സുവര്‍ണ ഗോളുകളുടെ രാജകുമാരന്‍

സുജിത്കുമാര്‍

1,068

പതയുന്ന ചൂടുകാപ്പിക്ക് മുന്നിലിരുന്ന് സംസാരം ആരംഭിക്കുമ്പോള്‍ വിനീതിന് ഒരു ഫോണ്‍ വന്നു. ചാനലില്‍ വന്ന ഒരു വാര്‍ത്ത കേട്ട് ഒരു സുഹൃത്ത് വിളിച്ചതായിരുന്നു. ആ സന്തോഷവാര്‍ത്ത അദ്ദേഹം പങ്കിട്ടു. സി.കെ വിനീത് എന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ താരത്തെ കേരള സര്‍ക്കാര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി നിയമിക്കുന്നു എന്നതായിരുന്നു വാര്‍ത്ത. മധുരതരമായ ആ വാര്‍ത്തയുടെ ലഹരിയില്‍ ലയിച്ച് ഞങ്ങള്‍ സംസാരിച്ചുതുടങ്ങി.

കുട്ടിക്കാലത്ത് സ്ഥിരമായി കളിയൊന്നുമുണ്ടായിരുന്നില്ല.ആഴ്ചയിലൊരിക്കലോ മറ്റോ കളിക്കും.നന്നായി പഠിക്കുമായിരുന്നു. ആറാം ക്ലാസ്സില്‍ നവോദയയിലെത്തുമ്പോഴാണ് പതിവായി കളിക്കുന്ന ശീലം തുടങ്ങുന്നത്. നന്നായി കളിക്കുമെന്നറിഞ്ഞപ്പോള്‍ പ്ലസ് വണ്ണിന് കാസര്‍ക്കോട്ടെ സായി കോച്ചിംഗ് ക്യാമ്പിനയയ്ക്കുകയായിരുന്നു. ഫുട്‌ബോളിനോട് കൂടുതല്‍ അടുക്കുന്നതും ഒരു ഫുട്‌ബോള്‍ കളിക്കാരനാകണമെന്ന ആഗ്രഹമുണ്ടാകുന്നതും പത്താം ക്ലാസ്സിനു ശേഷമാണ്. പത്താം ക്ലാസ്സുവരെയേ വൈകുന്നേരമുള്ള കളിയുള്ളൂ.സായി കോച്ചിംങ് ക്യാമ്പിലെത്തുന്നതോടെയാണ് കളിയെ കാര്യമായെടുക്കാന്‍ തുടങ്ങിയത്. ഒരു ഫുട്‌ബോള്‍ താരമാവണമെന്ന തിരിച്ചറിവുണ്ടാകുന്നത് ആ പ്ലസ്ടു കാലത്താണ്.ജെസി-ജോസ് അധ്യാപക ദമ്പതികളാണ് ആറാം ക്ലാസ് മുതല്‍ വിനീതിനെ സ്‌പോര്‍ട്‌സില്‍ ശ്രദ്ധിച്ചിരുന്നത്. അവരാണ് ഫുട്‌ബോളിലേക്ക് തിരിച്ചുവിട്ടതും സായി ക്യാമ്പിലേക്ക് അയച്ചതും. പ്ലസ്ടു കാലത്തെ വേലായുധന്‍ സാര്‍, എസ്.എന്‍ കോളേജിലെ ഭരതന്‍ സര്‍, അജയന്‍ സര്‍ ഇവരൊക്കെയും കളിയില്‍ പൂര്‍ണ പിന്തുണ നല്‍കിയ അധ്യാപകരായിരുന്നു.കളിക്കണം എന്ന് തോന്നുമ്പോള്‍ കളിക്കാനും പഠിക്കണമെന്നു തോന്നുമ്പോള്‍ പഠിക്കാനും യാതൊരു തടസ്സങ്ങളുമില്ലാതെ കൂടെ നിന്ന അച്ഛനാണ് വിനീതിന്റെ ജീവിതത്തിലെ യഥാര്‍ത്ഥ താരം. ഇഷ്ടമുള്ളതു ചെയ്യാന്‍ അച്ഛന്‍ സ്വാതന്ത്ര്യം നല്‍കി. വേണ്ടാത്ത പ്രതീക്ഷകള്‍ അടിച്ചേല്‍പ്പിച്ചില്ല. അതുകൊണ്ടുതന്നെ അച്ഛനെക്കുറിച്ച് പറയുമ്പോള്‍ വിനീത് വികാരഭരിതനാവും.ഒരിക്കല്‍ അച്ഛന്‍ വീടിനു മുകളില്‍നിന്നു വീണ് അപകടമുണ്ടായപ്പോള്‍ കളിതന്നെ നിര്‍ത്തി മടങ്ങിവരാന്‍ ഒരുങ്ങി വിനീത്. ആ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വിനീതിന്റെ കണ്ഠമിടറും, കണ്ണുകള്‍ നിറയും. താന്‍ കഷ്ടപ്പെട്ടാണ് ഫുട്‌ബോള്‍ പ്ലെയറായതെന്ന് പറയാന്‍ പറ്റില്ല. തനിക്കുവേണ്ടി കഷ്ടപ്പെട്ടത് തന്റെ അച്ഛനാെണന്ന് പറയാനാണ് വിനീതിന് ഇഷ്ടം. കളിയുടെ കാര്യത്തിലായാലും മറ്റെന്തു കാര്യത്തിലായാലും ഒരു കുറവും അച്ഛന്‍ വരുത്തിയിരുന്നില്ല. ബോളു വേണ്ടപ്പോള്‍ ബോള്, ബൂട്ടു വേണ്ടപ്പോള്‍ ബൂട്ട് എല്ലാം അപ്പപ്പോള്‍ കിട്ടിയിരുന്നു. അച്ഛനൊപ്പംതന്നെ എന്തുവേണമെങ്കിലും അതറിഞ്ഞു ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരായിരുന്നു അമ്മ ശോഭനയും ചേട്ടന്‍ ശരത്തുമെന്ന് വിനീത് പറയുന്നു.തന്നെ ലോകമറിയുന്നവനാക്കിയത് തന്റെ കുടുംബമാെണന്ന് ഉറച്ചു വിശ്വസിക്കുന്നു, ഈ യുവ ഫുട്‌ബോള്‍ പ്രതിഭ.

