ഫീലിംഗ് പോസിറ്റീവ്

റിന്റു ജോൺ

461
എല്ലാ കുട്ടികളെയുംപോലെ അവധിക്കാലത്തിനായി കാത്തിരിക്കുന്ന ബാല്യമായിരുന്നു എന്റേതും. അവധിക്കാലമായാല്‍ ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്നും വണ്ടികയറും റാന്നിയിലേക്ക്. അവിടെയാണ് അച്ഛൻ്റെ കുടുംബവീട്. പിന്നെ രണ്ട് മാസക്കാലം അവിടെയാണ്. കസിന്‍സ് എല്ലാം നേരത്തെ എത്തിയിട്ടുണ്ടാവും. കൂട്ടത്തില്‍ ഞാനും ചേട്ടനുമാണ് വൈകിയെത്തുന്ന വണ്ടികള്‍. വേറൊന്നും കൊണ്ടല്ല ഡല്‍ഹിയില്‍ ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസിലായിരുന്നു അച്ഛന് ജോലി. അമ്മ അധ്യാപികയും. അമ്മയ്ക്കും ഞങ്ങള്‍ക്കും ലീവ് ആയാലും അച്ഛൻ്റെ തിരക്കുകള്‍ തീര്‍ത്തുവരുമ്പോഴേക്കും എങ്ങനെയായാലും വെക്കേഷൻ്റെ ആദ്യ ദിവസങ്ങള്‍ പിന്നിട്ടിട്ടുണ്ടാകും. ‘നാളെ നമ്മള്‍ റാന്നിക്കു പോകുന്നു’ എന്ന അച്ഛൻ്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു.പിന്നീട് സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞ് ഹയര്‍സെക്കന്ററിയിലേക്ക് എത്തിയപ്പോള്‍ റാന്നിയിലെ രണ്ട് മാസത്തെ അവധിക്കാലം വര്‍ഷത്തില്‍ രണ്ടാഴ്ചയായി ചുരുങ്ങി. പിന്നീട് കോളജിലെത്തിയപ്പോഴെക്കും അത് രണ്ടോ മൂന്നോ ദിവസമായും ചുരുങ്ങി.പക്ഷെ റാന്നിയിലെ കുടുംബവീട്ടിലെ ഓര്‍മ്മകള്‍ ജോലിത്തിരക്കുകള്‍ക്കിടയിലും ഇപ്പോഴും മനസ്സിലേക്ക് വരും.പ്രത്യേക ലക്ഷ്യങ്ങളൊന്നും മനസ്സില്‍ രൂപപ്പെടാത്ത ആ കാലഘട്ടത്തില്‍ തന്നെ അച്ഛനും അമ്മയും എനിക്ക് ഒരു കാര്യം പറഞ്ഞു തന്നിരുന്നു. ‘നിനക്ക് ഏറ്റവും ഇഷ്മുള്ളത് ആഗ്രഹിക്കുക. ആ ഇഷ്ടത്തിനായി അദ്ധ്വാനിക്കുക. നിന്റെ സ്വപ്‌നം നിന്നെ തേടിയെത്തും.’എന്റെ സ്വപ്‌നങ്ങള്‍ കൈ എത്തിപിടിക്കാന്‍ എനിക്ക് പ്രചോദനമായി നിന്നത് ഈ വാക്കുകളായിരുന്നു.പക്ഷെ റാന്നിയിലെ കുടുംബവീട്ടിലെ ഓര്‍മ്മകള്‍ ജോലിത്തിരക്കുകള്‍ക്കിടയിലും ഇപ്പോഴും മനസ്സിലേക്ക് വരും.പ്രത്യേക ലക്ഷ്യങ്ങളൊന്നും മനസ്സില്‍ രൂപപ്പെടാത്ത ആ കാലഘട്ടത്തില്‍ തന്നെ അച്ഛനും അമ്മയും എനിക്ക് ഒരു കാര്യം പറഞ്ഞു തന്നിരുന്നു. ‘നിനക്ക് ഏറ്റവും ഇഷ്മുള്ളത് ആഗ്രഹിക്കുക. ആ ഇഷ്ടത്തിനായി അദ്ധ്വാനിക്കുക. നിന്റെ സ്വപ്‌നം നിന്നെ തേടിയെത്തും.’എന്റെ സ്വപ്‌നങ്ങള്‍ കൈ എത്തിപിടിക്കാന്‍ എനിക്ക് പ്രചോദനമായി നിന്നത് ഈ വാക്കുകളായിരുന്നു.ഇന്ന് കേരള പോലീസ് സെക്കന്റ് ആംഡ് ബെറ്റാലിയന്റെ ആദ്യ വനിതാ കമാന്‍ഡന്റ് എന്ന പദവിയിലെത്തി നില്‍ക്കുമ്പോള്‍ ഞാന്‍ നന്ദി പറയേണ്ടത് കരുത്തായി കൂടെ നിന്ന മാതാപിതാക്കളോടും വഴി നടത്തിയ ഗുരുഭൂതരോടുമാണ്.
