സച്ചിന്‍ ജീവിതകഥ എഴുതുമ്പോള്‍

ബുക്ക് റിവ്യു-ലൂയി മണവാളന്‍

262

ക്രിക്കറ്റ് ഇന്ത്യയുടെ വികാരമെങ്കില്‍ സച്ചിന്‍ അത് നിയന്ത്രിക്കുന്ന ദൈവവും. ‘PLAYING IT MY WAY’ എന്ന ആത്മകഥാപരമായ ഈ പുസ്തകം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്ററുടെ ജീവിതവീക്ഷണവും കളിയോടുള്ള സമീപനവും പ്രതിപാദിച്ചിരിക്കുന്നു. ഒപ്പം, തന്റെ വളര്‍ച്ചയുടെ പടവുകളില്‍ പ്രചോദനമായവരെയും ഔന്നത്യത്തിലും തകര്‍ച്ചയിലും ഒപ്പം സഞ്ചരിച്ചവരെയും നാളത്തെ തലമുറയ്ക്ക് ഒരു ക്രിക്കറ്ററെയും അതിലുപരി മാനവികമൂല്യങ്ങളുള്ള ഒരു വ്യക്തിയെയും വാര്‍ത്തെടുക്കാനുള്ള ഒരു മഹത്ഗ്രന്ഥം തന്നെയാണ് ഈ ജീവിതം. അച്ഛന്റെയും അമ്മയുടെയും പരിലാളനകള്‍ ഏറ്റുള്ള ബാല്യകാല അനുഭവങ്ങളിലൂടെയാണ് സച്ചിന്‍ തന്റെ ജീവിതകഥ ആരംഭിക്കുന്നത്.”അമ്മയുടെ മടിയിലിരിക്കുന്നത് ഞാനേറ്റവും സ്‌നേഹത്തോടെ ഓര്‍ക്കുന്നു. മടിയിലിരിക്കുന്ന എന്നെ ഉറക്കുവാനായി അമ്മ സുന്ദരമായ പാട്ടുകള്‍ പാടിയിരുന്നു. ദിനാന്ത്യത്തില്‍ അമ്മയുടെ പാട്ടുകേട്ടുകൊണ്ട് മയക്കത്തിലേക്ക് പോകുമായിരുന്നു.” എത്ര അര്‍പ്പണബോധത്തോടും മാത്സര്യത്തോടും ദൈവികതയോടുംകൂടിയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റര്‍ തന്റെ കരിയറിനെ മുന്നോട്ട് കൊണ്ടുപോയത് എന്ന് ഈ ഗ്രന്ഥം സൂചിപ്പിക്കുന്നു.

കവിയും നിരൂപകനും അധ്യാപകനുമായ രമേഷ് ടെന്‍ഡുല്‍ക്കറുടെ കുറിപ്പിലൂടെയാണ് ഈ ആത്മകഥ ആരംഭിക്കുന്നത്. ”ഒരു മനുഷ്യന്‍ എഴുപതോ എണ്‍പതോ വര്‍ഷം വരെയാണ് ജീവിക്കുക. അതിന്റെ അര്‍ത്ഥം ക്രിക്കറ്ററേക്കാള്‍ കൂടുതല്‍ മറ്റ് മണ്ഡലങ്ങളിലാണ് നീ ജീവിക്കുക. സരസമായ പ്രകൃതവും സന്തുലിതമായ പെരുമാറ്റവും എന്നും നിലനിര്‍ത്തണം. അതാണ് മകനേ എനിക്ക് നിന്നോട് പറയാനുള്ളത്. നിന്റെയുള്ളില്‍ അഹന്തയുണ്ടാകുവാന്‍ ഒരിക്കലും വിജയത്തെ നീ അനുവദിക്കരുത്. നീയെന്നും വിനയമുള്ളവനായിരുന്നാല്‍ ജനങ്ങള്‍ നിന്നെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അതു നീ കളി നിര്‍ത്തിക്കഴിഞ്ഞും അനുസ്യൂതം തുടരും. സച്ചിന്‍ ഒരു നല്ല ക്രിക്കറ്ററാണെന്നതിനെക്കാള്‍ ഒരു നല്ല മനുഷ്യനാണെന്ന് ജനം പറയുന്നത് കേള്‍ക്കുമ്പോഴാണ് പിതാവെന്ന നിലയില്‍ ഞാന്‍ സന്തോഷിക്കുക.”

