. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമക്ക് ശേഷം ഇലക്ടീഷ്യനായി രണ്ട് വര്‍ഷം ജോലി ചെയ്തതാണ് ആകെയുള്ള പരിചയം. ആ നാളുകളില്‍ ഇലക്ട്രിക്കല്‍ റോ മെറ്റീരിയല്‍സിന്റെ വില്‍പ്പനയും ആരംഭിച്ചിരുന്നു. ഡല്‍ഹി, മുംബൈ. ഹൈദരബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വരുത്തുന്നത്. ഇതിന് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ 1987 ല്‍ തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ മാര്‍ഷല്‍ ഇലക്‌ടോണിക്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. അങ്ങനെയാണ് ബിസിനസ് രംഗത്തേക്ക് ജോജു കടന്നുവരുന്നത്. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയായിരുന്നു അദേഹത്തിന്റെ റോള്‍ മോഡല്‍. ഉപഭോക്താക്കള്‍ക്ക് നല്ല സേവനം അതായിരുന്നു ജോജുവിന്റെ സ്വപ്നം. വിപണിയില്‍ സീലിംഗ് ഫാനുകള്‍ക്കുള്ള വര്‍ധിച്ച ആവശ്യം ജോജുവിന്റെ ശ്രദ്ധയില്‍പെട്ടു. ആവശ്യത്തിനുളള ഫാനുകള്‍ പ്രമുഖ കമ്പനികള്‍ അക്കാലത്ത് നിര്‍മ്മിക്കുന്നുമുണ്ടായിരുന്നില്ല.
അങ്ങനെയാണ് ‘അലീന ഇന്‍ഡസ്ട്രീസ്’ എന്ന പേരില്‍ കുരിയച്ചിറയില്‍ 1993-ല്‍ ഫാന്‍നിര്‍മാണ യൂണിറ്റ് ജോജു ആരംഭിക്കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന ഫാന് വില്‍പ്പനയുണ്ടാകുമെന്നോ ഇതിന് നല്ലൊരു വിപണിയുണ്ടാകുമെന്നോ ജോജു തെല്ലും പ്രതീക്ഷതുമില്ല. കാരണം പ്രമുഖ ബ്രാന്‍ഡുകളുടെ ഫാനുകളുടെ പേരുകള്‍ ആളുകള്‍ മനപ്പാഠമാക്കിവെച്ചിരുന്നു. രണ്ടോ മുന്നോ ആഴ്ചക്കിടയില്‍ ചിലപ്പോഴെങ്കിലും അവയ്ക്ക് കേടുപറ്റും. അതിന് സര്‍വീസാണ്് അന്ന് കമ്പനികള്‍ വാഗ്ദാനം ചെയ്തിരുന്നത്. അപ്പോഴാണ് വിത്യസ്തമായ ഒരു ഓഫറുമായി ജോജു വരുന്നത്, കെല്‍വിന്‍ ഫാന്‍ വാങ്ങുന്നവര്‍ക്ക് എന്തു കംപ്ലെയിന്റ് വന്നാലും റീപ്ലേസ് ചെയ്തു നല്‍കുമെന്നായിരുന്നു ആ വാഗ്ദാനം. അതുകേട്ട് ജനം ഞെട്ടി.പലരും അങ്ങനെ ഇതുവരെ കേട്ടിട്ടില്ലാത്ത കെല്‍വിന്‍ ഫാന്‍ വാങ്ങാനും തീരുമാനിച്ചു. ഏതായാലും ഉപയോഗിച്ചവരെല്ലാം സംതൃപ്താരായതോടെ ജോജു, പതുക്കെ ബിസിനസ് രംഗത്തു ഉറച്ചു. അധികം വൈകാതെ ഗാര്‍ഹികോപകരണങ്ങളുടെ വില്‍പനമാത്രം ലക്ഷ്യമാക്കി ‘കെല്‍വിന്‍ അപ്ലയന്‍സസ്’ എന്ന സ്ഥാപനവും അദേഹം ആരംഭിച്ചു.
