‘108’ ല്‍ ഒരുവള്‍

51

രാവിലെ ഒമ്പതുമണി. റോഡില്‍ നല്ല തിരക്ക്. ഇടയ്ക്ക് എവിടെയോ ബ്ലോക്കായെന്ന് തോന്നുന്നു, വാഹനങ്ങളുടെ നീണ്ടനിര. അതിനിടയിലൂടെ ഹോണ്‍മുഴക്കി ഒരു ആംബുലന്‍സ് വരുന്നു, കഷ്ടപ്പെട്ടാണെങ്കിലും മുന്നിലെ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ആംബുലന്‍സിന് വഴിയൊരുക്കി. കാരണം മരണത്തിനും ജീവിതത്തിനുമിടയില്‍ ഒരു ജീവന്‍ അതില്‍ ക്ലേശിക്കുന്നുണ്ടെന്ന് അവര്‍ക്കറിയാം.
ചെറിയൊരു വാഹനത്തിന് കടന്നുപോകാനുള്ള സ്ഥലം മാത്രം. ആ വഴി മറ്റുവാഹനങ്ങളിലൊന്നും തട്ടാതെയും മുട്ടാതെയും ആംബുലന്‍സ് മുന്നോട്ട് പോകുകയാണ്. മികച്ചൊരു ഡ്രൈവര്‍ക്കുമാത്രമേ ഇതിനിടയിലൂടെ ആംബുലന്‍സ് കൊണ്ടുപോകാന്‍ കഴിയൂ. ഇത്ര സുരക്ഷിതമായും കൃത്യമായും ആരായിരിക്കണം, ആംബുലന്‍സ് നിയന്ത്രിക്കുന്നതെന്നറിയാന്‍ മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കൊപ്പം യാത്രക്കാരും ഉറ്റുനോക്കി. അവരെല്ലാം ഒറ്റനോട്ടത്തില്‍ തന്നെ അത്ഭുതപ്പെട്ടു എന്നതാണ് നേര്. ഒരു സ്ത്രീ. കാണുന്നത് സത്യമാണോയെന്നറിയാന്‍ അവര്‍ ഒന്നുകൂടി ശ്രദ്ധിച്ചു, സംഭവം സത്യമാണ്. സ്ത്രീ തന്നെയാണ്. ആ വളയം
പിടിച്ചത് ലിസ പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് ഡ്രൈവര്‍ മറിയാമ്മ ബാബുവായിരുന്നു.
‘എങ്ങനെ ഇത്ര തിരക്കിലൂടെ സുരക്ഷിതമായി വാഹനമോടിക്കുന്നു, അതും സ്ത്രീകള്‍ അധികം കൈവക്കാത്ത ആംബുലന്‍സ്?’
തിരക്കൊഴിഞ്ഞപ്പോള്‍ ഒരു ചെറിയ ചിരിയോടെ അവര്‍ പറഞ്ഞു, ‘ഞാന്‍ വളയം പിടിക്കുന്നത് മാത്രമേയുള്ളൂ.. ദൈവമാണ് വാഹനത്തെ നയിക്കുന്നത്. അവിടുന്ന് സുരക്ഷിതമായി നയിക്കുന്നു…’
കോഴിക്കോട് തിരുവമ്പാടിയിലെ ലിസ ഹോസ്പിറ്റലിന്റെ ഭാഗമായ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ആതുരസേവനത്തിലെ സജീവ പങ്കാളിത്തമാണ് മറിയാമ്മയെ വ്യത്യസ്തയാക്കുന്നത.് കൂടാതെ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് സ്ഥിരവരുമാനം നേടിക്കൊടുത്തുകൊണ്ടുള്ള സംരഭകയായും കൗണ്‍സിലറായും രാഷ്ടീയപ്രവര്‍ത്തകയായും സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പുതിയ തലങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് മറിയാമ്മ.
‘ഡ്രൈവിംഗ് എന്നും ഇഷ്ടവിനോദമായിരുന്നു. ചെറുപ്പത്തിലെ ഡ്രൈവിംഗ്
പഠിച്ചിരുന്നെങ്കിലും വിവാഹശേഷമാണ് ലൈസന്‍സ് എടുത്തത.് ഇപ്പോള്‍ 20 വര്‍ഷമായി വണ്ടി ഓടിക്കുന്നുണ്ട.് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദം നേടിയ നാള്‍മുതല്‍ ആതുരശുശ്രൂഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എനിക്ക് ഇതേ മേഖലയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ബാബുവും കുടുംബാംഗങ്ങളും മുഴുവന്‍ പിന്തുണയും നല്‍കുന്നു’ മറിയാമ്മയുടെ മുഖത്ത് താന്‍ ചെയ്യുന്ന കാര്യം വലുതാണെന്ന ഭാവമൊന്നുമില്ല.
