നക്ഷത്ര കൂടാരത്തിന്റെ കഥ

72

ജീവിതത്തിന്റെ മുക്കാല്‍ പങ്കും, സര്‍ക്കസ് കൂടാരത്തിനുളളില്‍ പിന്നിട്ട ജമിനി-ജംബോ സര്‍ക്കസുകളുടെ അണിയറക്കാരന്‍ ജമിനി ശങ്കരന്‍ സംസാരിക്കുന്നു, പിന്നിട്ട നാള്‍വഴികളെ പറ്റിയും, ജീവിതത്തിന്റെ കയ്പും മധുരവും നിറഞ്ഞ നിമിഷങ്ങളെക്കുറിച്ചും…

‘പത്തുപന്ത്രണ്ട് വര്‍ഷം മുന്‍പായിരുന്നു ആ സംഭവം. മരണത്തിനും ജീവിതത്തിനുമിടയിലൊരു നൂല്‍പ്പാലത്തിലൂടെയാണ് ഞാനന്ന് കടന്നുപോയത്.  ഇന്നുമത് മറക്കാനാകാത്തൊരു ഓര്‍മയായി ഉള്ളില്‍ സൂക്ഷിക്കുന്നു. ഈ സംഭവം നടന്നിട്ട് പത്തുപന്ത്രണ്ട് കൊല്ലത്തിനു ശേഷമാണ് ഞാനത് പുറം ലോകത്തോട് പറഞ്ഞത്. കാരണം അതാര്‍ക്കും അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാനാകില്ലെന്ന് എനിക്കറിയാം.’ കണ്ണൂര്‍ മേലെ ചൊവ്വയിലെ ശങ്കര്‍ഭവനിലിരുന്ന് ജമിനി ശങ്കരന്‍ എന്ന ജമിനി- ജംബോ സര്‍ക്കസുകളുടെ സ്ഥാപകനും  ഇന്ത്യന്‍ സര്‍ക്കസിന്റെ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഷോമാന്‍മാരില്‍ ഒരാളുമായ സര്‍ക്കസ് ഗുരുജി സംസാരിച്ചു തുടങ്ങി. 96 വയസ് പിന്നിട്ടിട്ടും ഇന്നും ഓര്‍മ്മകള്‍ക്ക് തെല്ലും  മങ്ങലില്ലാതെ;

‘അന്ന് ഞാന്‍ എന്റെ  സ്‌നേഹിതരിലൊരാളായ  ഗുപ്താജിയുടെ മകളുടെ കല്യാണത്തിന് ആഗ്രയില്‍ പോയതായിരുന്നു. എന്നുമെന്റെ സഹയാത്രികനായ ഹേമരാജും ഒപ്പമുണ്ട്. കല്യാണം കഴിഞ്ഞ് തിരികെ പോരാനായി ഞാനും

ഹേമരാജും ട്രെയിനില്‍ കയറി. വണ്ടി പുറപ്പെടാന്‍ കുറച്ച് സമയംകൂടിയുണ്ട്. അപ്പോഴാണ് ട്രെയിന്‍ പുറപ്പെടും മുന്‍പ് കുടിക്കാന്‍ കുറച്ച് വെള്ളംകൂടി വാങ്ങാമെന്ന് എനിക്ക് തോന്നിയത്. ഞാന്‍ വേഗം പ്ലാറ്റ്‌ഫോമിലേക്കിറങ്ങി.  കുപ്പിവെള്ളം വാങ്ങി തിരിഞ്ഞപ്പോഴേക്കും ട്രെയിന്‍ പോകാനുളള സിഗ്നല്‍ മുഴക്കിയിരുന്നു. ധൃതി പിടിച്ച് ഓടിവന്ന് വണ്ടിയിലേക്ക് കയറാന്‍ ശ്രമിക്കുമ്പോഴേക്കും വണ്ടി മുന്നോട്ടെടുത്തു. തിടുക്കത്തിലും പരിഭ്രമത്തിലും പെട്ടാവണം ഞാന്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ താഴെ റെയില്‍പാളത്തിനരികിലേക്ക് വീണു. എന്താണ് സംഭവിച്ചതെന്ന് എനിക്കറിഞ്ഞുകൂടാ. കണ്ണ് തുറക്കുമ്പോള്‍ തീവണ്ടിച്ചക്രങ്ങള്‍ എന്നെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ചലിക്കുകയാണ്. എന്റെ കൈയോ കാലോ പാളത്തിലാണെന്നും അതുവേര്‍പെട്ടെന്നും എനിക്ക്‌തോന്നി. ആരുടെയെക്കെയോ നിലവിളി  കേള്‍ക്കാം. ഒരു പെണ്‍കുട്ടിയുടെ ഹിന്ദി കലര്‍ന്ന ദൈന്യസ്വരം. ‘ആരോ ഒരാള്‍ അപകടത്തില്‍പ്പെട്ടു സഹായിക്കണേ.’