ഫാനിന്റെ ബിസിനസ് ഇങ്ങനെ പച്ചപിടിച്ച് തുടങ്ങിയെങ്കിലും 2015 ആയപ്പോഴേക്കും ലോകത്തെ മൊത്തം ബാധിച്ച ബിസിനസ് മാന്ദ്യം ഇങ്ങു കേരളത്തെയും ബാധിച്ചു. കൂട്ടത്തില്‍ ജോജു ഏറെ പ്രതീക്ഷയോടെ ആരംഭിച്ച സംരംഭത്തിനും ഈ മാന്ദ്യം ബാധിച്ചു.
ജോജുവിന്റെ കൂട്ടുകെട്ടുകളും മദ്യപാനവുമാണ് ബിസിനസിനെ കൂടുതലായി തളര്‍ത്തിയത്. ഇതിനിടയില്‍ ബിസിനസിനെ രക്ഷിക്കാന്‍ ഇടക്കാലത്ത് ദുബായിലൊക്കെ ഒന്നു ജോജു പോയെങ്കിലും അതും മെച്ചപ്പെട്ടില്ല. എന്തു ചെയ്യണമെന്ന് അറിയാതെ നട്ടം തിരിഞ്ഞ നാളുകള്‍.

ജീവിതം കരിപുരണ്ട കാലം
തൃശൂരിലെ അമ്പുതിരുനാളുകള്‍ എന്നു പറഞ്ഞാല്‍ കേമമാണ്. എല്ലാദേശത്തുള്ളവരും അറിയും. വലിയ ആഘോഷമായിട്ടാണ് ജനം ഇതില്‍ പങ്കെടുക്കുന്നത്. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളും ഇതില്‍ സജീവമാകും. പ്രധാനമായും കരിമരുന്നുകളുടെ ആഘോഷമാണതെന്ന് പറയാം. എല്ലാ യുവാക്കളും പടക്കംപൊട്ടിക്കാന്‍ മുന്‍നിരയില്‍ തന്നെയുണ്ടാകും. എല്ലാവരെയും പോലെ അന്ന് ജോജുവും ഇതിനൊക്കെ മുന്നിലുണ്ടായിരുന്നു. മദ്യപിച്ചായിരുന്നു ഈ പടക്കം പൊട്ടിക്കലില്‍ ഏര്‍പ്പെട്ടതെന്ന് മാത്രം. വന്‍തുകക്കാണ് പടക്കം വാങ്ങിക്കൂട്ടിയത്. മുറിയിലും മുറ്റത്തും അവ കൂട്ടിയിട്ടു. സമയമായപ്പോഴേക്കും കരിമരുന്ന് കലാപ്രകടനം തന്നെ തുടങ്ങി. ഇതിനിടയില്‍ പൊട്ടിച്ചെറിഞ്ഞ പടക്കത്തില്‍ നിന്നും തീപ്പൊരി വീണ് പൊട്ടിക്കാന്‍ വച്ചിരുന്ന പടക്കക്കൂട്ടത്തിനാണ് തീ പിടിച്ചത്. വലിയൊരു ശബ്ദമാണ് അവിടെനിന്നുയര്‍ന്നത്. തീയും പുകയുംമൂലം ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥ. ഇതിനിടയില്‍ വീടിനകത്തേക്കും തീ പടര്‍ന്നു. മുറിക്കുള്ളില്‍ കൂട്ടിയിട്ടിരുന്ന ആ പടക്കത്തിനും തീപിടിച്ചു. രക്ഷപെടാനുളള ശ്രമത്തിനിടയില്‍ ജോജുവിന്റെ വസ്ത്രങ്ങളിലും കൈകളിലുമെല്ലാം തീ ആളപ്പടര്‍ന്നു. മാസങ്ങളെടുത്തു കൈകള്‍ സുഖമാകാന്‍. ഇന്നും ആ തീയൂടെ പാടുകള്‍ മാഞ്ഞുപോകാതെ ശേഷിക്കുന്നു.

