‘ബോബി വേല’ ഷിംലയിലെ നല്ല സമരിയാക്കാരന്‍

26

ഹിമാചല്‍ കുന്നുകളില്‍ മഞ്ഞുമലകള്‍ താണ്ടി മൃതദേഹങ്ങള്‍ വഹിച്ചു പോകുന്ന ആംബുലന്‍സ് ഡ്രൈവറായി വെളുത്ത് ഉയരം കൂടിയ ഈ താടിക്കാരനെ കണ്ടേക്കാം. ഷിംലയിലെ ഇന്ദിരാഗാന്ധി റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനു മുന്നിലും കമലാ നെഹ്റു ആശുപത്രിയുടെ മുന്നിലും ഇതേ താടിക്കാരന്‍ ഇടക്കിടെ പ്രത്യക്ഷപ്പെടും. ഇവിടെ അയാള്‍ രോഗികള്‍ക്ക് സൗജന്യ അന്ന ദാതാവാണ്, രക്തദാതാവാണ്. ചില നേരങ്ങളില്‍ രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ സ്വന്തമായുള്ള ചെറിയ ചെരിപ്പുകടയില്‍ കച്ചവടക്കാരനായും ഇതേ വ്യക്തി പ്രത്യക്ഷപ്പെട്ടേക്കാം. മറ്റു ചിലപ്പോള്‍ ഷിംലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണപ്പൊതികള്‍ ശേഖരിച്ച് പാവപ്പെട്ട രോഗികളുടെ വിശപ്പകറ്റുന്ന, അവരുടെ മുറിവുണക്കുന്ന നല്ല സമരിയാക്കാരനായും ഇദ്ദേഹമെത്തുന്നു.
ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് സുപരിചിതനായ സരബ്ജീത് സിങ്ങിനെക്കുറിച്ചുള്ള ഈ ആമുഖം ഒട്ടും അതിശയോക്തിപരമല്ല. ഹിമാചലിലെ ജനങ്ങള്‍ക്ക് ഇദ്ദേഹം ‘ബോബി വേല’ ആണ്. ‘വേ’ എന്നാല്‍ പഞ്ചാബിയില്‍ ഒന്നും ചെയ്യാനില്ലാത്ത, കയ്യില്‍ ധാരാളം സമയമുള്ളവന്‍ എന്നര്‍ത്ഥം. ഒന്നും ചെയ്യാനില്ലാത്തതു കൊണ്ടല്ല സരബ്ജീത് സിങ്ങിന് ഈ വിളിപ്പേരു വീണത്. തന്റെ ജീവിതത്തിലെ ഭൂരിഭാഗം സമയവും സഹജീവികള്‍ക്കായി മാറ്റിവെയ്ക്കുന്ന സിങ്ങിനെ ജനങ്ങള്‍ ഏറെ ഇഷ്ടത്തോടെ വിളിക്കുന്ന പേരാണത്. ബോബി വേലയെന്നു വിളിക്കപ്പെടുന്നതില്‍ സരബ്ജീത് സിങ്ങിനും തികഞ്ഞ സന്തോഷം.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നു സരബ്ജീത് സിങ്ങിന്. പിന്നീടു പാകപ്പെട്ടത് അനുഭവങ്ങളുടെ സ്‌കൂളില്‍. സമ
പ്രായക്കാരായ മറ്റുള്ളവര്‍ തങ്ങള്‍ക്കു വേണ്ടിയും മക്കള്‍ക്കു വേണ്ടിയും സമ്പാദിച്ചു കൂട്ടാന്‍ നെട്ടോട്ടമോടുമ്പോള്‍ സിങ്ങ് തന്റെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് സാമൂഹ്യ സേവനത്തിനാണ്.
12 വര്‍ഷം മുന്‍പായിരുന്നു തുടക്കം. ഷിംലയില്‍ ഗുരുദ്വാര എന്ന എന്‍ജിഒയുമായി സഹകരിച്ച് സരബ്ജീത് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. ഗുരുദ്വാരയുടെ പ്രവര്‍ത്തനം കാലക്രമേണ ഇല്ലാതെയായി. സരബ്ജീത് സിങ്ങിന് അപ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തന്നെയായിരുന്നു താല്‍പര്യം. ഷിംലയിലെ പ്രധാന ആശുപത്രികളായ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലും കമലാ നെഹ്റു ആശുപത്രിയിലെയും രോഗികള്‍ക്ക് രക്തം ആവശ്യമുള്ളതായി സിങ്ങ് മനസ്സിലാക്കി. പിന്നീട് സ്വയം മുന്‍കൈയെടുത്ത് തുടങ്ങിയ രക്തദാന ക്യാമ്പുകള്‍ അദ്ദേഹം ഇന്നും തുടരുന്നു.