അപ്പോഴേക്കും വണ്ടി മുന്നോട്ട് പോയിരുന്നു. പ്ലാറ്റ്‌ഫോമിലുള്ളര്‍ ഓടിവന്ന് എന്നെ താങ്ങിയെടുത്തു. അവരെന്നെ എടുത്ത് റെയില്‍വേ സ്റ്റേഷന്‍ മാനേജരുടെ മുറിയിലേക്ക് കൊണ്ടുപോയി. അപകടത്തിന് ദൃക്‌സാക്ഷിയായ ആ പെണ്‍കുട്ടി ഓടിവന്ന് അവളുടെ മുത്തച്ഛനെപ്പോലെ എന്നെ ആശ്ലേഷിച്ചു. അവള്‍ അപ്പോഴും കരയുന്നുണ്ടായിരുന്നു. ദൈവം എന്നെ കാത്തു എന്നല്ലാതെ മറ്റൊന്നും ആ സംഭവത്തെക്കുറിച്ച് എനിക്ക് പറയാനാവില്ല. സ്റ്റേഷന്‍ മാസ്റ്റര്‍  അറിയിച്ചതിനാല്‍ തീവണ്ടി സ്റ്റേഷനില്‍ നിന്നും അധികദൂരമൊന്നും മുന്നോട്ട് പോയിരുന്നില്ല. എന്നെ അവര്‍ സന്തോഷത്തോടെ ട്രെയിനില്‍ കയറ്റി വിട്ടു. ഇതൊന്നും അറിയാതെ ഹേമരാജ് എന്നെ കണ്ടപ്പോള്‍ ആകാംക്ഷയോടെ ചോദിച്ചു: ‘എന്തായിരുന്നു ട്രെയിന്‍ സ്റ്റേഷനില്‍നിന്ന് മുന്നോട്ട് പോയശേഷം നിര്‍ത്തിയിട്ടത്?’ ഉള്ളിലെ തീ അണയ്ക്കാന്‍ പാടുപെട്ട് ഞാനൊരു കള്ളം പറഞ്ഞു: ‘ആരോ പാളത്തിനിടയില്‍ വീണുപോയെന്ന് തോന്നുന്നു.’കണ്ണുതുറിച്ച് ഹേമരാജ് എന്നെ നോക്കി.’പാവം, അയാള്‍ക്കെന്തെങ്കിലും സംഭവിച്ചുവോ?’ ‘ഒന്നും സംഭവിച്ചിട്ടില്ല.. ദൈവം അയാളെ കരങ്ങളില്‍ താങ്ങിയെടുത്തു. ഞാനതിന് ദൃക്‌സാക്ഷിയാണ്.’പാളത്തിനിടയിലേക്ക് വീണ ആ മനുഷ്യന്‍ ഞാനാണെന്ന്

ഹേമരാജിനോട് എന്നിട്ടും ഞാന്‍ പറഞ്ഞില്ല. വര്‍ഷങ്ങള്‍ക്കുശേഷം ഞാനാസംഭവം പറഞ്ഞപ്പോള്‍ ഹേമരാജിന്റെ നിറഞ്ഞൊഴുകിയ കണ്ണുകള്‍ ഇന്നുമെന്റെ ഓര്‍മയിലുണ്ട്.’

ആകാംക്ഷയിലേക്ക് എന്നെയും തള്ളിയിട്ട് ജമിനി ശങ്കരന്‍ ചിരിച്ചു. 

