പോണ്‍സൈറ്റുകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കുന്നവരേറുമ്പോള്‍…

26

ഇന്ത്യയില്‍ രതിസൈറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടും ആഗോളതലത്തില്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ നല്ലൊരു പങ്ക് ഇന്ത്യയില്‍ നിന്നാണ്. 2014 ല്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കാനഡായെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തുനിന്ന് രണ്ടിലേക്ക് അടുക്കുന്നു! വിവിധ രാജ്യങ്ങളിലെ പോണ്‍ ഉപയോക്താക്കളുടെ വിവരങ്ങളടങ്ങിയ വാര്‍ഷിക റിപ്പോര്‍ട്ട് പോണ്‍ഹബ്ബ് സൈറ്റാണ് പുറത്തുവിട്ടത്. 2014ല്‍ 40% ആയിരുന്നു അമേരിക്കയുടെ പോണുപയോഗമെങ്കില്‍ 2015 മാര്‍ച്ചില്‍ 41% ആയി ഉയര്‍ന്നു. ബ്രിട്ടണ്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 2015ല്‍ 2120 കോടി സന്ദര്‍ശനങ്ങളാണ് രതിസൈറ്റുകളില്‍ രേഖപ്പെടുത്തിയതെന്നാണ് പോണ്‍ഹബ്ബ് പുറത്തുവിട്ട കണക്ക്.
പുരുഷന്‍മാരാണ് പോണുപയോഗിക്കുന്നതില്‍ കൂടുതലെങ്കിലും സ്ത്രീകളും മോശക്കാരല്ല. ആഗോളതലത്തില്‍ പോണുപയോഗിക്കുന്ന സ്ത്രീകള്‍ 24 ശതമാനം ആണെങ്കില്‍ ഇന്ത്യയില്‍ 30 ശതമാനം സ്ത്രീകള്‍ പോണുപയോക്താക്കളായുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2014ല്‍ ഇന്ത്യയില്‍ പോണുപയോഗിക്കുന്ന സ്ത്രീകളുടെ ശതമാനം 20 ആയിരുന്നു. പോണ്‍ഹബ്ബില്‍ ഏറ്റവുമധികം സ്ത്രീസന്ദര്‍ശകര്‍ എത്തുന്ന കാര്യത്തിലും മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്.
ഇന്ത്യക്കാര്‍ ഇതുകണ്ട് ലജ്ജിച്ചു തലതാഴ്ത്തണം. നാളുകള്‍ക്കുമുമ്പ് ഇക്കിളിപ്പെടുത്തുന്ന മ വാരികകളും ഇംഗ്ലീഷില്‍ എം&ബി നോവലുകളും യുവജനങ്ങളുടെ പ്രധാന ബലഹീനതയായിരുന്നു. പ്രത്യേകിച്ചും സ്ത്രീജനങ്ങളെ വഴിതെറ്റിയ്ക്കുന്നതില്‍ അത് മുഖ്യപങ്ക് വഹിച്ചു. കാമവും പ്രതികാരവും കൊണ്ട് നിറയുന്ന നോവലുകളെ പിന്തള്ളി സീരിയലുകള്‍ പിന്നീട് ആ സ്ഥാനം ഏറ്റെടുത്തു. നന്‍മയുടെ പ്രതിരൂപമായി ആരും സ്ത്രീകളെ ചിത്രീകരിക്കാറില്ല. അതിനര്‍ത്ഥം എല്ലാ സ്ത്രീകളും അങ്ങനെയാണെന്നല്ലാ. അത് ചിത്രീകരിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്നവര്‍ കച്ചവട സാധ്യത മുന്നില്‍ കണ്ടുകൊണ്ടാവണം.
