സ്‌പേസിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

43

അവധി ആഘോഷിക്കാന്‍ ഊട്ടിയിലും കൊടൈക്കനാലിലുമൊക്കെ പോയി വരുന്ന ലാഘവത്തോടെ സ്‌പേസില്‍ പോയി വരുന്ന കാലം അതിവിദൂരമല്ല. സ്‌പേസിലൊന്നു കറങ്ങിവരാന്‍ ധൈര്യമുള്ളവര്‍ക്ക് ഒട്ടേറെ ശുഭവാര്‍ത്തകളാണ് 2019 കരുതിവെച്ചിരിക്കുന്നത്. 2019 സ്‌പേസ് യാത്രയുടെ അവിശ്വസനീയമായ കഥകള്‍ക്കായിരിക്കും സാക്ഷ്യം വഹിക്കുക. സ്‌പേസ് യാത്രക്കാരെയുമായി കുതിക്കുവാന്‍ കാത്തിരിക്കുകയാണ് ഈ രംഗത്തുള്ള കൊമേഴ്‌സ്യല്‍ കമ്പനികള്‍.

ആമസോണ്‍ കമ്പനിയുടെ തലവനും ബ്ല്‌ളു ഒറിജിന്‍ എന്ന സ്‌പേസ് കമ്പനിയുടെ സിഇഒ-യുമായ ജെഫ് ബെസോസ് ഈ വര്‍ഷം തന്നെ സ്‌പേസിലേക്ക് ആളെ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യുമെന്ന് തീര്‍ത്തുപറഞ്ഞുകഴിഞ്ഞു. ഗവണ്‍മെന്റ് ഏജന്‍സികളുടെ കുത്തകയായിരുന്നു സ്‌പേസ് പ്രൈവറ്റ് കമ്പനികള്‍ക്കും കൂടി തുറന്നുകൊടുത്തതോടയാണ് ആഗോളഭീമന്മാര്‍ സ്‌പേസിലും കണ്ണുവെച്ചത്. ബ്ലുളു ഒറിജിന്‍ മാത്രമല്ല ബോയിംഗ്, സ്‌പേസ് എക്‌സ് എന്നീ കമ്പനികളൊക്കെ സ്വപ്‌നസമാനമായി പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ശതകോടീശ്വരനും സംരംഭകനായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ അവകാശപ്പെടുന്നത് തന്റെ കമ്പനിയായ വെര്‍ജിന്‍ ഗലാക്റ്റിക് ഈ വര്‍ഷത്തെ ക്രിസ്തുമസിന് മുമ്പ് ബഹികരാകാശ സഞ്ചാരികളെ സ്‌പേസിലെത്തിക്കുമെന്നാണ്. വളരെ ആതമവിശ്വാസത്തോടതെന്നയാണ് അദ്ദേഹം അത് പറയുന്നത്. സമര്‍ത്ഥരും എന്തിനും തയാറായാവരും തന്റെ പ്രോജക്റ്റില്‍ നൂറുശതമാനം വിശ്വാസമുളളവരുമായ ബഹിരാകാശ സഞ്ചാരികള്‍ തന്നടൊപ്പം ഉണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. എങ്കിലും ആദ്യത്തെ സ്‌പേസിലേക്കുള്ള യാത്ര അപകടകരമായിരിക്കാമെന്നുതന്നെയാണ് ബ്രാന്‍സന്റെ കണക്കുകൂട്ടല്‍.. അതുകൊണ്ട് ആദ്യത്തെ യാത്രയില്‍ ടെസ്റ്റ് പൈലറ്റ് മാത്രമേ ഉണ്ടായിരിക്കുകയുള്ളു. അദ്ദേഹത്തിന്റെ സ്‌പേസ്ഷിപ് 2 വിലെ ആദ്യത്തെ യാത്രികന്‍ താന്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഏതായാലും സ്‌പേസിലേക്ക് ടൂറിസ്റ്റുകളെയും കൊണ്ട് ഷട്ടില്‍ സര്‍വീസ് നടത്തി കാശുവാരാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം.

ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ആമസോണ്‍ കമ്പനിയുടെ തലവന്റെ അടുത്ത ലക്ഷ്യം സ്‌പേസിലേക്ക് ടൂറിസ്റ്റുകളെ കൊണ്ടുപോയി കാശുവാരാം എന്നാണ്. അദ്ദേഹത്തിന്റെ ബ്ലൂ ഒറിജിന്‍ എന്ന കമ്പനിയുടെ ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റില്‍ അദ്ദേഹം സ്‌പേസിലേക്ക് യാത്രക്കാരെ കൊണ്ടുപോകാനുള്ള ശ്രമങ്ങളുടെ അവസാനഘട്ടത്തിലാണ്. അതോടെ ശതകോടീശ്വരനായ അദ്ദേഹത്തിന്റെ സമ്പദ്യം റോക്കറ്റുപോലെ കുതിക്കും.

സ്‌പേസ് എക്‌സ് എന്ന കമ്പനിയുടെ ക്രൂ ഡ്രാഗണ്‍ സ്േപസ്‌ക്രാഫ്റ്റും ഈ വര്‍ഷം തന്നെ ഷട്ടില്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് അവകാശപ്പെടുന്നത്. കൂടാതെ ബോയിംഗ് എന്ന കമ്പനിയുടെ സ്റ്റാര്‍ലൈനറും ഈ വര്‍ഷം സ്‌പേസിനെ ലക്ഷ്യമാക്കി കുതിക്കുമെന്ന് കരുതുന്നു.

കൂടുതല്‍ പ്രൈവറ്റ് കമ്പനികള്‍ സ്‌പേസില്‍ കണ്ണുവെച്ചതോടെ, അവിശ്വസനീയമായ കുതിപ്പിനാണ് ലോകം ഒരുങ്ങുന്നത്. അധികം വൈകാതെ അവധിക്കാലത്ത് കൈയില്‍ കാശുണ്ടെങ്കില്‍ വെറുതെ ഒന്നു സ്‌പേസില്‍ പോയി വരാമല്ലോ.

You might also like

Leave A Reply

Your email address will not be published.