എന്തുകൊണ്ട്  സര്‍ക്കസുകാരന്‍ ? 

അച്ഛന്‍ രാമന്‍ നായര്‍ സ്‌കൂള്‍ മാഷായിരുന്നു. പിണറായിയിലെ പ്രശസ്തമായ കവിണിശേരി കുടുംബം. അമ്മകല്യാണി. ഏഴുമക്കളില്‍ അഞ്ചാമനായിരുന്നു ഞാന്‍. വീടിനടുത്ത് ഒരു പയറ്റുകളരിയുണ്ട്. സ്‌കൂളില്‍ചേര്‍ത്ത അതേ സമയത്ത് തന്നെ അച്ഛന്‍ എന്നെ അവിടെയും ചേര്‍ത്തു. അന്ന് കളരിപ്പയറ്റ് പഠിക്കുക എന്ന് പറഞ്ഞാല്‍ വലിയ അന്തസുളള കാര്യമാണ്. കളരിയില്‍നിന്ന് മെയ്ക്കരുത്ത് നേടിയ എനിക്ക് കുറെക്കൂടി അഭ്യാസങ്ങള്‍ പഠിക്കണമെന്ന് ഉള്ളാലെ ആഗ്രഹം തോന്നി. ഒരു വലിയ സര്‍ക്കസ് കലാകാരനായി അറിയപ്പെടണം.

ഏഴാം ക്ലാസ് കഴിഞ്ഞപ്പോള്‍ തലശ്ശേരി ചിറക്കര കീലേരി കുഞ്ഞിക്കണ്ണന്റെ സര്‍ക്കസ് 

കളരിയില്‍ അച്ഛന്‍ എന്നെയും ചേര്‍ത്തു. ഒരു കാലത്ത് ഇന്ത്യയിലെ പുകള്‍പെറ്റ സര്‍ക്കസുകാരെല്ലാം കീലേരി കുഞ്ഞിക്കണ്ണന്റെ ശിഷ്യരായിരുന്നു. മനസ്സ് വിചാരിക്കുന്നതുപോലെ ശരീരത്തെ കൊണ്ട് ചെയ്യിക്കുന്ന വിദ്യയാണ് സര്‍ക്കസ് എന്ന് ഞാന്‍ അവിടെവച്ചാണ് പഠിക്കുന്നത്. എന്റെ ആജ്ഞക്കനുസരണം മെയ്‌വഴക്കത്തോടെ ശരീരത്തെ ചലിപ്പിക്കാന്‍ എനിക്ക് സാധിച്ചു.

അക്കാലത്താണ് ഞാന്‍ പട്ടാളത്തില്‍ ചേരുന്നത്. മദ്രാസിലായിരുന്നു ആദ്യനിയമനം. പിന്നീട് അലഹബാദില്‍ പരിശീലനം. വയര്‍ലെസ് ഒബ്‌സര്‍വര്‍ കോര്‍ എന്ന യൂണിറ്റിലായിരുന്നു ജോലി. വിമാനം വരുന്നത് മുന്‍കൂട്ടി സൈന്യത്തിന്റെ നേതൃത്വത്തെ അറിയിക്കുക എന്നതായിരുന്നു  അന്നത്തെ എന്റെ ഉത്തരവാദിത്വം. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലമായിരുന്നു അത്. അതിനാല്‍ ഞങ്ങളുടെ ജോലിയും കൂടുതല്‍ കര്‍ക്കശമാക്കപ്പെട്ടു.