സഹോദരനായ അജിത്തിന്റെ സമയോചിതമായ ഇടപെടലാണ് സച്ചിന്‍ എന്ന ക്രിക്കറ്ററെ വളര്‍ത്തിയതും തുടര്‍ന്ന് രമാകാന്ത് അഛ്‌രേക്കര്‍ എന്ന ഗുരുവില്‍ എത്തിച്ചേര്‍ന്നതും. അങ്ങനെ ആ ഇതിഹാസത്തിന്റെ പ്രയാണം ആരംഭിച്ചു. അമ്മ എന്നും വളരെ നിശബ്ദയായി ആ കുസൃതിക്കുടുക്കയെ പരിപാലിച്ചുപോ ന്നിട്ടേയുള്ളൂ. പ്രിയതമയെക്കുറിച്ച് സച്ചിന്‍ പറയുന്ന വാക്കുകള്‍ വളരെ ഹൃദയസ്പര്‍ശിയാണ്.”എനിക്ക്ഏറ്റവും യോജിച്ച, ഞാന്‍ ചോദിച്ചു വാങ്ങിയ, എന്റെ ആത്മാവിന്റെ സന്തതസഹചാരിയാണ് അഞ്ജലി.” അഞ്ജലി എന്ന വിളക്കാണ് സച്ചിന്‍ എന്ന പ്രതിഭയെ കെടാതെ കാത്തുസൂക്ഷിച്ചത്. അര്‍ജ്ജുനും
സാറയും അവരുടെ മക്കളായി. കുടുംബത്തെ നിലനിര്‍ത്താനുള്ള അഞ്ജലിയുടെ ത്യാഗത്തിന്റെ കഥയും കൂടിയാണ് ഈ പുസ്തകം.ഒരു ക്രിക്കറ്ററെന്ന നിലയില്‍ സച്ചിന്റെ ഈ വാക്കുകള്‍ വളരെ പ്രസക്തമാണ്. ”അതാത് നിമിഷത്തില്‍ നിലനിന്ന ഓരോ സന്ദര്‍ഭവും എന്റെ മുന്നില്‍ വരുന്നതനുസരിച്ച് ജീവിക്കുന്ന ഒരാളാണ് ഞാന്‍. 2011-ല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടിയപ്പോള്‍ സച്ചിന്റെ സ്വപ്‌നം പൂവണിയുകയായിരുന്നു. ബോറിയ മജുംദാര്‍ എന്ന എഴുത്തുകാരനോടൊപ്പം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എഴുതിയ ഈ ആത്മകഥ വരും തലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. വിടവാങ്ങല്‍ പ്രസംഗത്തില്‍ അച്ഛന്റെ വാക്കുകള്‍ സച്ചിന്‍ പങ്കുവച്ചിരുന്നു.

”നിന്റെ സ്വപ്‌നങ്ങളെ പിന്തുടരൂ. പക്ഷേ, അതിനായി ഇടവഴികള്‍ തേടി നീ പോകരുത്. നിന്റെ വഴികള്‍ കഠിനമായേക്കാം എന്നു കരുതി നീ നിന്റെ സ്വപ്‌നങ്ങളെ ഉപേക്ഷിക്കരുത്.” സച്ചിന്റെ ജീവിതഗ്രന്ഥം വായിക്കുന്ന ഏതൊരാള്‍ക്കും പുതിയൊരു ഊര്‍ജം പ്രദാനം ചെയ്യും. സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗത്തിലെ അവസാന വരികളിലൂടെ ഈ പുസ്തകവും അവസാനിക്കുന്നു.”കാലം വളരെ പെട്ടെന്ന് പോയിരിക്കുന്നു. പക്ഷേ, അത് എന്നില്‍ അവശേഷിപ്പിച്ച് കടന്നുപോയിരിക്കുന്ന ഓര്‍മകള്‍ എന്നന്നേക്കും എന്നന്നേക്കുമുള്ളതാണ്. പ്രത്യേകിച്ച് ‘സച്ചിന്‍… സച്ചിന്‍…’ അത് എന്നും എന്റെ കാതുകളില്‍ മാറ്റൊലികൊണ്ടിരിക്കും. എന്റെ ശ്വാസം നിലയ്ക്കുന്ന കാലംവരെ.”ഒരു നല്ല മകനായും പ്രിയങ്കരനായ പ്രിയതമനായും സ്‌നേഹമുള്ള കുടുംബനാഥനായും വാത്സല്യനിധിയായ അച്ഛനായും അതിലുപരി ലോകമറിയുന്ന ക്രിക്കറ്ററായുമുള്ള ഈ ജീവിതകഥ ഡി.സി ബുക്‌സ് ഏറ്റവും ഹൃദ്യമായ രീതിയില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ഈ ഗ്രന്ഥം നിങ്ങള്‍ക്ക് നല്ലൊരു വായനാനുഭവമായിരിക്കും.

You might also like