മൊട്ടുസൂചി കുത്തിയ ചെരിപ്പും തിളങ്ങുന്ന കണ്ണുകളും

41

ചെരിപ്പ് കടയിലെ കണ്ണാടിയില്‍ അവന്റെ കണ്ണുകളിലെ തിളക്കം. വിലകൂടിയ ചെരിപ്പ്. ആശ്ചര്യത്തോടെ അവന്‍ നോക്കി. തൊട്ടു. പതിയെ തലോടി. ഒരുപാടു ചെരിപ്പുകള്‍ക്കിടയില്‍ നിന്ന് അവന്‍ പരുങ്ങി. തനിക്കു തന്നെയാണോ ഇത് എന്ന ഭാവം. ഞാന്‍ അവന്റെ കണ്ണുകളിലേക്കു നോക്കി, പുഞ്ചിരിച്ചു. ”ഇനിയെന്താണ് വേണ്ടത്” ?.
ഒന്നും വേണ്ട എന്ന അര്‍ത്ഥത്തില്‍ അവന്‍ തലയാട്ടി. ചെരിപ്പ് കവര്‍ അവന്റെ കൈകളില്‍ വെച്ചു. അവന്‍ അത് നെഞ്ചോടു ചേര്‍ത്തു. വയനാട്ടിലെ ഉള്‍പ്രദേശത്തെ ഏച്ചോം സര്‍വ്വോദയ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു അവനും ഞാനും. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി. പേര്
സുനില്‍. ഞാന്‍ അധ്യാപനം തുടങ്ങിയ സ്‌കൂളാണ്. സ്‌കൂളില്‍ എന്റെ ആദ്യത്തെ വര്‍ഷമായിരുന്നു അത്. ഓരോ കുട്ടികളെയും
പഠിച്ചു വരുന്നതെയുള്ളൂ. ഏറെക്കാലം പത്രപ്രവര്‍ത്തനം ചെയ്തതിനുശേഷമാണ് അധ്യാപകനാവുന്നത്. ആശങ്കയും പേരറിയാത്ത ഒരു വേവലാതിയും മനസ്സില്‍ നിറഞ്ഞ ആദ്യ ദിനങ്ങള്‍ മുമ്പിലിരിക്കുന്ന കണ്ണുകള്‍ ഒരു പ്രശ്‌നമായിരുന്നു. തുടി നാട്ടറിവ് പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ കൂടിയായ ഫാ. ബേബി ചാലിലാണ് സ്‌കൂള്‍ മാനേജര്‍. പാവപ്പെട്ടവരോടും ആദിവാസികളോടും പ്രത്യേക സ്‌നേഹവും പരിഗണനയും കാണിക്കണമെന്ന് സ്‌കൂളില്‍ ചേരുമ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞിരുന്നു. അതൊക്കെ മനസ്സിലുള്ളതിനാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പേടി മാറി.

