മെർലിൻ എന്തിനാണ് തന്റെ ഭർത്താവിനെ കൊന്നവരോട് ക്ഷമിച്ചത് ?

99

കൊല്ലം കുണ്ടറ സ്വദേശിനി മെര്‍ളിന്‍ തൻ്റെ ഭര്‍ത്താവിന്റെ ഘാതകരോട് ക്ഷമിച്ചപ്പോള്‍ അത് ഒരു നാടിന് മുഴുവന്‍ നന്മയുടെ പ്രകാശമായി.

ഭര്‍ത്താവിനെ കൊല ചെയ്ത പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ ആര്‍ക്കാണ് കഴിയുക? എങ്കിലും കൊല്ലം കുണ്ടറ സ്വദേശിനി വിന്‍സ്‌ഡെയിലില്‍ മെര്‍ളിന്‍ അങ്ങനെ ചെയ്തു. അത് ഒരുനാടിന് തന്നെ നന്മയുടെ തിരിവെട്ടമായി മാറി. 1999 ഒക്‌ടോബറിലായിരുന്നു സംഭവം.
ഭര്‍ത്താവിനെ കൊലചെയ്തവരോട് ക്ഷമിക്കാന്‍ മെര്‍ളിനെ പ്രേരിപ്പിച്ചത് പ്രോ ലൈഫ് പ്രവര്‍ത്തകരായിരുന്നു. മെര്‍ളിന്റെ ഭര്‍ത്താവ് ഏലിയാസ് ബാബു സൗദി അറേബ്യയിലെ ദമാമില്‍ ഐസ് പ്ലാന്റിലെ ഫോര്‍മാനായിരുന്നു.22 വര്‍ഷമായി ഏലിയാസ് ഇവിടെ ജോലിചെയ്യുകയാണ്. 1998 ഒക്‌ടോബര്‍ ഒമ്പതിനാണ് അദ്ദേഹം സഹപ്രവര്‍ത്തകരുടെ കത്തിമുനയില്‍ മരണമടയുന്നത്.
തൊഴിലിനോടുള്ള ഉത്തരവാദിത്വവും സത്യസന്ധ തയും ഏലിയാസിനെ മേലുദ്യോഗസ്ഥരുടെ കണ്ണിലുണ്ണിയാക്കി മാറ്റിയിരുന്നു. തൻ്റെ കീഴ്ജീവനക്കാരോടെല്ലാം അദ്ദേഹം സ്‌നേഹത്തോടെ പെരുമാറി. സംഭവദിവസം തലേന്ന് രാത്രി തൻ്റെ സമ്പാദ്യത്തില്‍നിന്നും മിച്ചം വെച്ച് ചേര്‍ന്നിരുന്ന ചിട്ടിക്കുറി ഏലിയാസ് ബാബുവിന് ലഭിച്ചു.
18 ലക്ഷത്തോളം വരുമായിരുന്നു ഈ ചിട്ടിപ്പണം. അന്നു രാത്രി തന്നെ അദ്ദേഹം ഭാര്യയെ വിളിച്ച് ഇക്കാര്യമെല്ലാം പറഞ്ഞു. പണവുമായി മുറിയിലെത്തിയ ഏലിയാസ് ബാബുവിനെ കീഴ്ജീവനക്കാരും വിശ്വസ്തരെന്നു കരുതിയവരുമായ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ രണ്ടു പേര്‍ ചേര്‍ന്ന് മുറിയില്‍ നിന്നും അത്യാവശ്യകാര്യത്തിനെന്ന് പറഞ്ഞ് പുറത്തിറക്കി അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തി. തുടര്‍ന്ന് രണ്ട് പേരും ആ പണം കവര്‍ച്ച ചെയ്തു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രതികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ഏലിയാസ് ബാബുവിനെ ഒഴിവാക്കി അദ്ദേഹത്തിന്റെ ജോലിനേടുകയും അതോടൊപ്പം സമ്പത്ത് കവര്‍ച്ചചെയ്യുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യം.