സര്‍വോദയം കുര്യന്‍ കാലം മായ്ക്കാത്ത കാല്‍പ്പാടുകള്‍

35

ലാഭേച്ഛയില്ലാതെ പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ആ മനുഷ്യന്റെ പേര് കുര്യന്‍ എന്നായിരുന്നു. കാലം പിന്നീട് അയാളെ സര്‍വോദയം എന്നുകൂടി ചേര്‍ത്ത് വിളിച്ചു

കേരളത്തില്‍ കോളറയും വസൂരിയും പടര്‍ന്നു പിടിച്ച സമയം. തീരദേശങ്ങളിലെ പാവപ്പെട്ട ജനങ്ങളായിരുന്നു ഈ പകര്‍ച്ചവ്യാധികളുടെ ഇരകളായവരില്‍ ഏറെയും. ആ മഹാമാരികള്‍ പടര്‍ന്നു പിടിച്ച പ്രദേശങ്ങളില്‍ എറണാകുളം ജില്ലയിലെ ഞാറയ്ക്കലും വൈപ്പിനും ഉള്‍പ്പെട്ടിരുന്നു. അനുദിനമെന്നോണം ഇവിടങ്ങളില്‍ മരണങ്ങള്‍ പെരുകി വന്നു. ആശങ്കയും ഭയവും മൂലം എന്തു ചെയ്യണമെന്നറിയാതെ ജനങ്ങള്‍ നിസ്സഹായരായി നിന്നു. അവര്‍ക്കിടയിലേക്കാണ് ആശ്വാസ വാക്കുകളും മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഒരു ചെറുപ്പക്കാരന്‍ കടന്നുവന്നത്. അയാള്‍ തന്റെ സൈക്കിളില്‍ രോഗബാധിതരായിക്കിടന്ന എല്ലാവരുടെയും വീടുകളില്‍ എത്തി. അവര്‍ക്ക് മരുന്ന് വിതരണം ചെയ്തു. പ്രതിരോധമാര്‍ഗങ്ങള്‍ പറഞ്ഞുകൊടുത്തു. രോഗം മൂര്‍ച്ഛിച്ച ് മരിച്ചവരുടെ മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ എല്ലാവരും മടിച്ചപ്പോഴും ആ ചെറുപ്പക്കാരന്‍ മാത്രം മാറിനിന്നില്ല. മറ്റാരുടെയും സഹായത്തിന് കാത്ത് നില്‍ക്കാതെ അയാള്‍ മൃതദേഹങ്ങള്‍ പായയില്‍ പൊതിഞ്ഞ് തന്റെ സൈക്കിളിന് പുറകില്‍ വെച്ചുകെട്ടി ആളൊഴിഞ്ഞ പ്രദേശത്ത് സ്വയം കുഴികുത്തി സംസ്‌കരിച്ചു. ലാഭേച്ഛയില്ലാതെ പാവങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ആ മനുഷ്യന്റെ പേര് കുര്യന്‍ എന്നായിരുന്നു. കാലം പിന്നീട് അയാളെ സര്‍വോദയം കുര്യന്‍ വിളിച്ചു.

1920 ജനുവരി 11 ന് ഞാറയ്ക്കല്‍ എന്ന കൊച്ചുഗ്രാമത്തിലായിരുന്നു കുര്യന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ കുര്യന് പിതാവിനെ നഷ്ടപ്പെട്ടു. ബാല്യം പിന്നിട്ട് കുര്യന്‍ കൗമാരത്തിലേക്ക് കടന്ന സമയത്തായിരുന്ന രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. കുര്യനും യുദ്ധത്തില്‍ പങ്കെടുത്തു. അതിന്റെ ഭാഗമായി നിരവധി യാത്രകള്‍ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. അങ്ങനൊരു യാത്രയിലാണ് ബ്രിട്ടീഷ് സിലോണില്‍ വെച്ച് കുര്യന്‍ റെഡ്‌ക്രോസ്സില്‍ അംഗമാകുന്നത്. അത് കുര്യന്റെ ജീവിതത്തിലെ വഴിത്തിരിവായിമാറി. രണ്ടാംലോക മഹായുദ്ധത്തിനുശേഷം ഞാറക്കലില്‍ തിരികെയെത്തിയ കുര്യന്‍ അവിടെ സ്ഥിരതാമസമാക്കാനും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും തീരുമാനിച്ചു.

