ഇറച്ചി ആൽബി എന്ന ആൽബി മനസ്സ് തുറക്കുന്നു

69

അനുതപിച്ചാല്‍ ഏതുകൊലപാതകിയുടെ ഹൃദയവും പളുങ്ക് കടലാകും. ഇറച്ചി ആല്‍ബിയുടെ കഥ തന്നെ ഉദാഹരണം. ഒരു കാലത്ത് ആലപ്പുഴയില്‍ കുപ്രസിദ്ധനായിരുന്നു ആല്‍ബി. എന്നാല്‍ ഇന്നദ്ദേഹം തെരുവില്‍ അലഞ്ഞുതിരിയുന്നവര്‍ക്ക് പ്രത്യാശയുടെ ശാന്തിതീരമായി മാറിയിരിക്കുന്നു.
സാധാരണ കുടുംബത്തില്‍ ദാരിദ്ര്യം അറിഞ്ഞു വളര്‍ന്നതാണ് ആല്‍ബിയും സഹോദരങ്ങളും. എന്നാല്‍ മദ്യവും അക്രമവാസനയും ആല്‍ബിയെ തികഞ്ഞൊരു റൗഡിയാക്കിയാണ് മാറ്റിയത്. ഒരിക്കല്‍ സഹോദരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ ചട്ടമ്പിയെ ഇടതുകാലില്‍ ആഞ്ഞുവെട്ടിയതോടെ ആല്‍ബിയെ ജനം ഭയപ്പെടാന്‍ തുടങ്ങി. തന്റെ ജീവിതം എങ്ങനെയാണ് ഇത്രയേറെ തകര്‍ന്നതെന്ന് ആല്‍ബിയുടെ തന്നെ വാക്കുകളിലൂടെ നമുക്ക് കേള്‍ക്കാം.
‘ഒരു സായാഹ്നത്തില്‍ അപ്പന്റെ മൃതദേഹം ചേമഞ്ചരി കടല്‍ത്തീരത്ത് വന്നടിഞ്ഞുവെന്ന വാര്‍ത്ത പറയുന്നത് എന്റെ കൂട്ടുകാരനാണ്. എനിക്കന്ന് പന്ത്രണ്ടുവയസേയുള്ളൂ. മൂന്നുദിവസമായി അപ്പന്‍ വീട്ടില്‍ വന്നിട്ടുണ്ടായിരുന്നില്ല. അപ്പനന്ന് അറിയപ്പെടുന്ന സ്രാങ്കാണ്. അപ്പന്‍ പോകുന്ന വള്ളം നിറയെ മീനാണ്. വീട്ടിലെ കാര്യത്തിലൊന്നും തെല്ലും അപ്പന്‍ വീഴ്ചവരുത്തിയിരുന്നില്ല. എന്നാലും കുറച്ച് മദ്യപാനമൊക്കെയുണ്ട്. അമ്മയന്ന് പ്രസവമൊക്കെ കഴിഞ്ഞിട്ട് 41 ദിവസമേ ആയിട്ടുള്ളൂ. ഇളയ ആ കുഞ്ഞിനെ നോക്കികൊണ്ടിരിക്കുമ്പോഴും അമ്മയുടെ കണ്ണുകള്‍ പുറത്തേക്കായിരുന്നു. അപ്പന്‍ വരാത്ത ഉത്ക്കണ്ഠ അമ്മയുടെ വാക്കിലും നോക്കിലുമുണ്ടായിരുന്നു. ചോര്‍ന്നൊലിക്കുന്ന ഒരു കൊച്ചുകുടിലാണ് ഞങ്ങള്‍ക്കന്ന് ആകെയുള്ള സ്വത്ത്. കിടക്കാന്‍ ഒരു പായ് പോലുമില്ല. ഓലക്കീറ് മണ്ണില്‍ വിരിച്ചാണ് ഞങ്ങളും അമ്മയുമപ്പനുമൊക്കെ കിടന്നിരുന്നത്. അന്ന് സ്‌കൂളില്‍ പോകുമ്പോള്‍ ആരെങ്കിലുമൊക്കെ ഭക്ഷണം തരും. ഇങ്ങനെ സ്‌കൂളില്‍ പോയി വരുന്ന നാളിലാണ് അപ്പന്റെ മൃതദേഹം കരക്കടിഞ്ഞുവെന്ന് കേട്ടത്. അത് അപ്പനാകരുതേയെന്ന് പ്രാര്‍ത്ഥിച്ചാണ് ഞാന്‍ അങ്ങോട്ട് ഓടുന്നത്. എന്നാല്‍ അപ്പനാണതെന്ന് മനസിലായതോടെ ഞാന്‍ എന്റെ പുസ്തകവും സഞ്ചിയുമൊക്കെ ദൂരെ എടുത്ത് കളഞ്ഞിട്ട് അവിടെയിരുന്ന് പൊട്ടിപ്പൊട്ടിക്കരയുവാന്‍ തുടങ്ങി.
