പ്രതികാരം ഇല്ലാതാക്കിയ ക്ഷമ

44

സ്‌നേഹമയിയായ ഭാര്യയായിരുന്നു നിമ്മി. പക്ഷേ, അവളുടെ ഭര്‍ത്താവ് ജാക്‌സണാകട്ടെ അവിശ്വസ്തനായ ഭര്‍ത്താവായിരുന്നു. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്നെ നിമ്മി മനസിലാക്കി തന്റെ ഭര്‍ത്താവിന് വിവാഹത്തിനുമുമ്പേ പരസ്ത്രീകളുമായി ബന്ധമുണ്ടെന്ന്. വിവാഹശേഷം നിമ്മിയുടെ ഹൃദയം നിറഞ്ഞ സ്‌നേഹവും ബഹുമാനാദരങ്ങളും ലഭിച്ചിട്ടും നിക്‌സണ്‍ പഴയ ദുഃശീലങ്ങളൊന്നും ഉപേക്ഷിക്കാന്‍ തയാറായില്ല. ഒരിക്കല്‍ നിമ്മി പുറത്തെന്തോ ആവശ്യത്തിന് പോയി തിരിച്ചെത്തുമ്പോള്‍ തനിക്ക് മുന്‍പില്‍ അടച്ച കിടപ്പുമുറിയില്‍ ജാക്‌സന്റെയും മറ്റേതോ സ്ത്രീയുടെയും അടക്കിപ്പിടിച്ച സംസാരം കേട്ടു. വാതിലുകള്‍ അടച്ചിരുന്നെങ്കിലും പാപം ചെയ്യാനുള്ള തിടുക്കത്തില്‍ അവര്‍ ജനലുകള്‍ അടയ്ക്കാന്‍ മറന്നുപോയി. പാതിതുറന്നു കിടന്ന ജനലിലൂടെ നിമ്മി നോക്കിയപ്പോള്‍ കണ്ടത് മറ്റൊരുവളോടുകൂടി ശയിക്കുന്ന തന്റെ ഭര്‍ത്താവിനെയാണ്.
ഇതിനെതിരെ ബഹളം കൂട്ടി പ്രതിഷേധിച്ചാല്‍ തന്റെ ഭര്‍ത്താവിനെ തിരികെ കിട്ടില്ലെന്ന് അവള്‍ക്ക് മനസിലായി. അത് അയാളുടെ മനസില്‍ കൂടുതല്‍ പ്രതികാരവും വിദ്വേഷവും വളര്‍ത്തുക മാത്രമേ ചെയ്യുകയുള്ളൂ. എന്തു ചെയ്യണമെന്ന് അവള്‍ ഒരിക്കല്‍ക്കൂടി ആലോചിച്ചു. ഈ ഒരു കാരണത്താല്‍ തന്റെ കുടുംബജീവിതം തകരരുതെന്ന് അവള്‍ ആഗ്രഹിച്ചു. ഒറ്റ ഉത്തരമേ അവളുടെ മനസിലേക്ക് വന്നുള്ളൂ. അവളുടെ മുമ്പില്‍ ഇതിനെല്ലാം പ്രതിവിധിയായി ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ഷമിക്കുക, ഭര്‍ത്താവിനോട് ക്ഷമിക്കുക.
അവള്‍ ഒച്ചപ്പാടുണ്ടാക്കിയില്ല. ബഹളം കൂട്ടിയില്ല. ഒന്നുമറിയാത്തവളെപ്പോലെ അടുക്കളയിലേക്ക് പോയി. ഒരു ഗ്ലാസ് ചായയുണ്ടാക്കി, തന്റെ ഭര്‍ത്താവിന് കൊടുക്കാന്‍. അത്രയും ഹൃദയഭേദകമായ ഒരു കാഴ്ച കണ്ടതിന്റെ ചെറിയൊരു ലാഞ്ജന പോലും നിമ്മിയുടെ മുഖത്തില്ലായിരുന്നു. പക്ഷേ, ജനല്‍വിരി മാറ്റി അവരെ നോക്കുന്ന നിമ്മിയെ ജാക്‌സണ്‍ നേരത്തെ തന്നെ കണ്ടിരുന്നു. ഒരു പൊട്ടിത്തെറി അയാള്‍ പ്രതീക്ഷിച്ചിരുന്നു. അതിനുവേണ്ടി അയാള്‍ മനസില്‍ ക്രൂരമായ ചില പദ്ധതികളും നെയ്തുതുടങ്ങിയിരുന്നു.
