ന്യായാധിപനായ അപ്പനില്‍ നിന്നും പാഠം പഠിച്ച്…

330

മക്കളെ നല്ല ശീലങ്ങളില്‍ വളര്‍ത്താനും ശരിയായ രീതിയില്‍ ധനവിനിയോഗം നടത്താനും ജസ്റ്റീസ് കുര്യന്‍ ജോസഫ് നല്‍കുന്ന മാതൃക ശ്രദ്ധേയമാണ്.
”പണം ചെലവാക്കുന്നതില്‍ നേരത്തെ തന്നെ മക്കള്‍ പ്രകടിപ്പിച്ച ഉത്തര വാദിത്വബോധത്തിനു ഞാന്‍ ദൈവത്തിന് ഏറെ നന്ദിപറയാറുണ്ട്. റൂബിയും ഞാനും ഒന്നുപോലെ ചിന്തിക്കുന്നവരും ഒരേ മനോഭാവക്കാരുമാണെന്നു തെറ്റിദ്ധരിക്കരുത്. ഏതാണ്ട് എല്ലാക്കാര്യത്തിലും ഞങ്ങള്‍ തമ്മില്‍ പരസ്പരവിരുദ്ധ അഭിപ്രാ യമാണ്. പക്ഷേ, ഞങ്ങള്‍ രണ്ടാളും ഒരു കാര്യത്തില്‍ ഒന്നിക്കുന്നു. ദൈവാശ്രയത്വത്തില്‍.” അദേഹം പറയുന്നു.
മൂത്ത മോള്‍ റീനു കുഞ്ഞായിരി ക്കുമ്പോള്‍ മക്കളെ തല്ലി നന്നാക്കണമെന്ന വിശ്വാസക്കാരായിരുന്നു ഞങ്ങള്‍. റീനുവിനെ നന്നായി പൂശിയിട്ടുമുണ്ട്. പിന്നീട് തിരിച്ചറി വുണ്ടായപ്പോള്‍ തെറ്റിനു മാപ്പുചോദിക്കുകയും ചെയ്തു. കുടുംബത്തില്‍ തുറവി ഉണ്ടാവുക. വികാരവും, വിചാര വും വീഴ്ച്ചയും ഒക്കെ തുറന്നു പറയാ നാവുക. കുടുംബം സ്വര്‍ഗ്ഗമാകും. മക്കള്‍ ഐശ്വര്യം നേടും.
ജഡ്ജിയാകുന്നതിനു മുമ്പ് ഞങ്ങള്‍ കുറെ വീട്ടുകാര്‍ ചേര്‍ന്ന് ഒരു ജീവകാരുണ്യ നിധി സ്വരൂപിച്ചിരുന്നു. അതിലേക്കുള്ള വിഹിതം ശേഖരിക്കാന്‍ മക്കളും പോയതൊന്നും ഇന്നും മറക്കാനാവുന്നില്ല. മറ്റുള്ളവരെ സഹായിക്കാനും സ്‌നേഹിക്കാനുമുള്ള നല്ല പാഠങ്ങള്‍ കുടുംബത്തില്‍ ആരംഭിക്കുക. അത് മക്കളുടെയും ജീവിതത്തെ പ്രകാശമാനമാക്കും. ജീവിതത്തില്‍ എന്തിനൊക്കെയാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കാ ണിച്ചുകൊടുക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പണവും പദവിയുമൊക്കെ ഇല്ലാതാവും. പക്ഷേ, ദൈവത്തോടുള്ള ബന്ധം ഒരിക്കലും നമ്മെ ഉപേ ക്ഷിക്കില്ല. ഒരു ന്യായാധിപന്‍ എന്ന നിലയില്‍ എന്റെ വ്യക്തിപരമായ അനുഭവത്തില്‍, ഏതൊരു കേസിന്റെമേലും വിധി പ്രസ്താവിക്കുമ്പോള്‍ നീതി യഥാര്‍ത്ഥത്തില്‍ നടപ്പിലായോ എന്ന് ഞാന്‍ നോക്കാറുണ്ട്. സത്യത്തില്‍, കേസ് വിജയിച്ച കക്ഷിക്കും തോറ്റു എന്നു പറയുന്ന കക്ഷിക്കും നീതി നടപ്പാകുന്നുണ്ട്. കാരണം, നിയമം അനുശാസിക്കുന്ന നീതി വിജയിച്ച ആള്‍ക്ക് ലഭിക്കുമ്പോള്‍ തനിക്ക് അതിനര്‍ഹതയില്ല എന്ന തിരിച്ചറിവിലേക്ക് എതിര്‍കക്ഷിക്ക് എത്താന്‍ ഇടവരുന്നു. ഇവിടെ നീതി ലഭിക്കുന്നത് ഇരുകൂട്ടര്‍ക്കുമാണ്. നീതിയിലെ കരുണയെ വെളിവാക്കാന്‍ ന്യായാധിപന് കഴിഞ്ഞില്ലെങ്കില്‍ ആ വിധി പൂര്‍ണമല്ല. പരമോന്നത കോടതിയിലെ സുപ്രീം കോടതിക്ക് മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ഒരു വ്യവസ്ഥ നമ്മുടെ നിയമഗ്രന്ഥത്തിലുണ്ട്. 