‘ഇത് ജോയി സ്റ്റൈല്‍’ കൃഷിക്കൊരു പുത്തന്‍പാഠം

67

ആവശ്യമായ സ്ഥലവും സൗകര്യവും അധ്വാനിക്കാന്‍ മനസ്സും ഉെണ്ടങ്കില്‍ ആര്‍ക്കും മികെച്ചാരു കര്‍ഷകനാകാെമന്ന് െതൡയിക്കുകയാണ് േജായി ജെയിംസ് എന്ന യുവകര്‍ഷകന്‍

മണ്ണില്‍ അധ്വാനിച്ചാല്‍ പൊന്ന് വിളയിക്കാമെന്ന് കാണിച്ചു തരികയാണ്് കോട്ടയം ജില്ലയിലെ കൂരോപ്പട വാക്കയില്‍ ജോയി ജെയിംസ് എന്ന യുവകര്‍ഷകന്‍. കേരള സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കൃഷിഭൂമിയെ കാര്‍ഷിക സംസ്‌കാരത്തിന്റെ പാഠപുസ്തകമായിട്ടാണ് കാണുന്നത്. ജോയിയുടെ കൃഷിസ്ഥലം കണ്ട് കൃഷിയെ ഇഷ്ടപ്പെട്ടവരും നവീനമായ ഈ കാര്‍ഷിക ശൈലി പകര്‍ത്തിയവരും ആയിരക്കണക്കിനാണ്.
സൗദിയിലെ പ്രമുഖ കമ്പനിയുടെ സൂപ്പര്‍ വൈസിങ് ജോലി ഉപേക്ഷിച്ചാണ് ജോയി നാട്ടിലേക്ക് തിരിച്ചത്. ഭാര്യ ബെറ്റ്‌സിയും ഭര്‍ത്താവിനൊടൊപ്പം എം.ഒ.എച്ച് നഴ്‌സിംങ് ജോലിയിലൂടെ ലഭിക്കുന്ന സാമാന്യം നല്ലൊരു ശമ്പളം വേണ്ടെന്ന് വെച്ചു നാട്ടിലേക്ക് മടങ്ങി. ”കുറച്ച് കൃഷിസ്ഥലമുണ്ട്. അവിടെ എന്തെങ്കിലും ചെയ്യണം.” ഇതുമാത്രമായിരുന്നു ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുളള കാരണമെന്തെന്ന് ചോദിച്ചവരോടെല്ലാം ജോയി പറഞ്ഞത്. കാര്‍ഷിക നിലങ്ങള്‍ ഉപേക്ഷിച്ച് ഫ്‌ളാറ്റുകളില്‍ ചേക്കേറിയവരെല്ലാം ജോയിയുടെ വാക്കുകള്‍ കേട്ട് പൊട്ടിച്ചിരിച്ചു. അവരെല്ലാം നിരത്തിയത് കൃഷിചെയ്ത് പൊട്ടിത്തകര്‍ന്നുപോയ കൃഷിക്കാരുടെ കണ്ണീരിന്റെയും ദാരിദ്ര്യത്തിന്റെയും കഥകളായിരുന്നു. എന്നാല്‍ അതൊന്നും കേട്ട് ജോയി തളര്‍ന്നില്ല. ആധുനിക രീതിയില്‍ കൃഷിയെ എങ്ങനെ പുതുക്കി പണിയാം എന്നാണ് അദ്ദേഹം ചിന്തിച്ചത്. അത്തരത്തിലുള്ള നിരവധി കൃഷിത്തോട്ടങ്ങള്‍ നാട്ടിലെത്തിയ ശേഷം ജോയി കാണാന്‍ പോയി. കീടനാശിനികളും രാസവളങ്ങളും ഉപേക്ഷിച്ചുള്ള ജൈവകൃഷിരീതിയാണ് അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത്.