ആരും കുറ്റവാളിയായി
ജനിക്കുന്നില്ല
കടപ്പുറത്തായതിനാല്‍ എത്രയും വേഗം മൃതദേഹം അവിടെനിന്നും മാറ്റിയില്ലെങ്കില്‍ അടുത്ത തിര വരുമ്പോള്‍ പിന്നെയും അത് കടലിലേക്ക് പോകും. അതിനാല്‍ അപ്പന്റെ മൃതദേഹം എത്രയും വേഗം കടപ്പുറത്തുനിന്നും എടുത്തുമാറ്റാനാണ് കുഞ്ഞായ എന്നോട് പലരും വിളിച്ച് പറഞ്ഞത്. ആരൊക്കെയോ എന്റെ ദയനീയ സ്ഥിതി കണ്ട് മൃതദേഹം എടുത്തുതന്നു. രാത്രിയായപ്പോള്‍ അതു വീട്ടില്‍ കൊണ്ടുവന്നു. മൂന്നുദിവസമായതുകൊണ്ട് മുഖംപോലും ചീഞ്ഞ് വികൃതമായിരുന്നു. ആ നൊമ്പരമെല്ലാം ചേട്ടനെയും എന്നെയും അനുജനെയും ഏറെ നാള്‍ വേട്ടയാടി. വീട്ടില്‍ ദാരിദ്ര്യവും നൊമ്പരവും അനുദിനം വര്‍ധിച്ചുവന്നു.
ദാരിദ്ര്യം അതിന്റെ പരമകാഷ്ഠയിലെത്തിയ നാളിലാണ് വീട്ടില്‍ നിന്നും കിട്ടിയ ബസിന് കയറി ഞാന്‍ തൃശൂരിലെത്തുന്നത്. എങ്ങനെയെങ്കിലും ജീവിക്കണം അതുമാത്രമായിരുന്നു ലക്ഷ്യം. അമ്മയുടെ സങ്കടം മാറ്റണം.
12 വയസില്‍ ആദ്യമായി എന്നെ പോലീസ് അറസ്റ്റ് ചെയ്യുന്നത് തൃശൂരിലെ പൂരപ്പറമ്പില്‍ വെച്ചാണ്. ഞാന്‍ ചെരുപ്പ് മോഷ്ടിക്കാന്‍ വന്നുവെന്ന് തെറ്റിധരിച്ച് ആരോ ചിലര്‍ എന്നെ പോലീസിന് പിടിച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ പോലീസ് രണ്ടുദിവസത്തിനുശേഷം എന്നെ വെറുതെ വിട്ടു.
