മരണവും കാത്തൊരു ദിവസം

RJ

204

പാശ്ചാത്യ സാഹിത്യരചനാരീതിയെ സമൂലം മാറ്റിമറിച്ച അമേരിക്കന്‍ എഴുത്തുകാരനാണ് ഏണസ്റ്റ് ഹെമിംഗ്‌വേ.’ദ സണ്‍ ഓള്‍സോ റൈസസ്’ എന്ന ആദ്യനോവല്‍ വാക്കുകളുടെ മിതവ്യയംകൊണ്ട് നിരൂപകരെ അമ്പരിപ്പിച്ചു. ‘ഒറ്റ നോവല്‍കൊണ്ട് ഹെമിംഗ്‌വേ അമേരിക്കന്‍ സാഹിത്യത്തെ അപ്പാടെ മാറ്റിമറിച്ചു’ എന്നാണ് പെന്‍ക്വിന്‍ എഡിറ്ററായ ജെയിംസ് നെയ്ഗല്‍ അഭിപ്രായപ്പെട്ടത്. വാക്കുകളെ ചെത്തിമിനുക്കി കേവല ലാവണ്യം നിറയ്ക്കുന്ന കലയില്‍ ഹെമിംഗ്‌വേ ചെറുകഥാ രചയിതാക്കള്‍ക്കും എഡിറ്റര്‍മാര്‍ക്കും നിത്യശോഭ ചൊരിയുന്നൊരു ദീപസ്തംഭമാണ്.’ദ ഓള്‍ഡ്മാന്‍ ആന്‍ഡ് ദ സീ’ എന്ന ഹ്രസ്വനിശിതമായ നോവലിനെ മുന്‍നിര്‍ത്തിയാണ് ഹെമിംഗ്‌വേക്ക് നോബല്‍ സമ്മാനം നല്‍കപ്പെട്ടത്.

‘എ ഡേയ്‌സ് വെയ്റ്റ്’ എന്ന രസകരവും ചിന്തനീയവുമായ ഹെമിംഗ്‌വേ കഥ മിതവാങ്‌രചനയുടെ തീവ്രശക്തിയുടെ ഉദാഹരണമാണ്. കേവലം മൂന്നോ നാലോ പേജ് മാത്രം ദൈര്‍ഘ്യമുള്ള ഈ ചെറുകഥ വായിച്ചുതീര്‍ന്നാലും അതിന്റെ പ്രതിധ്വനി ദീര്‍ഘകാലത്തേക്ക് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. വായിച്ചു നിര്‍ത്തിയിടത്തും, കഥയുടെ അവസാനത്തില്‍ നമ്മുടെ ചുണ്ടില്‍ വിടരുന്ന ചെറുചിരിയിലും വായന അവസാനിക്കുന്നേയില്ല. വായിക്കാത്ത വാക്കുകള്‍ പിന്നെയും പിന്നെയും പ്രതിധ്വനി ഉയര്‍ത്തിക്കൊണ്ടിരിക്കും! ഷാസ് ഒന്‍പതു വയസ്സുകാരന്‍ പയ്യനാണ്. മഹാവികൃതിയായിരിക്കണം അവന്‍ എന്ന് കഥയുടെ അവസാന വരി സൂചന നല്‍കുന്നുണ്ടെങ്കിലും കഥയുടെ തുടക്കത്തില്‍ അവനെ നാം കാണുന്നത് അങ്ങനെ അല്ല. പനിച്ചൂടില്‍ വിറച്ചു കൊണ്ട്,’തലവേദന!’ എന്നും പറഞ്ഞാണ് ഷാസ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കഥ വിവരിക്കുന്നവനായ ഷാസിന്റെ പപ്പ പയ്യന്റെ വിളര്‍ത്ത മുഖവും ആകെ തളര്‍ന്നുള്ള നടത്തവും കാണുമ്പോള്‍,’പോയി കിടന്നോളൂ’ എന്നു പറയുന്നു. നെറ്റിയില്‍ തൊട്ടു നോക്കുമ്പോള്‍ സാമാന്യം നല്ല ചൂടുണ്ട്!

