നന്മ നിറഞ്ഞ ഇങ്ങനെ  ചില സംഭവങ്ങളുമുണ്ട്…

91

സാമൂഹ്യതിന്മകളും അക്രമങ്ങളും വഴി എങ്ങനെയും സമ്പത്താര്‍ജിക്കാനുള്ള മനുഷ്യന്റെ  തീവ്രശ്രമമാണ് വാര്‍ത്താമാധ്യമങ്ങളിലിപ്പോള്‍ നിറയുന്നത്. അതുകൊണ്ടാകണം സത്യം ന്യായം, നീതി, തുടങ്ങിയവയ്ക്ക് പശ്ചാത്തലമൊരുങ്ങുന്ന സംഭവങ്ങള്‍  അത്യപൂര്‍വ്വമായെങ്കിലും സംഭവിക്കുമ്പോള്‍ അവയ്ക്ക് പ്രാധാന്യമേറുന്നത്.

ഒരു തരിപൊന്നിനും ഏതാനും ചില്ലിക്കാശിനും വേണ്ടി മനുഷ്യന്‍ മനുഷ്യനെ  ഇല്ലാതാക്കുന്ന ഇക്കാലത്ത് ആലുവായില്‍ നിന്നും ഏതാനും വര്‍ഷം മുമ്പ് നടന്ന സംഭവം മറക്കാനാവാത്തതാണ്.  അഞ്ചു ലോട്ടറി ടിക്കറ്റ് വാങ്ങിയെങ്കിലും അതിന്റെ പണം നല്‍കാനില്ലാത്തതുകൊണ്ടാണ് ആലുവാക്കാരന്‍ കണിയാംകുന്ന് പുതുവേലിപ്പറമ്പില്‍ അയ്യപ്പന്‍ അത് കടയുടമ സുരേഷിനെ ഏല്പിച്ച് വീട്ടില്‍ പോയത്. എന്നാല്‍  ഫലം വന്നപ്പോള്‍ അതിലൊന്നിനാണ് ഒന്നാം സമ്മാനമായ ഒരുകോടി നാല്‍പ്പതിനായിരം രൂപ. വിവരം അറിഞ്ഞയുടന്‍ ഭാഗ്യശാലിയെ തേടിപ്പിച്ച് അറിയിച്ചത് കടക്കാരനായ സുരേഷായിരുന്നു. ”ഞാന്‍ വെറും നിമിത്തം. ടിക്കറ്റ് എടുത്തയാളാണ് ഭാഗ്യവാന്‍.” ആലുവ കിഴക്കേ കടുങ്ങല്ലൂര്‍ കവലയില്‍ നാലു വര്‍ഷമായി ലോട്ടറി വില്‍ക്കുന്ന  മാളക്കാരന്‍ വീട്ടില്‍ സുരേഷിന്റെ വാക്കുകളില്‍ സന്തോഷം മാത്രം.

വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ഏജന്റ് മരിച്ചപ്പോള്‍ പത്തുവര്‍ഷം മുമ്പ് സുരേഷിന്  നഷ്ടമായത് അര ലക്ഷം രൂപ യാണ്. അന്യസംസ്ഥാന ലോട്ടറി ടിക്കറ്റ് കച്ചവടത്തില്‍ ഒന്നേകാല്‍ ലക്ഷം രൂപയും ചിലര്‍ തട്ടിച്ചു.

എന്നിട്ടും  വില നല്‍കാതെ അയ്യപ്പന്‍ വാങ്ങിയ ലോട്ടറിക്ക് സമ്മാനം അടിച്ചപ്പോള്‍ സുരേഷ് അയാളുടെ നന്മ മാത്രമാണ് കാംക്ഷിച്ചത്.  അയ്യപ്പന്റെ വീട്ടിലെത്തി ഈ സന്തോഷവാര്‍ത്ത കൈമാറുമ്പോള്‍ അയാളുടെ നന്മയ്ക്ക് മുന്നില്‍ അയ്യപ്പന്‍ മുട്ടുമടക്കുകയായിരുന്നു.

മാധ്യമങ്ങളിലൂടെ നാമിന്ന് വായിക്കുന്നതെല്ലാം  അസന്മാര്‍ഗികതയുടെ കഥകളും ഊതിവീര്‍പ്പിച്ച പീഡനപര്‍വ്വങ്ങളുമാണ്. കുറ്റകൃത്യങ്ങളും കവര്‍ച്ചയും പെരുകുന്നതിന് പിന്നിലും ഇത്തരം കഥകളും വാര്‍ത്തകളും  സ്വാധീനം ചെലത്തുമെന്ന് നിസംശയം പറയാം. സമൂഹത്തില്‍ തിളങ്ങി നില്‍ക്കേണ്ട സത്യന്ധതയും നന്മപ്രവൃത്തികളും കുറെയൊക്കെ നഷ്ടപ്പെടുന്നതിനും ഇത് കാരണമാകാം. കവര്‍ച്ചകളെക്കുറിച്ച് അതിഭാവുകത്വം നിറഞ്ഞ റിപ്പോര്‍ട്ടുകളും പോലീസ് അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന രീതിയിലുള്ള അവതരണവും  ചിലപ്പോഴെങ്കിലും മോഷണത്തെക്കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെകുറിച്ചുമുള്ള ചിന്തയാകും വായനക്കാരില്‍  ഉണര്‍ത്തുന്നത്. അതുകൊണ്ടാണ് മേല്‍പ്പറഞ്ഞ സുരേഷ് ചെയ്ത നന്മ, വാക്കുകള്‍ക്കതീതമാകുന്നത്. അയാളുടെ ഹൃദയത്തിലെ സത്യസന്ധതയുടെ തിരിവെട്ടം അനേകായിരങ്ങളുടെ ഹൃദയത്തിലും നന്മയുടെ മഴപ്പെയ്ത്തിന് കാരണമാകുമെന്ന് ഞാന്‍ കരുതുന്നു.

