ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയിലെ സാമാന്യബുദ്ധി

ഫാ. ജോസഫ് വയലിൽ

236

ഓര്‍മയില്‍ നിന്നും ഇനിയും മായാത്ത സംഭവം എഴുതട്ടെ. ഒരിക്കല്‍ ഒരു വീട്ടിലേക്ക് എന്നെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. ഞാന്‍ പോവുകയും ചെയ്തു. കുറച്ചു സമയം സംസാരിച്ചതിന് ശേഷം ഭക്ഷണം കഴിക്കാക്കാനിരുന്നു. ചോറും കറികളുമെല്ലാം തയ്യാറാക്കിവെച്ചിരിക്കുന്നു. കുടുംബനാഥനും ഞാനും ഭക്ഷണം വിളമ്പി എടുത്ത് കഴിക്കാന്‍ തുടങ്ങി. സാമ്പാറിന് ഭയങ്കര എരിവുണ്ടായിരുന്നു ചോറില്‍ ഒഴിച്ചു പോയി. കഴിക്കാനും വിഷമം. അങ്ങനെ എരിവ് സഹിച്ച് ഞങ്ങള്‍ ചോറുകഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുടുംബനാഥ വെള്ളവുമായി വന്നത്. ആ സ്ത്രീ ഭക്ഷണമുറിയിലേക്ക് കടന്ന ഉടന്‍ ഭര്‍ത്താവ് സാമ്പാറ് വെച്ചിരുന്ന പാത്രം എടുത്ത് അവരുടെ നേരെ അലറിക്കൊണ്ട് ഒരു ഏറ് കൊടുത്തു. പാത്രം ആ സ്ത്രീയുടെ നെഞ്ചത്താണ് ചെന്ന് തട്ടിയത്. അവരുടെ മുഖത്തും നെഞ്ചത്തുമെല്ലാം സാമ്പാര്‍ തെറിച്ചു. ആ ഭര്‍ത്താവ് കഠിനമായ കോപത്തോടെ എന്തൊക്കയോ വിളിച്ചു പറഞ്ഞു. ഞാന്‍ അമ്പരന്നു. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. ഭക്ഷണം തുടര്‍ന്നു കഴിക്കണോ, എഴുന്നേറ്റ് പോകണോ, ഈ മനുഷ്യനെ സമാധാനിപ്പിക്കണോ, ആ സ്ത്രീയെ ആശ്വസിപ്പിക്കണോ. പെട്ടെന്ന് ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല.
നെഞ്ചത്തും മുഖത്തുമെല്ലാം സാമ്പാര്‍ ചിതറിവീണ ആ സ്ത്രീയെ ഞാന്‍ നോക്കി. ഏറ്റവും സങ്കടകരമായ ചിത്രമാണ് ഞാന്‍ കണ്ടത്. ആ സ്ത്രീ പകച്ച് നില്‍ക്കുന്നു. തുടര്‍ന്ന് അവര്‍ ആദ്യത്തെ ഷോക്കില്‍ നിന്നും പുറത്തു വന്നു. പിന്നീട് കരയാന്‍ തുടങ്ങി. ഏങ്ങലടിച്ചുകൊണ്ട് അവര്‍ അകത്തേക്ക് വേച്ചുവേച്ച് പോകുന്നതാണ് പിന്നീട് കണ്ടത്. ആ സ്ത്രീ അകത്തേക്ക് കയറിപ്പോയപ്പോള്‍ ഭര്‍ത്താവ് വീണ്ടും എന്നെ നോക്കി ഡയലോഗ് തുടങ്ങി. മുഴുവനും ഭാര്യയുടെ കുറ്റങ്ങള്‍. കുറച്ച് ചോറ് കഴിച്ചു എന്ന് വരുത്തി ഞാനും എഴുന്നേറ്റു. കുറച്ചു സമയം മനപ്പൂര്‍വ്വം ആ വീട്ടില്‍ ഇരുന്നു. അന്തരീക്ഷം കുറച്ചു തണുക്കട്ടെ എന്നു കരുതിയാണ് ഇരുന്നത്.