ഇഷ്ട താരം

സ്റ്റീവന്‍ ജെറാര്‍ഡ് എന്ന ഇംഗ്ലീഷ് ഫുട്‌ബോള്‍ താരത്തെ കുട്ടിക്കാലത്തേ ഇഷ്ടമാണ്. സത്യത്തില്‍ അത് അദ്ദേഹത്തിന്റെ കളി കണ്ടിട്ടൊന്നുമായിരുന്നില്ല. സ്റ്റീഫന്‍ ജെറാര്‍ഡ്-ലിവര്‍പൂള്‍ ഫാനായിരുന്നു ഏട്ടന്‍. സ്റ്റീഫന്‍ ജെറാര്‍ഡ് അങ്ങനെ ഗോളടിച്ചു ഇങ്ങനെ ഗോളടിച്ചു എന്നൊക്കെ ഏട്ടന്‍ വീട്ടില്‍ കഥകള്‍ പറയുമായിരുന്നു. അങ്ങനെ ജെറാര്‍ഡ് തലയില്‍ കയറി. ബോര്‍ഡിങ് സ്‌കൂളിലെത്തിയപ്പോഴാണ് ആദ്യമായിട്ട് പ്രീമിയര്‍ ലീഗും മറ്റും കാണുന്നത്. പിന്നീട് പ്ലസ്ടു കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കളി കൂടുതലും
കാണുന്നത്. അങ്ങനെ ലിവര്‍ പൂളിന്റെ ഫാനായി. പതിയെ സ്റ്റീഫന്‍ ജെറാര്‍ഡിന്റെ ലോങ് റേഞ്ച് പാസുകളും ഗോളുകളുമൊക്കെ ഇഷ്ടമായിത്തുടങ്ങി. അങ്ങനെ ഏട്ടന്റെ വാക്കിലൂടെ അടുത്തറിഞ്ഞ ജെറാര്‍ഡിന്റെ ആരാധകനായി മാറി ഞാനും.