യുദ്ധം കഴിഞ്ഞപ്പോള്‍ പട്ടാളത്തില്‍നിന്നും ഞാന്‍ വീട്ടിലേക്ക് പോന്നു. മനസ്സില്‍ സര്‍ക്കസ് എന്നുള്ള ആഗ്രഹം കൂടാരം കെട്ടിക്കൊണ്ടിരുന്നു. തിരിച്ചു നാട്ടിലെത്തിയപ്പോഴേക്കും കീലേരി കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ അന്തരിച്ചതായി അറിഞ്ഞു. അതിനാല്‍ എംകെ. രാമന്‍ ഗുരുക്കളുടെ കീഴിലാണ്   ഹോറിസോണ്ടല്‍ ബാറില്‍ പരിശീലനം നേടിയത്. മൂന്ന് ബാര്‍കൊണ്ടുളള ഒരു നമ്പറാണിത്. പഠിക്കാന്‍ ദീര്‍ഘക്ഷമയും നല്ല ഏകാഗ്രതയും വേണം. മലക്കം മറിയാന്‍ പഠിക്കണം. ഇതില്‍ നല്ല പരിശീലനംനേടിയശേഷം  ഞാന്‍  കൊല്‍ക്കത്തിയിലേക്ക് പോയി. അവിടെ ‘ബോസ്‌ലയണ്‍’ സര്‍ക്കസില്‍ ചേര്‍ന്നു. ഹോറിസോണ്ടല്‍ ബാറിലെ എന്റെ  പ്രകടനം അവരെ ആകര്‍ഷിച്ചു. അതൊടൊപ്പം ഫ്‌ളയിംഗ് ട്രിപ്പീസിലും പരിശീലനം നേടി. അതില്‍ അഗ്രഗണ്യനാകുകയും ചെയ്തു. അന്ന് സര്‍ക്കസിലെ പരമപ്രധാന ഐറ്റങ്ങളായ ഇവ രണ്ടും ചെയ്യുന്നവര്‍ ഹീറോയാവും. ഒപ്പം നല്ല ശമ്പളവും ലഭിക്കും. എനിക്കന്ന് ശമ്പളം 300 രൂപയെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അന്ന് ഏറ്റവും വലിയൊരു സര്‍ക്കാരുദ്യോഗസ്ഥന് ആ ശമ്പളമില്ല.

സ്വന്തമായൊരു സര്‍ക്കസ് കമ്പനി

‘ബോസ് ലയണ്‍’ കമ്പനിയില്‍ തുടരുന്നതിനിടയിലാണ് അന്നത്തെ സര്‍ക്കസ് ഉടമകളില്‍ ഏറ്റവും പ്രശസ്തനായ റെയ്മന്‍ ഗോപാലന്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘നാഷണല്‍ സര്‍ക്കസിലേക്ക്’ എന്നെ വിളിക്കുന്നത്.  റെയ്മന്‍ എന്ന് പേരുള്ള മറ്റൊരു സര്‍ക്കസ് കമ്പനിയും അദ്ദേഹം അക്കാലത്ത് നടത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കസിന്റെ സുവര്‍ണകാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന 1947. പ്രമുഖമായ കമല, ജൂബിലി, റോയല്‍, ഈസ്റ്റേണ്‍, താരാഭായ്.. തുടങ്ങിയ സര്‍ക്കസ് കമ്പനികളുടെ പ്രദര്‍ശനങ്ങളില്‍ തിങ്ങി നിറഞ്ഞിരുന്നു പ്രേക്ഷകര്‍.

അക്കാലത്താണ് ഗോപാലന്റെ സഹോദരന്റെ ചുമതലയിലുള്ള ഒരുസര്‍ക്കസ് കമ്പനിയില്‍ തൊഴില്‍ പ്രശ്‌നമുണ്ടാകുന്നത്. അത് പരിഹരിക്കേണ്ട ഉത്തരവാദിത്വം അദ്ദേഹം എനിക്കാണ് നല്‍കിയത്.  പ്രതിസമ്മാനമെന്ന നിലയില്‍ സ്‌നേഹിതനായ ടി.കെ കുഞ്ഞിക്കണ്ണന്‍ എന്ന സൈക്കിളിസ്റ്റിന് റെയ്മന്‍ സര്‍ക്കസില്‍ ഒരു ജോലി നല്‍കണമെന്ന് ഞാനാവശ്യപ്പെട്ടു. ഗോപാലന് അത് പൂര്‍ണ്ണസമ്മതം. അങ്ങനെ ഞാന്‍ സര്‍ക്കസ് നടക്കുന്ന ആന്ധ്രയിലെ കടപ്പയില്‍  പോയി സര്‍ക്കസ് കലാകാരന്മാരുമായി സംസാരിച്ചു. രമ്യമായി ആ പ്രശ്‌നം പരിഹരിച്ച് തിരിച്ചെത്തി. എന്നാല്‍  സര്‍ക്കസിലെ പ്രശ്‌നം പരിഹൃതമായപ്പോള്‍ റെയ്മന്‍ ഗോപാലന്‍ കാലുമാറി. അദ്ദേഹം കുഞ്ഞിക്കണ്ണനെ റെയ്മനില്‍ എടുക്കാന്‍ മടിച്ചു. മനസ്സിനേറ്റ വേദന നിസാരമല്ല. അതിനാല്‍ ആ ഉടമയോട് ചേര്‍ന്ന് പോകാന്‍ എനിക്ക് തോന്നിയില്ല. ഞാന്‍ അവിടെ നിന്ന് പടിയിറങ്ങി. സ്വന്തമായി ഒരു സര്‍ക്കസ് ട്രൂപ്പ് തുടങ്ങണമെന്ന ആഗ്രഹം ഞാന്‍ കുഞ്ഞിക്കണ്ണനോട് മാത്രം പറഞ്ഞു. കുഞ്ഞിക്കണ്ണന്‍ മഹാരാഷ്ട്രയിലെ വിജയാ സര്‍ക്കസിലും ഞാന്‍ ബോംബേ സര്‍ക്കസിലും ചേര്‍ന്നു.

