സ്മാഷുകളുടെ സീസര്‍

90

ലോകോത്തര വോളി
ബോള്‍ ഇതിഹാസമായ
ജിമ്മി ജോര്‍ജ് കളമൊഴിഞ്ഞിട്ട് ഇത് മുപ്പതാം
വര്‍ഷം.

ഇറ്റലിക്കാര്‍ അദ്ദേഹത്തെ ഹെര്‍മിസ് ദേവനെന്ന് വിളിച്ചു. മാധ്യമങ്ങള്‍ സീസറെന്നും. എന്നാല്‍, പ്രശസ്തിയുടെ കോര്‍ട്ടില്‍ നില്‍ക്കുമ്പോഴും നമുക്കയാള്‍ ജിമ്മിയായിരുന്നു. പേരാവൂരുകാരന്‍ ജിമ്മി ജോര്‍ജ്. ലോകോത്തര വോളി
ബോള്‍ ഇതിഹാസമായ ജിമ്മി കളമൊഴിഞ്ഞിട്ട് ഇത് മുപ്പതാം വര്‍ഷം. 1987 നവംബര്‍ 30 ന് ഇറ്റലിയില്‍ നടന്ന ഒരു കാറപകടത്തിലാണ് ആ വോളിബോള്‍ മാന്ത്രികന്‍ ആരവങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങിയത്. മൂന്ന് പതിറ്റാണ്ടായിട്ടും വോളിബോളില്‍ അദ്ദേഹത്തിന്റെ സ്മാഷുകള്‍ക്ക് പകര
ക്കാരനില്ല. കളിക്കളത്തില്‍ ആ പത്താംനമ്പര്‍ ജഴ്സിക്ക് ഇന്നും മറ്റൊരവകാശിയില്ല.
കൈക്കരുത്തേകിയ വോളിബോള്‍
1955 മാര്‍ച്ച ്എട്ടിന് കണ്ണൂര്‍ പേരാവൂരിലെ കുടക്കച്ചിറയില്‍ ജോര്‍ജ് ജോസഫിന്റെയും മേരി ജോര്‍ജിന്റെയും രണ്ടാമത്തെ മകനായാണ് ജിമ്മി ജോര്‍ജിന്റെ ജനനം. വോളിബോള്‍ കോര്‍ട്ടില്‍ പിതാവിന്റെ കരുത്താര്‍ന്ന സ്മാഷുകള്‍ കണ്ട ബാല്യമായിരുന്നു അവന്റേത്. കാല്‍പ്പന്തും ക്രിക്കറ്റും
കേരളത്തില്‍ സജീവമാകാത്ത അക്കാലത്ത് നാട്ടിന്‍
പുറങ്ങളിലെ ഏക വിനോദം വോളിബോളായിരുന്നു. പകല്‍ കൃഷിയിടങ്ങളില്‍ വിയര്‍പ്പൊഴുക്കുന്നവരുടെ ‘ഐ ഷാല്‍’
വിളികള്‍ സായാഹ്നങ്ങളില്‍ ഗ്രാമങ്ങളെ ശബ്ദമുഖരിത
മാക്കും. ടീമില്‍ ആളു തികയ്ക്കാനാണ് ജിമ്മിയും സഹോദരങ്ങളും തൊണ്ടി ദൈവാലയമുറ്റത്തെ കോര്‍ട്ടില്‍ കളിച്ചുതുടങ്ങിയത്. കൈക്കരുത്തില്‍ പന്ത് പായുന്നത് ലഹരിയായ
തോടെ മക്കള്‍ക്കായി പിതാവ് സ്വന്തം സ്ഥലത്ത് കോര്‍ട്ടൊ
രുക്കി. അന്ന് ജിമ്മിയുടെ കളിയാരവമുയര്‍ന്ന സ്ഥലമാണ് ഇന്ന് ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് അക്കാദമിയിലെ വോളി
ബോള്‍ കോര്‍ട്ടായത്. കുടിയേറ്റമണ്ണിലെ തോടുകള്‍ ചാടിക്കടന്നതും പുഴയില്‍ നീന്തിത്തുടിച്ചതും അവന് എല്ലുറപ്പേകി. സ്‌കൂള്‍ വഴിയില്‍ വാഴയിലയും കമുകോലയും ചാടിത്തല്ലി അവന്‍ ജമ്പും സ്മാഷും അനുകരിച്ചു.
തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി സ്‌കൂള്‍, പേരാവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ എന്നിവയായിരുന്നു ജിമ്മിയുടെ ആദ്യ കളിക്കളങ്ങള്‍. 1970 ല്‍ അമ്മാവനായ
ഇമ്മാനുവേലാണ് ജിമ്മിയെ പ്രീഡിഗ്രിക്കായി കോഴിക്കോട് ദേവഗിരി കോളജില്‍ ചേര്‍ക്കുന്നത്. ഒരര്‍ത്ഥത്തില്‍ ജിമ്മി
യുടെ കളിമികവിനുള്ള സമ്മാനമായിരുന്നു ദേവഗിരിയിലെ പഠനം. തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ വലയില്‍ കുടുങ്ങാതെ പന്ത് പായിച്ചതോടെ ആ വര്‍ഷംതന്നെ അവന്‍ കാലിക്കറ്റ് സര്‍വകലാശാലാ ടീമംഗമായി. 1971 ല്‍ തലശേരിയില്‍ നടന്ന അന്തര്‍ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ എതിരാളികളെ പന്തടിച്ചു
വീഴ്ത്തുമ്പോള്‍ ജിമ്മിക്ക് വെറും പതിനാറ് വയസ്. ആ
വര്‍ഷം തന്നെ ജിമ്മി സംസ്ഥാന ടീമിന്റെ ഭാഗമായി.
1971- 1972 ല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ആദ്യ
നീന്തല്‍ ചാമ്പ്യനായ ജിമ്മി ചതുരംഗത്തിലെ കരുതലാര്‍ന്ന നീക്കത്തിനും പ്രസിദ്ധി നേടി. ദേവഗിരിയിലെ കായികാധ്യാപകരായ കെ.ടി. ശേഖരനും സി.സി അഗസ്റ്റിനും ജിമ്മിയില്‍ നാളത്തെ വോളിബോള്‍ ഇതിഹാസത്തെ കണ്ടു.
ഐ ഷാല്‍…..
മൂന്ന് വര്‍ഷം തുടര്‍ച്ചയായി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കായി ജഴ്സിയണിഞ്ഞ ശേഷം 1973 ല്‍ ബിരുദ
പഠനത്തിനായി ജിമ്മി പാലാ സെന്റ് തോമസിലെത്തി.
അവിടെ കളിച്ചുതിമിര്‍ത്ത ജിമ്മി കേരളയൂണിവേഴ്സിറ്റി
ക്യാപ്റ്റനായതോടെ പത്ത് വര്‍ഷത്തിന് ശേഷം സര്‍വകലാശാല അന്തര്‍സര്‍വകലാശാലാ ചാമ്പ്യന്‍മാരായി. മദ്രാസിലെ അന്തര്‍സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ആ സംഭവം. അസുഖംമൂലം ഫോമിലല്ലാതിരുന്ന കേരളസര്‍വകലാശാലാ ടീം ആദ്യ രണ്ട് സെറ്റുകള്‍ക്ക് മദ്രാസിനോട് തോറ്റു. നൊമ്പരപ്പെട്ട് നിന്ന കോച്ച് ഗോപിനാഥിനോട് ധൈര്യമായിരിക്കാന്‍ ജിമ്മി പറഞ്ഞു. പിന്നെ കണ്ടത് ചരിത്രം. ആറ്
പൊസിഷനുകളിലായി കളം നിറഞ്ഞ ജിമ്മി എതിരാളികളെ കോര്‍ട്ടില്‍നിന്നും തുരത്തി. അന്ന് ജിമ്മി നടത്തിയ ബാക്കൗട്ട് അറ്റാക്കുകളാണ് സര്‍വകലാശാലയെ ചാമ്പ്യന്‍മാരാക്കിയത്.