അല്‍പം ഇമോഷണല്‍

കളിക്കുന്ന സമയത്ത് ഇമോഷന്‍സ് അധികമാണ്. ചിലപ്പോള്‍ ദേഷ്യമായിരിക്കും. ചിലപ്പോള്‍ സന്തോഷം, മറ്റു ചിലപ്പോള്‍ സങ്കടം. അത് ആ നിമിഷത്തെ അനുസരിച്ചാണ്. പല മഞ്ഞക്കാര്‍ഡുകളും ആ സമയത്തെ പ്രതികരണങ്ങള്‍കൊണ്ട് കിട്ടിയതാണ്. ഫൗളിനേക്കാള്‍ ആ സമയം കളിയെ അറിഞ്ഞ് കളിക്കുകയാണ് ചെയ്യുന്നത്. പുറമേ എന്തു നടക്കുന്നു എന്നൊന്നും ശ്രദ്ധിക്കാറില്ല. മുഴുകി കളിക്കുക എന്നതാണ് എന്റെ രീതി. ബോധപൂര്‍വം ദേഷ്യം വരുന്നതല്ല. അങ്ങനെ സംഭവിച്ചുപോകുന്നതാണ്. നമുക്ക് തോല്‍ക്കാന്‍ ഇഷ്ടമല്ല, ജയിച്ചേ പറ്റൂ. അതുകൊണ്ട് ഇമോഷണലാവും.

നല്ല കളി

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ കളി പഠിക്കുന്ന കാലത്തേതാണ്. യൂണിവേഴ്‌സിറ്റിയുടെ കളിയായിരുന്നു അത്. കെ. എസ്.ഇ.ബി ക്കെതിരെയുള്ള ഒരു പ്രാക്ടീസ് മാച്ചായിരുന്നു അത്. അതില്‍ പകുതി സമയമേ കളിച്ചിരുന്നൊള്ളൂ. തൊട്ട ബോളൊക്കെ പൊന്നായിരുന്നുവെന്ന് അന്ന് തോന്നിയിരുന്നു. കോച്ചും അത് പറഞ്ഞിരുന്നു. അന്ന് മിഡ്ഫീല്‍ഡറായാണ് കളിച്ചത്. അങ്ങനെയാണ് കെ.എസ്.ഇ.ബി യുമായി കളിക്ക് ഒപ്പുവയ്ക്കുന്നത്.

കോളേജ് കഴിഞ്ഞ് ആദ്യം വിവ കേരള വന്നു. അന്ന് ഇന്ത്യന്‍ ടോപ് സ്‌കോററായ സബിത്തിന് തൊട്ടുപിറകിലായി. പിന്നീട് പ്രായാഗിലെത്തി ഇന്ത്യന്‍ ടോപ്പ് സ്‌കോററായി. ആ സമയത്താണ് ഇന്ത്യന്‍ ടീമിലേക്ക് വരുന്നത്. അതിന് ഒരു മാസം മുമ്പാണ് അച്ഛന് അപകടം പറ്റുന്നത്. അന്ന് കുടുംബം തന്ന പിന്തുണയാണ് എന്നെ ഇന്നത്തെ വിനീതാക്കിയത്.

സ്വന്തം നിലപാട്
കോളേജു കഴിഞ്ഞപ്പോള്‍ ഏതെങ്കിലും ജോലിക്ക് ചേരാന്‍ പലരും പറഞ്ഞിരുന്നു. കാരണം, കളിക്കാരൊക്കെയും സര്‍ക്കാര്‍ ജോലിയില്‍ ചേരുകയായിരുന്നു. കെ.എസ്.ഇ.ബിയില്‍നിന്നും മറ്റും ഓഫറുകള്‍ വന്നെങ്കിലും ഞാന്‍ പോയില്ല. അതിലും മികച്ചത് കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പിന്നീട് കൂടുതല്‍ നല്ല അവസരങ്ങള്‍ വന്നപ്പോള്‍ ഞാന്‍ ജോലിക്ക് ചേര്‍ന്നു. പക്ഷെ അവിടെ സ്ഥിരമായി ഒതുങ്ങിക്കൂടാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. പുറത്തുവന്ന് വീണ്ടും കളിച്ചു. ജോലി പോയപ്പോള്‍ ആരുടെയും കാലുപിടിക്കാന്‍ എനിക്ക് മനസ്സു വന്നില്ല. കളിയാണ് ആദ്യം, ജോലിയല്ല. ജോലി എന്നത് കളിക്കാനുള്ള സുരക്ഷിതത്വം മാത്രമാണ്.
ഇവിടെ ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരന് പരമാവധി 36 വയസ്സുവരെ കളിയില്‍ നില്‍ക്കാം. അതിനു ശേഷമുള്ളതാണ് ജോലി. കളി കഴിഞ്ഞതിനുശേഷമുള്ള സുരക്ഷിതത്വത്തിനുവേണ്ടിയാണ് നമ്മള്‍ ജോലിക്കായി തല്ലുകൂടുന്നത്. ക്രിക്കറ്റുകളിക്കാര്‍ക്കുള്ള സാലറി ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കിട്ടില്ല. കളി കഴിഞ്ഞാലും വരുമാനം വേണം. അതുകൊണ്ടാണ് എല്ലാവരും ജോലിക്കായി തിരക്കുപിടിക്കുന്നത്. ജയിച്ച കളികളെക്കുറിച്ച് ഞാന്‍ അധികം ഓര്‍ക്കാറില്ല.