അധികം വൈകാതെ വിജയ സര്‍ക്കസ് സാമ്പത്തിക പ്രശ്‌നം കാരണം വില്‍ക്കാന്‍ പോകുന്നുവെന്ന് കുഞ്ഞിക്കണ്ണന്‍, എന്നെ വിളിച്ച് അറിയിച്ചു.  ഞാന്‍ സര്‍ക്കസ് കമ്പനിയിലെത്തി. ആറായിരം രൂപയ്ക്ക് സര്‍ക്കസ് കമ്പനി വാങ്ങാമെന്ന് ധാരണയായി. ഒരു ടെന്റ്, ഒരു ആന, രണ്ടു കുതിര, രണ്ടു സിംഹം, മൂന്നു കുരങ്ങുകള്‍ പിന്നെ മഹാരാഷ്ട്രക്കാരായ ഏതാനും സര്‍ക്കസ് കലാകാരന്‍മാര്‍ ഇത്രയുമാണ് സര്‍ക്കസ് കമ്പനി. വ്യവസ്ഥപോലെ കുഞ്ഞിക്കണ്ണനെയും ഞാന്‍ ഒപ്പം കൂട്ടി.3,000 രൂപ അഡ്വാന്‍സ് നല്‍കി കമ്പനി വാങ്ങുമ്പോള്‍  27 വയസ്സേ എനിക്കുള്ളൂ.  ഒരുവര്‍ഷം കഴിഞ്ഞ് ബാക്കി തുക കൊടുത്തു. അന്നുമുതലാണ് എന്റെ ജന്മനക്ഷത്രമായ ജമിനി ആ സര്‍ക്കസിന്റെ പേരാക്കി മാറ്റിയത്. ഗുജറാത്തിലെ ബിലിമോറയിലായിരുന്നു ജമിനി എന്ന് പേരിട്ട സര്‍ക്കസിന്റെ ആദ്യപ്രദര്‍ശനം. അതുവരെയുണ്ടായിരുന്ന സര്‍ക്കസ് ഇനങ്ങളെല്ലാം ഞങ്ങള്‍ പരിഷ്‌കരിച്ചു. ജനങ്ങളെ അത്ഭുതപ്പെടുത്തുന്ന ക്രോസ് ട്രിപ്പീസ്, റോപ് ഡാന്‍സ്, ജീപ്പ് ജംബ്, കമ്പിക്ക് മുകളിലൂടെയുളള നടത്തം ഇതൊക്കെ ആരംഭിച്ചതോടെ ജനങ്ങള്‍ സര്‍ക്കസ് കൂടാരത്തിലേക്കൊഴുകി. അതൊടൊപ്പം ഗറില്ല, ചിമ്പാന്‍സി, സീബ്ര, ഹിപ്പൊപൊട്ടാമസ് ഇങ്ങനെയുളള മൃഗങ്ങളും ജമിനിയിലെത്തി. വിവിധ സംസ്ഥാനങ്ങളില്‍ ഒന്നുരണ്ടുമാസങ്ങള്‍ വലിയ കൂടാരം ഉണ്ടാക്കി ഞങ്ങള്‍ സര്‍ക്കസ് നടത്തി. നാലുവര്‍ഷംകൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോ നടത്തുന്ന കമ്പനിയായി ജമിനി മാറി.

