24X7ആംബുലന്‍സ് ദാദ 

45

സഹായിക്കാന്‍ ഒരു മനസ്സുണ്ടായാല്‍  മതി ബാക്കിയെല്ലാം നമ്മെ തേടിയെത്തുമെന്ന് ജീവിതം കൊണ്ട് തെളിയിക്കുന്ന ഒരു മനുഷ്യസ്‌നേഹിയുടെ ജീവിതം

അമിതവേഗത്തില്‍ ചീറിപ്പായുന്ന ബൈക്കുകള്‍ നാം ദിവസേന കാണാറുള്ളതാണ്. സ്‌റ്റൈലിലങ്ങനെ പാഞ്ഞുപോകുന്ന ഫ്രീക്കന്‍മാരെ പലപ്പോഴായി മുതിര്‍ന്നവര്‍ ശകാരിക്കാറുമുണ്ട്. ‘ഒടുക്കത്തെപോക്ക്’ എന്ന് മനസ്സിലെങ്കിലും നമ്മളും പറഞ്ഞുപോയിട്ടുണ്ടാകും. എന്നാല്‍ പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ ദലാബരി ഗ്രാമത്തില്‍ സൈറണ്‍ മുഴക്കിക്കൊണ്ട് ബൈക്കില്‍ അതിവേഗത്തില്‍ പായുന്ന കരിമുല്‍ ഹാക്കിനെ ബഹുമാനത്തോടെയും അഭിമാനത്തോടെയുമാണ് ഗ്രാമവാസികള്‍ നോക്കിക്കാണുന്നത്. കാരണം അദ്ദേഹം ഈ ഓട്ടം നടത്തുന്നത് ഒരു രസത്തിനല്ല. തന്റെ ബൈക്കിനു പുറകില്‍ ഇരിക്കുന്ന രോഗികളുടെ ജീവന്‍ രക്ഷിക്കാനാണ്.

അതെ, ഇതാണ് ആംബുലന്‍സ് ദാദ എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന, 24 മണിക്കൂറും ആരു വിളിച്ചാലും ഓടിയെത്തുന്ന കരിമുല്‍ ഹാക്ക്. ഒരു തേയിലത്തോട്ടത്തിലെ സാധാരണക്കാരനായ കൂലിത്തൊഴിലാളി. മറ്റുള്ളവരെ സഹായിക്കുന്നതിന് തന്റെ പണപ്പെട്ടി വലുതാകേണ്ട ആവശ്യമില്ലെന്ന് തെളിയിച്ച വ്യക്തി. അതുകൊണ്ടാണ് തന്റെ ഏക വാഹനമായ ബൈക്ക് ഒരു ആംബുലന്‍സാക്കി മാറ്റാന്‍ ഇദ്ദേഹത്തിനായത്.

വേദനയോടെ തുടക്കം

മുറിവുകളില്‍ നിന്നാണല്ലോ ഇന്ന് ലോകത്തിലെ പല വിപ്ലവങ്ങളുടേയും തുടക്കം. അമ്മ നഷ്ടമായ വേദനയാണ് കരിമുല്‍ ഹാക്കിനെ സാധാരണക്കാരില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. 1991 ലെ ഒരു വേനല്‍ക്കാല രാത്രിയിലാണ് ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ നിസഹായരായിപ്പോകുന്നവരുടെ വേദന കരിമുല്‍ ഹാക്ക് തിരിച്ചറിഞ്ഞത്. മരണവേദന അനുഭവിക്കുന്ന അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ ഒരു വാഹനത്തിനായി അവര്‍ മുട്ടാത്ത വാതിലുകളില്ല. സ്വന്തമായി വാഹനമില്ലാതിരുന്ന അന്ന് അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ അമ്മയുടെ ജീവനും നഷ്ടപ്പെട്ടു.

ആ വലിയ വേദന മനസ്സില്‍ അവശേഷിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ജോലിസ്ഥലത്ത് സഹതൊഴിലാളിയായ അസിസുള്‍ കുഴഞ്ഞു വീണപ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കുകയല്ല കരിമുല്‍ ഹാക്ക് ചെയ്തത്. മരണത്തിനും ജീവിതത്തിനുമിടയില്‍ ബോധം മറഞ്ഞുകൊണ്ടിരുന്ന അസിസുളിനെ താങ്ങിയെടുത്ത് തന്റെ ബൈക്കിലിരുത്തി ഒരു തുണികൊണ്ട് ശരീരത്തോട് ചേര്‍ത്തുകെട്ടി 50 കിലോമീറ്റര്‍ അകലെയുള്ള ജല്‍പായ്ഗുരിയിലെ സാധാര്‍ ആശുപത്രിയിലെത്തിച്ചു. കൃത്യസമയത്ത് ചികിത്സ കിട്ടിയതുകൊണ്ടുമാത്രം അസിസുള്‍ ജീവിതത്തിലേക്ക് മടങ്ങിവന്നു. സഹപ്രവര്‍ത്തകന്റെ മടങ്ങിവരവ് കരിമുല്‍ ഹാക്കിന്റെ ജീവിത ലക്ഷ്യം തന്നെ മാറ്റിമറിച്ചു.

