തോല്‍വികള്‍ എന്നെ പഠിപ്പിച്ചത്

IM VIJAYAN

226
ദാരിദ്ര്യം സമ്മാനിച്ച ആത്മവിശ്വാസത്തില്‍ മൈതാനങ്ങളടക്കിവാണ, മലയാളികളുടെ അഭിമാനമായ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ തന്റെ ജീവിതവീക്ഷണം പങ്കുവയ്ക്കുന്നു.
ഐ. എം വിജയനാകുന്നതിന് (IM Vijayan) മുന്‍പ് ഞാന്‍ വെറും വിജയനായിരുന്നു. അതുപോലെതന്നെയാണിപ്പോഴും. ഐ. എം വിജയനും, വിജയനും ഒരുപോലെയാണിവിടെ. ജീവിതത്തില്‍ പ്രശസ്തിയും ഫുട്ബോളും മാറ്റം വരുത്തിയിട്ടുണ്ട്. പൈസയൊന്നും ഉണ്ടായിരുന്നില്ല ആദ്യമൊന്നും. കളിച്ചു പൈസ കിട്ടിയപ്പോ നല്ലൊരു വീടൊക്കെ പണിതു. കല്ല്യാണം കഴിച്ചു കുട്ട്യോളായി. അതൊക്കെയാണ് പ്രധാന മാറ്റം. ഞാന്‍ നഗ രത്തില്‍ത്തന്നെയാണ് ജനിച്ചത്, കോലോത്തുംപാടം. പക്ഷെ അന്നൊക്കെ ദാരിദ്യം എന്നും പ്രശ്നമായിരുന്നു. അമ്മയ്ക്ക് കുപ്പിയും പാട്ടയും കടലാസും പെറുക്കലായിരുന്നു തൊഴില്‍. അച്ഛന്‍ മണിക്ക് കൂലിപ്പണിയും ഹോട്ടലില്‍ വിറകുകീറലും. എത്ര തിരക്കുണ്ടെങ്കിലും അച്ഛന്‍ കളി കാണാന്‍ വന്നിരുന്നു. അച്ഛന്റെ കൂടെ ഞാനും. അതിനാല്‍ത്തന്നെ ദാരിദ്ര്യം വല്ലാതെ വലച്ചിട്ടുണ്ട്. കളിക്കണം എന്നായിരുന്നു ആദ്യം ചിന്ത. കാരണം, പഠിക്കാന്‍ ഭയങ്കര മോശമായിരുന്നു. അച്ഛനും അമ്മയും പൂര്‍ണ്ണമായും കളിക്കാന്‍ അനുവദിച്ചിരുന്നു.പഠിച്ച് നന്നാവില്ല എന്നുറപ്പായിരുന്നു അവര്‍ക്ക്.
സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കുന്ന സമയത്ത് അവിടെയൊരാള്‍ സോഡ, സിഗരറ്റ് എന്നിവയുടെ കച്ചവടം നടത്തിയിരുന്നു. അന്ന് കൊടും വെയിലായതിനാല്‍ സോഡയ്ക്ക് നല്ല ചെലവാണ്. സോഡയേയ് സോഡയേയ് എന്ന് വിളിച്ചുപറഞ്ഞ് ഞാനും ഗ്രൗണ്ടില്‍ സോഡ വിറ്റു. ഒരു സോഡ വിറ്റാല്‍ പത്തു പൈസയാണ് ലാഭം. പത്തു വയസായിരുന്നു അന്ന് പ്രായം. അന്ന് ഇരുപത് രൂപ വരെ ദിവസം സമ്പാദിച്ചിരുന്നു. 2 വര്‍ഷത്തോളം ആ തൊഴില്‍ ചെയ്തു. എല്ലാ തൊഴിലിനും അന്തസുണ്ടെന്ന് മനസിലാക്കിയതവിടെവച്ചാണ്. സോഡ വിറ്റ് കിട്ടുന്ന പണം അമ്മയുടെ കയ്യില്‍ ഏല്‍പ്പിക്കും. ചേട്ടനും ഞാനുമന്ന് പഠി ക്കുകയായിരുന്നു. വീട് ഗ്രൗണ്ടിനടുത്തായതുകൊണ്ടുതന്നെ ചെറുപ്പത്തിലേ രാവും പകലും നോക്കാതെ കളിക്കാന്‍ സാധിച്ചിരുന്നു.
അഞ്ചിലെ തോല്‍വി, ലോകറെക്കോര്‍ഡ്!
