സമ്പൂര്‍ണ അറിവിൻ്റെ ഉറവിടം: വികാസ് പീഡിയ

സി.വി. ഷിബു

4,793

മലയാളം പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഒന്നരക്കോടി

രാജ്യത്തെ ഓരോ പൗരനെയും വിവരദാതാവും വിവരങ്ങള്‍ പങ്കിടുന്നവരുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച വിജ്ഞാന വികസന പോര്‍ട്ടല്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നു. വികാസ് പീഡിയ എന്ന പേരില്‍ 2014 ല്‍ ആരംഭിച്ച ഈ പോര്‍ട്ടലിൻ്റെ മലയാളം പതിപ്പിന് ദേശീയ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഇതൊരു ബഹുഭാഷാ വിജ്ഞാനശേഖരമാണ്. 22 ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലുമായി നമുക്ക് ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തിൻ്റെ ഓരോ പ്രദേശത്തിന്റെയും സമഗ്രവും സാമൂഹികവുമായ വികസനം നേടിയെടുക്കാനുള്ള അവശ്യ ഘടകങ്ങളെയാണ് ഈ പോര്‍ട്ടലില്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നത്. വിവരസാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് സര്‍ക്കാരിലെയും സ്വകാര്യ മേഖലകളിലെയും വിവരങ്ങള്‍ പങ്കുവെക്കാനുള്ള ഒരു പൊതുവിടമാണ് വികാസ് പീഡിയ പോര്‍ട്ടല്‍. കേന്ദ്രസര്‍ക്കാരിൻ്റെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിനു കീഴില്‍ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് (സീഡാക്) ആണ് ഈ പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്.

ചര്‍ച്ചാ വിഷയങ്ങള്‍

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഊര്‍ജം, ഇ-ഭരണം തുടങ്ങിയ വിഷയങ്ങളിലായി പഴയതും പുതിയതുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം ചര്‍ച്ചാ ഫോറവും വികാസ്പീഡിയ പോര്‍ട്ടലില്‍ ഉണ്ട്. പുതിയ കേന്ദ്ര-കേരള സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, അറിയിപ്പുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, പ്രവേശന പരീക്ഷകള്‍, ജോലി സാധ്യതകള്‍, ക്വിസ് തുടങ്ങിയ ബഹുവിധ മേഖലകളിലായാണ് വിവരങ്ങള്‍ ഉള്ളത്. എല്ലാ വിവരങ്ങളും പ്രാദേശിക ഭാഷകളിലും ദേശീയ ഭാഷയിലുംഇംഗ്ലീഷിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ഭാഷ പഠിക്കുന്നവര്‍ക്കും ഇതൊരു സഹായമാണ്. മലയാളത്തില്‍ ഏകദേശം മുപ്പതിനായിരത്തോളം പേജുകളിലായാണ് വിവരങ്ങള്‍ ഉള്ളത്. പ്രതിമാസം അറുപത് ലക്ഷത്തോളം ആളുകള്‍ സന്ദര്‍ശനം നടത്തുന്ന പോര്‍ട്ടലില്‍ സംശയങ്ങളും ചോദ്യങ്ങളും ചോദിക്കാനും അഭിപ്രായം രേഖപ്പെടുത്താനും കഴിയും.

എല്ലാം സൗജന്യം
വികാസ്പീഡിയയില്‍നിന്നുള്ള സേവനങ്ങളെല്ലാം സൗജന്യമാണ്.കൂടാതെ പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ നല്‍കുന്നവരില്‍നിന്ന് ഓരോ മാസവും മികച്ച അഞ്ചുപേരെയും പത്തുപേരെയും തെരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കുന്നു. വിവരങ്ങള്‍ നല്‍കുന്ന എഴുത്തുകാരും, പോര്‍ട്ടലിൻ്റെ പ്രചരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും വളണ്ടിയര്‍മാരാണ്. എഴുത്തുകാര്‍, അധ്യാപകര്‍, കൃഷി ഓഫീസര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍ നല്‍കുന്ന വിവരങ്ങളാണ് മലയാളം പോര്‍ട്ടലില്‍ ഉള്ളത്.
വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് വികാസ്പീഡിയ കേരളയുടെ സ്റ്റേറ്റ് നോഡല്‍ ഏജന്‍സി. ഓരോ പൗരനും നല്‍കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുന്നതും തെറ്റുകള്‍ തിരുത്താന്‍ നിര്‍ദേശിക്കുന്നതും കണ്ടന്റ് റിവ്യൂവര്‍മാരാണ്. വളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്ത കണ്ടന്റ് കോണ്‍ട്രിബ്യൂട്ടര്‍മാരില്‍നിന്ന് മികച്ചവരെ തെരഞ്ഞെടുത്ത് അപ്‌ഗ്രേഡ് ചെയ്യുന്നവരാണ് കണ്ടന്റ് റിവ്യൂവര്‍മാര്‍. ഇവരുടെ സേവനവും സൗജന്യമാണ്. വിവിധ തലസ്ഥാനങ്ങളില്‍ വ്യത്യസ്ത നോഡല്‍ ഏജന്‍സികളാണ് പ്രവര്‍ത്തിക്കുന്നത്.

സോഷ്യല്‍മീഡിയ വഴിയുള്ള പ്രചരണം
പോര്‍ട്ടലിൻ്റെ വിവരങ്ങള്‍ സംബന്ധിച്ച ഉള്ളടക്കം ഫേസ്ബുക്ക് വഴിയും യൂട്യൂബ് വഴിയും പ്രചരിപ്പിക്കുന്നു.ഓരോ ഭാഷയിലും പ്രത്യേക ഫേസ്ബുക്ക് പേജുണ്ട്.കേരളത്തിൻ്റെ ഫേസ്ബുക്ക് പേജ് വികാസ്പീഡിയ മലയാളം ആണ്. ആനുകാലിക വാര്‍ത്തകളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.

You might also like

Leave A Reply

Your email address will not be published.