12 വര്‍ഷത്തിനിടെ 30,000 യൂണിറ്റ് രക്തം വിവിധ സ്ഥലങ്ങളില്‍ നടത്തിയ ക്യാമ്പുകളിലൂടെ സരബ്ജീത് സിങ്ങ് ശേഖരിച്ചു നല്‍കിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ആകെ രക്തശേഖരത്തിന്റെ 60 ശതമാനം വരും ഇത്. സംസ്ഥാനത്തെ എല്ലാ രക്തബാങ്കുകളുടെയും ആശുപത്രികളുടെയും പക്കല്‍ സരബ്ജീത് സിങ്ങിന്റെ ഫോണ്‍ നമ്പറുണ്ട്. ഏത് അടിയന്തിരഘട്ടങ്ങളിലും ആശ്രയിക്കാവുന്ന തങ്ങളുടെ സ്വന്തം ബോബി വേലയില്‍ അവര്‍ക്ക് പൂര്‍ണ്ണ വിശ്വാസമാണ്. 10 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സരബ്ജീത് സിങ്ങ് മോര്‍ച്ചറികളില്‍ നിന്നും മൃതദേഹങ്ങള്‍ സൗജന്യമായി
കൊണ്ടുപോകുന്നതിന് ആംബുലന്‍സ് വാങ്ങുന്നത്. സുമനസ്സുകളുടെ സഹായത്തോടെ ആംബുലന്‍സ് വാങ്ങാനുളള മൂന്ന് ലക്ഷം രൂപ സിങ്ങ് കണ്ടെത്തി. ആശുപത്രി മോര്‍ച്ചറികളില്‍ ഉറ്റവരാരെന്നറിയാതെ മരവിച്ചു കിടക്കുന്ന അനാഥ മൃതശരീരങ്ങള്‍ പോലും സിങ്ങ് സ്വമേധയാ തന്റെ ആംബുലന്‍സില്‍ കയറ്റി മുനിസിപ്പാലിറ്റി അധികൃതരുടെ അടുത്തെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് സംസ്‌കരിച്ചുവെന്ന് ഉറപ്പു വരുത്തും. കുന്നും മലകളും പര്‍വ്വതങ്ങളും താണ്ടി അവസാന ചുംബനം നല്‍കാന്‍ കാത്തു നില്‍ക്കുന്ന ഉറ്റവരുടെ അടുത്തേക്ക് സിങ്ങ് മൃതദേഹങ്ങള്‍ എത്തിക്കും, ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ.
ഒന്‍പതു വയസ്സുകാരിയായ കുട്ടിയുടെ മൃതദേഹം അവളുടെ അമ്മയുടെ പക്കലെത്തിച്ചത് തന്റെ കണ്ണു തുറപ്പിച്ചെന്ന് സിങ്ങ് പറയുന്നു. ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ തന്റെ ഉത്തരവാദിത്വമാണെന്ന് കൂടുതല്‍ ബോധ്യപ്പെടാനും മുന്‍പത്തെക്കാള്‍ ഊര്‍ജ്ജസ്വലനായി സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും ഈ സംഭവം തന്നെ പ്രേരിപ്പിച്ചെന്നും സിങ്ങ് പറയുന്നു. 10 വര്‍ഷത്തിനിടെ അയ്യായിരത്തോളം മൃതദേഹങ്ങള്‍ സരബ്ജീത് സിങ്ങിന്റെ ആംബുലന്‍സില്‍ ഉറ്റവരുടെ അടുക്കലെത്തി.