142ാം ആര്‍ട്ടിക്കിളിലാണ് അത് പറയുന്നത്. നീതി പരിപൂര്‍ണമാക്കാനായി ഒരു കേസിന്റെമേല്‍ സുപ്രീംകോടതിക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഉത്തരമാണ് ഈ ആര്‍ട്ടിക്കിള്‍ നല്‍കുന്നത്. നീതിയില്‍ കരുണയുടെ അംശം കലര്‍ത്തുക. നീതി പൂര്‍ണമാക്കാന്‍ കരുണകാണിക്കണം.
ഒരു ശിക്ഷയ്ക്ക് വിധിക്കുന്നതിന് പിന്നിലുള്ള കരുണയെയും നാം തിരിച്ചറിയണം. ഒരു വ്യക്തിയെയല്ല ശിക്ഷിക്കുന്നത്, ആ വ്യക്തി ചെയ്ത തെറ്റിനെതിരെയാണ് ശിക്ഷ. അതുകൊണ്ടാണ്, എന്തിനാണ് ഈ ശിക്ഷ വിധിക്കുന്നതെന്ന് തെറ്റുകാരനെ പറഞ്ഞു മനസിലാക്കുന്നത്. ഒരു കേസില്‍ ഒരാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തുന്നതിനുമുമ്പായി അദ്ദേഹത്തിനെതിരെ വന്ന തെളിവുകളെല്ലാം നിരത്തും. അദ്ദേഹത്തെയത് പറഞ്ഞു കേള്‍പ്പിക്കും (സി.ആര്‍.പി.സി 313ാം വകുപ്പുപ്രകാരമാണിത്). വീണ്ടും അയാളോട് ചോദിക്കും, ഇനി നിനക്കെന്തെങ്കിലും തെളിവ് ഹാജരാക്കാനുണ്ടോ? ഇതുകൊണ്ടും അവസാനിക്കുന്നില്ല. നിയമത്തിന്റെ നീതിയുടെ സ്പര്‍ശം വെളിവാക്കാനാണ് ഞാന്‍ ഇത് വിശദീകരിക്കുന്നത്. ഒരാളെ കുറ്റക്കാരനായി കണ്ടെത്തിക്കഴിഞ്ഞാല്‍, വീണ്ടും ചോദിക്കും, ‘ഇനി നിനക്ക് ശിക്ഷയെക്കുറിച്ച് വല്ലതും പറയാനുണ്ടോ?’ ശിക്ഷ കഠിനമാക്കാതിരിക്കാനുള്ള കാരണങ്ങളുണ്ടെങ്കില്‍ അയാള്‍ക്കപ്പോള്‍ പറയാം. ശിക്ഷയ്ക്കര്‍ഹനായവനുപോലും അതിളച്ചു കിട്ടാനുള്ള അവസരം നിയമം നിഷേധിക്കുന്നില്ല.
നിയമത്തിന്റെ ഉദ്ദേശ്യം ക്രമം നടപ്പാക്കുക എന്നതാണ്. സമൂഹത്തില്‍ അക്രമം നടക്കുമ്പോള്‍ അല്ലെങ്കില്‍ ക്രമം നഷ്ടമാകുമ്പോഴാണ് ക്രമം നടപ്പാക്കേണ്ടത്. അതുപോലെ തന്നെ നമ്മുടെ സംവിധാനങ്ങള്‍ ഒരു കാരുണ്യക്കടലായി കാണാന്‍ മനുഷ്യര്‍ക്ക് കഴിയണം. കടലിന്റെ പ്രത്യേകത, എത്ര ജലമെടുത്താലും അതു വറ്റില്ല, കടലിന് ഭിത്തിയുമില്ല. കടലിന് എപ്പോഴും ഒരാവേശവുമുണ്ട്. ഈ മൂന്നു തലത്തില്‍ എല്ലാവരെയും മാടി വിളിക്കുന്നതും ആര്‍ക്കും പ്രവേശനം നിഷേധിക്കാത്തതും എപ്പോഴും ആവേശം പകരുന്നതുമായ ഒരു മുഖം നമ്മുടെ സംവിധാനങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്നാണെന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും.

You might also like

Leave A Reply

Your email address will not be published.