ബ്രിട്ടന്‍ മറന്ന ഇന്ത്യന്‍

49

രാജ്യം കീഴടക്കി ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യവും അവരുടെ ക്രൂരതകള്‍ നിറഞ്ഞ ചെയ്തികളും അതോടൊപ്പം തന്നെ വിഭാവനം ചെയ്ത പുരോഗമനരീതികളും ചരിത്രത്താളുകളില്‍ മഷി ഉണങ്ങാതെ കിടക്കുന്ന സംഭവങ്ങളാണ്. അവയൊന്നും അത്ര പെട്ടെന്ന് മറക്കാന്‍ നമുക്ക് സാധിക്കില്ല.
എന്നാല്‍, ബ്രിട്ടീഷ്  സാമ്രാജ്യത്തിന്റെ സൈന്യാധിപ, വിക്ടോറിയ രാജ്ഞിയുടെ ഏറ്റവും അടുത്ത സുഹൃത്തും വിശ്വസ്തരില്‍ ഒരാളുമായി മാറിയ ഒരിന്ത്യക്കാരനുമുണ്ട്. അബ്ദുല്‍കരീം, യുവത്വത്തിന്റെ ചുറുചുറുക്കും ഗാഭീര്യമേറിയ മുഖഭാവവും കരീമിനെ എന്നും വ്യത്യസ്തനാക്കിയിരുന്നു.  കേവലമൊരു ദാസ്യപ്പണിക്ക് പോയി പിന്നീട് രാജ്ഞിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരായി മാറിയ മുന്‍ഷി അബ്ദുല്‍ കരീമിനെപ്പറ്റി ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് നിശേഷം ഇല്ലാതാക്കാന്‍ രാജകുടുംബത്തിലെ തന്നെ മറ്റ് അംഗങ്ങള്‍ ഏറെ പരിശ്രമിച്ചിരുന്നു. എന്നാല്‍ എന്തായിരിക്കം ഇതിനുപിന്നിലെ കാരണങ്ങള്‍? ചരിത്രകാരന്‍മാര്‍ പല കാരണങ്ങള്‍ നമുക്കുമുന്നില്‍ നിരത്തുന്നു.

മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശര്‍ബാനി ബാസു 2003ല്‍ തന്റെ കുടുംബത്തോടൊപ്പം  രാജ്ഞിയുടെ ഉഷ്ണകാല വസതിയിലേക്ക് നടത്തിയ യാത്രയില്‍ ആകസ്മികമായി കണ്ടെടുത്ത് ചുരുളഴിച്ചതാണ് ഈ ബന്ധം. രാജ്ഞിയുടെ വസതിയില്‍ അവശേഷിച്ചിരുന്ന ചില ചിത്രങ്ങളില്‍ രാജ്ഞിയോടൊത്ത് തന്നെ കാണപ്പെട്ട ഇരുനിറക്കാരനായ മാന്യവ്യക്തിയെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന വ്യഗ്രതയോടെ ബാസു അന്വേഷണം ആരംഭിച്ചു.

