പങ്ചര്‍ ഒട്ടിക്കുന്നവന്‍ മൃഗങ്ങളുടെ പരിപാലകനായതെങ്ങനെ

43

ജയ്പൂരിലെ പീരാ രാം ബിഷ്‌നോയി ഉപജീവനം നടത്തുന്നത് തന്റെ ചെറിയ ടയര്‍ ഷോപ്പില്‍ പങ്ചര്‍ ഒട്ടിച്ചാണ്. ജയ്പൂര്‍ നാഷണല്‍ ഹൈവേയിലുള്ള ഷോപ്പ് വൈകുന്നേരം വരെ തുറന്നുവെച്ചിരുന്നാല്‍ ഭാഗ്യമുണ്ടെങ്കില്‍ അന്നന്നത്തെ ആഹാരത്തിനുള്ള വക കിട്ടും. ഒരു ദിവസം ജോലിയില്‍ മുഴുകിയിരിന്നപ്പോള്‍, തന്റെ ഷോപ്പിന്റെ അടുത്ത് ഒരു മാന്‍ കിടാവ് വാഹനമിടിച്ച് പരിക്കേറ്റ് കിടക്കുന്നതു കണ്ടു. അദ്ദേഹം ഓടി ചെന്ന് അതിനെ എടുത്തു. കരുണയോടെ തലോടി. അതിനുവേണ്ട മരുന്നുകള്‍ നല്‍കി അതിനെ പരിപാലിച്ച്, സുഖമായപ്പോള്‍ അതിനെ കാട്ടിലേക്ക് മടക്കിവിട്ടു. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. മനുഷ്യന്റെ മൃഗങ്ങളുടെ മേലുള്ള കടന്നുകയറ്റം മൂലം വീണ്ടും അനേകം മൃഗങ്ങള്‍ അദ്ദേഹത്തിന്റെ മുന്നില്‍ വന്നുപെട്ടുകൊണ്ടിരുന്നു. ഒന്നിനേയും അദ്ദേഹം ഉപേക്ഷിച്ചില്ല. അദ്ദേഹം അവയുടെ രക്ഷകനായി. ജലോര്‍ ജില്ലയിലെ ദമാന ഗ്രാമത്തില്‍ നിന്നുള്ളയാളായതുകൊണ്ട് പ്രകൃതിസംരക്ഷണമെന്നത് അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.

തന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നും കിട്ടുന്ന തുകകൊണ്ട് അദ്ദേഹം ആ മിണ്ടാപ്രാണികള്‍ക്ക് വേണ്ട മരുന്നും ഭക്ഷണവും നല്‍കി. അങ്ങനെ അദ്ദേഹത്തിന്‍രെ വീട് കാട്ടുമൃഗങ്ങളുടെ സങ്കേതമായി മാറി. കഴുകനും മാന്‍കിടാവും, മുയലുകളും കുരങ്ങന്മാരും അദ്ദേഹത്തിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരായി മാറി. പണം തികയതെ വന്നപ്പോള്‍ അദ്ദേഹം കാശുള്ളവരുടെ മുമ്പില്‍ കൈനീട്ടി. അധികം വൈകിയില്ല. അനുവാദമില്ലാതെ മൃഗങ്ങളെ വളര്‍ത്തിയതിന് ഭരണാധികാരികള്‍ അദ്ദേഹത്തിന്റെ പേരില്‍ കേസെടുത്തു. അതോടെ, അദ്ദേഹം ഭരാണധികാരികളില്‍ നിന്ന് അനുവാദം വാങ്ങി, ഗവണ്‍മെന്റ് നല്‍കിയ സ്ഥലത്ത് കാട്ടുമൃഗങ്ങള്‍ക്കായി ഒരു ഷെല്‍ട്ടര്‍ ഫാം തുറന്നു. ചെറിയ സ്ഥലത്ത് ആരംഭിച്ച അവിടെ ഇന്ന് രണ്ടേക്കറോളം സ്ഥലത്ത് ഏതാണ്ട് 600 മൃഗങ്ങളെ അദ്ദേഹം വളര്‍ത്തുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അദ്ദേഹം 1200 ഓളം മൃഗങ്ങളെ പരിചരിച്ചു.

അദ്ദേഹത്തിന്റെ സത്പ്രവര്‍ത്തി ഫലം വൈകാതെ നാട്ടൂകാരും അംഗീകരിച്ചു. അവര്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കിത്തുടങ്ങി. ചിലര്‍ തീറ്റ സൗജന്യമായി നല്‍കി. ഡോക്ടര്‍മാര്‍ സൗജന്യ ചികിത്സ നല്‍കിയപ്പോള്‍ സര്‍ക്കാര്‍ മൃഗങ്ങളുടെ സുരക്ഷയ്ക്കായി 8 സായുധ കാവല്‍ക്കാരുടെ സേവനം നല്‍കി.

മൃഗങ്ങള്‍ മാത്രമല്ല, അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിത്തുടങ്ങി. അടുത്തകാലത്താണ് അദ്ദേഹം റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലാന്‍ഡ് നല്‍കുന്ന ഏര്‍ത്ത് ഹീറോസ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. പക്ഷേ മനുഷ്യമൃഗങ്ങള്‍ അദ്ദേഹത്തെ വെറുതെ വിടുന്നില്ല. പല പ്രാവശ്യം വേട്ടക്കാര്‍ അദ്ദേഹത്തെ അക്രമിച്ചു. എങ്കിലും പീരാ രാം തന്റെ കര്‍മ്മം നിര്‍ബാധം തുടരുന്നു.

You might also like

Leave A Reply

Your email address will not be published.