പരിശ്രമങ്ങള്‍ പിന്നോട്ടടിച്ച കാലം
കെല്‍വിന്‍ ശക്തമായ ബ്രാന്‍ഡായി രൂപപ്പെട്ടതില്‍ ജോജുവിന്റെ നിതാന്തപരിശ്രമമുണ്ട്. കഠിനാധ്വാനവും കിടയറ്റ ആസൂത്രണവുമായിരുന്നു ജോജുവിന്റെ പിന്‍ബലം. ബിസിനസ് ആരംഭിക്കുന്ന കാലത്ത് മൂലധനം കണ്ടെത്തുകയായിരുന്നു പ്രധാന പ്രശ്‌നം. ലോണെടുത്ത് സംരംഭത്തിന് തുടക്കമിടാനായി ചില ബാങ്കുകളെ സമീപിച്ചപ്പോള്‍ പലര്‍ക്കും അതിനോട് തീരെ യോജിക്കാനായില്ല. ധാരാളം ഫാന്‍ കമ്പനികള്‍ നിലവിലുണ്ടല്ലോ. ഇനിയെന്തിനാണ് മറ്റൊരു ഫാന്‍? എന്നായിരുന്നു അവരില്‍ പലരുടെയും ചോദ്യം. അതിനൊക്കെ എന്തു മറുപടി നല്‍കും? എന്നിട്ടും ആരോടും പരാതി പറയാതെ പിടിച്ചു നിന്നു. എല്ലാ സങ്കടങ്ങളും ദൈവത്തോട് മാത്രമാണ് പറഞ്ഞത്. പില്‍ക്കാലത്ത് വായ്പ തരാം എന്ന ഓഫറുമായി പല ബാങ്കുകാരും ജോജുവിന്റെ വീട്ടുമുറ്റത്തെത്തിയത് മറ്റൊരു ചരിത്രം.
കെല്‍വിന്‍ ശക്തമായ ബ്രാന്‍ഡായി രൂപപ്പെട്ടതില്‍ ജോജുവിന്റെ നിതാന്തപരിശ്രമമുണ്ട്. കഠിനാധ്വാനവും കിടയറ്റ ആസൂത്രണവുമായിരുന്നു ജോജുവിന്റെ പിന്‍ബലം.
ഏതു പ്രതിസന്ധികളിലും താങ്ങും തണലുമായി ഭാര്യ ലിന്‍സി ഒപ്പമുണ്ടായിരുന്നു. പ്രതിസന്ധികളില്‍ ഒപ്പംനിന്ന് സഹായിക്കാനുള്ള ലിന്‍സിയുടെ മനസും മാതാപിതാക്കള്‍ പകര്‍ന്ന ആത്മധൈര്യവും കെല്‍വിന്‍ ഗ്രൂപ്പിനെ വളര്‍ത്തി. കൂടാതെ മക്കളായ അലീന, അലീഷ, കെല്‍വിന്‍ എന്നിവരുടെ സഹായവും തുണയും.
ഗുണമേന്മയും വില്‍പനാനന്തര സേവനവും കെല്‍വിന്റെ വളര്‍ച്ചയ്ക്ക് തീവ്രത കൂട്ടി. പ്രധാന ഉല്‍പന്നമായ സീലിംഗ് ഫാനുകള്‍ മാത്രമല്ല, മിക്‌സി, പമ്പുസെറ്റ്, കേബിള്‍, തേപ്പുപെട്ടി തുടങ്ങിയവയെല്ലാം വിപണി രണ്ടു കൈകളും നീട്ടി സ്വീകരിച്ചു. ഇപ്പോള്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലും കെല്‍വിന്റെ വിപണന ശൃംഖല വ്യാപിച്ചിട്ടുണ്ട്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ മനസിലാക്കിയ ജോജു തുടര്‍ന്ന് കമ്പ്യൂട്ടറുകളുടെ നിര്‍മാണവും ആരംഭിച്ചു. ഹോങ്കോംഗ്, ചൈന, തായ്‌വാന്‍ എന്നീ രാജ്യങ്ങളില്‍ പഠനം നടത്തി അവിടുത്തെ സാങ്കേതികത മനസിലാക്കിയ ശേഷമാണ് കെല്‍വിന്‍ കമ്പ്യൂട്ടറിന് തുടക്കമിട്ടത്. ഇന്ന് കമ്പ്യൂട്ടറിന്റെ നിര്‍മാണത്തിലും വിപണനത്തിലും ഈ സ്ഥാപനം മുന്‍പന്തിയിലാണ്.