ജമിനി ജനപ്രിയമായതോടെയാണ് പുതിയൊരു സര്‍ക്കസ് കമ്പനി കൂടി ആരംഭിക്കണമെന്ന ചിന്ത ഉദിക്കുന്നത്. ആ നാളുകളിലാണ് മറ്റൊരു സര്‍ക്കസ് കമ്പനി നിര്‍ത്താന്‍ പോകുന്നുവെന്ന വിവരം ഞങ്ങളറിയുന്നത്. ഞാന്‍ അതും ഏറ്റെടുത്തു. അങ്ങനെയാണ് 1977 ഒക്‌ടോബറില്‍ ജംബോ സര്‍ക്കസ് ആരംഭിക്കുന്നത്. ജംബോ എന്ന് പേരിലുളള ജറ്റ് വിമാനങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചുതുടങ്ങിയ സമയമായിരുന്നു അത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പുതിയ സര്‍ക്കസ് കമ്പനിക്കും അതേ പേരിട്ടത്. 2010ല്‍  ജംബോ രണ്ട് കമ്പനിയാക്കി വിഭജിച്ചു.  ഇതിനുമുന്‍പ് ഞാന്‍ അപ്പോളോ സര്‍ക്കസും വാങ്ങിയിരുന്നു. ജമിനി ആരംഭിക്കും മുന്‍പുതന്നെ എന്നൊടൊപ്പം പാര്‍ട്ണറായി ഉണ്ടായിരുന്ന സഹദേവന് ഞാനത് വിട്ടുകൊടുത്തു.

അപൂര്‍വ്വാനുഭവങ്ങള്‍

1959 ല്‍  ഞങ്ങള്‍ ജമിനി സര്‍ക്കസുമായി ഡല്‍ഹിയിലെത്തി. അന്ന് ജവഹര്‍ലാല്‍ നെഹ്‌റുവാണ് പ്രധാനമന്ത്രി. എനിക്കൊരാഗ്രഹം. സര്‍ക്കസിന്റെ ഡല്‍ഹിയിലെ ഉദ്ഘാടന പ്രദര്‍ശനത്തിന് നെഹ്‌റുവിനെ വിളിക്കണമെന്ന്.  അതിമോഹമാണെന്നായിരുന്നു യൂണിറ്റിലെ പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ നെഹ്‌റുവിനെ വിളിക്കണമെന്ന ആഗ്രഹം എനിക്ക് ഉപേക്ഷിക്കാനായില്ല. ഞാനും പാര്‍ട്ണറായിരുന്ന സഹദേവനുംനെഹ്‌റുവിനെ സര്‍ക്കസിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ വേണ്ടി പോയി. പ്രധാനമന്ത്രിയെ കാണാന്‍ ഇന്നത്തെപോലുള്ള യാതൊരു സാങ്കേതിക തടസങ്ങളും ഉണ്ടായിരുന്നില്ല. ചെന്നുകണ്ട് കാര്യം പറഞ്ഞപ്പോള്‍ തെല്ലും മടിയില്ലാതെ അദ്ദേഹം ക്ഷണം സ്വീകരിച്ചു. സര്‍ക്കസിനെക്കുറിച്ച് നെഹ്‌റു കേട്ടിട്ടുണ്ട് എന്നല്ലാതെ  അദ്ദേഹം അത് കണ്ടിട്ടില്ലെന്ന് വാക്കുകളില്‍ നിന്ന് വ്യക്തമായി. ഒരു കുഞ്ഞിന്റെ കൗതുകത്തോടെയാണ് അദ്ദേഹം  എത്തിയത്. ഷോ, അക്ഷരാര്‍ഥത്തില്‍ നെഹ്‌റുവിനെ അതിശയിപ്പിച്ചു. ട്രിപ്പീസിലെ അപകടകരമായ മുഹൂര്‍ത്തങ്ങള്‍ താന്‍ ശ്വാസം അടക്കിപ്പിടിച്ചാണ് കണ്ടതെന്ന് അദ്ദേഹം പിന്നീട് എന്നോട് പറഞ്ഞു. നെഹ്‌റു വന്ന് പോയതിനുശേഷം അദ്ദേഹത്തിന്റെ സെക്രട്ടറി എന്നോട് വിളിച്ച് പറഞ്ഞു. ലേഡി മൗണ്ട് ബാറ്റണ്‍ പ്രഭു സര്‍ക്കസ് കാണാന്‍ വരുന്നുണ്ടെന്ന്. നെഹ്‌റു  പറഞ്ഞിട്ടാണ് താന്‍ സര്‍ക്കസുകാണാന്‍ വന്നതെന്നായിരുന്നു അവര്‍ എന്നെ കണ്ടപ്പോള്‍ ആദ്യം പറഞ്ഞത്.

അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പ്രഖ്യാപിത നേതാവായ മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് ജൂണിയര്‍, ഭാര്യ കൊറേറ്റ സ്‌കോട് കിംഗിനൊപ്പം സര്‍ക്കസിനെത്തിയതാണ് മറ്റൊരു നിറമുള്ള  ഓര്‍മ. ഇന്ത്യയിലെത്തിയ അവരെ നിര്‍ബന്ധിച്ച് സര്‍ക്കസ് കാണാന്‍ പറഞ്ഞയച്ചതും നെഹ്‌റുവായിരുന്നു.  ഇന്ദിരാഗാന്ധിയും ഭര്‍ത്താവ് ഫിറോസ് ഗാന്ധിയും സര്‍ക്കസ് കാണാന്‍ വന്നു.  ഒന്നിച്ചല്ല. രണ്ടുസമയങ്ങളില്‍.

ജമിനി സര്‍ക്കസ് കാണാന്‍ ലോകപ്രശസ്തരായ ഒട്ടേറെപ്പേര്‍ വന്നിട്ടുണ്ട്. അതില്‍ കുറച്ച് പേരെക്കുറിച്ച് മാത്രം പറയാം. ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിന്‍, ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി വാലന്റീന തെരഷ്‌കോവ, ചന്ദ്രനില്‍ ആദ്യമിറങ്ങിയ നീല്‍ ആംസ്‌ട്രോംഗ്, റഷ്യന്‍ പ്രസിഡന്റ് ക്രൂഷ്‌ചെവ്, ഇന്ത്യന്‍ പ്രസിഡന്റുമാരായിരുന്ന രാജേന്ദ്രപ്രസാദ്, എസ്.രാധാകൃഷ്ണന്‍, സക്കീര്‍ ഹുസൈന്‍, പ്രധാനമന്ത്രിമാരായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി, മൊറാര്‍ജി ദേശായി, രാജീവ് ഗാന്ധി, ഇന്ത്യയുടെ ആദ്യ പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോന്‍, ദലൈലാമ തുടങ്ങി ഒട്ടനവധി പേര്‍.

സര്‍ക്കസ് അന്നും  ഇന്നും

അന്ന് സര്‍ക്കസ് സംഘത്തെ ജനം ഉത്സാവാഘോഷം  പോലെയാണ് എതിരേറ്റത്. പ്രദര്‍ശനം തുടങ്ങുമ്പോള്‍ കൂട്ടത്തോടെ കുടുംബങ്ങള്‍ ഒഴുകിയെത്തും. കുട്ടികള്‍ക്കായിരിക്കും ഏറെ സന്തോഷം. സാങ്കേതിക വിദ്യയും ആനിമേഷനുമെല്ലാം രൂപപ്പെട്ടതോടെ അത്ഭുതങ്ങളും സാഹസികതയുമൊന്നും കുട്ടികള്‍ക്ക് താല്‍പ്പര്യമില്ലാതായി. കാരണം കുട്ടികള്‍ കമ്പ്യൂട്ടറിലും മൊബൈലിലുമൊക്കെ കാണുന്നത് ആകാശത്തുകൂടി പറന്നുപോകുന്ന മനുഷ്യരെയാണല്ലോ. അപ്പോള്‍ നമ്മുടെ ഫ്‌ളയിംഗ് ട്രിപ്പീസൊക്കെ അവരെ എങ്ങനെ ആകര്‍ഷിക്കും?