തൃശ്ശൂര്‍ സി.എം. എസ്സ് സ്‌കൂളിലായിരുന്നു എന്റെ പഠനം. പരീക്ഷയ്ക്ക് ചോദ്യപ്പേപ്പര്‍ സ്ഥിരമായി പകര്‍ത്തി വയ്ക്കുന്നതിനാല്‍ അഞ്ചാംക്ലാസ്സില്‍ അഞ്ചുകൊല്ലം ഞാന്‍ തോറ്റു. ആ റെക്കോഡ് ഇന്നും എന്റെ പേരില്‍ത്തന്നെയാണ്. ഫുട്ബോള്‍ ആയിരുന്നു എനിക്കപ്പോഴും ഹരം. സ്‌കൂളിലെ പ്രഭാവതി ടീച്ചര്‍ എന്നെ സാമ്പത്തികമായി സഹായിച്ചിരുന്നതിനൊപ്പം കളിക്കാന്‍ പ്രോത്സാഹനവും
നല്‍കിയിരുന്നു. സെവന്‍സ് മത്സരങ്ങള്‍ കളിക്കുന്ന സമയത്ത് ഒരു പിരീഡ് നേരത്തെ വിടും. പഠിച്ച് രക്ഷപ്പെടില്ല… എന്നാല്‍ കളിച്ചെങ്കിലും രക്ഷപ്പെടട്ടെ എന്ന് വിചാരിച്ചുകാണും. അങ്ങനെ ടീച്ചര്‍ എനിക്ക് മകനെപ്പോലെ എല്ലാത്തിനും പിന്തുണയേകി. അപൂര്‍വ്വം ചിലര്‍ക്കു മാത്രമാണ് അത്തരത്തിലുള്ളൊരു ഭാഗ്യം ലഭിക്കുക.
ആദ്യം ജഴ്സിയും പിന്നെ കാക്കിയും
എനിക്ക് 13 വയസ്സുള്ളപ്പോഴാണ് സ്പോര്‍ട്സ് കൗണ്‍സില്‍ മൂന്ന് വര്‍ഷത്തെ ട്രെയിനിങ്ങ് ക്യാമ്പിന്റെ പരസ്യം പത്രത്തില്‍ കൊടുക്കുന്നത്. അന്ന് പത്രമൊന്നും വായിക്കാറില്ല. സ്‌കൂള്‍ വിട്ടാല്‍ അന്ന് പ്രധാന വിനോദം തുണിപ്പന്ത് കളിയാണ്. അത് കണ്ടാണ് ജോസ് പറമ്പന്‍ എന്ന കോച്ച് ട്രെയിനിങ് ക്യാമ്പിലേക്ക് വിളിക്കുന്നത്. സെലക്ഷന് ചെന്നപ്പോള്‍ ബൂട്ടൊക്കെയിട്ട പത്തുനൂറ്റമ്പത് കുട്ടികള്‍. അന്ന് ഞാന്‍ ബൂട്ട് കണ്ടിട്ടുകൂടിയില്ല.ആ ക്യാമ്പായിരുന്നു അടിത്തറ.ആ സമയത്താണ് ഒരു സൈക്കിളപകട ത്തില്‍ അച്ഛന്‍ മരിക്കുന്നത്. 1982 ല്‍ പതിവുപോലെ ജോലിസ്ഥലത്തേക്ക് സൈക്കിളില്‍ പോവുകയായിരുന്ന അച്ഛനെ ബസിടിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ കഷ്ടപ്പാട് ഇരട്ടിയായി.
കളിയിലെ മികവും ക്യാമ്പിലെ പ്രകടനവും ശ്രദ്ധയില്‍പ്പെട്ടതോടെ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും ഡിജിപി ജോസഫ്‌സാറുംകൂടിയാണ് എന്നെ പോലീസിലെടുത്തത്. അന്ന് ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. വേണമെങ്കില്‍ എന്നെ അവര്‍ക്ക് ഒഴിവാക്കാമായിരുന്നു. കാരണം, എനിക്കന്ന് പതിനേഴര വയസ് മാത്രമായിരുന്നു പ്രായം. തുടര്‍ന്ന് 6 മാസം കേരളാ പോലീസ് ടീമിനുവേണ്ടി ഗസ്റ്റായി കളിച്ചു. കൃത്യം പതിനെട്ടാം വയസില്‍ പോലീസില്‍ ജോലി ലഭിച്ചതോടെ കേരളാ പോലീസിനായി ബൂട്ടണിഞ്ഞു. പോലീസ് കോണ്‍സ്റ്റബിളായിട്ടായിരുന്നു ആദ്യ നിയമനം. ഇപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടറാണ്. എന്റെ വളര്‍ച്ച പോലീസ് ടീമില്‍ നിന്നാണ്. അവരാണ് എന്നെ ഏറ്റെടുത്തതും വളര്‍ത്തിയതും. ഫെഡറേഷന്‍ കപ്പ് ഉള്‍പ്പെടെയുള്ള കിരീടങ്ങള്‍ നേടി പോലീസ് ടീം ഇന്ത്യന്‍ ഫുട്ബോളില്‍ വന്‍ശക്തിയായിരുന്ന കാലമായിരുന്നു അത്.