അപ്പന്റെ ദുരൂഹമരണവും അനുജന്റെ മരണവും എന്നെ വല്ലാതെ വിഷമിപ്പിച്ചു. ആരും തിരിഞ്ഞുകയറാത്ത മൃതസംസ്‌കാരച്ചടങ്ങുകള്‍ എന്റെ സങ്കടം ഇരട്ടിയാക്കി. ആ നാളുകളില്‍ എന്റെ വിവാഹമൊക്കെ കഴിഞ്ഞിരുന്നു.
എല്ലാ സങ്കടവും ഞാന്‍ ഭാര്യയോട് പറഞ്ഞു, അവളെന്നെ സമാധാനിപ്പിച്ചു. എനിക്ക് അടുത്തൊരു സ്ഥാപനത്തില്‍ ചെറിയൊരു ജോലിയും ലഭിച്ചു. അങ്ങനെ ഒരുവിധം തരക്കേടില്ലാതെ മുന്നോട്ട് പോകുന്ന സമയത്തും ഞാന്‍ വളരെയധികം ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു. അനുജനും അപ്പനും കൊല്ലപ്പെട്ടതാണെന്ന ചിന്ത എന്നെ വല്ലാതെ മഥിച്ചുതുടങ്ങി.
അനുജനെയും അപ്പനെയും കൊന്നവരോട് പ്രതികാരം ചെയ്യണമെന്ന ചിന്ത പെട്ടെന്ന് തലയിലുദിക്കുകയായിരുന്നു. എന്നാല്‍ ഇതറിഞ്ഞപ്പോള്‍ ഭാര്യ വിലക്കി. അരുതെന്ന് അവള്‍ കാലുപിടിച്ചു. നിയമത്തിന്റെയും നീതിയുടെയും വഴിക്ക് പോയാല്‍ നല്ലതാണെന്ന് അയല്‍ക്കാര്‍കൂടി പറഞ്ഞതോടെ ഞാന്‍ ഒരു പെറ്റീഷന്‍ എഴുതി എസ്.ഐയുടെ അടുത്തുകൊണ്ടുപോയി കൊടുത്തു. അതു കണ്ടപാടെ അദ്ദേഹം കൂടുതല്‍ രോഷാകുലനായി. ‘ഇപ്പഴാണോ പരാതീം കൊണ്ട് വന്നതെന്ന്’ ചോദിച്ച് അദ്ദേഹം രോഷാകുലനായി. ഞാന്‍ കൊടുത്ത പരാതി കീറി എന്റെ മുഖത്തേക്ക് തന്നെ എറിഞ്ഞു. അത് എന്റെ ദുഃഖത്തെ ഇരട്ടിയാക്കി.
റോഡിലൂടെ ലക്ഷ്യമില്ലാതെ നടക്കുമ്പോഴാണ് അന്ന് നാട്ടിലറിയുന്ന ഒരു റൗഡി എതിരെ വരുന്നത്. ഞാന്‍ അയാളോട് സംസാരിച്ചു, അയാളൊടൊപ്പം അന്നാദ്യമായി മദ്യപിച്ചു. മറ്റുള്ളവരെ കൊല്ലുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്താലേ ആളുകള്‍ക്കിടയില്‍ നമ്മളെ കൊണ്ട് ഒരു വിലയുണ്ടാകൂ എന്നാണയാള്‍ എന്നോട് പറഞ്ഞത്. ആ വാക്കുകള്‍ എനിക്ക് ഏറെ പ്രചോദനമായി. തന്നോട് നാട്ടുകാര്‍ കാണിക്കുന്ന ഭയഭക്തി അയാള്‍ എനിക്ക് കാണിച്ചുതന്നു. എനിക്ക് വലിയ സന്തോഷമായി. ഒരു നല്ല ഗുരുവിനെ
കിട്ടിയ സംതൃപ്തിയോടെ ഞാന്‍ അയാളെ നമിച്ചു. അയാള്‍ തന്നെയാണ് ആദ്യമായി എനിക്ക് ഒരു കത്തിനിര്‍മ്മിച്ച് നല്‍കിയതും.’ ആല്‍ബി പറയുന്നു.