അമ്മയ്ക്കുള്ള സമ്മാനം
അച്ഛനിലൂടെയാണ് സിവില്‍ സര്‍വീസ് മോഹം ഉണ്ടാകുന്നത്. പക്ഷെ എന്റെ ഈ ഐ.പി.എസ് നേട്ടം അമ്മയ്ക്കുള്ള സമ്മാനമായി നല്‍കാനാണ് ഇഷ്ടം. കാരണം എന്റെ ഓരോ നേട്ടങ്ങളും എന്നെക്കാള്‍ കൂടുതല്‍ സ്വപ്‌നം കണ്ടത് അമ്മയായിരുന്നു. ഞാന്‍ രണ്ടടി പിന്നോട്ട് വെച്ചാല്‍ അത് നാലടി ആയി മുന്നോട്ട് വയ്ക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു അമ്മയുടെ സാമീപ്യവും പിന്തുണയും. സാധാരണ മലയാളി മാതാപിതാക്കള്‍
ക്കെല്ലാം പെണ്‍മക്കള്‍ പരമാവധി കംഫര്‍ട്ടബിള്‍ ആകണം എന്നാണ് ആഗ്രഹം. ഐ.പി.എസ് സ്ത്രീകള്‍ക്ക് യോജിച്ചൊരു തൊഴിലായിട്ടല്ല ഇപ്പോഴും കാണുന്നത്. എന്നാല്‍ എനിക്ക് ഐ.പി.എസ് കിട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചത് അച്ഛനും അമ്മയുമായിരുന്നു. വിവാഹത്തിനുശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയപ്പോഴും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചങ്ങനാശ്ശേരിയിലാണ് ഭര്‍ത്താവ് ഡോ. ക്രിസ്സിന്റെ വീട്.ജോലിത്തിരക്കുകള്‍ മനസ്സിലാക്കി എന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും.ഡല്‍ഹിയിലെ കോണ്‍വെന്റ് ഓഫ് ജീസസ് ആന്റ് മേരി സ്‌കൂളിലും സെന്റ് സ്റ്റീഫന്‍സ് കോളജിലുമാണ് പഠിച്ചത്. സിവില്‍ സര്‍വീസ് മോഹത്തെ സാക്ഷാത്കരിക്കാന്‍ എന്നെ സഹായിച്ചത് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളില്‍ എന്നെ പഠിപ്പിച്ച രണ്ട് അധ്യാപികമാരായിരുന്നു. ഹിസ്റ്ററി അധ്യാപിക ഇഷിത പ്രകാശും പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപിക ഫാത്തിമ സക്‌സേനയും. ഈ അധ്യാപകരാണ് സിവില്‍ സര്‍വീസ് ലക്ഷ്യത്തിലേക്ക് എന്നെ അല്‍പ്പം കൂടി അടുപ്പിച്ചത്. ബി.എ യ്ക്കും എം.എയ്ക്കും സ്വര്‍ണ്ണമെഡലോടെ പാസ്സായി. എം.എ യ്ക്ക് പഠിക്കുമ്പോള്‍ തന്നെ ഐ.പി.എസും ലഭിച്ചു.