കൂരോപ്പടയിലെ നാലര ഏക്കര്‍ വരുന്ന റബ്ബര്‍തോട്ടം വെട്ടിക്കളഞ്ഞതിന് ശേഷമാണ് അവിടെ പച്ചക്കറി കൃഷി ആരംഭിക്കുന്നത്. രണ്ടേക്കര്‍ വാഴകൃഷിയും ബാക്കിസ്ഥലം പച്ചക്കറിക്കുമായി മാറ്റിവെച്ചു. പൊന്നിന്‍ ചിങ്ങമാസത്തില്‍ വിളവെടുക്കാനുളള തയ്യാറെടുപ്പിലായിരുന്നു കൃഷി. ആ സമയത്ത് പച്ചക്കറിക്ക് മാര്‍ക്കറ്റില്‍ ഡിമാന്‍ഡുണ്ടെന്നും ഉയര്‍ന്ന വില ലഭിക്കുമെന്നും അദ്ദേഹത്തിന് തോന്നി. സാധാരണ കൃഷി രീതിയില്‍ നിന്നും പണിക്കൂലി, വളം ഉള്‍പ്പടെയുള്ള കൃഷി ചിലവുകള്‍ നാലിലൊന്നായി കുറച്ചാണ് അദ്ദേഹം കൃഷി തുടങ്ങിയത്.
ജോയിയുടെ തോട്ടത്തില്‍ രണ്ടായിരം മൂട് വെണ്ടയും വഴുതനയും 1500 മൂട് കുറ്റിപയറും നൂറുമൂട് പാവലും അത്രത്തോളം പയറും ഉണ്ട്. ഓണത്തിന് പൂക്കളമൊരുക്കുന്നതിനായി ആയിരം ബന്ദിച്ചെടിയും ജോയി നട്ടിരുന്നു. നൂറു കളം വീതം ഇഞ്ചിക്കും മഞ്ഞളിനും പുറമെ രണ്ടായിരം ഏത്തവാഴ, 2000 മൂട് ചേന, 1500 മൂട് ചേമ്പ് ഇവയെല്ലാം ഇവിടെ വളരുന്നുണ്ട്. കൃഷിയ്ക്ക് ആവശ്യമായ വളത്തിനായി ആറു പശുവിനെയും എരുമയേയും വളര്‍ത്തുന്നു. വെള്ളത്തിനായി നാലു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള കൃത്രിമക്കുളവുമുണ്ട്. ഒന്നില്‍ കരിമീനിനെയും മറ്റൊന്നില്‍ കട്‌ല, രോഹു എന്നീ മത്സ്യങ്ങളെയും വളര്‍ത്തി ജോയി വരുമാനം നേടുന്നു. പശുവിന് നല്‍കുന്ന തീറ്റയുടെ അവശിഷ്ടമാണ് മത്സ്യങ്ങള്‍ക്കു നല്‍കുന്നത്. പശുവിന് വേണ്ടി തീറ്റപ്പുല്ലും അസോളയും വളര്‍ത്തുന്നുണ്ട്. നാടന്‍ കോഴിയും കരിങ്കോഴിയും താറാവും മുയലും മലബാറിക്രോസ് ആടുകളുമെല്ലാം ചേര്‍ന്ന ഈ ഫാമിലെത്തുമ്പോള്‍ മറ്റൊരു ലോകത്തിലെത്തിയ പ്രതീതിയാണ് ആരിലുമുണ്ടാകുക.
മറ്റാരും പരീക്ഷിക്കാത്ത കൃഷിരീതി
പച്ചക്കറി കൃഷി ചെയ്യുന്നതിനായി സ്ഥലം കിളച്ചൊരുക്കിയതിനു ശേഷം കുമ്മായം വിതറും. തുടര്‍ന്ന് ചാണകപ്പൊടി ഇട്ടശേഷം നീളത്തില്‍ ഇരുവശത്തു നിന്നും മണ്ണ് കിളച്ചു കൂനകൂട്ടും. ഇതിനു മുകളില്‍ വെള്ളം ലഭിക്കാനായി പൈപ്പിടും. പിന്നീട് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് പൂര്‍ണമായി മൂടുന്നു. ഇതിന്റെ മുകള്‍ ഭാഗത്ത് ദ്വാരമുണ്ടാക്കി തൈകള്‍ നടുകയാണ് ജോയിയുടെ പതിവ്. ഇപ്രകാരം ചെയ്യുന്നതിനാല്‍ കളകളുടെ ശല്യവുമില്ല വെള്ളവും കുറച്ചു മതി. ജലം