മാനസാന്തരവഴികള്‍
ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുതെന്ന വിലക്കുണ്ടായിട്ടും ജ്യേഷ്ഠന്‍ ജോസഫ് അനുജനെ രഹസ്യമായി തങ്കിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു ദിവസം മദ്യപിച്ച് ലക്ക്‌കെട്ട് അസമയത്ത് വീട്ടില്‍ കയറിച്ചെന്ന ആല്‍ബിയെ ജ്യേഷ്ഠന്‍ ശകാരിച്ചപ്പോള്‍ കഠാര വലിച്ചൂരി ജ്യേഷ്ഠന്റെ വയറില്‍ കുത്തി. രക്തം വാര്‍ന്നൊലിക്കുന്ന ജോസഫിനെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജോസഫ് ആല്‍ബിയോട് പറഞ്ഞു: ‘ലോറിയുടെ കൊളുത്തുകൊണ്ട് മുറിഞ്ഞതാണന്നേ പൊലീസിനോട് പറയാവൂ. കാരണം, ആല്‍ബിയുടെ പേരില്‍ അത്രയ്‌ക്കേറെ കേസുകളുണ്ട്. ഇതുകൂടി അവന്റെ പേരില്‍ ചേര്‍ക്കപ്പെടരുത്.’ ഇതുകേട്ടതോടെയാണ് ആല്‍ബി മനുഷ്യസ്‌നേഹിയായി പരിണമിച്ചത്.
സഹോദരന്‍ ആ തെറ്റ് ക്ഷമിച്ചു എന്നു മാത്രമല്ല അപകടം പറ്റിയത് ആല്‍ബി വഴിയല്ല എന്ന് പോലീസിന് മൊഴി നല്കുകയും കൂടി ചെയ്തതോടെ ആല്‍ബിയുടെ ഹൃദയം മുറിഞ്ഞു.
വിവിധ കേസുകള്‍.. കൊലപാതകങ്ങള്‍.. ഏതൊരു അക്രമിയുടെയും ജീവിതത്തിന്റെ അവസാനവഴികളിലേക്കെന്നോണം ആല്‍ബിയുടെ മുമ്പിലും ഒരു വാതില്‍ തുറന്നു. ജയിലിലേക്കുള്ള വാതില്‍.
പക്ഷേ അതവിടെ അടഞ്ഞുകിടന്നില്ല.. ഏതു വാതിലിലൂടെ പ്രവേശിച്ചുവോ ആ വാതിലിലൂടെ പുറത്തേക്ക് വന്നത് പുതിയൊരു ആല്‍ബിയായിട്ടായിരുന്നു. ജയില്‍ മിനിസ്ട്രിപോലെയുള്ള സംഘടനകളുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും ഭാര്യയുടെയും മക്കളുടെയും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളും ആല്‍ബിയുടെ ജീവിതത്തില്‍ പ്രകാശ കിരണങ്ങളായി.
തന്റെ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായിട്ടാണ് ആല്‍ബി ആതുരസേവനത്തിന് ഇറങ്ങിയത്. വൈകാതെ ഭാര്യ മേരിയും ഭര്‍ത്താവിന് പിന്തുണയുമായി ഒപ്പം വന്നു. ശാന്തിഭവന്‍ സര്‍വ്വോദയ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന, തെരുവില്‍ അലഞ്ഞുതിരിയുന്ന മനോരോഗികള്‍ക്കായുള്ള അഭയകേന്ദ്രത്തിന്റെ പിറവി അങ്ങനെയായിരുന്നു. ഇന്ന് ഈ ട്രസ്റ്റിന്റെ തണലില്‍ അനേക തെരുവുജീവിതങ്ങള്‍ നന്മയുടെയും കാരുണ്യത്തിന്റെയും തണലനുഭവിക്കുന്നു.

You might also like

Leave A Reply

Your email address will not be published.