മനസ് വല്ലാതെ അസ്വസ്ഥമായ കാലത്ത് ദൈവം തന്നെ രക്ഷിച്ച ഒരുപാട് അനുഭവങ്ങള്‍ ജോജുവിനുണ്ട്. എല്ലാ പ്രതിസന്ധികളിലും ദൈവം താങ്ങായി ഒപ്പം വന്ന സമയങ്ങള്‍. നന്ദിയോടെ മാത്രമേ ജോജു അതൊക്കെ ഓര്‍ക്കുന്നുള്ളൂ..
ഇന്നിപ്പോള്‍ ഗ്യാസ് സ്റ്റൗ, കുക്കര്‍, റൊട്ടിമേക്കര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, ഫുഡ് പ്രോസസര്‍, ജെ.എം.ജി പമ്പുസെറ്റ്, സാന്‍ഡ്‌വിച്ച് ടോസ്റ്റര്‍, ഇന്‍വര്‍ട്ടന്‍, സ്റ്റെബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, വാക്വംക്ലീനര്‍, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷനര്‍ തുടങ്ങി അതിവിപുലമായ ഉല്‍പന്നശ്രേണിയിലൂടെ കെല്‍വിന്‍ വിപണി മുന്നേറുന്നു.
ഫാക്ടിന്റെ എം.കെ.കെ. നായര്‍ പ്രൊഡക്ടിവിറ്റി അവാര്‍ഡ്, ഏറ്റവും മികച്ച യുവ വ്യവസായ സംരംഭകനുള്ള കേരള ഗവണ്‍മെന്റ് അവാര്‍ഡ്, ദേശീയ തലത്തില്‍ വ്യവസായരംഗത്തെ പ്രശസ്ത സേവനത്തിന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇക്കണോമിക്‌സ് കൗണ്‍സിലിന്റെ ‘രാഷ്ട്രീയ രത്തന്‍ പുരസ്‌കാരം’, ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ്, കര്‍ണാടക ഇന്‍ന്റസ്ട്രിയല്‍ എക്‌സലന്‍സ് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഈ അമ്പത്തിരണ്ടുകാരന് സ്വന്തം. ഐ.എസ്.ഒ-ഐ.ക്യു നെറ്റ് സര്‍ട്ടിഫിക്കറ്റും കെല്‍വിന്‍ നേടിയെടുത്തു.
കേരളത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ കെല്‍വിന്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ മാറ്റിവച്ചുകൊണ്ട് ദുരന്തബാധിതരെ സഹായിക്കാനും കൈകോര്‍ത്തു. പ്രളയമുണ്ടായ മേഖലകളില്‍ വിതരണം ചെയ്യുന്നതിനായി കെല്‍വിന്റെ വിവിധ മോഡലുകളിലെ ഫാനുകള്‍ തൃശൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ മുഖേനയും ലയണ്‍സ് ക്ലബ്ബുകളിലൂടെയും സൗജന്യമായി വിതരണവും ചെയ്തു. നവകേരളത്തിന് കെല്‍വിന്റെ കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം കെല്‍വിന്‍ ആവിഷ്‌കരിച്ച പ്രളയബാധിതര്‍ക്ക് ആയിരം ഫാനുകള്‍ വിതരണം ചെയ്യുന്നതിന്റെ സമാപന ചടങ്ങ് നവംബര്‍ മൂന്നാം തീയതി വൈകിട്ട് ഏഴുമണിക്ക് ചാലക്കുടി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ സംസ്ഥാന കൃഷിമന്ത്രി വി. എസ് സുനില്‍കുമാറാണ് ഉദ്ഘാടനം ചെയ്തത്.

You might also like

Leave A Reply

Your email address will not be published.