‘സന്നദ്ധ പ്രവര്‍ത്തനമായതുകൊണ്ടും ഈ മേഖലയില്‍ അടിയന്തര സഹായം ആവശ്യമായതിനാലുമാണ് ആംബുലന്‍സ് ഓടിക്കുവാനുള്ള തീരുമാനത്തിലെത്തിയത്. പാലിയേറ്റിവ് കെയറിലെ മറ്റ് അംഗങ്ങള്‍ പ്രോല്‍സാഹിപ്പിച്ചതു കൊണ്ട് താത്പ്പര്യമേറി. ആംബുലന്‍സ് ഓടിക്കുമ്പോള്‍ കൂടെയുള്ള രോഗികളുടെ അവസ്ഥകള്‍ മനസിലാക്കി നമ്മുടെ വികാരങ്ങളെ മാറ്റിനിര്‍ത്തി പകരം ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുക എന്നുള്ളതാണ് പ്രധാനം’, മറിയാമ്മ തുടര്‍ന്നു.
‘ഏകദേശം 85 രോഗികള്‍ ചികിത്സ തേടുന്ന പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് ഡ്രൈവര്‍ എന്ന നിലയ്ക്ക് വിവിധ ഉത്തരവാദിത്തങ്ങള്‍ എനിക്കുണ്ട.് നട്ടെല്ലു തളര്‍ന്ന് കിടപ്പിലായ രോഗിയുടെ ആഗ്രഹപ്രകാരം വയനാട്ടിലെ തിരുനെല്ലിയില്‍ വൈദ്യചികിത്സ ചെയ്യുവാനായി രോഗിയുമായി പോയതാണ് ഏറ്റവും കൂടുതല്‍ ദൂരം ഡ്രൈവര്‍ എന്ന നിലയ്ക്ക് ആംബുലന്‍സ് ഓടിച്ചത്. അതുപോലെ ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ശ്വസിച്ചിരുന്ന രോഗിയുമായി അടിയന്തിര ഘട്ടത്തില്‍ തിരുവമ്പാടിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് പോകേണ്ടിവന്നത് മറക്കാന്‍ പറ്റാത്ത മറ്റൊരു അനുഭവമാണ്.’ മറിയാമ്മ പറയുന്നു.
‘രോഗികളുമായുള്ള യാത്രകള്‍ വീടുകളില്‍ തുടങ്ങി ആശുപത്രിയിലെ മരുന്നുമണക്കുന്ന ഒറ്റ മുറികളില്‍ അവസാനിക്കുന്നു. അതിനാല്‍ അവരോടൊത്ത് സമയം ചെലവഴിക്കാനും യാത്ര പോകാനും കിട്ടുന്ന അവസരങ്ങള്‍ കണ്ണീരിന്റെയും ആശ്വാസത്തിന്റെയും നല്ല ഓര്‍മ്മകളാണ് സമ്മാനിച്ചിട്ടുള്ളത്. നിരവധി വര്‍ഷങ്ങളായി കിടപ്പിലായ രോഗികളില്‍ പലര്‍ക്കും പുറത്ത് പോകാന്‍ കഴിയില്ല. അത്തരം രോഗികളെ കൊണ്ടുപോയി പ്രകൃതിയുമായി ഇണങ്ങി ഒരു യാത്ര. ഇതെന്റെ സ്വപ്‌നമാണ്. അത്തരമൊരു യാത്രക്ക് ഒരുങ്ങുകയാണ് ഇപ്പോള്‍ ഞാന്‍.
സ്ത്രീകള്‍ വാഹനമോടിച്ചാല്‍ പുരുഷന്മാരുടെ ഭാഗത്തുനിന്നും അനുകൂലമായ സമീപനം ഉണ്ടാവില്ല എന്ന് പറയാറുണ്ട്. പക്ഷേ എനിക്ക് നേരെ തിരിച്ചാണ്. ഞാന്‍ ആംബുലന്‍സ് ഓടിച്ചപ്പോഴെല്ലാം മറ്റ് ഡ്രൈവര്‍മാര്‍ നല്‍കിയ സ്‌നേഹവും പരിഗണനയും വാക്കുകളില്‍ വര്‍ണിക്കാവുന്നതല്ല.
അയല്‍വാസികളായ എട്ടുസ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള ഗാര്‍മെന്റ് യൂണിറ്റ് തുടങ്ങി അവര്‍ക്ക് സ്ഥിരവരുമാനം നേടിക്കൊടുക്കാനുള്ള ഒരു പ്രയത്‌നവും തുടങ്ങിയിട്ടുണ്ട്. സ്വന്തമായി അദ്ധ്വാനിച്ച് വരുമാനം ഉണ്ടാക്കുന്നതോടെ അവരുടേതായ ആവശ്യങ്ങള്‍ നിറവേറ്റാനും തീരുമാനങ്ങളെടുക്കാനുമുള്ള പര്യാപ്തത കൈവരുന്നു. അത് അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