പിന്നീട് വിഷയം മാറ്റി പൊതു കാര്യങ്ങള്‍ പറഞ്ഞു.പോരാന്‍ നേരത്ത് ആ സ്ത്രീയെ യാത്ര പറയാന്‍ വിളിച്ചു. ഞാന്‍ അവരോട് പറഞ്ഞു: സാരമില്ല, ആ സഹോദരി കണ്ണുകള്‍ തുടച്ച് ചിരിക്കാന്‍ ശ്രമിച്ചു.
നമുക്ക് ആലോചിക്കാം ഈ ഭാര്യ എത്രയോ വര്‍ഷങ്ങള്‍ ഭര്‍ത്താവിന് ഭക്ഷണം ഉണ്ടാക്കി വിളമ്പിക്കൊടുത്തു. അദ്ദേഹം അതെല്ലാം ഭക്ഷിച്ചു. മിക്കവാറും ഭര്‍ത്താവിന്റെ ഭക്ഷണത്തോടുള്ള പ്രത്യേകതകള്‍ എല്ലാം പരിഗണിച്ചും അദ്ദേഹത്തിന്റെ രുചിക്കിണങ്ങിയ വിധത്തിലുമായിരുന്നിരിക്കണം അവര്‍ ഭക്ഷണം വെച്ചുവിളമ്പിയിരുന്നത്.
ഒരു അതിഥി വരുമ്പോള്‍ ശ്രദ്ധിച്ച് ഭക്ഷണം ഉണ്ടാക്കേണ്ടതാണ് എന്നത് ശരിയാണ്. പക്ഷെ ഒരു അബദ്ധം പറ്റി
പ്പോയി. മുളകുപൊടി ഇട്ടപ്പോള്‍ കൂടുതലായിപ്പോയി. അവര്‍ക്ക് മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് രുചിച്ചു നോക്കാമായിരുന്നു. എരിവ് കൂടുതല്‍ ആണ് എന്ന് തോന്നിയെങ്കില്‍ എന്തെങ്കിലും പരിഹാരം കണ്ടെത്താന്‍ ശ്രദ്ധിക്കാമായിരുന്നു എന്നതൊക്കെ ശരി. പക്ഷെ അബദ്ധം പറ്റിപ്പോയി.
സ്വന്തം ഭാര്യയ്ക്ക് പറ്റിയ ഒരു അബദ്ധത്തെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ഒരു ഭര്‍ത്താവ് പ്രതികരിക്കേണ്ട രീതി ഇതാണോ? ഈ ഭര്‍ത്താവ് കാണിച്ചത് കോമണ്‍സെന്‍സ് ഉള്ള പ്രവര്‍ത്തിയാണോ?
കോമണ്‍സെന്‍സ് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഈ സാഹചര്യത്തെ വേറൊരു വിധത്തില്‍ കൈകാര്യം ചെയ്യുമായിരുന്നു. ഞാന്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും ഭാര്യയും വീട്ടില്‍ തനിച്ചായി. എങ്ങനെയുണ്ടാകും അവരുടെ അവസ്ഥ. ആ സ്ത്രീ അന്ന് ഉച്ചയ്ക്ക് പട്ടിണി. മനസ്സിനേറ്റ മുറിവുകള്‍ വേറെ. കണ്ണില്‍ വീണ സാമ്പാറിന്റെ നീറ്റലിനെക്കാള്‍ വലുതല്ലേ അത്.
മറ്റുള്ളവരുടെ മുമ്പില്‍ ജീവിതപങ്കാളിയെ അവഹേളിക്കുന്ന ഭര്‍ത്താക്കന്മാരും ഭാര്യമാരും ഉണ്ട്. ഈ അവഹേളനം അവരുടെ കുടുംബ ജീവിതത്തെ എത്രയധികം ദോഷകരമായി ബാധിക്കും

You might also like

Leave A Reply

Your email address will not be published.