പോലീസ് ടീമിലെത്തി നാലാം വര്‍ഷം കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബ്ബായ മോഹന്‍ ബഗാനുവേണ്ടി കളിക്കാനായി. പിന്നീട് ജെസിടി മില്‍സ് ഫഗ്വാര, എഫ്‌സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നീ ഇന്ത്യന്‍ ക്ലബ്ബുകള്‍ക്കായും ബൂട്ടണിഞ്ഞു. 1992 ല്‍ ദേശീയ ടീമിലെത്തിയതോടെയാണ് ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചത്. 39 ഗോളുകള്‍ നേടി. 2003 ലെ ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ നാലു ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ ആയി. മോഹന്‍ബഗാനില്‍ കളിച്ച സമയത്താണ് ഏറെ ആഗ്രഹിച്ചിരുന്ന വീട് നിര്‍മ്മിക്കുന്നത്. ജീവിതത്തിലെ എല്ലാ വിജയങ്ങളും ഒരുപോലെ സന്തോഷം നല്‍കുന്നവയാണ്. 1999 സാഫ് ഗെയിംസിലെ റെക്കോഡ് ഗോള്‍, അര്‍ജ്ജുന അവാര്‍ഡ്, 1993, 1997, 1999 വര്‍ഷങ്ങളില്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് എന്നിവയെല്ലാം ഏറെ സന്തോഷം നല്‍കുന്നു. അതിനെല്ലാം ദൈവത്തോടും എന്നെ
സ്നേഹിക്കുന്നവരോടും നന്ദി പറയുന്നു.
ഗുരുക്കന്മാരും കുടുംബവും
പഠിക്കാന്‍ മോശമായിരുന്നു. പക്ഷെ, എന്റെ കാലുകള്‍ക്ക് ദൈവം ബുദ്ധി നല്‍കിയിരുന്നു. ഞാന്‍ എന്താണോ, അത് ഒരുപാടുപേരുടെ പ്രാര്‍ഥനകൊണ്ടും പരിശ്രമംകൊണ്ടുമാണ്. എന്നെ ഫുട്ബോളിലേക്ക് കൊണ്ടുവന്ന ജോസ് പറമ്പന്‍ സാര്‍, ചാത്തുണ്ണി സാര്‍, പോലീസിലെ രാധാകൃഷ്ണന്‍ സാര്‍, കരുണാകരന്‍.. അങ്ങനെ ഒരുപാട് പേരുണ്ട് എന്റെ ഓരോ വിജയത്തിനും പുറകില്‍. അച്ഛന്‍ ഫുട്ബോളിനെ ഏറെ സ്നേ ഹിക്കുന്നൊരാളായിരുന്നു. കുട്ടിക്കാലത്ത് അദ്ദേഹമാണ് എന്നെ പരിശീലനത്തിന് കൊണ്ടുവന്നിരുന്നത്. ഞാന്‍ ഫുട്ബോള്‍ കളിക്കാരനാകണം എന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാലിപ്പോള്‍ അത് കാണാന്‍ അദ്ദേഹമില്ല. അവസാനകാലത്ത് നല്ല രീതിയില്‍ നോക്കാനുമായില്ല എനിക്ക്. അതിന്നും മനസിലൊരു വിങ്ങലാണ്. മൂത്ത മകള്‍ അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞു. അവള്‍ക്കൊരു കുഞ്ഞുണ്ടായി. ഇപ്പോള്‍ ഞാനും ഭാര്യ രാജിയും അപ്പൂപ്പനും അമ്മൂമ്മയുമാണ്.