നമ്മുടെ നാട്ടില്‍ നന്നായി പഠിക്കുന്ന കുട്ടികള്‍ മെഡിസിനോ എന്‍ജിനിയറിംഗോ തെരഞ്ഞെടുക്കുകയാണ് പതിവ്. ഇതിന് വിപരീതമായി ആരെങ്കിലും ആര്‍ട്‌സ് വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ തുനിഞ്ഞാല്‍ അവരെ പരിഹസിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഞാന്‍ ഹിസ്റ്ററി തെരഞ്ഞെടുത്തപ്പോള്‍ ആ മേഖലയില്‍ ഉന്നതവിജയം നേടാനാണ് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചത്. കുട്ടികളുടെ സ്വപ്‌നങ്ങള്‍ക്കും ഇഷ്ടത്തിനുമനുസരിച്ച് മാര്‍ഗ്ഗനിര്‍ദ്ദശങ്ങള്‍ നല്‍കി മാതാപിതാക്കള്‍ കൂടെ നിന്നാല്‍ ഒരു കുട്ടിയും ജീവിതത്തില്‍ പരാജയപ്പെട്ടുപോകില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സധൈര്യം
പെണ്‍കുട്ടികള്‍ പോലീസ് ആകുന്നതിലെ അത്ഭുതം നമ്മുടെ നാട്ടില്‍ മാറി വരുന്നതേയുള്ളു. ഇപ്പോഴും സഹപ്രവര്‍ത്തകരില്‍ ഏറിയ പങ്കും പുരുഷന്‍മാരാണ്. ഒരു സ്ത്രീ ആയതിന്റെ പേരില്‍ എന്റെ ജോലി മേഖലയില്‍ എനിക്കിതുവരെ ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല. സ്ത്രീ ആയതിനാല്‍ ഒരാളും പിന്നോട്ട് മാറിനില്‍ക്കാന്‍ പാടില്ല. ജീവിതത്തിലെ അഭിമാന നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത് 2016 ലെ സ്വാതന്ത്ര്യദിനപരേഡ് ആണ്. അന്ന് പരേഡിന്റെ കമാന്‍ഡര്‍ ഞാനായിരുന്നു. സംസ്ഥാനതല സ്വാതന്ത്ര്യദിന പരേഡിനെ മുന്നില്‍ നിന്ന് നയിക്കുന്നത് ചെറിയകാര്യമല്ലല്ലോ. മുഖ്യമന്ത്രിയാണ് അന്ന് സല്യൂട്ട് സ്വീകരിച്ചത്. കമാന്‍ഡറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന അവാര്‍ഡും അന്ന് എനിക്ക് ലഭിച്ചു.ഇത് ഇവള്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്ന് മറ്റുള്ളവര്‍ സംശയിച്ച പലകാര്യങ്ങളും ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിന്റെ ഉച്ചസ്ഥായിയിലാണ് അവിടെ എനിക്ക് നിയമനം ലഭിച്ചത്. ചെന്നിറങ്ങിയത് സമരത്തിന്റെ നടുവിലേക്കായിരുന്നു. തൊഴിലാളി സംഘടനകള്‍ അക്രമാസക്തമായൊരു അവസ്ഥയിലായിരുന്നു. ആദ്യത്തെ മൂന്നു നാല് ദിവസത്തിനകം ആ അന്തരീക്ഷം നിയന്ത്രണ വിധേയമായി. ലേഡി ഓഫീസര്‍ ചാര്‍ജെടുത്തത് അനുഗ്രഹമാണന്ന് തേയിലത്തോട്ടത്തിലെ പാവപ്പെട്ട സ്ത്രീകള്‍ പറഞ്ഞു. ഗാര്‍ഹിക പീഡനമടക്കമുള്ള അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പറയും. പലപ്പോഴും നമ്മുടെ ചെറിയ ഇടപെടലുകള്‍ മതിയാകും അവരുടെ ജീവിതം മാറാന്‍. ഒരുപാട് സേവനം ചെയ്യാന്‍ അവസരം ലഭിക്കുന്ന പദവിയാണ് ഇത്.ഞാന്‍ മൂന്നാറില്‍ ചാര്‍ജ്ജെടുത്ത ശേഷമായിരുന്നു അടിമാലി രാജധാനി കൊലക്കേസിലെ മൂന്നാം പ്രതി പിടിയിലാകുന്നത്. സ്വര്‍ണ്ണ മോഷണത്തിനിടെയുള്ള കൊലപാതകമായിരുന്നു അത്. ഞാനടക്കം പത്ത് പേര്‍ പ്രതിയുമായി ബാഗ്ലൂരിലേക്ക് സ്വര്‍ണ്ണം കണ്ടെടുക്കാന്‍ പോയി. 24 മണിക്കൂറില്‍ ആയിരം കിലോമീറ്റര്‍ നിര്‍ത്താതെയുള്ള യാത്രയായിരുന്നു. ബാംഗ്ലൂരില്‍ എത്തുംവരെ അയാള്‍ രക്ഷപ്പെടാതെ നോക്കണം. ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തി കുറഞ്ഞ സമയത്തിനുള്ളില്‍ തിരികെയെത്തണം. ആ യാത്ര ഇന്നും മനസ്സിലുണ്ട്.
