ഹാപ്പിയല്ലെങ്കില്‍ പിന്നെന്തു ജീവിതം

147

ഹാപ്പിയല്ലെങ്കില്‍ പിന്നെന്തു ജീവിതം? ശരിയാണ്. സന്തോഷം തേടിയാണ് എല്ലാവരും അലയുന്നത്. എന്നാല്‍ സന്തോഷം കൈയെത്തി പിടിക്കാന്‍ കഴിയാതെ നാം വലയുകയാണ്. ജീവിതത്തില്‍ എല്ലാവര്‍ക്കും ലഭിക്കാത്ത സമ്മാനമാണ് സന്തോഷം. മനുഷ്യജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്പാദ്യവും അതുതന്നെ. ഇന്ന് ജീവിതം സന്തോഷകരമായിരിക്കാം.പക്ഷേ, നാളെ അത് അങ്ങനെയായിരിക്കണമെന്നില്ല. എങ്കിലും എല്ലാ മനുഷ്യരിലും അടങ്ങിയിരിക്കുന്ന അടിസ്ഥാന ചോദന സന്തോഷത്തിനുവേണ്ടിയാണ്. എത്ര വലിയ സമ്പാദ്യമുണ്ടെങ്കിലും എന്തെല്ലാം നേടിയാലും നാം സന്തുഷ്ടരാകണമെന്നില്ല. അത് വിലയ്ക്കു വാങ്ങാനോ, വിലയ്ക്ക് നല്‍കാനോ കഴിയില്ല. ഒരു ഗുരുവിനും നമ്മുടെ ഉള്ളിലേയ്ക്ക് സന്തോഷം ചൊരിയാനാവില്ല. കാരണം സന്തോഷം നാം തന്നെ കണ്ടെത്തേണ്ടതാണ്. അതിനുള്ള കുറുക്കവഴികളൊന്നുമില്ലെങ്കിലും സന്തോഷമായിരിക്കാനുള്ള പത്തു കല്പനകളിതാ…

1. ജീവിക്കുക, ജീവിക്കാനനുവദിക്കുക
ജീവിക്കുക ജീവിക്കാനനുവദിക്കുക എന്ന തിയറി ജീവിതത്തില്‍ പകര്‍ത്തുക. നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ജീവിക്കുക. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി തലയിടാതിരിക്കുക.

2. കൂടുതല്‍ പ്രതീക്ഷിക്കാതിരിക്കുക
ആശയാണ് എല്ലാ അസന്തുഷ്ടിയുടെയും കാരണം. ജീവിതത്തിലെ അസന്തുഷ്ടിയുടെയും ദുഖത്തിന്റെയും മുഖ്യകാരണം നാം നമ്മളില്‍ നിന്നു തന്നെയും മറ്റുള്ളവരില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നു. പ്രതീക്ഷയ്ക്കനുസരിച്ച് ലഭിക്കാതെ വരുമ്പോള്‍ സങ്കടം വരുന്നു. അതുകൊണ്ട് അല്‍പം പ്രതീക്ഷിക്കുക അപ്പോള്‍ കൂടുതല്‍ ലഭിക്കും.

3. ജീവിതത്തെ വളരെ ഗൗരവത്തിലെടുക്കാതിരിക്കുക
വളരെ ഗൗരവത്തോടെയും വളരെ ലാഘവത്വത്തോടെയും ജീവിതത്തെ സമീപിക്കാതിരിക്കുക. ധൃതിയില്‍ ജീവിച്ചുതീര്‍ക്കുന്നതിനേക്കാള്‍ നല്ലത്, സാവകാശം എല്ലാം ആസ്വദിച്ച് മുന്നോട്ട് പോകുന്നതാണ്.