 

 

വൈകാതെ ഡോക്ടര്‍ വീട്ടിലെത്തി ഷാസിന്റെ ശരീരോഷ്മാവ് പരിശോധിക്കുന്നു. ‘102 ഡിഗ്രി’ എന്നു ഡോക്ടര്‍ പറയുമ്പോള്‍ നിര്‍ദ്ദോഷമായ ആ വാക്ക് സൃഷ്ടിക്കാന്‍ പോകുന്ന അഗാധവും നിഗൂഢവുമായൊരു’ആന്തരിക കോളിളക്കത്തെ’ ക്കുറിച്ച് പപ്പയ്ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല! മൂന്നു മരുന്നുകള്‍ കൃത്യസമയത്ത് കഴിപ്പിക്കാന്‍ ഏല്‍പിച്ചിട്ട് ഡോക്ടര്‍ യാത്രയാകുന്നു. ഇന്‍ഫ്‌ളുവന്‍സയുടെ ആരംഭം, അത്രയേ കരുതേണ്ടതുള്ളൂ എന്ന് വളരെ
യാഥാര്‍ത്ഥ്യബോധത്തോടെ പപ്പ കാര്യം ഗ്രഹിക്കുന്നു. ന്യുമോണിയ ആയി ഈ പനി പുരോഗതി പ്രാപിക്കുന്നത് ഒഴിവാക്കണം.അതിനുള്ള ചില മുന്‍കരുതല്‍ ഔഷധങ്ങള്‍. ഒരു പുസ്തകം വായിച്ചുകേള്‍പ്പിക്കട്ടെ എന്ന് പപ്പ ചോദിക്കുമ്പോള്‍ ഷാസ് യോഗീതുല്യമായ ഗൗരവത്തിലേക്കും മൗനത്തിലേക്കും കൂറുമാറിക്കഴിഞ്ഞിരുന്നു. ‘വായിച്ചോളൂ, പപ്പയ്ക്കു വേണമെങ്കില്‍…’ എന്ന താപസതുല്യമായ മറുപടി.

ഏതാനും വരികള്‍ വായിച്ചു കണ്ണെടുത്തപ്പോള്‍ പപ്പ ശ്രദ്ധിക്കുന്നു, ഷാസിന്റെ മനസ്സ് ഇവിടെയൊന്നുമല്ല. അത് ഏതോ ധ്യാനവിസ്മൃതിയില്‍ ലയിച്ചുപോയിരിക്കുന്നു! എന്നാല്‍ പോയി ഉറങ്ങിക്കൊള്ളൂ എന്ന സ്‌നേഹപൂര്‍ണമായ ഉപദേശവും പയ്യനെ തെല്ലും ആശ്വസിപ്പിക്കുന്നില്ല. ഞാന്‍ ഉണര്‍ന്നിരുന്നോളാം എന്ന ‘പക്വതയാര്‍ന്ന’ മറുപടി. ഒപ്പം, ആ പുലരിയില്‍ പുതുതായി മുളച്ചുവന്ന വിശാലഹൃദയം പുറത്തുകാട്ടുന്ന മറ്റൊരു വാചകം കൂടി: ‘എന്റെ കൂടെ ഇവിടെ ഇരിക്കണമെന്നില്ല പപ്പാ. അത് അങ്ങേക്ക് ബുദ്ധിമുട്ടാവില്ലേ…’ വഴിനീളെ വെണ്‍തുഷാരം തൂവിയ ഒരു ദിനമായിരുന്നു, അത്. തോക്കെടുത്ത് നായാട്ടിനിറങ്ങുന്ന പപ്പയും ഒപ്പം പോന്ന നായയും ഏറെ പണിപ്പെട്ടാണ് ആ ഐസ് പാളികള്‍ക്കു മീതെ നടന്നത്. നായ രണ്ടു തവണ മഞ്ഞില്‍ തെന്നി വീണു. കൈവിട്ടുപായ തോക്ക് മഞ്ഞുപാളിയിലൂടെ തെന്നി നീങ്ങി.