തനിക്കാകെ നല്‍കാനാകുന്ന സൗകര്യമായ ബൈക്ക് എന്തുകൊണ്ട് രോഗികളെ ഇത്തരത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ ഉപയോഗിച്ചുകൂടാ എന്നദ്ദേഹം ചിന്തിച്ചു. ആദ്യമൊക്കെ ആളുകള്‍ കരിമുള്‍ ഹാക്കിന്റെ സേവനത്തെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമായും മാനസിക പ്രശ്‌നമായുമൊക്കെകണ്ട് പരിഹസിച്ചു. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങളില്‍ സഹായമായും രക്ഷകനായും ഓടിയെത്തുന്ന കരിമുലിനെ തിരിച്ചറിഞ്ഞതോടെ എല്ലാവരും സ്വയം തിരുത്തി. പിന്നീടുള്ള മാറ്റങ്ങള്‍ വളരെ പെട്ടന്നായിരുന്നു. തന്റെ ഗ്രാമത്തിന് മാത്രമല്ല, ദലാബരിക്കടുത്തുള്ള ഇരുപതിലേറെ ഗ്രാമങ്ങളിലെ രോഗികളുടെ രക്ഷകനായി അദ്ദേഹം.

പ്രതിസന്ധികള്‍, പോരാട്ടങ്ങള്‍

ആശുപത്രിയിലേക്കുള്ള കിലോമീറ്ററുകള്‍ നീളുന്ന യാത്രകളിലും പല അപകടങ്ങളും പതിയിരിക്കുന്നുണ്ട്. പൊട്ടിപൊളിഞ്ഞ റോഡുകളും കാട്ടാനശല്യം രൂക്ഷമായ വനപാതയുമെല്ലാം കടന്നുവേണം കരിമുല്‍ ഹാക്കിന് തന്റെ രോഗിയുമായുള്ള ഓട്ടം പൂര്‍ത്തിയാക്കാന്‍. ‘ഗര്‍ഭിണികളുടെ കാര്യം വരുമ്പോഴാണ് ഏറെ ബുദ്ധിമുട്ടുക. എട്ട് കിലോമീറ്ററിനപ്പുറം സ്ഥിതിചെയ്യുന്ന പൊതു ആരോഗ്യകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ല എന്നുള്ളത് പലപ്പോഴും എല്ലാം പ്രശ്‌നത്തിലാക്കാറുണ്ട്’ കരിമുല്‍ ഹാക്ക് പറയുന്നു.

വര്‍ഷങ്ങളുടെ സേവനങ്ങള്‍കൊണ്ട് പല ആപത്ഘട്ടങ്ങളിലും ആശുപത്രിയിലെത്തും മുന്‍പ് പ്രാഥമിക ചികിത്സ നല്‍കേണ്ട സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും കരിമുല്‍ ഹാക്ക് പഠിച്ചു. വിദഗ്ദരായ ഡോക്ടര്‍മാരുടെ അടുത്തുനിന്ന് പരിശീലനം നേടിയാണ് ആംബുലന്‍സ് ദാദ മുറിവുകള്‍ കെട്ടാനും അത്യാവശ്യ മരുന്നുകള്‍ നല്‍കാനും ഇഞ്ചക്ഷനുകള്‍ നല്‍കാനും തുടങ്ങിയത്.

ആംബുലന്‍സ് ദാദയുടെ നിസ്വാര്‍ത്ഥ സേവനം മനസിലാക്കിയ അദ്ദേഹം ജോലി ചെയ്തിരുന്ന തേയില തോട്ടത്തിന്റെ ഉടമ, സേവനത്തിന് കൂടുതല്‍ പ്രധാന്യം നല്‍കി ജോലി ചെയ്തുകൊള്ളാന്‍ അനുവാദം നല്‍കിയതോടെ സമയവും ലഭിച്ചു. തനിക്ക് ലഭിക്കുന്ന തുകയുടെ പകുതിയിലധികവും ആംബുലന്‍സ് ദാദ ഉപയോഗിക്കുന്നത് ബൈക്കിന് ഇന്ധനം നിറയ്ക്കുന്നതിനും രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വാങ്ങി നല്‍കാനുമാണ്.

നാലായിരത്തിലധികം രോഗികളെയാണ് ആംബുലന്‍സ് ദാദ തന്റെ ബൈക്കിനു പുറകിലിരുത്തി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്. മക്കളായ രാജുവും രാജേഷും കരിമുല്‍ ഹാക്കിനെ സഹായിക്കാനായി കൂടെ ചേര്‍ന്നിട്ടുണ്ട്.

രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ പത്മശ്രീയും മറ്റനേകം പുരസ്‌കാരങ്ങളും ആംബുലന്‍സ് ദാദയെ തേടിയെത്തി. തന്റെ വീട്ടിലെ ചെറിയ മുറിക്കുള്ളില്‍ ആംബുലന്‍സ് ദാദ അവയെല്ലാം സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അദ്ദേഹത്തെ സ്വാധീനിക്കുന്നില്ല. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള അടിസ്ഥാന സൗകര്യം ഈ ഗ്രാമങ്ങള്‍ക്ക് ലഭ്യമാകണമെന്ന് കൊതിക്കുകയാണ് ഈ രക്ഷകന്‍.

You might also like

Leave A Reply

Your email address will not be published.