കോളജ് കാലത്തുതന്നെ 1973 മുതല്‍ 1975 വരെ പ്രീമിയര്‍ ടയറിനുവേണ്ടി ജിമ്മി ബോള്‍ തട്ടി. പതിനാല് മത്സരങ്ങളില്‍ ജിമ്മിയുടെ കൈക്കരുത്തില്‍ വിജയത്തിലേക്ക് പ്രീമിയര്‍ ടയറുരുണ്ടു. 1974 ല്‍ പാലക്കാട് നടന്ന സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ജോര്‍ജ് ബ്രദേഴ്സ് ഏറ്റുമുട്ടിയത്. കോട്ടയത്തിനു വേണ്ടി ജോസും ജിമ്മിയും, കണ്ണൂരിനുവേണ്ടി
സെബാസ്റ്റ്യനും മാത്യുവും കോര്‍ട്ടിലിറങ്ങി. മക്കള്‍ തമ്മിലുള്ള തീപാറുന്ന പോരാട്ടം കാണാന്‍ അഭിമാനത്തോടെ
യാണ് ആ മാതാപിതാക്കള്‍ പാലക്കാടെത്തിയത്. കളിയില്‍ കോട്ടയം ജയിച്ചെങ്കിലും യഥാര്‍ത്ഥ വിജയികള്‍ ജോര്‍ജ് ബ്രദേഴ്സാണെന്ന് മാധ്യമങ്ങള്‍ വാര്‍ത്തയെഴുതി.
1974 ല്‍ ടെഹ്റാന്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി ബൂട്ട് കെട്ടുമ്പോള്‍ ജിമ്മിക്ക് 19 വയസ്. എന്നാല്‍, 1975 ല്‍
സ്പോര്‍ട്സ് ക്വാട്ടയില്‍ മെഡിസിന് പ്രവേശനം കിട്ടിയതോടെ കളി കഴിഞ്ഞുവെന്ന് എല്ലാവരും കരുതി. എന്നാല്‍, മരുന്നിന്റെ മണത്തേക്കാള്‍ ജിമ്മിക്കിഷ്ടം, വോളിബോളിന്റെ വേഗതയായിരുന്നു. അങ്ങനെയാണ് മുഴുവന്‍ സമയം
വോളിബോള്‍ കളിക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി
പോലീസില്‍ ചേരാന്‍ ജിമ്മി തീരുമാനിക്കുന്നത്. ആദ്യം മാതാപിതാക്കള്‍ക്ക് ജിമ്മിയുടെ തീരുമാനം അംഗീകരിക്കാനായില്ല. അമ്മയ്ക്ക് മകനെ ഡോക്ടറായി കാണാനായിരുന്നു ഏറെ ഇഷ്ടം. എന്നാല്‍ ഡോക്ടര്‍മാരാകാന്‍ വേറെ ഒരുപാടാളുകള്‍ ഉണ്ടെന്നും അന്‍പതോ നൂറോ വര്‍ഷം കൂടുമ്പോഴാണ് ഇതുപോലൊരു താരത്തെ ലോകത്തിന് ലഭിക്കുകയെന്നും ഡിവൈഎസ്പി ജി. കരുണാകരക്കുറുപ്പ് പറഞ്ഞതോടെ പന്ത് ജിമ്മിയുടെ കോര്‍ട്ടിലായി. അങ്ങനെ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ കളിച്ചുനടന്ന ജിമ്മി 1976 ല്‍
കാക്കിയണിഞ്ഞു. ആ വര്‍ഷംതന്നെ ജിമ്മിയെത്തേടി
കായികരംഗത്തെ പരമോന്നത പുരസ്‌കാരമായ
അര്‍ജുനയുമെത്തി.
