ഇങ്ങനെ ഒന്ന് കെട്ടിപിടിച്ചു നോക്ക്

123

 

വിഷമം കൊണ്ട് തകര്‍ന്നിരിക്കുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മെ ഒന്നു കെട്ടിപ്പിടിച്ചാല്‍ നമ്മുടെ ദുഖം അലിഞ്ഞുപോകാറുണ്ട്. അതുപോലെ സന്തോഷം കൊണ്ട് നിറയുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മെ കെട്ടിപ്പിടിച്ചാല്‍ നമ്മുടെ സന്തോഷം ഇരട്ടിയാകും. വേദനകൊണ്ട് പുളയുമ്പോഴും സന്തോഷം കൊണ്ട് തുള്ളിച്ചാടുമ്പോഴും മനസ്സില്‍ ദുംഖം തളം കെട്ടി നില്‍ക്കുമ്പോഴും ഒരു ആലിംഗനം നല്ലതാണ്. ഏതായാലും ആലിംഗനം മനുഷ്യന്റെ സമഗ്രമായ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണെന്നാണ് ആധുനിക ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നത്. ആലിംഗനത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാകാം എന്തിന് രോഗം സൗഖ്യമാക്കാന്‍ ഹംഗ് തെറാപ്പിയും ഹംഗ് ക്ലിനിക്കുകളും പ്രചാരത്തിലായിക്കഴിഞ്ഞു. കാരണം, മനുഷ്യന്റെ മാനസികസമ്മര്‍ദ്ദവും പ്രശ്‌നങ്ങളുമൊക്കെ സ്‌നേഹപൂര്‍വ്വമുള്ള ഒരു ആലിംഗനത്തില്‍ തീരാവുന്നതേയുള്ളു.

മനുഷ്യന്റെ ആശയവിനിമയം വാക്കുകളിലൂടെ തന്നെയാവണമെന്നില്ല. അത് ശാരീരികമായ എക്‌സ്പ്രഷന്‍സിലൂടെയുമാവാം. കെട്ടിപ്പിടുത്തം പെട്ടെന്ന് ആശയവിനിമയം നടത്താന്‍ കഴിയുന്ന നോണ്‍ വേര്‍ബല്‍ കമ്മ്യൂണിക്കേഷനാണ്. വാക്കുകളില്ലാത്ത ആശയവിനിമയം. അത് വാക്കുകളെക്കാള്‍ കൂടുതല്‍ ഫലപ്രദവുമാണ്.

ഒരു വ്യക്തിയുടെ വളര്‍ച്ചയ്ക്ക് ഒരു ദിവസം കുറഞ്ഞത് 12 കെട്ടിപ്പിടുത്തമെങ്കിലും വേണമെന്നാണ് ഫാമിലി തെറാപ്പിസ്റ്റ് വെര്‍ജീനിയ സാറ്റിര്‍ പറഞ്ഞത്. ലോകത്തില്‍ മൂന്നിലൊരു ഭാഗം ആളുകളും കെട്ടിപ്പിടിത്തത്തിന്റെ ഫലം അനുഭവിക്കാത്തവരാണത്രെ. എന്തൊക്കെയാണ് ആലിംഗനത്തിന്റെ ഗുണങ്ങള്‍:

1. സ്‌ട്രെസ് കുറയ്ക്കുന്നു

ദുഖകരമായ ഒരവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയെ കെട്ടിപ്പിടിക്കുമ്പോള്‍ ആ വ്യക്തിയുടെ മാനസികസമ്മര്‍ദ്ദം കുറയുന്നു. ആ വ്യക്തിയുടെ മാത്രമല്ല, കെട്ടിപ്പിടിച്ച വ്യക്തിയുടെ സ്‌ട്രെസും കുറയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

2. രോഗ പ്രതിരോധശേഷി കൂട്ടും

ആലിംഗനത്തിന് രോഗപ്രതിരോധ ശേഷി കൂട്ടുവാന്‍ കഴിയുന്നതിനാല്‍ രോഗസാധ്യത ഗണ്യമായി കുറയുമത്രെ.

3. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കും

കെട്ടിപ്പിടിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറയുന്നതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

4. സന്തോഷം നല്‍കും

കെട്ടിപ്പിടിക്കുമ്പോള്‍ കഡില്‍ ഹോര്‍മോണ്‍ എന്ന് വിളിക്കുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ നമ്മുടെ ശരീരത്തില്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ഓക്‌സിടോസിന്‍ ആണ് സന്തോഷം കൂട്ടുകയും സ്‌ട്രെസ് കുറയ്ക്കുകയും ചെയ്യുന്നത്. ഈ ഹോര്‍മോണ്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് സ്ത്രീകളിലാണെന്നും അവര്‍ കണ്ടെത്തി.

5. ഭയത്തെ അകറ്റുന്നു

ആത്മവിശ്വാസം കുറഞ്ഞ വ്യക്തികളെ കെട്ടിപ്പിടിക്കുമ്പോള്‍ അവരുടെ ആകുലതകളും ടെന്‍ഷനും ഭയവും അകലുമെന്നും കണ്ടെത്തിയിട്ടുണ്ട്.

6. വേദന കുറയ്ക്കുന്നു

സ്പര്‍ശനം വേദനയക്ക് ആശ്വാസം നല്‍കുമത്രെ.

7. നല്ല ആശയവിനിമയം

വാക്കുകളെക്കാള്‍ കൂടുതല്‍ ഫലപ്രദമായി നമ്മുടെ ആശ്വാസവചനങ്ങളും സന്തോഷങ്ങളും കൈമാറുവാന്‍ ആലിംഗനത്തിന് കഴിയും.

You might also like

Leave A Reply

Your email address will not be published.