കൗണ്‍സിലിങ് മേഘലയിലുള്ള തന്റെ പങ്കാളിത്തം വ്യക്തമാക്കിയ മറിയാമ്മ തന്നെ ഏറെ സ്പര്‍ശിച്ച അനുഭവങ്ങള്‍ പങ്കുവെച്ചു.
മദ്യപാനത്തിന് അടിമയായ ഒരാളുടെ വീട്ടിലേക്ക് അയാളുടെ ഭാര്യ സഹായം ആവശ്യപ്പെട്ടതു മൂലം പോകേണ്ട സാഹചര്യമുണ്ടായി. ഛര്‍ദ്ദിച്ച് അവശനായി കിടന്ന ആ വ്യക്തിയോട് സംസാരിച്ചശേഷം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പിന്നീടുണ്ടായ മാറ്റങ്ങള്‍ ഏറെ പ്രതീക്ഷയുളവാക്കുന്നതായിരുന്നു. അതുപോലെ കഞ്ചാവും മറ്റ്‌ലഹരി വസ്തുക്കളുടെയും അമിത ഉപയോഗം മൂലം വീടും സ്ഥലവുമെല്ലാം പണയപ്പെടുത്തിയ ഒരു വ്യക്തിയുടെ വീട്ടില്‍ വെച്ച് മദ്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള പറയാനിടയായത് ആ വ്യക്തിയുടെ ജീവിതത്തെ അടിമുടി മാറ്റം വരുത്തിയതായി പിന്നീട് അറിയാന്‍ കഴിഞ്ഞു. കൂടാതെ ആ ദിവസത്തെ ക്ലാസിന്റെ മുഴുവന്‍ ചിലവും വഹിക്കാമെന്നേറ്റതും എന്നെ ഏറെ അത്ഭുതപ്പെടുത്തി. ചെറുതെങ്കിലും തന്നിലൂടെ രണ്ട് കുടുംബങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ ഏറെ ആത്മവിശ്വാസം വളര്‍ത്തുന്നവയായിരുന്നു. ഇതൊക്കെയാവാം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉദ്യോഗസ്ഥിരില്‍ നിന്നും പിന്തുണയും പ്രോത്സാഹനവും ആവോളം ലഭിക്കുന്നത്.
മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനം കൂടി ഇപ്പോള്‍ മറിയാമ്മയ്ക്കുണ്ട്. പൊതു രംഗങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിക്കുവാനും പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവസരത്തിനൊത്തുയരാനും നമുക്ക് കഴിയണം. പഞ്ചായത്ത് തലത്തിലുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പിനായും മറ്റും തന്നെ പങ്കാളിയാക്കുന്നതുമെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കരുതുന്നു. സ്ത്രീ വീട്ടില്‍ മാത്രം ഒതുങ്ങിയിരിക്കേണ്ടവള്‍ എന്ന കാഴ്ചപ്പാട് മാറ്റേണ്ട സമയം കഴിഞ്ഞു. ഹെവി ലൈസന്‍സ് സ്വന്തമാക്കി ബസ് ഓടിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും മറിയാമ്മ പറഞ്ഞു.
അപ്പോഴേക്കും മറിയാമ്മക്ക് ഫോണ്‍വന്നു, മറ്റൊരു രോഗിയുമായി ആശുപത്രിയിലേക്ക് പോകാനാണ്. തിടുക്കത്തില്‍ യാത്ര പറഞ്ഞ് വാഹനക്കൂട്ടത്തില്‍ ലയിക്കുമ്പോഴും അത്ഭുതത്തോടെ ആ യാത്ര നോക്കിനില്‍ക്കുകയായിരുന്നു വഴിയാത്രക്കാര്‍ പോലും…

You might also like

Leave A Reply

Your email address will not be published.