വേണ്ടുവോളം പക്ഷിവേട്ട നടത്തി തൃപ്തിയോടെ മടങ്ങിയെത്തിയ പപ്പയെ അമ്പരപ്പിച്ചുകൊണ്ട് ഷാസ് ഇപ്പോഴും അതേ കിടപ്പ് കിടക്കുകയാണ്്.കണ്ണുകള്‍ ശൂന്യതയില്‍ നഷ്ടപ്പെട്ടിരിക്കുന്നു. മുഖത്തെ വിളര്‍പ്പ് അങ്ങനെതന്നെ. ചൂട് നോക്കിയപ്പോള്‍ നൂറ്! സത്യത്തില്‍ രാവിലത്തേതിനേക്കാള്‍ കുറവുണ്ട്. 102 ആയിരുന്നല്ലോ നേരത്തെ.
എത്രയുണ്ട്?,പയ്യന്‍ തിരക്കി. നൂറിനടുത്ത് എന്നു മറുപടി കൊടുത്തപ്പോള്‍ ‘രാവിലെ 102 എന്നാണല്ലോ ഡോക്ടര്‍ പറഞ്ഞത്’ എന്നുള്ള പയ്യന്റെ മറുപടി ആ വാക്കുകള്‍ അവന്റെ മനസ്സില്‍ ഒരു മുള്ളുപോലെ കൊളുത്തിക്കിടക്കുന്നു എന്നു സൂചന നല്‍കുന്നതായിരുന്നു.
‘ഇപ്പോള്‍ കുഴപ്പമില്ല’ എന്നു പപ്പ പറഞ്ഞിട്ടും പയ്യന് തീരെ ബോധ്യമാകുന്നില്ല. മരുന്ന് കൊടുക്കുമ്പോള്‍,’ഇതുകൊണ്ടൊന്നും യാതൊരു പ്രയോജനവും ഇല്ലല്ലോ’ എന്ന ഹതാശമായ മറുപടിയാണ് വരുന്നത്! പപ്പ എന്തോ തകരാറ് മണത്തത് അപ്പോഴാണ്.
‘ഞാനെപ്പോഴാണ് മരിക്കുന്നത്?’എന്ന ചോദ്യം കേട്ട് പപ്പ ശരിക്കും ഞെട്ടുന്നു. ഇനി എത്ര നേരംകൂടി തനിക്ക് ആയുസ്സുണ്ട് എന്നാണ് പയ്യന് അറിയേണ്ടത്. എന്താ നിനക്ക് പറ്റിയത് എന്ന് അമ്പരന്നു ചോദിക്കുമ്പോള്‍ അവന്റെ മറുപടി: ‘ഡോക്ടര്‍ പറയുന്നത് ഞാന്‍ കേട്ടു. എനിക്ക് 102 ഡിഗ്രി ചൂടുണ്ട്!’

ചോദിച്ചുവരുമ്പോള്‍ സംഭവം ഇതാണ്. ഫ്രാന്‍സിലെ സഹപാഠികള്‍ ചെറുക്കനെ പറഞ്ഞു ബോധ്യപ്പെടുത്തിയിരിക്കുന്നത് എന്തെന്നാല്‍ 44 ഡിഗ്രിയിലധികം ചൂടില്‍ മനുഷ്യന് ജീവനോടെ ഇരിക്കാനാവില്ല! അപ്പോഴാണ് തന്റെ ശരീരത്തില്‍ 102 ചൂടുള്ളത്! ഇനി ഒരു നിമിഷം ജീവനോടെ ഇരിക്കുമോ! ഒരു പൊട്ടിച്ചിരിയുടെ മുഹൂര്‍ത്തമാണെങ്കിലും പപ്പ ഗൗരവംവിടാതെ മകന് കാര്യങ്ങള്‍ വ്യക്തമാക്കിക്കൊടുക്കുകയാണ്. ഡിഗ്രി സെല്‍ഷ്യസും ഫാരെന്‍ഹെയ്റ്റും രണ്ടുതരം അളവുകളാണ്. കിലോമീറ്ററും മൈലും പോലെയാണവ. സെല്‍ഷ്യസില്‍ 37 ആണ്
നോര്‍മല്‍ ചൂട്. ഫാരെന്‍ഹെയ്റ്റില്‍ 98 ഉം! ബോധോദയത്തിന്റെ പരിണിതഫലമായി ഷാസിന്റെ വലിഞ്ഞുമുറുകിയ ശരീരവും
മനസ്സും പതുക്കെ അയയുന്നു.

പിറ്റേദിവസം മുതല്‍ ഷാസ് പഴയ ഒന്‍പതു വയസ്സുകാരനായി എന്നും നിസ്സാര കാര്യങ്ങളുടെ പേരില്‍ പഴയപോലെ വാശിപിടിച്ചു കരയാന്‍ തുടങ്ങി എന്നും പറഞ്ഞുകൊണ്ടാണ് ഹെമിംഗ്‌വേ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. പുറമേ വളരെ ലഘുവായതും രസകരവുമായ ഒരു ചെറുകഥയാണെങ്കിലും മനുഷ്യസ്വഭാവത്തെക്കുറിച്ച് ഗാഢമായ ഉള്‍ക്കാഴ്ചകള്‍ പകരുന്നുണ്ട്, എ ഡേയ്‌സ് വെയ്റ്റ് അഥവാ ഒരു ദിവസത്തെ കാത്തിരിപ്പ്. രണ്ടുതരം ഉഷ്ണമാപിനികളെക്കുറിച്ച് അറിവു ലഭിച്ച് മരണചിന്ത അകന്നുപോയി ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ അവന്‍ പഴയ വാശിക്കാരന്‍ ചെറുക്കനാകുന്നു! ജീവിതത്തിലെ ബോധോദയങ്ങളെ എത്ര ലഘുവായാണ് മനുഷ്യന്‍ നേരിടുന്നതെന്ന അടക്കിപ്പിടിച്ച പരിഹാസവും വേണമെങ്കില്‍ വായിച്ചെടുക്കാം! കാതലായ മാറ്റങ്ങളൊക്കെ എത്ര അപൂര്‍വമാണ്!

