ഉദരത്തിലേ കുഞ്ഞിനെ കൊല്ലുന്നവര്‍ വായിക്കേണ്ട ജീവിതം

826

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന സൂസന്‍ എന്ന പെണ്‍കുട്ടി ബാംഗ്ലൂര്‍ സ്വദേശിയായ സന്തോഷുമായി വിവാഹം കഴിഞ്ഞ് ആദ്യ കുഞ്ഞിനായി കാത്തിരുന്നത് അത്യധികം സന്തോഷത്തോടെയായിരുന്നു. എന്നാല്‍ ആദ്യത്തെ സ്‌കാന്‍ റിപ്പോര്‍ട്ട് അവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. കുഞ്ഞിന്റെ മുഖത്തിന്റെ വലതുവശം അപൂര്‍ണ്ണമായേ വികാസം പ്രാപിച്ചിട്ടുള്ളൂ. കുടല്‍, വാരിയെല്ലുകള്‍ക്കിടയിലേക്ക് കയറി ശ്വാസകോശത്തിന്റെ വളര്‍ച്ചയെ മുരടിപ്പിച്ചിരിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ള കുഞ്ഞിന് ജനിച്ചാലും ജീവിക്കാന്‍ സാധ്യത കുറവാണ്. ഹൃദയത്തില്‍ ദ്വാരവും മുച്ചുണ്ട് എന്ന വൈകല്യവും ഇതിനോടൊപ്പം കണ്ടുപിടിച്ചിരുന്നു. ഇപ്രകാരം പ്രശ്‌നങ്ങള്‍ മാത്രമേ ഡോക്ടറിനു വിവരിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. ‘ഹൈറിസ്‌ക്’ കേസുകള്‍ നോക്കുന്ന ഗൈനക്കോളജിസ്റ്റിന്റെ അടുത്തുപോയിട്ടും ആശ്വാസം പകരുന്ന ഒരു വാക്കും അവര്‍ക്കും പറയാനുണ്ടായിരുന്നില്ല. ഇരുവരും കുഞ്ഞിനെ സ്വീകരിച്ചാലുള്ള വരുംവരായ്മകളെ കുറിച്ച് ബോധ്യപ്പെടുത്തിയെങ്കിലും കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ ഭ്രൂണഹത്യ ചെയ്ത് ഇല്ലാതാക്കണമെന്ന നിര്‍ദ്ദേശത്തോട് അവര്‍ യോജിച്ചില്ല. അവരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു. രണ്ടാമത്തെ സ്‌കാനിംഗില്‍ ഒരല്‍ഭുതം വെളിവാക്കപ്പെട്ടു. കുഞ്ഞിന്റെ കുടല്‍ യഥാസ്ഥാനത്തായി, ബാക്കിയുള്ള നൂനതകള്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കത്തക്കതായിരുന്നു. ശ്വാസകോശത്തിന്റെ വളര്‍ച്ചയും കുടല്‍ കൃത്യസ്ഥാനത്തായതിനാല്‍ തടസ്സപ്പെട്ടില്ല.
2000 ജൂലൈ 27 അവരുടെ കുഞ്ഞ് ഫിലിപ്പ് ജനിച്ചു. തുടര്‍ പരിശോധനയില്‍ തലച്ചോര്‍, വൃക്ക, ഹൃദയം ഇവയ്ക്കും ന്യൂനതകള്‍ ഉണ്ടായിരുന്നു. മുച്ചുണ്ടും പാതി കോടിയ മുഖവും കാണുമ്പോള്‍ തന്നെ ഞെട്ടലും മനസികാഘാതവും ഉളവാക്കുന്നതാണെങ്കിലും അവര്‍ ദൈവത്തിലാശ്രയിച്ചു. ആദ്യസര്‍ജറി 2 ആഴ്ചക്കുള്ളില്‍ നടന്നു. തുടര്‍ പരിശോധനകള്‍ക്കായി എല്ലാ അഴ്ചകളിലും ആശുപത്രിയിലെത്തേണ്ടിവന്നു.
സര്‍ജറി കഴിഞ്ഞുള്ള പരിചരണം വളരെ ശ്രമകരമായിരുന്നു. അറിയാതെ അവന്‍ മുഖത്തു മാന്തിയാല്‍ ചോര കിനിയും, സ്റ്റിച്ചുകള്‍ വിട്ടുപോകാനോ അകലാനോ ഇടയുണ്ട്, ഉണങ്ങാനും താമസം നേരിടും. ഒരു നിമിഷത്തെ അശ്രദ്ധ മണിക്കൂറുകള്‍ നീണ്ട ഡോക്ടര്‍മാരുടെ പ്രയത്‌നം നിഷ്ഫലമാക്കുമെന്നതിനാല്‍ അവര്‍ കണ്ണിലെണ്ണയൊഴിച്ച് രാവും പകലും മാറി മാറി കുഞ്ഞിന്റെയടുത്ത് കാത്തിരുന്നു. രണ്ടുപേരും ഷിഫ്റ്റുകള്‍ മാറി മാറി ചെയ്തു. കുഞ്ഞിനെ പരിചരിക്കുവാന്‍ പരാതിയോ പരിഭവമോ ഉണ്ടായില്ല. അവരുടെ ത്യാഗവും സഹനവും കണ്ട് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ജോലി ഉപേക്ഷിച്ച് കുഞ്ഞിനെ പരിചരിക്കുവാന്‍ തയ്യാറായി.