സിങ്ങിന്റെ ആംബുലന്‍സിനു പിറകില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു ‘നിങ്ങളുടെ കണ്ണുകള്‍ ദാനം ചെയ്യൂ. എന്റെ അമ്മയും മരിക്കുന്നതിനു മുന്‍പ് കണ്ണുകള്‍ ദാനം ചെയ്തിരുന്നു.’ ഇങ്ങനെ അവയവ ദാനത്തിന്റെ പ്രചാരകന്‍ കൂടിയാകുന്നു ഹിമാചലിലെ ഈ ബോബി വേല.
ഇതുകൊണ്ടും തീര്‍ന്നില്ല സരബ്ജീത് സിങ്ങിന്റെ സേവനങ്ങള്‍. 2014 ല്‍ Almighty Blessings എന്ന പേരില്‍ സിങ്ങ് ഒരു എന്‍ജിഒ രൂപീകരിച്ചു. ആശുപത്രികളിലെത്തുന്ന രോഗികളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും നിലവിളികള്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ വിങ്ങലായി അവശേഷിച്ചിരുന്നു. രക്തദാനത്തിനു പുറമേ പാവപ്പെട്ട രോഗികള്‍ക്കു വേണ്ടി ഗുണകരമായ മറ്റെന്തെങ്കിലും ചെയ്യണമെന്ന്
സിങ്ങ് തീരുമാനിച്ചു. അങ്ങനെ Almighty Blessings ന്റെ കീഴില്‍ ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളജിനും കമലാ നെഹ്റു ആശുപത്രിക്കും സമീപം രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കുമായി രണ്ട് സൗജന്യ കാന്റീനുകള്‍ തുറന്നു.

ഇതിനും പുറമേ ഷിംലയില്‍ 22 റൊട്ടി ബാങ്കുകളാണ് സരബ്ജീത് സിങ്ങിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകളുടെയും വീടുകളുടെയും മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ഈ റൊട്ടി ബാങ്കുകളില്‍ ആളുകള്‍ പാവപ്പെട്ട രോഗികള്‍ക്കായുള്ള ഭക്ഷണപ്പൊതികള്‍ നിക്ഷേപിക്കും. സിങ്ങ് ഈ ഭക്ഷണപ്പൊതികള്‍ ശേഖരിച്ച് ആ പൊതികളില്‍ നിറയെ സ്നേഹവും നിറച്ച് അവ ആവശ്യമായവര്‍ക്കു നല്‍കും.

സരബ്ജീത് സിങ്ങ് ഒരു കോടീശ്വരനല്ല, അദ്ദേഹത്തിന് മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഉയര്‍ന്ന പ്രതിഫലമുള്ള ജോലിയുമില്ല. സ്വന്തമായുള്ള ചെറിയൊരു ചെരിപ്പു കടയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് അദ്ദേഹം നാലംഗ കുടുംബം പോറ്റുന്നത്. തന്റെ സേവനം ലഭിക്കുന്ന ആളുകള്‍ തിരികെ നല്‍കുന്ന സ്നേഹവും പുഞ്ചിരിയുമാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ഹിമാചലിലെ കുന്നുകളും മഞ്ഞു
മലകളും താണ്ടി സരബ്ജീത് സിങ്ങ് യാത്ര തുടരുന്നു, തന്നെ കാത്തിരിക്കുന്ന അനേകം ആളുകളിലേക്ക്, അവരുടെ ബോബി വേലയായി…

You might also like

Leave A Reply

Your email address will not be published.