4. ഉദാരമനസ്‌ക്കരുമായി കൈകോര്‍ക്കുക
നമ്മെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ആളുകള്‍ നമ്മെ വലയം ചെയ്യുമ്പോള്‍ നമ്മുടെ ഉള്ളില്‍ സന്തോഷം നിറയും. നാം നല്‍കുന്ന സ്‌നേഹം തിരിച്ചും നല്‍കുന്ന സുഹൃത്തുക്കള്‍ നമ്മുടെ ജീവിതത്തിലെ സന്തോഷത്തിന്റെ ഉറവകളായി പരിണമിക്കും.

5. കുടുംബത്തോടും സുഹൃത്തുക്കളോടും നല്ല ബന്ധം സൂക്ഷിക്കുക
പ്രിയപ്പെട്ടവര്‍ക്കുവേണ്ടി അദ്ധ്വാനിക്കുമ്പോള്‍ നിങ്ങളുടെ സന്തോഷം വര്‍ദ്ധിക്കും. നിങ്ങളെ സമീപിക്കുന്നവരോട് നിഷ്‌കളങ്കമായി പെരുമാറുക. നിങ്ങളുടെ കഴിവുകളെയും കഴിവില്ലായ്മയെയും നിങ്ങള്‍ ചോദ്യം ചെയ്യേണ്ടതില്ല. മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള പിന്തുണ നല്‍കിക്കൊള്ളും.

6. കാപട്യം അകറ്റിനിര്‍ത്തുക
നേരെ വാ നേരോ പോ എന്ന ജീവിതശൈലി പിന്തുടരുക. കപടതയില്ലാതെ ജീവിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ അഴിമതിയുടെയോ തിന്മയുടെയോ കറ പുരളില്ല. സത്യസന്ധതയാണ് ഏറ്റവും നല്ല പോളിസി.

7. ലളിത ജീവിതം നയിക്കുക
ലളിതമായ ജീവിതവും ഉന്നതമായ ചിന്തകളുമാണ് വേണ്ടത്. നിങ്ങളുടെ വ്യക്തിത്വത്തില്‍ ലാളിത്യം നിറഞ്ഞു കവിയണം. ജീവിതത്തെ പരിഹരിക്കാനാവാത്ത മാത്തമാറ്റിക്കല്‍ പ്രോബ്‌ളമായി കാണാതിരിക്കുക. ഡിമാന്റും പരാതികളുമില്ലാതെ ജീവിതം ലളിതമായി ഒഴുകട്ടെ, സന്തോഷം അലയടിച്ചെത്തും.

8. അത്യാര്‍ത്തി ഒഴിവാക്കുക
എല്ലാം വാരിപ്പിടിക്കാനായി പരക്കം പായാതിരിക്കുക. മനുഷ്യജീവിതത്തിന്റെ ലക്ഷ്യം കോടീശ്വരനാവുക എന്നതല്ല, മറിച്ച് മറ്റുള്ളവരുടെ ഹൃദയത്തില്‍ സ്ഥാനവും സ്‌നേഹവും നേടുക എന്നതാണ്. അത്യാര്‍ത്തിയെ സുഖപ്പെടുത്താന്‍ സ്‌നേഹത്തിനെ കഴിയു. ആര്‍ഭാടം നിറഞ്ഞ ജീവിതത്തില്‍ അഭിരമിക്കുമ്പോള്‍ സന്തോഷം വിട്ടകന്നുപോയേക്കാം.

9. ആരോഗ്യം കാത്തുസൂക്ഷിക്കുക
ആരോഗ്യമുള്ള ശരീരത്തിലെ സന്തോഷമുള്ള ഹൃദയമുണ്ടാകു. ആരോഗ്യത്തെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ദുശീലങ്ങളില്‍ നിന്നും ഓടിയകലുക.

10. നന്മയുള്ള ഹൃദയം കാത്തുസൂക്ഷിക്കുക
നന്മയുള്ള ഹൃദയം സന്തോഷകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ഹൃദയവും വികാരവിചാരങ്ങളും നല്ലതാണെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷപ്രദമായ ജീവിതം സ്വന്തമാക്കാം.

ജോ.കോം

You might also like

Leave A Reply

Your email address will not be published.