സൈക്കിള്‍ സഞ്ചാരി
ലാളിത്യം നിറഞ്ഞതായിരുന്നു എന്നും കുര്യന്റെ ജീവിതം. കൈ കൊണ്ട് നൂറ്റെടുത്ത ഖദറുകൊണ്ട് തയ്‌ച്ചെടുത്ത ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം. സൈക്കിളിലായിരുന്നു സഞ്ചാരം. രാവിലെ അഞ്ചുമണിക്കു തുടങ്ങുന്ന ഈ യാത്ര, പറവൂര്‍ക്കും മുനമ്പത്തേക്കും ഒക്കെ നീളുമായിരുന്നു. ഈ യാത്രക്കിടയില്‍ പല വിദ്യാലയങ്ങളുടെയും അസംബ്ലികളില്‍ അദ്ദേഹം സംബന്ധിച്ചു. ഈ സൈക്കിള്‍ യാത്രകളാണ് ആലംബഹീനരായ അനേകം പട്ടിണിപ്പാവങ്ങള്‍ക്കിടയിലേക്ക് എത്തിച്ചേരാന്‍ ഇടയാക്കിയത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കുര്യന്റെ കാര്യണ്യപ്രവര്‍ത്തികളിലെ പങ്കാളിയായിരുന്നു ആ സൈക്കിള്‍.

ഒറ്റയാള്‍ പോരാട്ടങ്ങള്‍

അക്കാലത്ത് കോളറ നിയന്ത്രിക്കാനാവാത്ത പകര്‍ച്ചവ്യാധിയായിരുന്നു. സര്‍വോദയം കുര്യന്‍ ഈ പകര്‍ച്ചവ്യാധിക്കെതിരേ സര്‍ക്കാര്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വ്യാപക പ്രതിരോധ നടപടികള്‍ ചെയ്തു. അതിലൊന്നായിരുന്നു സൗജന്യ കോളറ വാക്‌സിന്‍. ഈ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തെ സഹായിക്കാനായി വൈപ്പിന്‍ കരയിലെ ധാരാളം യുവാക്കളും മുന്നിട്ടിറങ്ങിയിരുന്നു. കുര്യന്‍ വൈപ്പിന്‍ ദ്വീപിലെ എല്ലാ പ്രധാന കവലകളിലും തന്റെ സൈക്കിളില്‍ കൃത്യമായി എത്തിച്ചേര്‍ന്ന് ഈ സൗജന്യ മരുന്ന് വിതരണം ചെയ്യുകയും, കോളറയ്‌ക്കെതിരേ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുമായിരുന്നു. വൈപ്പിന്‍ കരയിലെ ആദ്യത്തെ സൗജന്യ സ്‌ട്രെച്ചര്‍ സേവനം നടപ്പിലാക്കിയത് സര്‍വോദയം കുര്യനായിരുന്നു.
ക്ഷയരോഗമായിരുന്നു അന്ന് ജനങ്ങളെ അലട്ടിയ മറ്റൊരു പകര്‍ച്ച വ്യാധി. രോഗികളെ ചികിത്സിക്കാന്‍ ആശുപത്രിയില്‍ 15 കിടക്കകളുള്ള ഒരു വാര്‍ഡ് കുര്യന്‍ നിര്‍മ്മിച്ചു നല്‍കി. എല്ലാ ദിവസവും രോഗികളുടെ ക്ഷേമം അന്വേഷിക്കാനായി കുര്യന്‍ ഈ ആശുപത്രിയിലെത്തുമായിരുന്നു.