ആവിയായി പോകുന്നുമില്ല. തൈകള്‍ നട്ടശേഷം മണ്ണ് പരിശോധിച്ച് കുറവുള്ള വളവും പശുവിന്റെ മൂത്രവും ചാണകവും കൂടി നേര്‍പ്പിച്ചതും ഇടവിട്ട് പൈപ്പ് വഴി നല്‍കുന്നു. ഒരു വിളവെടുപ്പ് കഴിഞ്ഞതിനുശേഷം പച്ചക്കറികളുടെ ചുവട് മുറിച്ചു മാറ്റി പ്ലാസ്റ്റിക്കില്‍ ദ്വാരമുണ്ടാക്കി മറ്റൊരിനം പച്ചക്കറി കൃഷി ചെയ്യും. പയര്‍ നട്ടിടത്ത് വെണ്ടയോ ചീനിമുളകോ നടും. ഒരു തൈ നട്ടിടത്ത് അടുത്ത തവണ മറ്റൊരിനമാണ് നടുന്നത്. തൈ നട്ടാല്‍ വിളവെടുപ്പ് മാത്രം എന്ന രീതിയാണിവിടെ. അതിനാല്‍ കൂടുതല്‍ തൊഴിലാളികളെയും വേണ്ട.
ഏത്തവാഴയുടെ വിത്ത് ഒരു കുഴിയില്‍ രണ്ടു വീതം നടുന്നു. വളം ഒറ്റ തവണ മാത്രം. വാഴവിത്ത് വളര്‍ന്ന് രണ്ട് ഇലയാകുമ്പോള്‍ ചാണകവും കുമ്മായവും ചേര്‍ത്ത് വെട്ടിമൂടും. പിന്നീട് മണ്ണ് പരിശോധിച്ചതിനുശേഷം കുറവുള്ളത് മാത്രം നല്‍കുന്നു. ഓരോ വാഴയുടെ ചുവട്ടിലും തുള്ളി നനയ്ക്കായി പൈപ്പുകള്‍ ഇട്ടിട്ടുണ്ട്. പശുവിന്റെ ചാണകവും മൂത്രവും നേര്‍പ്പിച്ച് ഓരോ വാഴയുടെ ചുവട്ടിലും ഈ പൈപ്പു വഴി എത്തിക്കുന്നു. ‘ഒരു ചുവട്ടില്‍ രണ്ടു വാഴ വിത്ത് നടുന്നതിനാല്‍ വിളവ് ഇരട്ടിയും ചിലവ് പകുതിയുമായി കുറയുന്നു. ശരാശരി കുലയ്ക്ക് പത്തുകിലോ തൂക്കം ലഭിക്കും.’ ജോയി പറയുന്നു.
ആവശ്യമായ സ്ഥലവും സൗകര്യവും അദ്ധ്വാനിക്കാന്‍ മനസും ഉണ്ടെങ്കില്‍ ആര്‍ക്കും മികച്ചൊരു കര്‍ഷകനാകാമെന്ന് തെളിയിക്കുകയാണ് ജോയി. കൃഷിക്ക് ഉപയുക്തമായ വിധത്തില്‍ കൃഷിയിടത്തിലെ മണ്ണിനെ മാറ്റിയതാണ് അദ്ദേഹത്തിന്റെ വിജയത്തിന് കാരണം. സ്വന്തം ആവശ്യത്തിനുള്ള വിഷരഹിത പച്ചക്കറികള്‍ എങ്കിലും വളര്‍ത്തിയെടുക്കുവാന്‍ കഴിയാത്തവരായി ആരുമില്ലെന്ന് ഇദ്ദേഹം പറയുമ്പോള്‍, അതില്‍ അതിശയോക്തി തെല്ലുമില്ല. സ്വന്തം കൃഷിയിടത്തിലേക്കിറങ്ങിയാല്‍ മാനസിക സംഘര്‍ഷങ്ങള്‍ കുറയും, നല്ലൊരു വ്യായാമവും ആകും. ഭാര്യ ബെറ്റ്‌സിയോടൊപ്പം മക്കളായ നവീന്‍ ജോയിയും ജീവന്‍ ജോയിയും അപ്പനെ കൃഷിയില്‍ സഹായിക്കുന്നു. ഫോണ്‍: 9744681731

You might also like

Leave A Reply

Your email address will not be published.