സമയം നമ്മളെ തേടിവരില്ല
നാടോടിക്കാറ്റ് എന്ന സിനിമിയിലെ പ്രശസ്തമായൊരു ഡയലോഗ് ഉണ്ട്.’എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ.’ എന്റെ അഭിപ്രായത്തില്‍ ഈ സമയം നമ്മള്‍ കണ്ടെത്തുക തന്നെ വേണം. അതൊരിക്കലും നമ്മെ തേടിവരില്ല. സമയമില്ലായ്മ ഒരു കാരണമായി നിങ്ങള്‍ ജീവിതത്തില്‍ കരുതിത്തുടങ്ങിയാല്‍ പിന്നീടൊരിക്കലും അത് നിങ്ങളെ തേടിവരില്ല. ഈ ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും ഒരു പോലെയാണ് സമയം. ആര്‍ക്കും കൂടുതലും കുറവുമില്ല. നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് അതിനെ ക്രമീകരിക്കുന്നതിലാണ് വിജയം. ജീവിതത്തില്‍ ഒരു സെക്കന്‍ഡ് ബെസ്റ്റിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കരുത്. ഏറ്റവും ബെസ്റ്റ് എന്ന് തന്നെ ചിന്തിച്ചാല്‍ വിജയം ഉറപ്പാണ്. ജീവിതം എപ്പോഴും മുന്നോട്ടാണ്. അതില്‍ പിന്തിരിഞ്ഞു നോക്കി ദുഃഖിക്കുന്നതില്‍ അര്‍ത്ഥമില്ല.
സ്വയംപര്യാപ്തത ഉള്ളവരായി വളരണം
കോളജ് പഠനകാലം വരെ വീട്ടില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. എല്ലാ കാര്യത്തിനും മാതാപിതാക്കളും സഹോദരനുമുണ്ട്.അതിന് മാറ്റം വന്ന് തുടങ്ങിട്ട് മൂന്ന് വര്‍ഷം കഴിയുന്നതേ ഉള്ളു. ട്രെയിനിംഗ് കാലം മുതല്‍ ഞാന്‍ ഒറ്റയ്ക്കാണ്. ഇപ്പോള്‍ വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവ് ക്രിസ്സ് മദ്രാസ് മെഡിക്കല്‍ കോളജില്‍ എം.ഡി ചെയ്യുകയാണ്. ഇപ്പോള്‍ എന്റെ എല്ലാകാര്യങ്ങളും ഞാന്‍ ഒറ്റയ്ക്കാണ് ചെയ്യുന്നത്.ആണ്‍ കുട്ടിയായാലും പെണ്‍കുട്ടിയായാലും നമ്മള്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുവാനും അതിന്റെ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കുവാനും കഴിവുള്ളവരാകണം. നാളെ സ്വന്തമായി തീരുമാനം എടുക്കേണ്ടിവന്നാല്‍ നമ്മള്‍ തളരരുത്.സ്വയം പര്യാപ്തതയിലേക്ക് നമ്മളെ നയിക്കുന്നവരാണ് മാതാപിതാക്കളും അധ്യാപകരും. അവരുടെ ശാസനകളെയും നിര്‍ദേശങ്ങളെയും തെറ്റായി ധരിക്കരുത്. അത് നമ്മുടെ നന്മക്കാണെന്ന് മനസ്സിലാക്കുന്നതാണ് പക്വതയാര്‍ന്ന വ്യക്തിത്വത്തിന്റെ ലക്ഷണം. ഒരാള്‍ നമ്മള്‍ക്കുവേണ്ടി അയാളുടെ ഊര്‍ജ്ജം ചെലവഴിക്കുന്നുണ്ടെങ്കില്‍ അതിനെ പോസീറ്റിവായി ഉള്‍ക്കൊള്ളുകയാണ് വേണ്ടത്.

You might also like