സമ്പത്ത് മുഴുവന്‍ സാധുക്കള്‍ക്ക്

118

ഴിമതിയും അനീതിയും പെരുകുമ്പോഴും നന്മനിറഞ്ഞ ചില മനുഷ്യരുടെ നിസ്തുലമായ സേവനം ലോകത്തിന് മറക്കാനാവാത്ത സംഭാവനയാണ് നല്‍കുന്നത്. അങ്ങനെയെങ്കില്‍ ലോകം മുഴുവന്‍ പോയവര്‍ഷം ഓര്‍ക്കുന്ന പേരാണ് മനോജ് ഭാര്‍ഗവയുടേത്. തന്റെ സമ്പത്തിന്റെ തൊണ്ണൂറ്റി ഒന്‍പത് ശതമാനവും ലോക നന്മയ്ക്കും ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കും എന്ന ഭാര്‍ഗവയുടെ പ്രതിജ്ഞ അദേഹം ഇപ്പോള്‍ പൂര്‍ത്തിയാക്കി ക്കൊണ്ടിരിക്കുകയാണ്.
1953ല്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ജനിച്ച മനോജ് ഭാര്‍ഗവയുടെ കുടുംബം 1967ല്‍ അമേരിക്കയിലേക്ക് കുടിയേറി. മടങ്ങി വന്ന അദേഹം കുറെ നാള്‍ ഇന്ത്യയിലെ വിവിധ ചെറുകിട യൂണിറ്റുകള്‍ സന്ദര്‍ശിച്ചു. തിരിച്ച് അമേരിക്കയില്‍ എത്തിയശേഷം ചെറുകിട ജോലികള്‍ ചെയ്തു ജീവിതം മുന്നോട്ട് നീക്കി. 1990 ല്‍ അമേരിക്കയില്‍ ഒരു ഫര്‍ണീച്ചര്‍ കമ്പനി ആരംഭിച്ചു.

വളരെക്കാലത്തെ ഗവേഷണ ഫലമായി ഭാര്‍ഗവയുടെ സംരംഭം വികസിപ്പിച്ചെടുത്ത ഊര്‍ജദായക പാനീയമായ 5 Hour Energy Drink വന്‍ വിജയമായിമാറി. എനര്‍ജി ഡ്രിങ്ക് വ്യവസായത്തിലൂടെ നേടിയ കോടാനുകോടി ഡോളറുകള്‍ ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുവാനായിരുന്നു അദേഹത്തിന്റെ ആഗ്രഹം.
ലോകത്തെ വമ്പന്‍ കോടീശ്വരന്‍മാര്‍ക്ക് സാമൂഹിക സേവനം ചെയ്യാന്‍ പ്രേരണ കൊടുക്കുന്ന സംഘടനയാണ് ഗിവിംഗ് പ്ലെഡ്ജ്. കോടീശ്വരന്മാര്‍ അവരുടെ സമ്പാദ്യത്തില്‍ നിന്നും ഒരു വിഹിതം സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ഈ സംഘടനയില്‍ അംഗങ്ങളായവര്‍ പ്രതിജ്ഞ ചെയ്യാറുണ്ട്. എന്നാല്‍ ഒരു വിഹിതമല്ല 99 ശതമാനവും എന്നായിരുന്നു അദേഹത്തിന്റെ നിലപാട്. അധികം വൈകാതെ നൂതന ആശയങ്ങളുമായി എത്തുന്നവര്‍ക്കായി അദ്ദേഹം ഒരു സ്ഥാപനം ആരംഭിച്ചു. അതാണ് ‘ഇന്നൊവേഷന്‍സ് വെഞ്ച്വേര്‍സ്’ എന്ന സംഘടന.

ഗ്രാമീണ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികള്‍ക്ക് അദ്ദേഹം ഇന്ത്യയില്‍ രൂപം കൊടുത്തു. വൈദ്യുതി എത്തിപ്പെടാത്ത ഗ്രാമങ്ങളില്‍ സൈക്കിള്‍ പെഡല്‍ പോലുള്ള സംവിധാനം ഉപയോഗിച്ച് ഊര്‍ജം ഉല്‍പാദിപ്പിക്കുവാനും ശേഖരിക്കുവാനുമുള്ള ബോക്‌സുകളും വികസിപ്പിച്ചു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം പതിനായിരത്തിലേറെ വൈദ്യുതി സംഭരണ ബോക്‌സുകള്‍ ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളില്‍ വിതരണം ചെയ്തു. കടല്‍ജലവും മലിനജലവും ശുദ്ധീകരിച്ച് കുടിവെള്ളമാക്കാനുളള പദ്ധതിക്കും തുടക്കമിട്ടു. കൂടാതെ ശാസ്ത്രീയമായ രീതിയില്‍ കൃഷിക്ക് ആവശ്യമായ വളം നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യയും അദ്ദേഹത്തിന്റെ കമ്പനി വികസിപ്പിച്ചിട്ടുണ്ട്.

ഗ്രാമീണ മേഖലകളില്‍ വലിയ മാറ്റങ്ങളാണ് ഭാര്‍ഗവയുടെ ടെക്‌നോളജി പ്രാവര്‍ത്തികമാക്കിയതിലൂടെ കണ്ടുതുടങ്ങിയത്. ശുദ്ധജലവും വൈദ്യുതിയും കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള ഉപാധികളും നല്‍കുന്നതിലൂടെ ഇവ അനുഭവിക്കാന്‍ ഭാഗ്യമില്ലാതിരുന്ന കോടാനുകോടി ജനങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിയും എന്ന് മനോജ് ഭാര്‍ഗവ സ്വപ്‌നം കാണുന്നു. കോടീശ്വരന്മാരില്‍ മുന്‍നിരയിലുള്ള അദേഹത്തിന്റെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് സമ്പന്നരെയും ഇത്തരം രംഗങ്ങളിലേക്ക് മാറ്റി ചിന്തിപ്പിക്കുന്നതിനും വഴിയൊരുക്കിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.