ചലച്ചിത്രാഭിനയം
ചലച്ചിത്രാഭിനയം ഓഫ് സീസണിലാണ്. ആ സമയം വിശ്രമത്തിനുള്ള സമയമാണ്. അപ്പോള്‍ മാത്രമാണ് സിനിമാഭിനയം. ശാന്തം എന്ന സിനിമയിലേക്ക് വിളിച്ചപ്പോള്‍ സംവിധായകന്‍ ജയരാജേട്ടനോട് എനിക്കഭിനയിക്കാനറിയില്ലെന്ന് ഞാന്‍ പറഞ്ഞു. സ്റ്റേജില്‍ കയറി ഒരു പ്രകടനം പോലും ഞാന്‍ നടത്തിയിട്ടില്ല, ട്രോഫി നല്‍കാനും ഗസ്റ്റായും മാത്രമെ ഞാന്‍ വേദിയില്‍ കയറിയിട്ടുള്ളുവെന്ന് പറഞ്ഞപ്പോള്‍ ഒരു കുഴപ്പവുമില്ലെന്ന് ചേട്ടന്‍ പറഞ്ഞു. പിന്നെ എന്റെ ഭാഗ്യം! ആ സിനിമയ്ക്ക് നാഷണല്‍ അവാര്‍ഡ് കിട്ടി. അന്ന് കഥ കേള്‍ക്കാതെ ആയിരുന്നു അഭിനയം. അപ്പോള്‍ പറഞ്ഞുതന്നത് ചെയ്തു, അത്രമാത്രം. ആകാശത്തെ പറ വകളിലും പിന്നീട് തമിഴ്സിനിമയിലും വില്ലന്‍ വേഷത്തിലാണ് അഭിനയിച്ചത്. മുഖത്ത് ഒരു വില്ലന്റെ ഛായയുണ്ടായിരുന്നതാണ് അതിന് കാരണം. ഒരിക്കല്‍ നിന്റെ കാലിനെക്കാളും മുഖമാണ് കൂടുതലിഷ്ടമെന്ന് ജയരാജേട്ടന്‍ പറയുകയും ചെയ്തു.
ഭാവി ഫുട്ബോളും സെവന്‍സും
കേരളത്തില്‍ അണ്ടര്‍ 17 വേള്‍ഡ് കപ്പ് കളിച്ച രാഹുലിന് മികച്ച ഭാവിയുണ്ട്. നല്ലൊരു താരനിരയെ വളര്‍ത്തിയെടുക്കാന്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കണം. കഴിവുള്ള ഒരുപാടുപേരുണ്ട്. അത് കണ്ടത്തി അതിനെ വളര്‍ത്തുകയാണ് വേണ്ടത്. മുന്‍പൊരിക്കല്‍ ഇംഗ്ലണ്ടില്‍ പോയിരുന്നു. അവരുടെ കോര്‍ട്ടില്‍ ഞങ്ങള്‍ പരിശീലനം നടത്തി. അവരുടെ ട്രെയിനിങ്ഹാളിലെ സജ്ജീകരണങ്ങള്‍ കണ്ടപ്പോള്‍ത്തന്നെ പേടിയായി. കാരണം, ഇന്ത്യയിലൊന്നുമില്ലാത്ത ഓരോ മസിലിനുംവേണ്ടിയുള്ള പ്രത്യേക വ്യായാമ സജ്ജീകരണങ്ങള്‍ അവിടെ ഉണ്ടായിരുന്നു. ഇവിടെ അത്തരം സംവിധാനങ്ങളില്ല. അതിനാല്‍ത്തന്നെ പലപ്പോഴും മികച്ച രീതിയില്‍ വ്യായാമം ചെയ്യാന്‍ കഴിയാറില്ല. ഫുട്ബോളില്‍ സ്‌കില്‍, ധൈര്യം, ഫൗള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ ലഭിച്ചത് സെവന്‍സില്‍നിന്നാണ്. സെവന്‍സ് ഫുട്ബോളിനെ പ്രോത്സാ ഹിപ്പിക്കണം എന്നുതന്നെയാണ് അഭിപ്രായം. സെവന്‍സുംകൂടെയില്ലെങ്കില്‍ കഴിവുള്ളവര്‍ എവിടെപ്പോയി കളിക്കും? എല്ലാവര്‍ക്കും നാഷണലില്‍ കളിക്കാനാകില്ല. എല്ലാവര്‍ക്കും ടൈറ്റാനിയത്തിലും എസ്ബിഐയിലും ഷൈന്‍ ചെയ്യാനാകില്ല.
ജീവിതം പാഠം
അങ്ങനെ വലിയ അടിപൊളി ജീവിതമൊന്നുമല്ല എന്റേത്. ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം അച്ചടക്കം പ്രധാനമാണ്. അത് നിലനിര്‍ത്തിയേ പറ്റൂ. ഓരോ സാഹചര്യവും എങ്ങനെ നേരിടണമെന്ന് ജീവിതം പഠിപ്പിച്ചു. ആളുകളെ വിശ്വസിക്കേണ്ടതിന്റെയും സഹായിക്കേണ്ടതിന്റെയും പരിധികള്‍ പഠി പ്പിച്ചതും ജീവിതമാണ്. എന്റെ ജീവിതത്തിലെ പാഠങ്ങള്‍ എന്റെ മക്കള്‍ പഠിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. എന്റെ ജീവിതത്തിലെ വിജയങ്ങളും വീഴ്ചകളും അവര്‍ക്കറിയാം.

You might also like

Leave A Reply

Your email address will not be published.