സൗഹൃദങ്ങളുടെ തുടക്കം

വിക്ടോറിയ രാജ്ഞിയുടെ അമ്പതു വര്‍ഷത്തെ രാജഭരണത്തിന്റെ ആഘോഷവേളയില്‍ ചടങ്ങുകളിലെ അതിഥിസല്‍ക്കാരത്തിനായി ഇന്ത്യയില്‍ നിന്നുള്ളവരെ അയക്കണം എന്ന് രാജ്ഞി ആവശ്യപ്പട്ടു. അങ്ങനെ രാജ്യത്തുനിന്നും ആഗ്രയില്‍ താമസമാക്കിയിരുന്ന അബ്ദുല്‍കരീം ഉള്‍പ്പെടെ രണ്ടുപേരെ രാജ്ഞിക്ക് സമ്മാനമായി ഇംഗ്ലണ്ടിലേക്ക് അയയ്ക്കാന്‍ തീരുമാനമായി. ‘വന്നു കണ്ടു കീഴടക്കി’ എന്ന ചൊല്ല് പോലെ കരിം രാജ്ഞിയുടെ ഇഷ്ടക്കാരനായി മാറിയത് വളരെ പെട്ടെന്നായിരുന്നു തന്റെ ഡയറിക്കുറിപ്പുകളില്‍ രാജ്ഞി കരീമിനെ പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു. ‘ഉയരമേറിയതും മികച്ചതുമായ ഗൗരവമുള്ളൊരു മുഖം’.
രാജ്ഞിയുടെ വിശ്വസ്തനായിരുന്ന ജോണ്‍ ബ്രൗണിന്റെ മരണാനന്തരം കരീമിന് മാത്രമായിരുന്നു അവരുടെ മനസ്സില്‍ പുതിയ വിശ്വസ്തത പദവി ലഭിച്ചത്. ശര്‍ബാനിയുടെ ‘വിക്ടോറിയ ആന്റ് അബ്ദുല്‍കരീം’ എന്ന പുസ്തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ശേഷം കരീം സ്വന്തം കൈകൊണ്ട് ഉണ്ടാക്കിക്കൊടുത്ത ഇന്ത്യന്‍ വിഭവങ്ങള്‍ തന്റെ ഭക്ഷണക്രമത്തില്‍ രാജ്ഞി ഉള്‍പ്പെടുത്തുകയും ചെയ്തു. രാജ്ഞി തന്നെ ഭാരത സംസ്‌കാരവും ഉറുദു ഭാഷയും പഠിപ്പിക്കാന്‍ കരീമിനോട് ആവശ്യപ്പെട്ടു. ഇതിനെപ്പറ്റി രാജ്ഞി ഡയറിയില്‍ കുറിച്ചുവെച്ചിട്ടുണ്ട.്  ‘ഞാനെന്റെ പരിചാരകരോട് സംസാരിക്കാന്‍ ഹിന്ദുസ്ഥാനി ഭാഷ പഠിക്കാന്‍ താല്പര്യപ്പെടുന്നു. പ്രത്യേകിച്ച് കരീമുമായി കൂടുതല്‍ ആഴത്തില്‍ സംസാരിക്കാന്‍ ഇതെന്നെ സഹായിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു’.
വെറും ദാസ്യപണിക്കു വന്ന കരീം രാജ്ഞിയുടെ വിശ്വസ്തനായി മാറിയത് തന്നെ മറ്റു കുടുംബാംഗങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആകുന്നതല്ലായിരുന്നു. അസൂയാവഹമായ നേട്ടങ്ങളും അംഗീകാരങ്ങളും ആയിരുന്നു അക്ബര്‍ കരീമിന് വിക്ടോറിയയില്‍ നിന്നും ലഭിച്ചത്. യൂറോപ്പില്‍ ഉടനീളം രാജ്ഞിയോടൊത്ത് സഞ്ചരിക്കാനും വേദികളില്‍ മുന്‍ സ്ഥാനങ്ങളും മറ്റു പദവികളും കരീമിനായി തുറന്നു വച്ചു.  അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ പിതാവിന് പെന്‍ഷന്‍, കുടുംബാംഗങ്ങള്‍ക്കും മറ്റും താമസിക്കാനുള്ള സൗകര്യങ്ങളും ഇന്ത്യയില്‍ ഭൂമി എന്നിവ വാഗ്ദാനം ചെയ്തു.
കോളനി രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ നിന്നും വന്ന ഇരുനിറമുള്ള കേവലമൊരു അടിമ മറ്റ് ബ്രിട്ടീഷ് സേവകരെക്കാളും പദവിയില്‍ എത്തി രാജ്ഞിയോടൊത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് അവര്‍ക്ക് നോക്കി നില്‍ക്കേണ്ടി വന്നു. അതിനാല്‍ തന്നെ തക്കം കിട്ടിയാല്‍ എങ്ങനെയും കരീമിനെ നാടുകടത്തണം എന്നായി എല്ലാവരുടെയും ചിന്ത. വൈകാതെ തന്നെ കരീം ‘മുന്‍ഷി’ എന്ന പദവിയിലെത്തുകയും രാജ്ഞിയുടെ ഔദ്യോഗിക പദവിയുടെ ഭാഗമാവുകയും ചെയ്തു.