സ്മാഷുതിര്‍ത്ത ഹെര്‍മിസ്
1978 ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ എതിരാളി
കളെ ജിമ്മി അടിച്ചൊതുക്കുന്നത് കണ്ടാണ് അബുദാബി
സ്പോര്‍ട്സ് ക്ലബ്ബ് 1979 ല്‍ തങ്ങള്‍ക്കായി കളിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചത്. തുടര്‍ന്ന് പോലീസില്‍നിന്ന് അവധിയെടുത്ത് ജിമ്മി അബുദാബിക്ക് പറന്നു. അവിടെവച്ചു നടന്ന ഒരു മത്സരത്തില്‍ ജിമ്മി ഇറ്റാലിയന്‍ ക്ലബ്ബിന്റെ കണ്ണിലുടക്കി. എട്ട് മാസം കളിയും നാലു മാസം ലോകം ചുറ്റാനുള്ള സൗകര്യ
വും, അതായിരുന്നു ഓഫര്‍. തുടര്‍ന്ന് 1982 പകുതിയോടെ
ജിമ്മി ഇറ്റാലിയന്‍ ക്ലബ്ബിനായി കോര്‍ട്ടിലിറങ്ങി. അങ്ങനെ
യാണ് യൂറോപ്യന്‍ വോളി ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരന്‍ എന്ന പെരുമ ഈ പേരാവൂരുകാരന് സ്വന്തമാകു
ന്നത്. ആ കളിക്കളങ്ങളില്‍ ജിമ്മിയുടെ നീക്കങ്ങളെ തടുക്കാന്‍ ആര്‍ക്കുമായില്ല. 12 അടി ഉയരത്തില്‍ വലയ്ക്ക് മുകളിലേക്ക് കുതിക്കുന്ന ജിമ്മി ക്ഷണനേരം വായുവില്‍ നില്‍ക്കും. പിന്നെ തടുക്കാനാകാത്ത സ്മാഷുകള്‍ ഉതിര്‍ക്കും. ആ സ്മാഷുകളുടെ പ്രഹരശക്തി കണ്ട ഇറ്റാലിയന്‍ ജനത ജിമ്മിയെ തങ്ങളുടെ പറക്കും ദേവനായ ഹെര്‍മിസിനോടുപമിച്ചു.

സിയോളും സോള്‍മേറ്റും
1984 ല്‍ കേരളാ പോലീസ് ടീം ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായാണ് ജിമ്മി കേരളത്തിലെത്തുന്നത്. 1985 ല്‍ സൗദി അറേബ്യ സന്ദര്‍ശിച്ച ഇന്ത്യന്‍ ടീമിനെ നയിച്ചത് ജിമ്മിയായിരുന്നു. ആ വര്‍ഷംതന്നെ ജിമ്മി വിവാഹിതനായി. പാലാ സ്വദേശി ലൗലി സക്കറിയ ആയിരുന്നു വധു. ആഴ്ചാവസാനമുള്ള ക്ലബ്ബുകളുടെ മാച്ചുകളില്‍ ലൗലിയും ജിമ്മിക്കൊപ്പം കളികാണാന്‍ പോകും. വളരെ സ്നേഹിച്ച ചുരുങ്ങിയ വര്‍ഷങ്ങള്‍. അങ്ങനെ കവിതയും സാഹിത്യവുമായിരുന്ന ലൗലിയുടെ ലോകത്തേക്ക് വോളിബോളും ഉരുണ്ടുകയറി.
പാട്ടു കേള്‍ക്കുന്നതും പാടുന്നതുമായിരുന്നു വീട്ടിലെ ജിമ്മിയുടെ മുഖ്യവിനോദം.1986 ല്‍ കൊറിയയിലെ സിയോളില്‍ വച്ച് നടന്ന ഏഷ്യന്‍ ഗെയിംസിലാണ് ജിമ്മി ഇന്ത്യയ്ക്കായി അവസാനം ബോള്‍ തട്ടിയത്. കുതന്ത്രങ്ങള്‍ മെനഞ്ഞ ജപ്പാനുമായി പിടിച്ചുനില്‍ക്കാന്‍ ആദ്യം കളത്തിലിറങ്ങിയ ജൂനിയേഴ്സിനായില്ല. എന്നാല്‍ ചെറുചിരിയോടെ പന്ത് കയ്യിലെടുത്ത ജിമ്മി കുറച്ച് ജമ്പ് ആന്റ് സര്‍വീസുകളും ബാക്ക് കോര്‍ട്ട് അറ്റാക്കുകളും നടത്തിയതോടെ എതിരാളികളുടെ കാലിടറി. ജിമ്മിയുടെ സ്മാഷിനും സര്‍വീസിനും മുന്നില്‍ ജപ്പാന്‍ തകര്‍ന്നടിഞ്ഞു. അന്ന് വെങ്കലവും നേടിയാണ് ഇന്ത്യ സിയോള്‍ വിട്ടത്. അതിനുശേഷം വോളിബോളില്‍ ഒരു
കിരീടം ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല.