മരണചിന്ത മനുഷ്യനെ എങ്ങനെ ഒരു തത്വചിന്തകനാക്കി മാറ്റും എന്ന ലോകതത്വം അന്തര്‍ധാരയായി ഒഴുകുന്നുണ്ട് ഈ കഥയില്‍. ചെറിയ കാര്യങ്ങളെച്ചൊല്ലി വാശി പിടിച്ചു കരയാറുള്ള ഷാസ് എന്ന ഒന്‍പതു വയസ്സുകാരന്‍ ഒരു തെറ്റിദ്ധാരണയുടെ പേരില്‍ താന്‍ മരണാസന്നനായിരിക്കുന്നു എന്ന അനിവാര്യമായ സത്യത്തിനു മുന്നില്‍ ഒരു താപസനെപ്പോലെ ഗൗരവം ആര്‍ജിക്കുകയാണ്. വിശുദ്ധാത്മാക്കളെപ്പോലെ തന്റെ വിധിയോട് സമരസപ്പെട്ടു, അവന്റെ പ്രായത്തിന് അവിശ്വസനീയമാംവിധം ശാന്തനാവുകയാണ് ്. മനസ്സ് ചിന്തയിലാണ്ട് കണ്ണുകള്‍ ദൂരെ എവിടെയോ നഷ്ടപ്പെട്ട്…
മരണചിന്തയില്‍നിന്നാണ് ബുദ്ധന്റെ ബോധോദയം എന്ന സനാതനമായ പരിവര്‍ത്തനസത്യം വളരെ നനുത്ത വാക്കുകളുടെ നെയ്ത്തുഭംഗിയാല്‍ സ്ഥാപിക്കുന്നുണ്ട് ഹെമിംഗ്‌വേ. ജീവിതവിരക്തിയും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ആശങ്കാകുലമായ ധ്യാനവുമൊക്കെ ഒപ്പം പോരുന്ന മാറ്റങ്ങളാണ്. അസ്വാഭാവികമാംവിധം സൗമ്യത കൈവരിക്കുന്ന ഷാസ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. എല്ലാ ചിരികള്‍ക്കും അവസാനം മരണാവബോധം കൊണ്ടുവരുന്ന ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചുള്ള ധ്യാനത്തിലേക്കുള്ള ക്ഷണം ഈ കഥയുടെ ആഴമായി മാറുന്നു.

കുട്ടികള്‍ക്ക് നേരത്തെ പ്രായമാകേണ്ടതില്ല എന്നൊരു വ്യത്യസ്തവും കാലികവുമായ വായനയും നടത്താവുന്നതാണ്, വേണമെങ്കില്‍. കുട്ടികള്‍ കുട്ടികളാണ്. അവരുടെ കുട്ടിക്കൗതുകങ്ങളും നിര്‍മലതകളും കവര്‍ന്നെടുക്കുന്ന നമ്മുടെ കാലത്തില്‍ ഒരു പുനര്‍വായനയാവാം. മുതിര്‍ന്നവരുടെപോലെ ഗൗരവമൊന്നും കുട്ടികള്‍ക്ക് ആവശ്യമില്ല. അത് തിന്മയിലേക്കുള്ള ചായ്‌വിന്റെ കാര്യത്തിലായാലും, മുതിര്‍ന്നവരുടെ കൗതുകങ്ങളോടും ശീലങ്ങളോടും കുട്ടികള്‍ക്ക് തോന്നുന്ന ആകര്‍ഷണത്തിലായാലും. കുട്ടികള്‍ കുട്ടികളായിരിക്കുന്നതാണ് ഭംഗി. അതാണ് ജീവിതത്തിന്റെ ലാളിത്യം നിറഞ്ഞ കമനീയത!

You might also like

Leave A Reply

Your email address will not be published.