കുട്ടിയുടെ ബുദ്ധിക്ക് കുറവ് കാണുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. തലച്ചോറിന്റെ ന്യൂനത നിമിത്തം ഇനി ബുദ്ധിവികാസം സംഭവിക്കുകയില്ലായെന്നു തന്നെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. മറ്റുകുഞ്ഞുങ്ങളെപ്പോലെ സംസാരിക്കുകയോ നടക്കുകയോ ചെയ്യില്ലായെന്ന് കുഞ്ഞിന്റെ അവസ്ഥ കണ്ട് വിദഗ്ധരായ ഡോക്‌ടേഴ്‌സും അഭിപ്രായപ്പെട്ടു. അതിനാല്‍ അവനെ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ കൊടുക്കുന്ന സ്‌കൂളില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. 5-ാം വയസ്സില്‍ അവന്‍ നടന്നുതുടങ്ങി. ചെറിയ കാര്യങ്ങള്‍ ചെയ്യുവാന്‍ പഠിക്കുന്നത് സ്‌പെഷ്യല്‍ സ്‌കൂളിലാണ്. തുടര്‍ന്ന് സാധാരണ സ്‌കൂളിലേക്കുമാറ്റി, സ്‌പെഷ്യല്‍ എഡ്യുക്കേഷനും തുടര്‍ന്നുകൊണ്ടിരുന്നു. ആ മാറ്റം അവന് കാര്യങ്ങളൊക്കെ ശരിയായയി അപഗ്രഥിക്കുവാനും നന്നായി സംസാരിക്കുവാനും മറ്റുള്ളവരോട് ഇടപെടാനും സഹായകരമായി.
15 വയസ്സ് പൂര്‍ത്തീകരിച്ച ഫിലിപ്പ് എന്ന ആ കുട്ടി ഇന്ന് 22 സര്‍ജറികള്‍ക്കു വിധേയനായി. ആ സമയത്തെ കുഞ്ഞിന്റെയും മാതാപിതാക്കളുടെയും സഹനത്തിന് വിലയിടാനാവില്ല. പരിശോധനകള്‍ക്കൊടുവില്‍ കുട്ടി ‘സമ്പൂര്‍ണ്ണന്‍’ എന്ന് വിധിയെഴുതി. മന്ദബുദ്ധിയെന്ന് ഡോക്ടര്‍മാര്‍ തീര്‍ച്ചപ്പെടുത്തിയ ആ കുട്ടിയുടെ മാനസികബൗദ്ധിക നിലവാരം 15 വയസ്സുള്ള കുട്ടി യുടേതെന്ന് വ്യക്തമാക്കപ്പെട്ടു. രാജ്യത്തെ മികച്ച സ്‌കൂളില്‍ പഠിക്കുന്ന ഫിലിപ്പ് ഇന്ന് പബ്ലിക്ക് സ്പീക്കര്‍ കൂടിയാണ്. തന്റെ അനുഭവവും മാതാപിതാക്കളുടെ ധീരമായ തീരുമാനവും പ്രതിസന്ധികളില്‍ ഉരുക്കുകോട്ടപോലെ നിന്നതും അവന്‍ പൊതുവേദികളിലും, റേഡിയോയിലും, റ്റി.വിയിലും പങ്കുവെക്കുന്നു. വൈകല്യത്തിന്റെ പേരില്‍ അബോര്‍ഷനെ പിന്തുണയ്ക്കുന്നതിനെതിരെ ജീവിക്കുന്ന സാക്ഷ്യമായി അവന്‍ നിലകൊള്ളുമ്പോള്‍, മെഡിക്കല്‍ സയന്‍സിനു ന്യായീകരണം ഉണ്ടോ?
ഇത്രയധികം ഓപ്പറേഷനുകള്‍ക്കായി തീയേറ്ററിനു മുന്നില്‍ നില്‍ക്കുന്ന ഫിലിപ്പിന്റെ മാതാപിതാക്കളുടെ കരുത്ത് സ്വര്‍ഗ്ഗത്തിന്റെ സമ്മാനമാണ്. ഇതേപോലെ അനേകം ജീവിതസാക്ഷ്യങ്ങള്‍ പലരെയും പ്രത്യാശയോടെ ജീവിതത്തെ നോക്കിക്കാണാന്‍ ഇടവരുത്തട്ടെ.

You might also like

Leave A Reply

Your email address will not be published.