മനോരമ ദിനപത്രത്തിന്റെ ഒന്നാം പേജില്‍ വന്നൊരു സംഭവം ഓര്‍ക്കുന്നു.  ചേര്‍പ്പ് പടിഞ്ഞാട്ടുമുറി ഇരിക്ക്യാലി വീട്ടില്‍ വേണുവിന്റെ ഒരു അനുഭവം പ്രസിദ്ധീകരിച്ചിരുന്നു. മകളുടെ പ്രസവാവശ്യത്തിനായി 2000 രൂപയ്ക്കുവേണ്ടി ഓടി നടന്നിട്ടും റോഡില്‍ക്കിടന്ന് കിട്ടിയ 16,000 രൂപാ അടങ്ങിയ പേഴ്‌സ് തിരിച്ചേല്പിച്ചതായിരുന്നു ആ സംഭവം. പണമില്ലാത്തവന്റെ  ദുഖം അറിയുന്ന വേണുവിന്റെ മനസില്‍ പഴ്‌സ് നഷ്ടപ്പെട്ടവന്റെ നിസഹായമുഖമാണ് തെളിഞ്ഞത്.  പഴ്‌സുമായി പോലീസ് സ്റ്റേഷില്‍ എത്തിയ അയാള്‍ അത് പോലീസധികൃതരെ ഏല്പിച്ചു. അവര്‍ നടത്തിയ അന്വേഷണത്തില്‍ ഉടമയെ കണ്ടെത്തുകയും പഴ്‌സ് കൈമാറുകയും ചെയ്തു. ദാരിദ്യത്തിന്റെ നടുക്കടലില്‍ ഭാര്യയും മൂന്ന് പെണ്‍മക്കളുമൊപ്പം ജീവിതനൗക തുഴയുന്ന നേരത്തായിരുന്നു ഈ സംഭവം. ഭാര്യ  അടുത്തുള്ള വീടുകളില്‍ വീട്ടുജോലിക്ക് പോകുന്നു. മൂത്തമകളെ പ്രസവത്തിനായി ഭര്‍തൃവീട്ടില്‍ നിന്നും കൊണ്ടു വരേണ്ട ചടങ്ങിന്റെ ചിലവിലേക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുകയായിരുന്നു വേണു. വീട്ടുചെലവ് കഴിഞ്ഞ് പണം മാറ്റിവെക്കാനില്ലാത്തതിനാല്‍ ആ ചടങ്ങ് തന്നെ  മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് വേണുവിന്റെ സത്യസന്ധത നാടെങ്ങും വാര്‍ത്തയാകുന്നത്.

സത്യം  മറച്ച് വെക്കുന്നതിന്റെയും വളച്ചൊടിക്കുന്നതിന്റെയും കഥകള്‍ക്ക് നടുവിലിരുന്ന് നോക്കുമ്പോഴാണ് മേല്‍പ്പറഞ്ഞ കഥകളിലെ  സുഗന്ധം  നാം തിരിച്ചറിയുന്നത്. രാഷ്ട്രീയപ്രവര്‍ത്തകര്‍  വിളിച്ച് പറയുന്ന അസത്യത്തിന്റെ വാഗ്‌ധോരണികള്‍  നമ്മുടെ കാതടപ്പിക്കുന്നു. പൊതുഖജനാവില്‍ നിന്നും കോടികള്‍ മോഷ്ടിക്കുകയും എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ സത്യസന്ധത ചമയുകയും ചെയ്യുന്നവരെക്കുറിച്ചാണ് എവിടെയും സംസാരം. രാഷ്ട്രീയക്കാരന്‍ എന്നാല്‍  അഴിമതിക്കാരന്‍ എന്ന അര്‍ത്ഥംപോലും ലഭിച്ചിരിക്കുന്നു. പണം നല്‍കിയാല്‍ വ്യാജപ്രസ്താവന നടത്താനും കള്ള സാക്ഷ്യം നല്‍കാനുമൊക്കെ എത്രപേരെ വേണമെങ്കിലും ഇന്ന് കിട്ടും.

എന്നാല്‍  എത്ര കാലം സമൂഹത്തെ വഞ്ചിച്ചിങ്ങനെ ജീവിക്കാനാകും? ഇത്തരത്തില്‍ അസത്യത്തിലും അഴിമതിയിലും കഴിയുന്ന വ്യക്തികള്‍ക്ക് ജീവിതത്തില്‍  അരക്ഷിതത്വവും നിരാശയുമല്ലേ  ബാക്കിയുണ്ടാകുക?

You might also like

Leave A Reply

Your email address will not be published.