ക്ലാസ്സിലെ കുട്ടികളില്‍ മിക്കവരും ഞാന്‍ ചെന്ന വര്‍ഷം തന്നെ
സ്‌കൂളിലെത്തിയവരാണ്. അവരില്‍ ഒരാളാണ് സുനില്‍. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള കുട്ടിയാണ്. വയനാട്ടിലെ ഏതൊരു ആദിവാസി കുട്ടിയെയും പോലെ നിഷ്‌കളങ്കമായ മുഖം.കലങ്ങിയതും ജിജ്ഞാസയുള്ളതുമായ കണ്ണുകള്‍. തേഞ്ഞു തീരാറായതും തുളവീണതുമായ ചെരിപ്പുകള്‍. മൊട്ടുസൂചികുത്തി, പൊട്ടിപ്പോയ ഭാഗം കൂട്ടിയോജിപ്പിച്ചിരുന്നു. എല്ലാദിവസവും അവന്റെ വേഷമിതായിരുന്നു. നോട്ടുബുക്കില്ല. പേനയില്ല. ഒരു പഴയ ബാഗില്‍ കുറച്ചു പഴകിയ പാഠപുസ്തകങ്ങള്‍ മാത്രം. അവന് എന്റെ വിഷയമായ മലയാളം എഴുതാനും വായിക്കാനും അറിയില്ല. ഹെഡ് മാസ്റ്റര്‍ ഫാ. വില്‍സണ്‍ പുതുശ്ശേരിയെ കണ്ട് കാര്യം പറഞ്ഞു. അദ്ദേഹം നോട്ടുബുക്കും യൂണിഫോമിനുള്ള തുണിയും തന്നു. പുതുമണമുള്ള നോട്ടുബുക്കില്‍ മലയാളം അക്ഷരമാല വൃത്തിയായി എഴുതി നല്കി. അവന്‍ ആവേശത്തോടെ അത് പഠിക്കാന്‍ തുടങ്ങി. യൂണി ഫോം
തുന്നിക്കാന്‍ പണമില്ലെന്നും അച്ഛന്‍ മരിച്ചു പോയതാണെന്നും അമ്മയ്ക്ക് സ്ഥിരമായ പണിയില്ലെന്നും അവന്‍ പറഞ്ഞു. ഒട്ടുമിക്ക ആദിവാസിക്കുട്ടികളെപ്പോലെ അവനും മേല്‍ക്കൂരയുള്ള ഒരു വീടും ഇല്ലായിരുന്നു. പല ദിവസങ്ങളിലായി അവന്റെ കഥകള്‍ ഒപ്പിയെടുത്തപ്പോള്‍ അവനോട് സ്‌നേഹവും ഒപ്പം വാത്സല്യവും തോന്നി. അവന്റെ ഭാഷ എനിക്കും എന്റെ ഭാഷ അവനും മനസ്സിലാകുന്നില്ലെന്ന ഘട്ടത്തില്‍ ഞാന്‍ സഹപ്രവര്‍ത്തകനായ രാജേഷിന്റെ സഹായം തേടി. രാജേഷ് അഞ്ചിലന്‍ പണിയ വിഭാഗത്തില്‍ നിന്നും ഉയര്‍ന്നു വന്ന ആളാണ്. ചിത്രകലാധ്യാപകന്‍, ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തനുമാണ്. രാജേഷ്, സുനിലിനോട് അവന്റെ ഭാഷയില്‍ സംസാരിച്ചു. അതോടെ അവന് എന്നോടുള്ള അകല്‍ച്ച കുറഞ്ഞു. ഞാനും രാജേഷും ചേര്‍ന്നാണ് അവനെയും കൂട്ടി ചെരിപ്പുവാങ്ങാനും യൂണിഫോമിന് അളവു കൊടുക്കാനും പോയത്. അങ്ങനെ ചെരിപ്പും യൂണിഫോമും ഇട്ട് ‘സുന്ദരനായി’ സുനില്‍ വരാന്‍ തുടങ്ങി. പഠനത്തിലും അവന്‍ കാര്യമായി ശ്രദ്ധിക്കാന്‍ തയ്യാറായി. ഈ സമയത്തൊന്നും എനിക്കും രാജേഷിനും ശമ്പളം കിട്ടിത്തുടങ്ങിയിരുന്നില്ല. ഞാന്‍ രാത്രിയില്‍ ഒരു പത്രസ്ഥാപനത്തില്‍ ജോലി ചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. സുനിലിനെ സഹായിച്ച കാര്യം ഞാനും രാജേഷും മാത്രമറിയുന്ന രഹസ്യമായിരുന്നു. ഒരു ദിവസം സംസ്‌കൃതാധ്യാപകന്‍ ജെയ്‌സ് വിന്‍സെന്റ് അടുത്തുവന്നു. പോക്കറ്റില്‍ കുറച്ചു പൈസ വച്ചു. ”ഇതിരിക്കട്ടെ”. പണം തിരികെ നല്‍കാന്‍ ശ്രമിച്ചെങ്കിലും കൈ തട്ടി മാറ്റി അദ്ദേഹം നടന്നുപോയി. ”ഇത് നിങ്ങള്‍ക്കല്ല, ആ പയ്യനുവേണ്ടി”. പോകുന്നതിനിടയില്‍ സാര്‍ പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.