ആ കാറപകടം
മക്കളെ ഒരൊറ്റ ടീമായി കോര്‍ട്ടിലിറക്കണമെന്നത് ജിമ്മിയുടെ പിതാവിന്റെ സ്വപ്നമായിരുന്നു. 1987 ല്‍ ആ സ്വപ്നം സാക്ഷാത്ക്കരിച്ച് ജോര്‍ജ് ബ്രദേഴ്സ് കോര്‍ട്ടിലിറങ്ങി. വല്ല്യപ്പച്ചന്‍ കുടക്കച്ചിറ ജോസഫ് കുട്ടിയുടെ സ്മരണയ്ക്കായി പേരാവൂരില്‍ നടത്തിയ ആ ടൂര്‍ണമെന്റിലായിരുന്നു കേരളത്തിലവസാനം ജിമ്മി ബൂട്ട് കെട്ടിയത്. പിന്നെ ഇറ്റലിയിലേക്ക് മടങ്ങിയ ജിമ്മിയുടെ ചേതനയറ്റ ശരീരമാണ് നാട്ടിലെത്തിയത്. 1987 നവംബര്‍ 30 ന് ഇറ്റലിയിലായിരുന്നു ആ ദുരന്തം. പരിശീലനത്തിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ വീട്ടിലേക്ക് തിരിച്ചതായിരുന്നു താരം. എന്നാല്‍ വഴിമധ്യേ
പാഞ്ഞുവന്ന ഒരു ട്രക്ക് മരണത്തിന്റെ രൂപത്തില്‍ ജിമ്മിയുടെ ജീവനെടുത്തു. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷം 1987 ഡിസംബര്‍ 2 ന് ജിമ്മിയുടെ പിതാവിന് തിരുവനന്തപുരത്തുനിന്ന് ഡിജിപി ജോസഫിന്റെ കോള്‍. ജിമ്മിക്കൊരപകടം സംഭവിച്ചെന്നും അതിനാല്‍ അടിയന്തരമായി തിരുവനന്ത
പുരത്തെത്തണം എന്നുമായിരുന്നു നിര്‍ദേശം.
ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ജിമ്മിയുടെ പിതാവ് കോഴിക്കോടെത്തിയപ്പോഴാണ് പത്രക്കാരനില്‍നിന്ന് മകന്റെ മരണവാര്‍ത്തയറിയുന്നത്. എന്നാല്‍ സമചിത്തത വീണ്ടെടുത്ത അദ്ദേഹം തിരുവനന്തപുരത്തെത്തി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് 1987 ഡിസംബര്‍ ഏഴിന് തിരുവനന്തപുരത്തെത്തിയ മൃതദേഹം ചന്ദ്രശേഖര്‍നായര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ഡിസംബര്‍ എട്ടിന് വിലാപയാത്രയായി പേരാവൂരിലെത്തിച്ചു. ജനസമുദ്രമാണ് തങ്ങളുടെ പ്രിയ ജിമ്മിയെ കാണാന്‍ അന്ന് കുടക്കച്ചിറ തറവാട്ടിലെത്തിയത്. അന്നൊരു ഇംഗ്ലീഷ് ദിനപത്രം ഇങ്ങനെ എഴുതി,
‘ഹീ വാസ് എ സീസര്‍. വെന്‍ കംസ് സച്ച് അനദര്‍?’

You might also like

Leave A Reply

Your email address will not be published.