വൃക്കകള്‍ പണിമുടക്കുമ്പോള്‍ 

864
വൃക്കകളെ നല്ലതുപോലെ സംരക്ഷിക്കണമെന്ന അവബോധം കേരളത്തിലെ ജനങ്ങളുടെ ഇടയില്‍ ഇന്ന് വളര്‍ന്നുതുടങ്ങിയിട്ടുണ്ട്. പക്ഷെ ഇപ്പോഴും അഞ്ചാംഘട്ട ക്രോണിക് വൃക്കരോഗത്തിന് അടിപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. വികസിത രാജ്യങ്ങളെപ്പോലും കടത്തിവെട്ടുന്ന, അവിശ്വസനീയം എന്ന് തോന്നിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. അവസാനഘട്ട വൃക്കരോഗത്തില്‍ എത്തിയവരുടെ എണ്ണം ഇന്നു കേരളത്തില്‍ രണ്ട് ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെയാണ്.
രോഗാരംഭവും രോഗലക്ഷണവും ഉള്ള കുട്ടികളുടെ എണ്ണവും കൂടുന്നതായി കാണുന്നുണ്ട്. കേരളത്തില്‍ ഏകദേശം അറുപതിനായിരത്തിലധികം വൃക്കരോഗികളാണ് ഓരോ മാസവും ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു ഡയാലിസിസിന് മരുന്ന് അടക്കം ഏതാണ്ട് 1,500 രൂപ നിരക്കില്‍ ആഴ്ചയില്‍ ശരാശരി മൂന്ന് ഡയാലിസിസ് വീതം,  ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ നമ്മുടെ നാടിന്റെ ആരോഗ്യസ്ഥിതി ഏറെ പരുങ്ങലിലാകുമെന്നതിന് സംശയമില്ല.
തുടക്കത്തില്‍ യാതൊരുവിധ ബാഹ്യലക്ഷണങ്ങളും കാണിക്കാതെ വൃക്കരോഗത്തിന് വര്‍ഷങ്ങളോളം മറഞ്ഞുനില്‍ക്കുവാന്‍ സാധിക്കും. കാണപ്പെടുന്ന ലക്ഷണങ്ങളായ മൂത്രം പതഞ്ഞ് പൊങ്ങുക, അളവിലുള്ള വ്യതിയാനം, മൂത്രത്തിന് രക്തത്തിന്റെ നിറം, ദുര്‍ഗന്ധം, ആവര്‍ത്തിച്ച് മൂത്രം ഒഴിക്കുക, വേദനയും പുകച്ചിലും അനുഭവപ്പെടുക, കണ്ണിനു ചുറ്റും തടിപ്പ്, കൈകാലുകളിലും ദേഹത്തും നീര്, വേദന, ചൊറിച്ചില്‍, വിളര്‍ച്ച, ശര്‍ദ്ദി, വിശപ്പില്ലായ്മ, കിതപ്പ്, വിറയലോടു കൂടിയ പനി, ശ്വാസംമുട്ടല്‍, നടുവേദന, ഉറക്കക്കുറവ് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ബോധ്യപ്പെട്ടാല്‍ ആരംഭത്തിലേ തന്നെ കണ്ടുപിടിച്ച് പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ ഇത് ശ്രദ്ധിക്കാതെ രോഗം മൂര്‍ച്ഛിച്ച് ക്രോണിക് കിഡ്‌നി രോഗത്തിന് അടിപ്പെട്ടാല്‍ വീണ്ടും ചികിത്സിച്ച് വൃക്കകളെ പൂര്‍വ്വസ്ഥിതിയില്‍ ആക്കുവാന്‍ സാധിക്കുകയില്ല. പെട്ടെന്ന് ഉണ്ടാകുന്ന വൃക്കരോഗത്തിന് (അക്യൂട്ട് കിഡ്‌നി ഡിസീസ്) കാരണമാകുന്ന പാമ്പുവിഷം, എലിപ്പനി, ക്രമാതീതമായ വയറിളക്കം എന്നിവയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ അക്യൂട്ട് കിഡ്‌നി ഡിസീസിനെ ആരംഭത്തിലേ തിരിച്ചറിഞ്ഞ് തക്കസമയത്ത് ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കുവാന്‍ സാധിക്കും.
നിയന്ത്രണാതീതമായ പ്രമേഹവും അധിക രക്തസമ്മര്‍ദ്ദവുമാണ് വൃക്കരോഗത്തിന് പ്രധാനമായും കാരണമാകുന്നത്. പകര്‍ച്ചവ്യാധിപോലെയാണ് ഇപ്പോള്‍ ഇന്ത്യയിലും സംസ്ഥാനത്തും പ്രമേഹവും രക്തസമ്മര്‍ദ്ദവുംപോലെയുള്ള ജീവിതശൈലീരോഗങ്ങള്‍ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്. 2015 ലെ കണക്കുകള്‍ പ്രകാരം 30 വയസ്സിന് മുകളില്‍ പ്രായമുള്ള ഏകദേശം 50 ലക്ഷത്തോളം പ്രമേഹരോഗികളാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. പ്രമേഹം ഉണ്ടെന്ന് അറിയാതെ ജീവിക്കുന്നവരുടെ കണക്ക് ഇതിനും പുറമേയാണ്. കൂടാതെ അമിതമായ വേദനസംഹാരികളുടെ ഉപയോഗം,  വിഷം അടങ്ങിയ പച്ചക്കറി -പഴവര്‍ഗ്ഗങ്ങള്‍, അധിക ഹോര്‍മോണ്‍ അടങ്ങിയ മത്സ്യം, മാംസം, ഉപ്പിന്റെയും കൊഴുപ്പടങ്ങിയ ഫാസ്റ്റ് ഫുഡിന്റെയും കളര്‍ ചേര്‍ത്തതും വറുത്തതും പൊരിച്ചതുമായ മധുരപലഹാരങ്ങളുടെയും നിരന്തരമായ ഉപയോഗം, ക്രമം തെറ്റിയ ഭക്ഷണരീതി, വ്യായാമം ഇല്ലായ്മ, വെള്ളംകുടി കുറവ് എന്നിങ്ങനെ അശ്രദ്ധകൊണ്ട്
നാം സ്വയം വരുത്തിവയ്ക്കുന്ന ഘടകങ്ങളും സ്ഥായിയായ വൃക്കരോഗത്തിന് കാരണമാകുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉണ്ടാകുവാന്‍ സാധ്യത ഉള്ള നെഫ്രൈറ്റിസ് (വൃക്കയില്‍ നിര്‍വീക്കം), വൃക്കയിലെ ചെറുമുഴകള്‍, മൂത്രത്തില്‍ കല്ല്, മൂത്രത്തില്‍ അണുബാധ, ഗര്‍ഭിണികള്‍ക്ക് 6 മാസം ആകുമ്പോള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള പിഐഎച്ച്, പുരുഷന്മാര്‍ക്ക് സാധ്യതയുള്ള പ്രോസ്റ്റൈറ്റ് ഗ്ലാന്റ് എന്നിവയും ആരംഭത്തിലേ ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ വൃക്കരോഗത്തിലേക്ക് നയിക്കും.

You might also like

Leave A Reply

Your email address will not be published.