തര്‍ക്കങ്ങള്‍ അതിരുവിടുമ്പോള്‍

ഫാ. ജോസഫ് വയലിൽ

26

ഒരു സംഭവം പറയാം..
ചെറുപ്പക്കാരായ ദമ്പതികളുടെ ജീവിതത്തിലെ അധ്യായമാണിത്. രണ്ടുപേരും ഉന്നതവിദ്യാഭ്യാസം നേടിയ മലയാളികള്‍. അമേരിക്കയില്‍ ജോലി ചെയ്യുന്നു. പരസ്പരം കണ്ട് ഇഷ്ടപ്പെട്ടു നടത്തിയ വിവാഹം. രണ്ടുപേര്‍ക്കും മികച്ച ജോലി, ഉയര്‍ന്ന ശമ്പളം. രണ്ടുപേരുടെയും കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ ഒന്നുമില്ല. പുറമേ നിന്നു നോക്കുന്ന ആര്‍ക്കും അവരെ കണ്ടാല്‍ അടിപൊളി ദമ്പതികള്‍ എന്നേ തോന്നുകയുള്ളു.
എന്നാല്‍ അവരുടെ യഥാര്‍ത്ഥ ജീവിതം ശരിക്കും അടിപിടി ജീവിതമായിരുന്നു. അതിനു കാരണം ഇതാണ്. ഭാര്യ സ്വന്തം പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് എടുത്തു. സ്വന്തം ശമ്പളം ആ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ തുടങ്ങി.
ഇത് ഭര്‍ത്താവിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു:
‘ശമ്പളം എന്റെ കയ്യില്‍ തരണം.’ ഭാര്യ അതു സമ്മതിച്ചില്ല. താനാണ് ഭര്‍ത്താവെന്നും താന്‍ പറയുന്നതാണ് കേള്‍ക്കേണ്ടതെന്നും ഭര്‍ത്താവ് ഭാര്യയോട് വാശിപിടിച്ചു.
ഭാര്യ പറഞ്ഞു: ‘ചേട്ടാ, ഏത് അക്കൗണ്ടില്‍ കിടന്നാലും അത് നമ്മള്‍ രണ്ടുപേരുടെയും കൂടി പണമല്ലേ, പിന്നെന്താ?’
ഭാര്യയുടെ ന്യായീകരണം ഭര്‍ത്താവിന് സമ്മതമായിരുന്നില്ല.
എല്ലാ മാസവും ശമ്പളം തന്റെ കയ്യില്‍ തരണമെന്ന് അയാള്‍ ഭാര്യയോട് തറപ്പിച്ചു പറഞ്ഞു. ഇത്രയുമായപ്പോള്‍ ഭാര്യയ്ക്കും വാശിയായി. അവള്‍ പറഞ്ഞു:
‘ഇത് കേരളമൊന്നുമല്ല അമേരിക്കയാെണന്ന് ഓര്‍ക്കണം.’ ഈ പ്രതികരണം ഭര്‍ത്താവിനെ രോഷാകുലനാക്കി. അങ്ങനെ വാക്‌പോര് മുറുകി കയ്യാങ്കളിയിലെത്തി. വിവരം നാട്ടിലറിഞ്ഞു. രണ്ടുപേരുടെയും മാതാപിതാക്കള്‍ തമ്മില്‍ സംസാരിച്ചു.
പരസ്പരം പഴിപറയുന്നതിന് പകരം അവര്‍ ഒന്നിച്ചു നിന്നു. അത് അവരുടെ വിവേകം. രണ്ടു പേരെയും നാട്ടിലേക്ക് വിളിപ്പിച്ചു. സംസാരിച്ച് പ്രശ്‌നം തീര്‍ക്കുകയായിരുന്നു മാതാപിതാക്കളുടെ ലക്ഷ്യം. ഇരുവരും നാട്ടിലെത്തി മാതാപിതാക്കളുടെ മധ്യസ്ഥതയിലും അല്ലാതെയും ദീര്‍ഘനേരം സംസാരിച്ചു. കാര്യങ്ങള്‍ രമ്യതയിലും ധാരണയിലുമെത്തി.
ഇരുവരും സമാധാനത്തോടെ അമേരിക്കയിലേക്ക് തിരിച്ച് പോയി. ഈ സംഭവം വിലയിരുത്തുമ്പോള്‍ നമ്മുടെ മനസ്സില്‍ ന്യായമായ പല ചിന്തകളുമുണ്ടാകാം. അതില്‍ ആദ്യത്തേത് ഇങ്ങനെയായിരിക്കാം.