നീണ്ടനാളത്തെ വിചാരണയ്ക്കും വിസ്താരത്തിനുമൊടുവില്‍ പ്രതികള്‍ കുറ്റക്കാരാണെന്നു തെളിഞ്ഞു. നിയമ പ്രകാരം കൊലയാളികള്‍ക്ക് വധശിക്ഷ തന്നെ നീതിപീഠം വിധിച്ചു. ഇക്കാര്യമെല്ലാം കാണിച്ച് പ്രതികളിലൊരാള്‍ ജയിലില്‍നിന്നും ഏലിയാസ് ബാബുവിൻ്റെ ഭാര്യ മെര്‍ളിനോട് മാപ്പ് അപേക്ഷിച്ച് എഴുതി. ”പശ്ചാത്തപിക്കുന്നു, മാപ്പാക്കണം.” അയാളുടെ ഭാര്യയും ഇതേ ആവശ്യം തന്നെ മെര്‍ളിന് എഴുതി. ”സഹോദരിയുടെ ഭര്‍ത്താവിൻ്റെ ജീവന്‍ ആരു വിചാരിച്ചാലും തിരികെ കിട്ടില്ല. പക്ഷേ, സഹോദരി വിചാരിച്ചാല്‍ എന്റെ ഭര്‍ത്താവിൻ്റെ ജീവന്‍ രക്ഷിക്കാനാവും”- മെര്‍ളിൻ്റെ ക്ഷമയ്ക്കുവേണ്ടി അവര്‍ പിന്നെയും എഴുതി.
കൊലയാളികള്‍ക്ക് മെര്‍ളിന്‍ മാപ്പ് നല്കിയാല്‍ വധശിക്ഷ, ജീവപര്യന്തമായി ഇളവുചെയ്യും. വധശിക്ഷ നട
പ്പാക്കും മുമ്പ് സൗദി കോടതി ഇന്ത്യന്‍ എംബസി വഴി മെര്‍ളിൻ്റെ അനുവാദം ആരായും. അതില്‍ മെര്‍ളിന്‍ ‘കുറ്റവാളികളോടു ക്ഷമിക്കുന്നു’ എന്ന് എഴുതി ഒപ്പുവച്ചാല്‍ ശിക്ഷയില്‍ ഇളവുണ്ടാകും. അതല്ല ‘ക്ഷമിക്കുന്നില്ല, അവര്‍ ശിക്ഷ അര്‍ഹിക്കുന്നവരാണ്’ എന്നാണ് മെര്‍ളിന്‍ എഴുതുന്നതെങ്കില്‍ ഇരുവരും വധിക്കപ്പെടും. ഇതിനിടയ്ക്ക് രണ്ടാമത്തെ പ്രതിയുടെ ബന്ധുക്കള്‍ മെര്‍ളിൻ്റെ വീട്ടിലെത്തി സംസാരിച്ചു. മെര്‍ളിന് ഒരു തരത്തിലും അവരോട് ക്ഷമിക്കാന്‍ കഴിയുമായിരുന്നില്ല. അവള്‍ പറഞ്ഞു. ‘എൻ്റെ കുടുംബം തകര്‍ത്തവരാണവര്‍. അങ്ങനെയുള്ള അവര്‍ക്ക് ഞാന്‍ എങ്ങനെ മാപ്പ് നല്‍കും?’ ക്ഷമ യാചിച്ചു വന്നവര്‍ നിരാശരായി മടങ്ങി.ഇതിനിടയ്ക്ക് മെര്‍ളിൻ്റെ ഈ അഭിപ്രായം പത്രങ്ങളില്‍ വാര്‍ത്തയായി. ഈ വാര്‍ത്ത കണ്ട് ഏതാനും പ്രോ ലൈഫ് പ്രവര്‍ത്തകര്‍ മെര്‍ളിനെ സന്ദര്‍ശിച്ചു. വേദനയുടെ കനല്‍ മൂടിക്കിടന്ന മെര്‍ളിൻ്റെ അരുകിലിരുന്ന് അവര്‍ സ്‌നേഹത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചും സംസാരിച്ചു. ആ വാക്കുകള്‍ മെര്‍ളിന്റെ ഹൃദയത്തെ ഉരുക്കിക്കളഞ്ഞു. ക്ഷമിച്ചു എന്ന ഒരു വാക്ക് താന്‍ പറഞ്ഞാല്‍ രണ്ടുപേര്‍ മരണശിക്ഷയില്‍ നിന്നും രക്ഷപെടും. അവരുടെ കുടുംബങ്ങളും. ഒടുവില്‍ അവള്‍ എല്ലാം മറക്കാനും പൊറുക്കാനും തയാറാണെന്ന് പ്രഖ്യാപിച്ചു.
ഉടന്‍ തന്നെ ഈ വിവരം തൂത്തുക്കുടിയിലുള്ള പ്രതികളുടെ ബന്ധുക്കളെ അറിയിച്ചു. പ്രത്യേകമൊരുക്കിയ വേദിയില്‍ ജനത്തെ സാക്ഷിനിര്‍ത്തി മെര്‍ളിന്‍ കുറ്റവാളികളുടെ ബന്ധുക്കള്‍ക്ക് വാക്കുനല്‍കി. അവള്‍ പറഞ്ഞു. ”ഞാന്‍ അവരോടു ക്ഷമിക്കുന്നു, ലോകത്തിലെ ഏറ്റവും വലിയ ഹതഭാഗ്യ ഞാനാണെന്നാണു കരുതിയത്.എന്നാല്‍ ഞാന്‍ എല്ലാം മറക്കുകയാണ്. അവരുടെ ജീവന്‍ തിരിച്ചുകിട്ടട്ടെ.”

You might also like

Leave A Reply

Your email address will not be published.