ഇപ്പോള്‍ രഹസ്യ തിന്‍മയായ രതിസൈറ്റുകള്‍ ഇന്ത്യയിലും വ്യാപകമായി ഉപയോഗിക്കുന്നുവെന്നു കേള്‍ക്കുമ്പോള്‍ മനസാക്ഷിയുള്ളവര്‍ ഈ തിന്‍മയ്‌ക്കെതിരെ ഉണരണം. ഏറെക്കാലം മുമ്പ് അശ്ലീല സിഡികള്‍ മക്കളുറങ്ങുമ്പോള്‍ കണ്ടിരുന്ന മാതാപിതാക്കളുടെ മൂത്തമകനും ഒളിവില്‍ അത് കാണുവാന്‍ തുടങ്ങി. 14 വയസ്സായപ്പോള്‍ സ്വന്തം സഹോദരിയെ അവന്‍ ദുരുപയോഗിച്ചു. പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ അവളെ കൊന്ന് ജഢം കക്കൂസ് കുഴിയില്‍ തള്ളി. മകളെ കാണാതെ പോലീസില്‍ പരാതികൊടുത്ത് തെരച്ചില്‍ നടക്കുമ്പോള്‍ അവന്റെ പെരുമാറ്റത്തിലെ അസ്വഭാവികതയില്‍ സംശയം തോന്നിയ പോലീസുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് അവന്‍ കുട്ടിക്കൊലയാളിയാണെന്നറിയുന്നത്. മാതാപിതാക്കളുടെ രഹസ്യ തിന്‍മ വരുത്തിയ വിനയാണിതെല്ലാം. ആകെയുള്ള രണ്ടു മക്കള്‍ക്ക് വന്നു ചേര്‍ന്ന ദുരന്തം നോക്കുക.
നിര്‍ഭയകേസ് ആളിക്കത്തിയപ്പോള്‍ കുറ്റവാളികള്‍ ഈ തിന്‍മയ്ക്ക് അടിമയാണെന്ന വെളിപ്പെടുത്തലുണ്ടായിരുന്നു. ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് എത്ര ക്രൂരമായാണ് അവര്‍ ഒരു പെണ്‍കുട്ടിയോട് പെരുമാറിയത്. ഡെല്‍ഹി ഇപ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാ.വിതുര/സൂര്യനെല്ലി… കേസുകളും നമ്മുടെ കൊച്ചുകേരളത്തില്‍ നടന്നതാണ്. ഇപ്പോള്‍ ദിനപത്രങ്ങളില്‍ ആഴ്ചയില്‍ ഒന്നെങ്കിലും കൂട്ടമാനഭംഗത്തിന്റെ റിപ്പോര്‍ട്ട് കാണപ്പെടാറുണ്ട് .പണ്ടൊക്കെ ഇത് അപൂര്‍വ്വമായിരുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇത്തരം രതിസൈറ്റുകളുടെ അടിമയാണെന്നാണ് മിക്ക കേസുകളിലും കണ്ടെത്തിയത്.
മധ്യകേരള ത്തിലെ വനിതാകലാലയത്തിലെ പെണ്‍കുട്ടികളുടെ നഗ്നശരീരത്തിന്റെ ഫോട്ടോകള്‍ ആണ്‍സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തത് ദുരുപയോഗം ചെയ്തപ്പോള്‍ അവര്‍ അപമാനഭാരമേറി ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. സ്വന്തം ശരീരത്തെ പ്രദര്‍ശനവസ്തുവാക്കി, പണം സമ്പാദിക്കുന്ന യുവജനങ്ങളും ഈ കൊച്ചുകേരളത്തിലുണ്ടെന്നുള്ളത് അതിശയോക്തിയല്ല.
പാക്കിസ്ഥാനില്‍ നാലുലക്ഷം അശ്ലീലസൈറ്റുകള്‍ സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പൂട്ടപ്പെട്ടു. അശ്ലീലം പ്രചരിപ്പിക്കുന്ന സൈറ്റുകളാണ് പാക്കിസ്ഥാനിലെ യുവാക്കളെ നശിപ്പിക്കുന്നതെന്നും ഇതിനു പരിഹാരം കാണണമെന്നുള്ള സുപ്രീം കോടതി നിര്‍ദ്ദേശം നമ്മുടെ രാജ്യവും കണ്ടുപഠിക്കട്ടെ. അശ്ലീല ഉള്ളടക്കമുള്ള വെബ് സൈറ്റുകള്‍ പൂട്ടാനുളള ഉത്തരവാദിത്വം നമ്മുടെ രാജ്യവും കാണിച്ചിരുന്നെങ്കില്‍ നമ്മുടെ യുവജനങ്ങളെ ഈ തിന്മയുടെ പിടിയില്‍നിന്നും മോചിപ്പിക്കാന്‍ കഴിയുമായിരുന്നു.

You might also like

Leave A Reply

Your email address will not be published.