ഇന്ന് കലാരംഗത്തും ഒരുപാട് മാറ്റങ്ങളുണ്ടായി. പണ്ട് പത്തുവയസുളളപ്പോള്‍ കുട്ടികളെ ഏറ്റെടുത്ത് പരിശീലനം നല്‍കാന്‍ ആരംഭിക്കും. രക്ഷിതാക്കളുമായി പത്തോ പന്ത്രണ്ടോ വര്‍ഷത്തേക്കാണ് കരാര്‍ വെക്കുന്നത്. ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും  പരിശീലനം നല്‍കിയാലേ ഒരു കലാകാരനുണ്ടാകൂ. ഇന്ന് ഈ നിയമം  പൂര്‍ണ്ണമായും മാറി. 14 വയസായാലേ കുട്ടിയെ സര്‍ക്കസിലേക്ക്  എടുക്കാന്‍ കഴിയൂ. അപ്പോഴേക്കും കുട്ടിയുടെ എല്ലുകളൊക്കെ ദൃഢമായി തുടങ്ങും. കുട്ടിയുടെ വിദ്യാഭ്യാസവും മറ്റു ചെലവുകളുമെല്ലാം ഏറ്റെടുക്കണം. പരിശീലനത്തിനും പരിധിയുണ്ട്. അതു വൈകുന്നേരം മാത്രമേ അനുവദിക്കൂ.

മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെ. മനുഷ്യരെ പോറ്റുന്നതിനേക്കാള്‍ വലിയ ചെലവാണ് മൃഗങ്ങളെ സംരക്ഷിക്കുന്നതിന്. അന്ന് മൃഗങ്ങളെ വാങ്ങാനും എളുപ്പമായിരുന്നു. അന്ന് ആയിരമോ രണ്ടായിരമോ രൂപ കൊടുത്താല്‍ ഒരു കടുവയെ കിട്ടും. നാട്ടുരാജാക്കന്മാരും മൃഗങ്ങളെ നല്‍കുമായിരുന്നു. ചാം നഗര്‍ രാജാവില്‍ നിന്ന് നാലു വെള്ളക്കുതിരകളെ വാങ്ങിയിട്ടുണ്ട്. പിന്നെ മൃഗശാലകളില്‍ നിന്നും വിദേശത്തുനിന്നുമൊക്കെ കൊണ്ടുവരുന്നതിനും അനുവാദമുണ്ടായിരുന്നു. അവ പിന്നീട് തമ്പില്‍ പെറ്റുപെരുകും. മൃഗങ്ങളൊന്നുമില്ലാതെയാണ് ഇന്ന് സര്‍ക്കസുകള്‍ നടക്കുന്നത്.  ചുരുക്കിപറഞ്ഞാല്‍ സര്‍ക്കസിന്റെ കാലം കഴിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്.

അരനൂറ്റാണ്ടിലേറെ പിന്നിട്ട ജീവിതത്തില്‍ ഓര്‍ക്കാന്‍ ഏറെകാര്യങ്ങളുണ്ട്. എല്ലാം തന്നെ നല്ല ഓര്‍മ്മകള്‍. സര്‍ക്കസുകാരന്‍ മറ്റുള്ളവരെ രസിപ്പിക്കുന്നവനാകയാല്‍ ദുഃഖമുളള ഓര്‍മ്മകളൊന്നും ഞങ്ങള്‍ മനസില്‍ സൂക്ഷിക്കാറില്ല. നെഗറ്റീവായ ചിന്തകളും പറയാറില്ല. ജമിനി- ജംബോ സര്‍ക്കസുകളുടെ ചുമതല ഇപ്പോള്‍ മൂത്ത മകനായ അജയ് ശങ്കരനാണ്. രണ്ടാമത്തെ മകന്‍ അശോക് ശങ്കരന്‍ ഡല്‍ഹിയില്‍ ഹോട്ടല്‍ നടത്തുന്നു. മകള്‍: രേണുക ശങ്കരന്‍.

You might also like

Leave A Reply

Your email address will not be published.