ഒരു നല്ല ജീവിതം നയിക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും അവര്‍ക്ക് ഉണ്ടല്ലോ, പിന്നെ എന്താണ് പ്രശ്‌നം? പ്രശ്‌നം ഇതാണ് സ്‌നേഹക്കുറവ്, സ്വാര്‍ത്ഥത, അഹങ്കാരം, വിവരമില്ലായ്മ. പട്ടിക്ക് മുഴുവന്‍ തേങ്ങ കിട്ടിയപോലെ എന്നൊരു ചൊല്ലുണ്ടല്ലോ അതുപോലൊരു ജീവിതം.
ഈ ഭര്‍ത്താവോ ഭാര്യയോ കുറച്ചുകൂടി സ്‌നേഹം, വിട്ടുവീഴ്ച, എളിമ, വിവേകം തുടങ്ങിയവ കാണിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
ഭാര്യയുടെ അക്കൗണ്ടില്‍ത്തന്നെ ശമ്പളം കിടക്കണമെന്ന് അവള്‍ക്ക് ആഗ്രഹം ഉണ്ടെങ്കില്‍ അങ്ങനെ ആയിക്കോട്ടെ എന്ന് ഭര്‍ത്താവിന് ചിന്തിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കാമായിരുന്നു. അങ്ങനെ ചെയ്യണമെങ്കില്‍ അദ്ദേഹത്തിന് പണത്തേക്കാള്‍ സ്‌നേഹം ഭാര്യയോട് വേണം. ഞാന്‍ ഭര്‍ത്താവാണ് നീ എന്നെ അനുസരിക്കണം എന്ന അഹങ്കാരത്തിന് കുറവുണ്ടാകണം. ജീവിതമാണ് പണത്തേക്കാള്‍ വലുതെന്ന് തിരിച്ചറിയാനുള്ള വിവേകം ഉണ്ടാകണം.
ഭാര്യയുടെ കാര്യവും അങ്ങനെ തന്നെ. ശമ്പളം കയ്യില്‍ കൊടുക്കുന്നതാണ് ഭര്‍ത്താവിന് ഇഷ്ടമെങ്കില്‍ അങ്ങനെ ആയിക്കോട്ടെയെന്ന് ഭാര്യയ്ക്ക് തീരുമാനിക്കാമായിരുന്നു. അതിന് അല്‍പ്പം ത്യാഗവും വിട്ടുവീഴ്ചയും എളിമയും വേണം. സ്വന്തം അക്കൗണ്ടില്‍ പണം കിടക്കുന്നതിന്റെ സന്തോഷമൊഴിച്ച് കുടുംബജീവിതത്തിലെ എല്ലാ നന്മകളും നഷ്ടപ്പെടുത്തിയപ്പോള്‍ അത് വിവേകമില്ലാത്ത പ്രവൃത്തിയാണെന്ന് തിരിച്ചറിയണമായിരുന്നു. രണ്ടുപേരും അവരവരുടെ പിടിവാശികളില്‍ ഉറച്ചു നിന്ന് ജീവിതത്തിന്റെ സന്തോഷവും സമാധാനവും നഷ്ടപ്പെടുത്തുകയായിരുന്നു.
ഒരു നല്ല കുടുംബജീവിതം നയിക്കാന്‍ വേണ്ട എല്ലാ അനുകൂല ഘടകങ്ങളും ഉണ്ടായിട്ടും നിരവധി ഭാര്യാ ഭര്‍ത്താക്കന്മാരുടെ ജീവിതം ഇങ്ങനെ പാഴായി പോവുകയാണ്. എത്ര സങ്കടകരമായ അവസ്ഥയാണിത്. ഇന്നുള്ള ജീവിതത്തെ സ്വാര്‍ത്ഥത കൊണ്ടും പിടിവാശികൊണ്ടും നഷ്ടപ്പെടുത്തിയിട്ട് നാളെ അതിനേക്കുറിച്ച് പരിതപിച്ചിട്ട് ഒരു പ്രയോജനവുമില്ല. ജീവിതത്തില്‍ ഇന്ന് നഷ്ടപ്പെടുത്തിയ ഒരു നിമിഷം പോലും ഇനി തിരിച്ചുപിടിക്കാനാവില്ല എന്ന തിരിച്ചറിവില്‍ ജീവിക്കുന്നതാണ് വിവേകികളുടെ ലക്ഷണം. ജീവിതത്തില്‍ ഒരു വിവേകിയാകണോ മണ്ടനാകണോ എന്ന് സ്വയം തീരുമാനിക്കൂ.

You might also like

Leave A Reply

Your email address will not be published.