പ്രത്യേക അധികാരങ്ങള്‍

അബ്ദുള്‍ കരീമിന് തന്റെ പരമ്പരാഗതരീതിയിലുള്ള  ഉടവാള്‍ ഏന്തുവാനും മെഡലുകള്‍ ധരിക്കാനുമുള്ള അധികാരം നല്‍കിയിരുന്നു.  കൂടാതെ കരീമിന്റെ കുടുംബത്തെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരാനും അവര്‍ക്കായി പ്രത്യേക താമസ സൗകര്യം ഒരുക്കി നല്‍കാനും രാജ്ഞി താല്പര്യം കാണിച്ചു.  വിവാഹിതനായ കരിമിന്റെ ഭാര്യയെ ഉപചാരപൂര്‍വ്വം സ്വീകരിച്ചു. തന്റെ ഭാര്യയോടൊത്ത് നാട്ടില്‍ താമസിക്കാന്‍ ആവശ്യപ്പെട്ട കരീമിനോട് ഭാര്യയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരാനും അവര്‍ക്ക് മാത്രമായി തന്റെ വസതിയോട് ചേര്‍ന്ന് താമസസൗകര്യം ഒരുക്കുവാനും രാജ്ഞി മടിച്ചില്ല.

മാറി മറിഞ്ഞ ചരിത്രം
തന്റെ അന്ത്യയാത്രയില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം കരീമിനും സ്ഥാനം നല്‍കണമെന്ന് രാജ്ഞി ആഗ്രഹിച്ചു. ആഗ്രഹപ്രകാരം മകന്‍ എഡ്വേര്‍ഡ് അവസാനത്തെ ആളായി മാത്രം രാജ്ഞിയെ ഒരു നോക്ക് കാണാന്‍ കരീമിനെ അനുവദിച്ചു. അതിനുശേഷം എഡ്വേര്‍ഡ് വളരെ പെട്ടെന്ന് തന്റെ അമ്മയും അബ്ദുല്‍കരീമും തമ്മില്‍ എഴുതിയ കത്തുകളും അവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും കൂടാതെ മറ്റെല്ലാ വസ്തുക്കളും നശിപ്പിച്ചുകളയാന്‍ ആജ്ഞാപിച്ചു. താമസിക്കുന്നതിനായി നല്‍കിയ ബംഗ്ലാവില്‍ നിന്ന് പോലും കരീം പുറത്താക്കപ്പെടുകയും ഇന്ത്യയിലേക്ക് മടങ്ങി പോകേണ്ടി വരികയും ചെയ്തു. മകളായ ബിയാട്രിസ് കരീമിനെപ്പറ്റി രാജ്ഞി കുറിച്ച് വെച്ചിരുന്ന എല്ലാ റഫറന്‍സും നീക്കംചെയ്തു. രാജ്ഞിയും അബ്ദുല്‍കരീമുമായുള്ള ബന്ധം മറച്ചുവെക്കാന്‍ കുടുംബാംഗങ്ങള്‍ ഒരു മനസ്സോടെ ശ്രമിച്ചെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം മറനീക്കി ആ ചരിത്രവും പുറത്തുവന്നു.  ഇന്നും ആ നല്ല സുഹൃത് ബന്ധം കാലചക്രങ്ങളില്‍ മായാതെ നിലകൊള്ളുന്നു.

You might also like

Leave A Reply

Your email address will not be published.