തോറ്റുപോയതിനെക്കുറിച്ചാണ് പിന്നെയും ആലോചിക്കുക. എന്തുകൊണ്ട് തോറ്റു, എന്തുകൊണ്ട് നന്നാക്കാന്‍ പറ്റിയില്ല തുടങ്ങിയ ചോദ്യങ്ങള്‍ മനസ്സില്‍ സ്വയം ചോദിക്കും. നന്നായി കളിച്ചിട്ടും തോറ്റുപോയ പല കളികളുമുണ്ട്. എ.എഫ്.സി കപ്പ് ഫൈനല്‍ നന്നായി കളിച്ചതാണ്. പക്ഷെ എന്റെ മിസ്സുകൊണ്ടാണ് തോറ്റുപോയത്. 1-0 ന് തോറ്റത് എന്റെ പിഴവുകൊണ്ടാണ്. സ്വയം ഒരു വിലയിരുത്തല്‍ ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലേ അടുത്തകളിയില്‍ ആ പിഴവ് ആവര്‍ത്തിക്കാതിരിക്കൂ.

വില്ലനാകുന്ന കരിയറിസം
മുമ്പ് ഐ.എം വിജയനും ജോ പോള്‍ അഞ്ചേരിയുംപോലെ 12 ഓളം കളിക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്നെന്താണ് ഇങ്ങനെയെന്ന് ചോദിക്കുന്നവരുണ്ട്. ഇവിടെ അവസരങ്ങള്‍ കുറവാണ്. കൂടാതെ, ജീവിതം ഭദ്രമാക്കാനാണ് കളിക്കാരും ശ്രമിക്കുന്നത്. ജോലി ലഭിക്കുമ്പോള്‍ പലപ്പോഴും അഞ്ചോ ആറോ വര്‍ഷത്തേക്ക് ബോണ്ടുണ്ടാവും. എന്നാല്‍ ജോലി നല്‍കുന്ന ക്ലബ്ബുകള്‍ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ കളിക്കുന്നുമില്ല. കളിക്കാരുടെ വളര്‍ച്ചയ്ക്ക് ഇതൊക്കെ തടസ്സമാണ്.

സ്വപ്‌നങ്ങള്‍
ഇന്ത്യ ലോകകപ്പില്‍ കളിക്കണമെന്ന ആഗ്രഹം എല്ലാവരെയുംപോലെ എനിക്കുമുണ്ട്. 170 ാം റാങ്കില്‍നിന്ന് 17 ാം സ്ഥാനത്തെത്തി ഇന്ത്യ ഇന്ന്. ഒരു ദിവസം ഉറക്കമുണരുമ്പോഴേക്കും സംഭവിക്കുന്ന ഒന്നല്ല അത്, പടിപടിയായി മുന്നേറേണ്ടതാണ്. ഇന്ത്യ ലോകകപ്പില്‍ കളിക്കുമെന്നാണ് എന്റെ വിശ്വാസം.കേരളാ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ തവണ നഷ്ടമായ കിരീടം വീണ്ടെടുക്കുകയാണ് ഏറ്റവും അടുത്ത ലക്ഷ്യം. അതിനുപക്ഷെ തീരുമാനമായിട്ടില്ല. ടീമുതന്നെയായിട്ടില്ല. പ്രാക്ടീസ് തുടങ്ങണം. അതിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

കുടുംബം
അച്ഛന്‍ വാസു അധ്യാപകനാണ്. അമ്മ ശോഭന. ജ്യേഷ്ഠന്‍ ശരത്ത് ബാംഗ്ലൂരില്‍ ടി.വി.എസ്സില്‍ എഞ്ചിനീയറാണ്. ഭാര്യ ശരണ്യ.
ഹസ്തദാനം നടത്തി പിരിയുമ്പോള്‍ ലോകകപ്പില്‍ ഒരു കണ്ണൂര്‍ക്കാരന്‍ ഗോള്‍വലയം ഭേദിക്കുന്ന ചിത്രം മനസ്സില്‍ വിരിഞ്ഞു.

You might also like

Leave A Reply

Your email address will not be published.