അവന്റെ ഹൃദയം അപരാധബോധത്താല്‍ നിറഞ്ഞു. തന്റെ മുമ്പില്‍ ഒന്നുമറിയാത്തവളെപ്പോലെ പൂപ്പുഞ്ചിരിയുമായി ചായക്കപ്പ് നീട്ടുന്ന നിമ്മിയുടെ മുഖത്തേക്ക് നോക്കാന്‍പോലും തയാറാകാതെ അവന്‍ അവളുടെ കാല്‍ക്കല്‍ വീണു കരഞ്ഞു. അവളവനെ താങ്ങിയെടുത്ത് കസേരയില്‍ ഇരുത്തി. അവന്റെ കണ്ണീര്‍ക്കണങ്ങള്‍ തുടച്ചു. അവളുടെ ഓരോ സ്‌നേഹപ്രകടനവും ആഴമായ അനുതാപത്തിലേക്ക് ജാക്‌സനെ നയിച്ചു. സംസാരമധ്യേ ജാക്‌സണ്‍ സുഹൃത്തിനോട് പറഞ്ഞു; ‘അവളുടെ സ്‌നേഹത്തിന്റെ മുന്‍പില്‍ ഞാന്‍ പരാജയപ്പെട്ടു. അവളെന്നെ ചീത്ത വിളിച്ചിരുന്നെങ്കില്‍, ബഹളം വച്ച് ആള്‍ക്കാരെ വിളിച്ചുകൂട്ടിയിരുന്നെങ്കില്‍, അരിവാളെടുത്ത് വെട്ടിയിരുന്നെങ്കില്‍ എനിക്ക് സമാധാനമാകുമായിരുന്നു. പക്ഷേ, അവളതൊന്നും ചെയ്തില്ല. ഒന്നും അറിയാത്തവളെപ്പോലെ എന്നെ നോക്കി ഹൃദ്യമായി പുഞ്ചിരിക്കുകമാത്രം ചെയ്തു. അതാണ് എന്നെ മനം തിരിപ്പിച്ചത്.’ സുഹൃത്ത് കൂടെ ഉണ്ടായിരുന്ന നിമ്മിയോട് ചോദിച്ചു, ‘എന്താണ് നിമ്മി ഈ അവസ്ഥയില്‍ നീ ഒന്നും ചെയ്യാതിരുന്നത്?’ അവള്‍ പുഞ്ചിരിയോടെ പറഞ്ഞു: ‘എന്റെ ഭര്‍ത്താവിനോട് ക്ഷമിക്കാന്‍ ഈ ഭൂമിയില്‍ ഞാനല്ലാതെ മറ്റാരാണ്? ഞാന്‍ ക്ഷമിച്ചില്ലെങ്കില്‍ മറ്റാരാണ് അദ്ദേഹത്തോട് ക്ഷമിക്കുക.’
നമുക്കാര്‍ക്കും സ്വമേധയാ നമ്മെ ദ്രോഹിച്ചവരോട് ക്ഷമിക്കാനോ അവരെ സ്‌നേഹിക്കുവാനോ കഴിയില്ല. അതിന് ദൈവികമായ കാഴ്ചപ്പാട് വേണം. അത് ലഭിക്കുമ്പോള്‍ തീര്‍ച്ചയായും നാം മറ്റുള്ളവരോട് ക്ഷമിക്കും. ദൈവികമായ ഈ വരദാനം നമ്മെ ധന്യരാക്കട്ടെ.

You might also like

Leave A Reply

Your email address will not be published.