1982 ലെ തിരുവോണ ദിനത്തിലാണ് കേരളത്തെ ദുഃഖത്തിലാഴ്ത്തിയ വൈപ്പിന്‍ മദ്യദുരന്തം സംഭവിച്ചത്. ആ ദുരന്തത്തില്‍ 78 പേര്‍ മരിച്ചു, 63 പേര്‍ പൂര്‍ണ്ണമായും അന്ധരായി തീര്‍ന്നു. ഏതാണ്ട് 650 ഓളം കുടുംബങ്ങളെ ഈ ദുരന്തം തകര്‍ത്തു. ഈ സമയത്ത് , കുര്യന്‍ ഓട്ടോറിക്ഷയില്‍ ഘടിപ്പിച്ച രണ്ട് ഉച്ചഭാഷിണികളുമായി ബോധവല്‍ക്കരണത്തിന് ഇറങ്ങിത്തിരിച്ചു. 21 കിലോമീറ്റര്‍ നീളമുള്ള വൈപ്പിന്‍ കരയുടെ മുക്കിലും മൂലയിലും കുര്യന്‍ ഓട്ടോറിക്ഷയുമായി സഞ്ചരിച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കഴിച്ച എല്ലാവരും ആശുപത്രികളില്‍ അടിയന്തര ചികിത്സ നേടണമെന്ന് അനൗണ്‍സ് ചെയ്തു.

600 കുരുന്നുകളുടെ രക്ഷകന്‍

ഒരിക്കല്‍ ഫോര്‍ട്ട് കൊച്ചിയിലൂടെ നടക്കുകയായിരുന്ന കുര്യന്റെ ശ്രദ്ധയില്‍ ഒരാള്‍ക്കൂട്ടംപെട്ടു. എന്താണ് സംഭവമെന്നറിയാന്‍ ചെന്നു നോക്കിയ കുര്യന്‍ കണ്ടത് വഴിയോരത്ത് കിടക്കുന്ന ചോരകുഞ്ഞിനെയായിരുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ കുര്യന്‍ ആ കുഞ്ഞിനെയുമെടുത്ത് സൈക്കിളില്‍ ഞാറയ്ക്കലിലെ ആശുപത്രിയിലെത്തി. ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കി കുഞ്ഞിനെ നഴ്‌സിനെ ഏല്‍പ്പിച്ചതിന് ശേഷം അദ്ദേഹം നേരെ പോയത് ഒരു പത്ര ഓഫീസിലേക്കായിരുന്നു. അവിടെ ചെന്നു കുട്ടിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ദത്തെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടണമെന്ന് കാണിച്ച് പത്രത്തില്‍ പരസ്യം നല്‍കി. ആശുപത്രിയില്‍ തിരികെയെത്തി സ്വന്തം കുഞ്ഞിനെന്ന പോലെ ആ കുഞ്ഞിന് കുര്യന്‍ കാവലിരുന്നു. പത്രപ്പരസ്യം കണ്ട് നിരവധി പേര്‍ എത്തി. അതില്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് വന്ന ദമ്പതികള്‍ക്ക് കുര്യന്‍ അവരുടെ ചുറ്റുപ്പാടുകള്‍ അന്വേഷിച്ച് ബോധ്യപ്പെട്ടതിന് ശേഷം കുഞ്ഞിനെ നല്‍കി. ഇങ്ങനെ കുര്യന്‍ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത് 600 ഓളം കുഞ്ഞുങ്ങളെയാണ്. അവരെല്ലാം സമൂഹത്തില്‍ ഉന്നത പദവി വഹിക്കുന്നവരാകുകയും ചെയ്തു. 1952 ല്‍ വിവാഹിതനായ കുര്യന് അഞ്ച് കുട്ടികള്‍ ഉണ്ടായിരുന്നു.

കുര്യന്റെ ഗാന്ധിയന്‍ ഫിലോസഫി

തികഞ്ഞ ഗാന്ധിയനായിരുന്നു കുര്യന്‍. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ വേരൂന്നിയുള്ള ലളിത ജീവിതം. ഗാന്ധിയന്‍ സമരമാര്‍ഗങ്ങളായ സത്യാഗ്രഹവും പദയാത്രയും തന്നെയായിരുന്നു കുര്യന്റെ സമരമാര്‍ഗങ്ങള്‍. വിലവര്‍ധനയ്‌ക്കെതിരെ സത്യാഗ്രഹം അനുഷ്ഠിച്ചതും ജനങ്ങളില്‍ സാമൂഹിക അവബോധം വളര്‍ത്തുന്നതിനായി പദയാത്ര നടത്തിയതും കുര്യന്‍ ബാക്കിയാക്കിയ ഓര്‍മകളില്‍പ്പെടും. അതുകൊണ്ടാണ് സര്‍വോദയം കുര്യന്‍ ജനിച്ചത് ജനുവരി 11 ന് ആണെങ്കിലും അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനം മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് ആചരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.